മണം പിടിച്ചെത്താൻ കഴിയാത്ത ദൂരങ്ങളിലേക്ക്
നിങ്ങൾ
കാട് കടത്തി വിടുമ്പോഴും,
തിരക്കൊഴിഞ്ഞ തെരുവോരങ്ങളിലേക്ക്
കുടിയിറക്കിയകറ്റുമ്പോഴും
പകരം വീട്ടാനായി ഞങ്ങൾ
പകയോടെ കാത്തിരിക്കുകയില്ല.
ഒരു ഉരുള ചോറിൻ്റെ കടപ്പാടും
ഉമ്മറപ്പടിയിലെ കിടപ്പവകാശവും
ഉയിരുള്ള കാലമത്രയും കൊണ്ടു നടന്ന്
യജമാനനോട് വാലാട്ടുന്നതാണ്
മഹാഭാരതത്തോളം പഴക്കമുള്ള പാരമ്പര്യം.
ഓടകളിലും അറവുമാലിന്യങ്ങളിലുമൊക്കെ
അലഞ്ഞു നടക്കുമ്പോഴും
തുടലിൽ കിടന്ന് ഉശിരു കാട്ടിയിരുന്ന
പഴയകാല മഹിമകൾ
പന്തീരാണ്ടു കാലം കഴിഞ്ഞാലും
ഞങ്ങൾക്ക്
മാഞ്ഞുപോകാത്ത മധുരസ്മൃതികൾ തന്നെ.
എങ്കിലും,
ആൾ പെരുമാറ്റങ്ങൾ
പിന്നിലേക്കു വലിയുന്ന പൊന്തക്കാടുകളിൽ
മടകൾ തുരന്നെടുത്ത്,
ചൊക്ളിക്കിടാങ്ങളെ പെറ്റുകൂട്ടാൻ
വിധിക്കപ്പെട്ടവരുടെ വിലാപങ്ങൾ
അപശകുനമായി കാണുന്ന മാടമ്പിത്തരത്തോട്
ഒരു മോങ്ങൽ കൊണ്ടെങ്കിലും
ഞങ്ങൾക്ക് പ്രതിഷേധിക്കാതിരിക്കാനാവില്ല.
നിങ്ങൾ എച്ചിലുരുട്ടിത്തന്നതൊക്കെയും
മുറുമുറുപ്പില്ലാതെ
വലിച്ചു വാരിത്തിന്ന്,
കാൽച്ചുവട്ടിൽ ഉറങ്ങാതെ കാവൽ കിടന്ന്,
നിങ്ങൾക്കെതിരെ വന്ന
നിഴലുകൾക്കു നേരെയൊക്കെ
ഉച്ചത്തിൽ കുരച്ചു ചെന്ന്
റാൻ മൂളികളായി കാലം കഴിച്ചവരാണ് ഞങ്ങൾ.
നിങ്ങളുടെ പുതിയ കാവലാളായ
പരദേശി പീറ്റ്ബുളിനെപ്പോലെ
പാല് തന്ന കൈകളിൽ
ഞങ്ങളൊരിക്കലും ചോര വീഴ്ത്തിയിട്ടില്ല,
ഇനിയും വീഴ്ത്തുകയുമില്ല.
തിന്ന ചോറിൻ്റെ കൂറ് മറന്ന ചരിത്രം
ഞങ്ങളുടെ താവഴികളിലെവിടെയും
രേഖപ്പെടുത്തേണ്ടി വന്നിട്ടില്ല.
അനാഥൻ്റെ വിശപ്പ്
സാമൂഹ്യ ദ്രോഹമെന്ന് വിലക്കുന്ന
നിങ്ങളുടെ തലതിരിഞ്ഞ നീതിബോധമാണ്
ഞങ്ങളെ എന്നും വില്ലൻമാരാക്കിയത്.
ഏറ് കൊണ്ട് മുടന്തിയോടുന്ന നേരത്തും
വളഞ്ഞിട്ടാക്രമിക്കാൻ വരുന്നവർക്കു നേരെ
പ്രാണരക്ഷാർത്ഥം
ചെറുതായൊന്നു മുരണ്ടാൽ,
‘പേ’ യെന്നു മുദ്രകുത്തി
നിർദ്ദയം കൊന്നു തള്ളുന്ന
ആൾക്കൂട്ടസദാചാരത്തോട്
മരണം കൊണ്ടെങ്കിലും ഞങ്ങൾക്ക്
പൊരുതി നിൽക്കാതിരിക്കാനാവില്ല!
തോറ്റുപോയവരുടെ പോരാട്ടങ്ങൾ
ചരിത്രത്തിലെ സുവർണ്ണനിമിഷങ്ങളാകുന്നത്
ചാവേറായവരുടെ വീരഗാഥകൾ വായിക്കപ്പെടുമ്പോഴാണ്.
നീതിയുടെ പോരാട്ടങ്ങൾ ഒരിക്കലും
അവസാനിക്കുകയില്ല,
അവസാനിച്ചു എന്ന് നിങ്ങൾക്ക് തോന്നുമെങ്കിലും.