കുരു

മൂന്നു നിറങ്ങളില്‍ ജനാധിപത്യം എന്ന സ്റ്റിക്കറൊട്ടിച്ച ഓട്ടോറിക്ഷയില്‍ പൗരന്‍ വന്നിറങ്ങുമ്പോള്‍ പഴമക്കോട്ടങ്ങാടി വെളുത്തു തുടങ്ങുന്നതേയുള്ളൂ. കാലപ്പഴക്കത്തിന്റെ മുദ്രയുള്ള ഗ്ലാസുകളില്‍ കരണ്ടിയാല്‍ താളം പിടിച്ച് അറുക്കീസച്ചന്‍ ആദ്യത്തെ ചായക്കു കോപ്പുകൂട്ടുകയായിരുന്നു. പാര്‍ട്ടി ആപ്പീസിന്റെ വരാന്തയില്‍ ഇണചേരുംപോലെ രണ്ടു പട്ടികള്‍ അട്ടിയിട്ടു കിടക്കുന്നുണ്ടായിരുന്നു.

പതിവില്ലാതെ പെയ്ത ഹിമം അങ്ങാടിയിലെ കാലടികളെയും ചലനങ്ങളെയും മരവിപ്പിച്ചിരുന്നു.

മഞ്ഞുപറ്റാതിരിക്കാനായി ചെവിയടക്കം മൂടിയ കാവി നിറമുള്ള തലേക്കെട്ടഴിച്ച് പൗരന്‍ അങ്ങാടിയില്‍ ഉറഞ്ഞ ശില്‍പം പോലെ തെല്ലു നേരം നിന്നു. വയറ്റിനുള്ളില്‍ നിന്ന് മീന്‍കുഞ്ഞുങ്ങള്‍ പിടക്കുന്നതുപോലെ ചില അപശബ്ദങ്ങള്‍ ഉയര്‍ന്നെങ്കിലും അവനത് കാര്യമാക്കിയില്ല. ഗ്യാസിന്റെ വലിവു കലശലായുണ്ട്. തലേ രാത്രിയില്‍ രണ്ടു ഏത്തപ്പഴവും ഒരു ഗ്ലാസ് പച്ചവെള്ളവും കൊണ്ട് തീര്‍ത്ത സംഗതിയാണ്.

ദ്രവിച്ച ചുവരുകളുള്ള ഏതാനും കെട്ടിടങ്ങള്‍, പാര്‍ട്ടിക്കാരുടെയും സാമുദായിക വാദികളുടെയും കൊടിമരങ്ങള്‍, അങ്ങിങ്ങായി പതിച്ചുവച്ച പോസ്റ്ററുകള്‍, തുണിക്കടക്കാരുടെയും ജ്വല്ലറിക്കാരുടെയും മദാലസമായ പരസ്യങ്ങള്‍…

വാര്‍ക്കപ്പണിക്കോ മറ്റോ പോകുന്ന ഏതാനും ബംഗാളിപ്പയ്യന്‍മാര്‍ വെളിച്ചത്തിന്റെ മടകളില്‍ നിന്നെന്ന പോലെ ആ സമയം കടന്നു വരികയും കൈയ്യില്‍ ചുറ്റിയ കാവിഷാള്‍ കണ്ട് ദിവ്യനെന്ന ധാരണയില്‍ പൗരനെ തൊഴുകെയും ചെയ്തു.

പാര്‍ട്ടിക്കാര്യാലയത്തിനും സ്‌പോട്‌സ് ക്ലബിന്റെ മണ്ണടരുകള്‍ കൊണ്ടു പണിത കെട്ടിടത്തിനുമിടയില്‍ ഞാത്തിയിട്ട പേരുപലകയില്‍ കണ്ണുകളുടക്കിയതോടെ പൗരന് ആവേശമായി. ശിലാധ്യാനത്തില്‍ നിന്നുണര്‍ന്ന് ഷാള്‍ ചുമലിലെ സഞ്ചിയിലേക്കു തിരുകി കീശയിലെ മൊബൈല്‍ ഫോണെടുത്തു പിടിച്ചു. ഫോണിലെ ക്യാമറ പേരുപലകയിലേക്കു നീട്ടിപ്പിടിച്ച് ആവുന്നത്ര പടങ്ങളെടുത്തു.

‘അതിപ്പം പ്രവര്‍ത്തിക്കാറില്ല മൂപ്പരെ…’

അറുക്കീസച്ചന്‍ ചായയടിക്കുന്നതിനിടെ ഉറക്കെ വിളിച്ചുപറഞ്ഞു. അയാള്‍ അപ്പോഴേക്കും നാലാമത്തെ ഗ്ലാസിലേക്ക് പാലൊഴിച്ചു കഴിഞ്ഞിരുന്നു. മരബെഞ്ചില്‍ ഇരിക്കുന്നവരും അതു ശരിവച്ച് തലകുലുക്കി. പൗരന്‍ അറുക്കീസച്ചന്റെ ചായക്കടയിലേക്ക് നടന്നു.

അറുക്കീസച്ചന്‍ പറഞ്ഞത് നേരായിരുന്നു. ഇപ്പോള്‍ മാത്രമല്ല, അതൊരു കാലത്തും പ്രവര്‍ത്തിച്ചിട്ടേ ഇല്ലായിരുന്നു. പ്രണയത്തിന്റെ കിറുക്കന്‍ സ്മാരകമെന്നതില്‍ കവിഞ്ഞ് മറ്റൊരു പ്രാധാന്യവും അതിനില്ലായിരുന്നു. ഊച്ചാളിച്ചിരിയോടെയല്ലാതെ നാട്ടുകാര്‍ക്കത് ഓര്‍ത്തെടുക്കാനും വയ്യ.

കരളിനെ രണ്ടായി പിളര്‍ന്ന് ചാരു കിളിപോലെ പറന്നുപോയപ്പോള്‍ കയറുമെടുത്ത് മലയോരത്തെ മരക്കൊമ്പുകളിലൊന്നില്‍ ഏനിക്കുട്ടി എല്ലാം അവസാനിപ്പിക്കുമെന്നാണ് പഴമക്കോട്ടുകാര്‍ ന്യായമായും പ്രതീക്ഷിച്ചിരുന്നത്. ശര്‍ക്കരയും തേനുമെന്ന പോലെ ഒട്ടിനിന്നവര്‍ ദുഷിച്ചുനാറിയ സാമുദായികനീതിയെ ഭയന്ന് പൊടുന്നനെ വേര്‍പ്പെടുമ്പോള്‍ അക്കാലത്ത് അതൊരു സ്വാഭാവിക സംഭവമായിരുന്നുതാനും. താഴ്‌വാരത്തിലെ മരക്കൊമ്പുകള്‍ കുന്നിറങ്ങിവരുന്ന കാറ്റിനോട് അത്തരം  കഥകള്‍ ഇടക്കിടെ പറഞ്ഞുകൊടുക്കാറുമുണ്ടായിരുന്നു.

ഏനിക്കുട്ടി ഇതിഹാസമായത് മറ്റൊരു വഴിക്കായിരുന്നു.

പഴമക്കോട്ടോ പരിസരപ്രദേശങ്ങളിലോ അന്നോളം ആശുപത്രി പോയിട്ട് ഒരു ഡോക്ടര്‍ എന്നു പറയാവുന്ന ആള്‍ പോലും ഉണ്ടായിരുന്നില്ല. അല്ലറ ചില്ലറ പച്ചമരുന്നുകളുടെ ചേരുവയില്‍ അലിഞ്ഞുപോകാന്‍ മാത്രമുള്ളതായിരുന്നു നാടിന്റെ രോഗമത്രയും. അങ്ങനെയൊരു പശ്ചാത്തലത്തിലാണ് ഏനിക്കുട്ടി ദിക്കായ ദിക്കുകളിലെല്ലാം സംസാരവിഷയമാവുന്നത്.

മൂലക്കുരുവിന് മാത്രമായി ഒരു ചികില്‍സാലയം എന്നത് ജനത്തെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. കുളക്കടവില്‍, ചന്തയില്‍, പ്രയാണങ്ങളില്‍…ചുണ്ടുകള്‍ അതിനെ ഏറ്റെടുക്കുകയായിരുന്നു. കുരു ശരിക്കും ഒരു രോഗമാണോ? അപ്പനപ്പൂപ്പന്‍മാരായി അനുഭവിച്ചു വരുന്നുണ്ടെങ്കിലും ഒരു വശക്കേടെന്നു മാത്രമേ അവര്‍ രേഖപ്പെടുത്തിയിരുന്നുള്ളൂ. മുറിവൈദ്യന്‍മാരുടെ മന്ത്രവാദം കൊണ്ട് തീര്‍ക്കാവുന്ന ഒരു ദാര്‍ശനിക പ്രശ്‌നം മാത്രമായിരുന്നു അത്രയും കാലം അത്.

തിരമാല, കൊറ്റിക്കുട്ടി, ചിരുത, വെളുത്ത ഏറിപ്പോയാല്‍ ഒരു ലക്ഷ്മി എന്ന നാമത്തിനപ്പുറം പഴമക്കോട്ടെ പേരുകള്‍ വികസിക്കാതിരുന്ന ഒരു കാലത്താണ് പേരിന്റെ ഏകാന്തത നിമിത്തം ചാരുലത ശ്രദ്ധാകേന്ദ്രമാകുന്നത്. സ്‌കൂള്‍ ക്ലാസുകളിലും പിന്നീട് അവള്‍ കൗമാരം പിന്നിടും വരെയും അങ്ങനെയൊരു നാമം നാട്ടിലുണ്ടായിരുന്നില്ല. പേരിനു മുകളിലാണ് ഏനിക്കുട്ടി വീണുപോയത്.

നാമത്തിന്റെ സവിശേഷമായ വേറിടല്‍ കൊണ്ടു മാത്രം അവളുടെ മാംഗല്യത്തിനെത്തിയവരെല്ലാം കുമ്മായം തേച്ച കെട്ടിടത്തിനു മുന്നില്‍ തൂക്കിയിട്ട പേരുപലകയില്‍ കണ്ണു തുറിച്ചു നിന്നു. ഒരു ചികില്‍സാലയത്തിനോ വിശേഷിച്ച് മൂലക്കുരു പോലുള്ള രഹസ്യരോഗങ്ങളെ പരിശോധിക്കുന്ന കേന്ദ്രത്തിനോ തീരെ ചേരുന്നതല്ല ചാരുസുഭഗമായ നാമമെന്ന് അവര്‍ക്കെല്ലാം അഭിപ്രായമുണ്ടായിരുന്നു. മണവാളനൊപ്പം നടന്നുപോകെ, തന്റെ നാമം കെട്ടിത്തൂക്കിയിട്ട ക്ലിനിക്കിനു മുന്നില്‍ വച്ച് ചാരു ഇടറിയതായി ചില പ്രാദേശിക ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടിട്ടുണ്ട്.

ഒരു വിദഗ്ധ ഭിഷഗ്വരനെ ലഭിച്ചില്ലെന്നു പറഞ്ഞാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം തുടങ്ങാത്തതെന്ന് ഏനിക്കുട്ടി കാലങ്ങളോളം പറഞ്ഞുനടന്നു. എന്നാല്‍ മൂഞ്ചിയ കാമുകിമാരുടെ കഥ അയവിറക്കുന്ന നാവുകളില്‍ നിന്ന് ഭഗ്നപ്രണയത്തിന്റെ നിത്യസ്മാരകമെന്ന വിശേഷണം അപ്പോഴേക്കും അതിന് ലഭിച്ചുകഴിഞ്ഞിരുന്നു.

അറുക്കീസച്ചനാണ് പൗരന് ഏനിക്കുട്ടിയാശാന്റെ വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തത്.

അത്യധികം സ്‌ഫോടകശക്തിയുള്ള ദുര്‍ഗന്ധം പുരയുടെ ചുറ്റും മണ്ടിനടക്കുന്നുണ്ടെന്ന തോന്നല്‍ കലശമായതോടെ ഏനിക്കുട്ടിയാശാന് കട്ടിലില്‍ നിന്നിറങ്ങാതെ തരമില്ലെന്നായി. കുറച്ചുകാലമായി പിന്തുടരുന്ന സന്ധിവേദനയെ ഭയന്ന് ഉണര്‍ന്നിട്ടും കട്ടിലില്‍ തന്നെ കിടക്കുകയായിരുന്നു. വാസനകേട്ടു ഇനിയും കിടന്നാല്‍ മൂക്കു മുഴുവന്‍ പൊട്ടിപ്പോകുകയേയുള്ളൂ. നാളിതുവരെയുള്ള ജീവിതത്തില്‍ ഇത്തരമൊരു ഗന്ധം കേട്ടതായി ആശാന് ഓര്‍മയില്ല. കോച്ചുന്ന കാല്‍വെപ്പുകളോടെ ആശാന്‍ ഉമ്മറവാതില്‍ തുറന്നു.

മുറ്റത്തിന്റെ അതിരില്‍ നന്ത്യാര്‍വട്ടവും ചെണ്ടുമല്ലിച്ചെടിയും റോസാക്കുഞ്ഞുമെല്ലാം പതിവുപോലെ ചിരിച്ചു നില്‍ക്കുന്നു. എന്നാല്‍ അവയുടെ ഗന്ധങ്ങളെയെല്ലാം അപ്രസക്തമാക്കും മട്ടിലാണ് കാര്യങ്ങളുടെ കിടപ്പ്. വയലില്‍ ചേറുണങ്ങുന്നതിന്റെ മണത്തോട് എത്രതന്നെ തുലനം ചെയ്തിട്ടും ഒരു പൊരുത്തമില്ലായ്മ തോന്നി ആശാന്. ചെളിയുടെ ഗന്ധം മറ്റൊന്നാണെന്ന് ഉറപ്പായപ്പോള്‍ അയാള്‍ തിരിച്ച് അകത്തേക്കു തന്നെ നടന്നു.

ഞരങ്ങുന്ന കട്ടിലിനരികിലെ മേശപ്പുറത്തുനിന്നും പതിനെട്ടു വര്‍ഷം പഴക്കമുള്ള കണ്ണടയെടുത്ത് മൂക്കിനു മുകളില്‍ തിരുകി ആശാന്‍ തിരികെ വന്നു. നന്ത്യാര്‍വട്ടത്തിന് അടുത്തേക്ക് നടക്കാന്‍ തുടങ്ങുമ്പോഴാണ് സോഡാഗ്ലാസ് കണ്ണടയില്‍ ഒരു ഭയങ്കര ദൃശ്യം പുളഞ്ഞുകയറിയത്. സപ്പോട്ടയുടെ കൊമ്പുകള്‍ക്കിടയിലൂടെ നീണ്ടുകിടക്കുന്ന പച്ചനിറമുള്ളൊരു സര്‍പ്പം. മണ്ണില്‍ മുഖം പൂഴ്ത്തി അത് കറുത്ത നിറം ചര്‍ദിക്കുകയാണ്. വയനാടന്‍ മഞ്ഞള്‍ നെടുകെ ഛേദിച്ച പോലെ ഇടക്ക് ചില ഖണ്ഡങ്ങളും ഉണ്ട്. നന്ത്യാര്‍വട്ടത്തിന്റെ മുന്നിലുള്ള ചാലിലൂടെ തന്റെ കിടപ്പുമുറിയുടെ ഓരം ചേര്‍ന്ന് അതങ്ങനെ ഒഴുകുകയാണ്.

ഏനിക്കുട്ടിയാശാന്‍ തറയിലിരുന്നു പോയി. മങ്ങിത്തുടങ്ങുടങ്ങിയിട്ടില്ലാത്ത അതേ പച്ചനിറം. മടക്കുകളില്‍ പോലും മാറ്റമില്ല. അല്ല…അതുതന്നെ…തന്റെ വിരല്‍പ്പാടുകള്‍ പോലും കാണുന്നുണ്ട്. ആരാണ് ഈ കൗശലം കണ്ടെത്തിയതെന്നോര്‍ത്ത് ആശാന്‍ മൂക്കുപിഴിഞ്ഞു.

പ്രമേഹത്തിന്റെ ഏറ്റക്കുറച്ചിലിനിടയിലെപ്പോഴോ ഉറക്കം നീണ്ടുപോയി. പത്തുമണിയ്ക്കു മുന്നേ കൂര്‍ക്കംവലിക്കുന്ന നാട്ടുവഴിയിലൂടെ തലയില്‍ മുണ്ടും കെട്ടി രാവൊച്ചകള്‍ക്കൊപ്പം ഇറങ്ങുകയും ബാങ്കുവിളിയുണരും മുമ്പേ ഉണര്‍ന്ന് പൈപ്പ് മടക്കിവക്കാനുമായിരുന്നു പദ്ധതി. കാര്യങ്ങളുടെ തകിടംമറിച്ചിലോര്‍ത്ത് ആശാന്‍ നഖം കടിച്ചു.

വീരാമ്മുക്രിയുടെ ബാങ്കുവിളിയൊച്ച പിന്നിട്ട് അധികനേരമൊന്നും ആയിട്ടില്ലെന്ന് പൂതമ്മാമക്ക് അറിയാം. സുബ്ഹി നിസ്‌കാരത്തിന് പള്ളിയില്‍ പോയവരൊന്നും മടക്കവെളിച്ചം മിന്നിച്ചു തുടങ്ങിയിട്ടില്ല. പാടം മുറിച്ചു കടന്നാല്‍ കടുങ്ങാഞ്ചിറയ്ക്ക് എളുപ്പമെത്താമെന്ന് കരുതിയങ്ങനെ നടക്കുകയായിരുന്നു. എഴുപത്തിയഞ്ചിലും ഉണങ്ങാത്ത ചുറുചുറുക്കിന്റെ അഹങ്കാരമാണ് അല്‍പംകൂടെ കാത്തുനിന്നാല്‍ വാഹനം വല്ലതും കിട്ടുമെന്ന യാഥാര്‍ഥ്യത്തെ അവഗണിച്ചതിലൂടെ മാമ പ്രകടിപ്പിച്ചത്.

പാടവരമ്പില്‍ നിന്ന് കാലുകള്‍ ഒരുവശത്തേക്കു തെന്നിയതും പൂതമ്മാമയുടെ വയറിനുള്ളില്‍ ചില ഇളക്കങ്ങള്‍ സംഭവിച്ചു. അതിനെത്തുടര്‍ന്ന് വായുപ്രവാഹത്തിന്റെ നശിച്ച ചെണ്ടമേളം പോലെ ചില അപശബ്ദങ്ങള്‍… ഉല്‍സവപ്പറമ്പിലെന്നോണം മേളം പെരുകിപ്പെരുകി നില്‍ക്കപ്പൊറുതിയില്ലാതായി. മാമ വരമ്പില്‍ നിന്ന് മാറി കുന്തിച്ചിരുന്നു.

ഉടുമുണ്ടും ഡ്രോയറും തഞ്ചത്തില്‍ പിടിച്ച് ശൗചത്തിനായി തോട്ടിലിറങ്ങിയപ്പോഴാണ് കാലില്‍ എന്തോ തടയുന്നതായി മാമക്ക് തോന്നിയത്. അരയില്‍ തിരുകിയ ടോര്‍ച്ച് വലതുകരം കൊണ്ടെടുത്ത് തെളിച്ചു. ഉറക്കമില്ലാത്ത ചെറുമല്‍സ്യങ്ങള്‍ വെളിച്ചത്തില്‍ കൊത്തി. ഒരു ഇരയെന്നോണം വെളിച്ചം പുളഞ്ഞു. പിന്നീടാണ് ടോര്‍ച്ചുവെട്ടത്തില്‍ പാമ്പുപോലെ നീണ്ടു കിടക്കുന്ന ഒരു സാധനം തിമിരം മൂടാത്ത മാമയുടെ വലംകണ്ണില്‍ കയറിക്കൂടിയത്. മാമയോട് ഒരുമാതിരി ഊളച്ചിരി ചിരിച്ച് നിര്‍മലമായ ജലത്തില്‍ അതെന്തോ വിസര്‍ജിച്ചുകൊണ്ടിരുന്നു. സാധ്യമാകുന്ന വേഗതയില്‍ അയാള്‍ വെള്ളത്തില്‍ നിന്നു കയറി.

‘നാറ്യേള്…’

പുലര്‍വെട്ടത്തിന്റെ വിജാഗിരികള്‍ ഇളകിത്തുടങ്ങുന്ന ഒച്ചയിലൂടെ പൂതമ്മാമ പൈപ്പിന്റെ ഉല്‍ഭവത്തിലേക്ക് നടന്നു. ശൗചം ചെയ്യാത്ത ആസനത്തെക്കുറിച്ച് ഏഴു പതിറ്റാണ്ടിന്റെ പ്രായമുള്ള കാലുകളില്‍ അപ്പോള്‍ വിചാരമൊന്നുമുണ്ടായില്ല എന്നതാണ് നേര്. തലച്ചോറിലെ മടക്കുകളില്‍ പടര്‍ന്നു പിടിച്ച തീ വിചാരങ്ങളെയെല്ലാം തിന്നുകഴിഞ്ഞിരുന്നു. പുതിയ ഏര്‍പ്പാടാണിത്. ഇപ്പോഴേ നിര്‍ത്തിക്കണം. അല്ലെങ്കില്‍…മുതാര്‍ക്കുന്നിന്റെ ചെരുവുകളില്‍ നിന്ന് ഉറവ പൊട്ടിയൊഴുകുന്ന തോടുണ്ടായതു കൊണ്ടാണ് കഴിഞ്ഞ വേനലിന് കല്ലാടിപ്പാടം രക്ഷപ്പെട്ടത്.

പാര്‍ട്ടി ആപ്പീസിനും ക്ലബിനുമിടയില്‍ മറ്റൊരു കെട്ടിടം പണികഴിപ്പിച്ചത് ഏനിക്കുട്ടിയാണ്. പഴയ മൂലക്കുരു ക്ലിനിക്കിന് എതിര്‍വശത്തായാണ് അത് നിലകൊള്ളുന്നത്. പറമ്പു വിറ്റ് കിട്ടിയതു കൊണ്ട് ഒരു വരുമാനമാര്‍ഗം എന്ന നിലയിലാണ് ക്വാര്‍ട്ടേഴ്‌സ് പണിയിപ്പിച്ചത്. എന്നാല്‍ സെപ്റ്റിക് ടാങ്ക് കെട്ടുന്നതിന് അടുത്തുള്ള പാര്‍ട്ടിക്കാരോ ക്ലബുകാരോ സമ്മതിച്ചില്ല. താല്‍ക്കാലികമായ ചില സംവിധാനമൊരുക്കി കുറേ ബംഗാളികളെ വാടകക്ക് പാര്‍പ്പിക്കുകയായിരുന്നു ഏനിക്കുട്ടി.

പൂതമ്മാമ ബംഗാളി ക്വാര്‍ട്ടേഴ്‌സിന്റെ പിറകിലാണ് എത്തിപ്പെട്ടത്.

‘തീട്ടമാകാന്‍ ആര്‍ക്കും എള്പ്പം കഴിയും…’

ഏനിക്കുട്ടിയെ മാമ മനസ്സിന്റെ കക്കൂസുകുഴിയിലിട്ട് മുക്കി.  അതുകൊണ്ടും അരിശം തീരാഞ്ഞ് പാമ്പുടലിനെ അനുസ്മരിപ്പിക്കുന്ന ജലവാഹിനിക്കുഴല്‍ വിദഗ്ധമായി ഏനിക്കുട്ടിയുടെ വീട്ടുമുറ്റത്തേക്ക് വലിച്ചിട്ടു.

മലവെള്ളം മുറ്റം മുഴുവനും പരന്നു കഴിഞ്ഞിരുന്നു. നാറ്റം തിരകളായി വന്ന് മൂക്കിന്റെ പാലത്തെ നക്കിത്തുടച്ചു. നന്ത്യാര്‍വട്ടത്തിന്റെ ചുവട്ടില്‍ മഞ്ഞള്‍ക്കഷണങ്ങള്‍ തളം കെട്ടിക്കിടന്നു. ഘ്രാണസുഷിരങ്ങളില്‍ തിരുകിവച്ച വിരലുകള്‍ പുറത്തെടുത്ത് ആശാന്‍ തല ചൊറിഞ്ഞു. എന്നാലും ഇപ്പണി ഒപ്പിച്ചത് ഏതു മഹാനാണ്..? കൗശലങ്ങളുടെ കാര്യത്തില്‍ തനിക്കൊരു എതിരാളിയില്ലെന്നാണ് ഇത്രകാലവും കരുതിയിരുന്നത്.

അപമൃത്യുവിന് വിധേയമായ ശരീരത്തില്‍ നിന്ന് വേറിട്ട പോലെ രണ്ടു കാലുകള്‍ നീങ്ങിവരുന്നത് ഏനിക്കുട്ടിയാശാന്‍ കണ്ടു. ഒരു നിമിഷം ഞെട്ടിയെന്നത് നേരാണ്. നിലത്തിരുന്ന ഒറ്റക്കാലന്‍ കണ്ണടയെടുത്ത് സൂക്ഷിച്ചു നോക്കിയപ്പോഴാണ് കാലിനു മുകളിലെ ഉടലിനെ കണ്ടത്. ചെറുപ്പക്കാരനാണ്. തന്റെ സാമര്‍ഥ്യം കണ്ടെത്തിയവരാരോ ആയിരിക്കണമെന്ന് ഉള്ളിലൊരു മിന്നലു പൊട്ടി. ധൃതിപിടിച്ച കാലടികള്‍ ഒരു സൂചനയാണ്. പിറകില്‍ മറ്റൊരു കൂട്ടം ഉണ്ടായിരിക്കണം. അടിയേല്‍ക്കാനോ  മസാല കേള്‍ക്കാനോ ഉള്ള ആരോഗ്യം പഴയപോലെയില്ല. പണ്ടത്തെക്കാലത്താണെങ്കില്‍ ഉളുപ്പില്ലായ്മ ഒരനുഗ്രഹം പോലെ കൂടെയുണ്ടായിരുന്നു. എങ്ങോട്ടെങ്കിലും മാറിനില്‍ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചപ്പോഴേക്കും ചെറുപ്പക്കാരന്‍ മുറ്റം കടന്നെത്തിയിരുന്നു.

മൂക്കും വായയുമൊന്നാകെ പൊത്തിപ്പിടിച്ച് ചെറുതായി സംശയിച്ചാണ് പൗരന്‍ മുറ്റത്തേക്കു കയറിയത്. ഘ്രാണവ്യവസ്ഥയെ ഒരു നൂറ്റാണ്ടു കാലത്തേക്കെങ്കിലും മലിനപ്പെടുത്തും വിധമുള്ള നാറ്റം. മീന്‍കുഞ്ഞുങ്ങളെപ്പോലെ മലംപുളക്കുന്ന ജലം. കൂനിക്കൂടിയുള്ള കുത്തിയിരിപ്പ്. അത്രയൊന്നും സാധാരണമല്ലാത്ത ദൃശ്യത്തില്‍ പൗരന്‍ സ്തബ്ധനായി.

‘ജൈവവളം കൊണ്ട് കൃഷി തൊടങ്ങാന്ള്ള ഒര്…ഒര് ഇതാണ്…’

നേരത്തേ വിചാരിച്ചതിനു വിരുദ്ധമായി പരുഷതയൊട്ടുമില്ലാത്ത പദങ്ങളുമായാണ് ആളുടെ വരവെന്ന് ബോധ്യമായപ്പോള്‍ ആശാന്റെ മുഖത്ത് നേര്‍ത്ത സൂര്യന്‍ ഉദിച്ചു. നിലത്തുനിന്ന് വല്ലപാടെ എഴുന്നേറ്റു അയാള്‍ ജലക്കുഴല്‍ സപ്പോട്ടയുടെ പിറകിലേക്ക് തള്ളി.

‘കൃഷി ചെയ്യണേന് നിക്ക് എന്റേതായ ചില രീതികളൊക്കേണ്ട്…രാസവളം ഒര് കാലത്തും ഞാനുപയോഗിച്ചിട്ടില്ല….’

ആശാന്‍ ഒരിക്കല്‍ കൂടെ ഉരുളാന്‍ ശ്രമിച്ചു. പൗരന്‍ എന്ന ചെറുപ്പക്കാരന്‍ അപ്പോഴും സ്വയം പരിചയപ്പെടുത്തുകയോ വരവിന്റെ ഉദ്ദേശ്യം വ്യക്തമാക്കുകയോ ഉണ്ടായില്ല.

ഫിലിം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് പുറത്തിറങ്ങിയ നാള്‍മുതല്‍ പൗരന്‍ ഇക്കാര്യം ചിന്തിക്കുന്നുണ്ട്.

മറ്റഡോര്‍ പിക്അപ് വാഹനത്തില്‍ വീട്ടുപകരണങ്ങള്‍ കയറ്റി അയല്‍പക്കങ്ങളിലെല്ലാം യാത്ര പറഞ്ഞിറങ്ങുന്ന അച്ഛന്‍. കൂടുമാറ്റത്തിന്റെ അര്‍ഥമറിയാതെ തുറിച്ചു മലര്‍ന്ന കുഞ്ഞുമിഴികള്‍. വണ്ടിയുരുണ്ടുപോകെ പഴമക്കോട്ടങ്ങാടിയില്‍ വച്ച് കാറ്റുപോയ വാഹനത്തിന്റെ ചക്രങ്ങള്‍…

സ്തംഭിച്ചുപോയ വണ്ടിയുടെ അരികില്‍ വച്ചാണ് പിതാവ് പൗരന് ആ കഥ പറഞ്ഞുകൊടുത്തത്. പ്രാക്തനമായ വേദനയിലുറഞ്ഞെന്ന പോലെ വിളറി നില്‍ക്കുന്ന കെട്ടിടം…മുറിവേറ്റ പ്രണയത്തിന്റെ സ്മരണയില്‍ നീലമഷികൊണ്ടെഴുതിയ അക്ഷരങ്ങള്‍…

ടയര്‍ മാറ്റി സ്‌റ്റെപ്പിനി ഘടിപ്പിച്ച് വാഹനം വീണ്ടും യാത്ര തുടരവേ ഉള്ളില്‍ കഥകള്‍ വലുതായി വന്നു. സ്മൃതികോശങ്ങളില്‍ അവ കൂടുകെട്ടിക്കിടന്നു. ഘടികാരസൂചികളുടെയും കലണ്ടറുകളുടെയും പ്രയാണവേഗത്തിനൊപ്പം കഥാപാത്രങ്ങളുടെ നിറമേറിയതേയുള്ളൂ.

‘ഈ പ്രേമം ന്ന് പറേണത് തീട്ടം ചവിട്ടണ മാതിരിയാണ്…ചവിട്ട്യാ നാറും…പിന്നെ ജീവിതകാലത്തൊട്ട് അത് മാറുകേം ഇല്ല്യ…’

വായില്‍ കുമിഞ്ഞുകൂടിയിരുന്ന വൈക്ലബ്യത്തെ വാക്കുകളായി ആശാന്‍ തുപ്പിക്കളയാന്‍ ശ്രമിച്ചു.

‘സംഭവൊക്കെ കഴിഞ്ഞിട്ട് പത്തു നാപ്പതു കൊല്ലായില്ലേ… ഇതൊക്കെയിനി എന്തിനാപ്പൊ…’

ചമ്മലൊട്ടുമില്ലാതെയുള്ള ആശാന്റെ പ്രതികരണം സത്യത്തില്‍ പൗരനെ ഞെട്ടിച്ചുകളഞ്ഞു. ഇത്രയും തുറന്ന സമീപനമുള്ള ഒരാളാണ് ആശാനെന്ന് അവന്‍ വിചാരിച്ചിട്ടേ ഇല്ലായിരുന്നു. എന്നിട്ടും ഏനിക്കുട്ടിയാശാന്റെ പ്രണയകഥയെ വെള്ളിത്തിരയിലേക്ക് വിവര്‍ത്തനം ചെയ്യാനുള്ള മോഹത്തെപ്പറ്റി പറയാന്‍ പൗരന്‍ മടിച്ചു.

‘സത്യത്തീ എനിക്ക് അങ്ങനെയൊര് ഐഡ്യ ലഭിക്കണത് ബോര്‍ഹസിന്റെ ഒരു പുസ്തകത്തീന്നാ….അല്ലാതെ എന്റെ സൊന്തമൊന്നുമല്ല…’

ചെവി കൂര്‍പ്പിച്ചുള്ള ചെറുപ്പക്കാരന്റെ നില്‍പു കണ്ട് ആശാന്‍ തുടര്‍ന്നു. ഏറെ നാളുകള്‍ക്കു ശേഷമാണ് മിണ്ടിപ്പറയാന്‍ ഒരാളെ സ്വസ്ഥമായി ലഭിക്കുന്നത്. നാടു മുഴുവനും തന്നെയൊരു വിചിത്ര ജീവിയെപ്പോലെ കാണുന്നു. തന്റെ കാലടികളെ നോക്കി കവലയിലും കടകളിലുമുള്ള രൂപങ്ങള്‍ നിശബ്ദമായി, ചിലപ്പോള്‍ കര്‍ണപടം തകര്‍ക്കുന്ന പോലെ പിറുപിറുക്കുന്നു. പതിറ്റാണ്ടുകളായി ഈ ദുഃഖം തന്നെ പിന്തുടരുന്നുണ്ട്.

‘ബോര്‍ഹസ്…?’ ദുര്‍ഗന്ധം കറുത്ത ജലമായി ഒഴുകുന്ന വഴികള്‍ നോക്കി പൗരന്‍ ചുണ്ടുവളച്ചു.

‘ലൂയി ബോര്‍ഹസ് എന്ന് കേട്ടിട്ട്‌ണ്ടോ…?’

ഇതുവരെ വായിച്ചിട്ടുള്ള ബോര്‍ഹസ് സൃഷ്ടികളിലൊന്നും തന്നെ ഇത്തരം കഥയോ കഥാപാത്രങ്ങളോ പൗരന്‍ കണ്ടിട്ടില്ല. ബോര്‍ഹസിന്റെ ഏതാണ്ടെല്ലാ സൃഷ്ടികളും വായിച്ചിട്ടുണ്ടെന്നായിരുന്നു ധാരണ. സാമാന്യം ദുര്‍ഗ്രഹവും പൊതുവെയുള്ള ശീലങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതുമല്ല ആ രചനാരീതി. ആശാന് ആളു മാറിയതാവണമെന്ന് അവനൊരു തീര്‍പ്പിലെത്താന്‍ നോക്കി.

‘പട്ടിനക്കിയ നാളുകള്‍ എന്നൊരു നോവലുണ്ട് ബോര്‍ഹസിന്റേതായിട്ട്…അധികമാരും വായിച്ചിട്ട്ണ്ടാകില്ല…’

പൗരന്റെ കണ്ണും ചുണ്ടുകളും ഒന്നുകൂടെ കൂര്‍ത്തു. രാവിലെത്തന്നെ ഈ മനുഷ്യനെന്താണ് പറഞ്ഞു വരുന്നത്. ബോര്‍ഹസിനെക്കുറിച്ചുള്ള പഠനങ്ങളിലോ ജീവചരിത്രത്തിലോ ഇങ്ങനെയൊരു പുസ്തകത്തെക്കുറിച്ച് പറഞ്ഞിട്ടില്ലെന്ന് ഉറപ്പാണ്. ഒരുപക്ഷേ, കിറുക്ക് സഹജമായും ആശാന്റെ ഉള്ളിലുണ്ടായിരുന്നിരിക്കണം. കിളിയച്ചനെയാണ് പൗരന്‍ അപ്പോള്‍ ഓര്‍ത്തത്.

ഇടവഴികളിലൂടെ പറന്നു നടക്കുകയായിരുന്നു കിളിയച്ചന്‍. അച്ചന് കാലുകളുണ്ടായിരുന്നില്ല. ചിറകുകളായിരുന്നു. ഇരുവശവുമുള്ള മതിലുകളില്‍ ശരീരമിടിച്ച് പറന്നു നടക്കുന്നതിനിടയിലാവും അയാള്‍ പത്തുതലയുള്ള രാക്ഷസന്റെ ഏഴാംതലക്കു കിഴുക്കിയതിനെക്കുറിച്ചും ഇന്ദ്രസദസ്സിലെ നര്‍ത്തകിയുടെ പിന്‍ഭാഗത്തെ മലയില്‍ ചൊറിഞ്ഞതിനെപ്പറ്റിയുമെല്ലാം പറയുക. കിളിയച്ചന്റെ കഥകള്‍ പലതും മനസ്സിലാകാന്‍ തുടങ്ങുന്നതിനു മുമ്പേ, തനിക്ക് മറ്റൊരു ദേശത്തിലേക്ക് കുടിയേറേണ്ടി വന്നു.

കിളിയച്ചനില്‍ നിന്നും ഏനിക്കുട്ടിയാശാനിലേക്കു നീളുന്ന പാരമ്പര്യത്തിന്റെ വേരില്‍ പലതും പൗരന്‍ ഉരച്ചുനോക്കി.

‘മറഡോണേടെ നാട്ട്കാരനല്ലട്ടൊ ആള്…’

ഒരുറക്കത്തില്‍ നിന്നെന്ന പോലെ പൗരന്‍ ഞെട്ടിയുണര്‍ന്നു. പച്ചപ്പാമ്പന്‍ കുഴലിനുള്ളിലൂടെ ഇടറിയെത്തിയ കറുത്ത ജലം തെല്ലൊന്നു സംശയിച്ച് മണ്ണിലിറങ്ങി പതുക്കെ നടന്നുപോയി.

നഗരസഭാ കാര്യാലയത്തില്‍ താല്‍ക്കാലിക  വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന കാലത്താണ് ഏനിക്കുട്ടി ബോര്‍ഹസിനെ ആദ്യമായി കാണുന്നത്. കവിതകള്‍ വായിക്കുകയും എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാലമായിരുന്നു അത്. പുസ്തകമെടുക്കാന്‍ ആപ്പീസ് ലൈബ്രറിയുടെ അകത്തേക്കു കയറിയപ്പോഴാണ് ഒരു പരുത്ത മനുഷ്യന്‍ ശ്രദ്ധയില്‍ പെട്ടത്. കറുത്ത കണ്ണടക്കുള്ളില്‍ കണ്ണുകളെ ഒളിപ്പിച്ചു വച്ചിരിക്കുന്നു. വീര്‍ത്തു പൊന്തിയ കവിളുകളില്‍ അനിശ്ചിതമായ നിഗൂഢതയുണ്ട്. സ്പര്‍ശനത്തിലൂടെയാണ് അയാള്‍ പുസ്തകത്തെ അറിയുന്നതെന്ന് ഏനിക്കുട്ടി ശ്രദ്ധിച്ചു. സ്പര്‍ശനത്തിലെ ഈ വിനിമയ ശേഷിയാണ് അയാളൊരു അന്ധനാണെന്ന് വെളിവാക്കിയത്. മേശപ്പുറത്തു കണ്ട പേരുപലക ഏനിക്കുട്ടിയെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. അക്ഷരങ്ങളെയും വാക്യങ്ങളെയും നേരിട്ടു കാണാനാവാത്ത ഒരാളെങ്ങനെയാണ് പുസ്തകങ്ങളുടെയെല്ലാം കാവല്‍ക്കാരനാവുക…

‘മൂപ്പരൊരു എഴ്ത്തുകാരനും കൂടിയാണെന്ന് മനസ്സിലായത് ഞാനവിടെന്ന് പോരണ ദെവസാണ്…പോര്മ്പം താനെഴുതിയതാണെന്നും പറഞ്ഞ് കൊറച്ച് പുസ്തകം എന്റെ കൈയ്യീത്തന്നു. കാഴ്ചല്യാത്തോര് എങ്ങനാ എഴ്ത്കാ എന്നേനെ പറ്റി എനിക്കൊര് ദാരണേല്ലായിരിന്ന്…’

മാന്ത്രിക കഥകളിലൂടെ കടന്നുപോകുന്നതു പോലെ പൗരന്റെ ഉള്ളിലൊരു മിന്നലുണ്ടായി. കാല്‍പന്തുകളിയുടെ പെരുമ കൊണ്ടു മാത്രം ഭൂപടങ്ങളില്‍ വിളങ്ങി നില്‍ക്കുന്നൊരു നാട്ടില്‍ ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതായി കേട്ടിട്ടുണ്ട്. കാഴ്ചയറ്റതിനു ശേഷവും അയാള്‍ ഗ്രന്ഥശാലയുടെ അധിപനായി തുടര്‍ന്നിട്ടുമുണ്ട്. വിചിത്രമായ കഥകള്‍ പറഞ്ഞ് ഭൂമിയിലെ മസ്തിഷ്‌കങ്ങളെയും തരുലതാദികളെയുമെല്ലാം വിസ്മയിപ്പിച്ച മഹാശയന്‍.

ആശാന്‍ പതുക്കെ വീടിനകത്തേക്ക് നടന്നു. കട്ടിലിലും റാക്കുകളിലുമായി അടുക്കിയിട്ടിരുന്ന പുസ്തകങ്ങളില്‍ പരതി. പുസ്തകങ്ങള്‍ക്കുള്ളിലാണ് തന്റെ ബന്ധുക്കളത്രയും. അവരുടെ അടുപ്പമില്ലായിരുന്നില്ലെങ്കില്‍ തന്റെ സമയമത്രയും മരുഭൂമി താണ്ടുന്നതുപോലെ ഏറെ ദുഷ്‌കരമായിരിക്കും. മറ്റെന്തിനും പണം മുടക്കാന്‍ മടിക്കുന്ന ആശാന്‍ പുസ്തകങ്ങള്‍ക്കു വേണ്ടി എത്രയും ചിലവാക്കും.

കുറേ നേരത്തെ തിരച്ചിലിനൊടുവില്‍ കാഴ്ചയില്‍ തന്നെ പഴക്കം തോന്നിക്കുന്ന ഒരു പുസ്തകം പുറത്തെടുത്തു.

ചൊറികയറിയ പുറംചട്ട. മഞ്ഞപ്പിത്തം പിടിച്ച താളുകള്‍. പഴകിയ കലണ്ടര്‍ ദിനങ്ങളുടെ മുഷിഞ്ഞ മണം. താളുകള്‍ മറിക്കുന്നതിനിടെ പൗരന്‍ പലവട്ടം തുമ്മി.

‘പട്ടിനക്കിയ നാളുകള്‍’ എന്ന തലക്കെട്ടിനു താഴെ ലൂയി ബോര്‍ഹെസ് എന്നെഴുതിയിരിക്കുന്നു. അതിനിടയില്‍ നോവലെന്നു മാത്രം ചെറുതായി കുറിച്ചിട്ടിരിക്കുന്നു. വിലാസമോ എഴുത്തുകാരനെക്കുറിച്ചുള്ള വിവരമോ ഒന്നും അതിലില്ലായിരുന്നു. സ്വയം അച്ചടിച്ചു വില്‍ക്കുന്നുവെന്നതു മാത്രമാണ് പ്രസാധനത്തെ ചൊല്ലിയുള്ള ഏക വിവരം.

‘ആശാന് അറിയാമ്പാടില്ലേ… മൂപ്പര്‌ടെ നാട്, വീട്…?’

പൈപ്പിനുള്ളിലൂടെ പുറത്തിറങ്ങിയ മെലിഞ്ഞു വാടിയ മഞ്ഞള്‍ക്കഷണം നന്ത്യാര്‍വട്ടത്തോട് കുശലം പറയാന്‍ തുനിഞ്ഞു. സാധ്യമാവുന്നത്ര അണ്ണാക്കിനെ നിയന്ത്രിച്ച് ആശാന്‍ സമനില വീണ്ടെടുക്കാന്‍ ശ്രമിച്ചു.

‘സത്യത്തില്‍ അയാള് ഏട്ന്നാ വരണതെന്ന്…നാടോ വീടോ ഇല്ലായെന്നാണ് കേട്ടിട്ടുള്ളത്. ചെലപ്പം മണ്ണിനടീന്നാണെന്ന് തോന്നും. മറ്റു ചെലപ്പം ആകാശത്തൂന്ന് വരണ മാതിരി മേഘത്തിന്റെ തൂവലൊന്നാകെ മേലൊട്ടിപ്പിടിച്ചിട്ട്ണ്ടാവും…’

പൗരന് അതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരേ സ്ഥാപനത്തില്‍ മാസങ്ങളോളം പണിയെടുത്തിട്ടും വിലാസം വിട്ടുപോയെങ്കില്‍ അതിലെന്തോ നിഗൂഢതയുണ്ട്.

‘നീതിപുസ്തകത്തില്‍ പട്ടികള്‍ കയറി മൂത്രമൊഴിക്കുന്ന കാലം വരും…അപ്പോള്‍ എങ്ങനെ നല്ല പട്ടിയാകാന്‍ കഴിയുമെന്നാണ് ചിന്തിക്കേണ്ടത്…’

ആദ്യ വാചകം തന്നെ പൗരനെ കൊളുത്തിവലിച്ചു. പുസ്തകം മുഴുവന്‍ വായിച്ചു തീര്‍ക്കണമെന്ന ആശ അവനില്‍ വേരുപടര്‍ത്തി. എന്നാല്‍ അളിഞ്ഞ ഗന്ധമുയരുന്നതിനിടെ തിണ്ണയിലിരുന്ന് വായിക്കാന്‍ പ്രയാസമാണെന്ന് അവനോര്‍ത്തു. പുലര്‍ച്ചെ പുറപ്പെട്ടതിനാല്‍ കണ്‍പോളകളില്‍ ഭാരം കുമിയുന്നുമുണ്ട്. ഇപ്പോഴേതായാലും വായന നടക്കില്ല.

ജാമ്യത്തുക കെട്ടിവപ്പിച്ച് വായനക്കുശേഷം തിരിച്ചേല്‍പ്പിക്കണമെന്ന വ്യവസ്ഥമേല്‍ ആശാന്‍ പുസ്തകം കൈമാറി.

പഴമക്കോടിന്റെ വേരുകളിലുരുമ്മുന്ന തന്റെ വിദ്യാലയകാലത്തെക്കുറിച്ച് പൗരന്‍ ആശാന് സൂചനകള്‍ നല്‍കിയതേ ഇല്ല. അതിനാല്‍ പുറംദേശക്കാരനോടു പുലര്‍ത്തുന്ന സ്‌നേഹമത്രയും ആശാന്‍ അവനു നല്‍കി. പഴയ കാലത്തിന്റെ ഓര്‍മകള്‍ ആവുന്നത്ര മധുരം പുരട്ടി പകര്‍ന്നുകൊടുക്കുകയും ചെയ്തു.

‘കഥയിപ്പോ നീണ്ടു നീണ്ടു പോവുകയാണല്ലോ…’

ഉച്ചവെയിലില്‍ കുടചൂടി നടക്കുമ്പോള്‍ മറ്റൊരു കഥാപാത്രത്തിന്റെ സാധ്യതകളെക്കുറിച്ച് പൗരന്‍ സ്വയം വിലയിരുത്തുകയായിരുന്നു. വരമ്പിന്റെ വശങ്ങളില്‍ അപ്പോഴും മലം കെട്ടിക്കിടക്കുന്നുണ്ടെന്നും കെട്ടമണം തലച്ചോറിനെ തന്നെ തകര്‍ത്തേക്കുമെന്നും ഇടക്കെപ്പോഴോ അവന് തോന്നി. അതിനാല്‍ വിരലുകള്‍ ഇടക്കിടെ മൂക്കില്‍ തിരുകി.

‘അന്ധനായ ലൈബ്രേറിയന്‍…’

‘വിചിത്രമായ ആഖ്യാനങ്ങളാല്‍ ആസ്വാദകരെ അമ്പരപ്പിച്ചവരെ കാലം മഹാപ്രതിഭകളെന്നു വിളിക്കുന്നു…’

സ്വയം സംസാരിച്ചു നടന്നുപോകുന്ന ചെറുപ്പക്കാരനെ കണ്ട് പൂതമ്മാമ താടിയില്‍ ഉഴിഞ്ഞു. തോട്ടുവക്കിലെ ചോലയില്‍ കാറ്റുമേറ്റു കിടക്കുകയായിരുന്നു മാമ. മുമ്പെവിടെയും കണ്ടു പരിചയമില്ല. കാഴ്ചയില്‍ എത്ര സുന്ദരന്‍. നല്ല തണ്ടും തടിയുമുള്ളവന്‍. എന്തെങ്കിലും തകരാറുള്ളതായി തോന്നിക്കുകയേ ഇല്ല. ഉച്ചച്ചൂടില്‍ കൂടിപ്പോയതാവണം.

‘ഇന്ന് ഏറുകൊണ്ട പട്ടി നാളെ എറിയുന്നവനായി മാറും…അധികാരത്തെക്കുറിച്ചുള്ള ഏറ്റവും ശാശ്വതമായ സത്യമാണത്…’

സാമാന്യം ദൈര്‍ഘ്യമുള്ള ‘പട്ടിനക്കിയ നാളുകള്‍’ ഒരു രാത്രികൊണ്ടു തന്നെ പൗരന്‍ വായിച്ചു തീര്‍ത്തു. വായനയില്‍ നിന്ന് വിരമിച്ചിട്ടും ചില വരികളും കഥാപാത്രങ്ങളും ഭ്രമരമുരള്‍ച്ച പോലെ ചെവിയില്‍ മുഴങ്ങുന്നതായി അവനനുഭവപ്പെട്ടു. കിടക്കയില്‍ നിവര്‍ന്നുകിടന്നിട്ടും മനസ്സിന്റെ വക്കില്‍ നിന്ന് പുക പാറിക്കൊണ്ടിരുന്നു. എന്തൊരു പുസ്തകം…! ഇത്രയൊക്കെ ആഴമുണ്ടായിട്ടും ഈ പുസ്തകത്തെക്കുറിച്ച് ലോകമറിയാതെ പോയതെന്തു കൊണ്ട്?

‘എഴുത്തുകാരനെ കണ്ടെത്തിയേ തീരൂ…അടുത്ത ശ്രമം അതാകട്ടെ…’

ചുവരുകള്‍ പൗരനെ ശരിവച്ചു. ഏനിക്കുട്ടിയാശാന്‍ പറഞ്ഞ നഗരസഭയുടെ കാര്യാലയത്തിലേക്ക് രാവിലെ തന്നെ പുറപ്പെട്ടു.

വെള്ളിപോലെ തിളങ്ങുന്ന കടല്‍ക്കരയില്‍ ഉറച്ചുപോയ കപ്പലിനെ ഓര്‍മിപ്പിച്ചു നഗരസഭാ കാര്യാലയം. മുന്‍വശം കൂര്‍ത്ത കെട്ടിടത്തിന്റെ ജനലുകളിലും വാതിലുകളിലും ഉപ്പുകാറ്റിന്റെ സംഗീതമായിരുന്നു. കാറ്റിന്റെ സീല്‍ക്കാരത്തിലലിഞ്ഞ് പലതരം ആവശ്യങ്ങള്‍ക്കായി കാര്യാലയത്തിനു മുന്നില്‍ ജനങ്ങള്‍ വരിനിന്നു.

കടലാസിലേക്കും മോണിറ്ററിലേക്കും ഇടക്ക് മുന്നിലെ രൂപങ്ങളിലേക്കും തല ചലിപ്പിച്ച് ജീവനക്കാര്‍ പണിയെടുത്തു.

‘തിരക്കുമാസത്തെക്കുറിച്ച് നിങ്ങള്‍ക്ക് നല്ല ധാരണയുണ്ടെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്…’

മേശപ്പുറത്ത് അട്ടിയിട്ടു കിടക്കുന്ന ഫയലുകളില്‍ മാറി മാറി പരതി സൂപ്രണ്ട് നീരസം പ്രകടിപ്പിച്ചു. ഇതെല്ലാം നേരത്തേ പ്രതീക്ഷിച്ചിരുന്നതിനാല്‍ പൗരന്‍ എളുപ്പം കീഴടങ്ങിയില്ല. നടിക്കാവുന്നതിന്റെ പരമാവധി ആയത്തില്‍ വിനയം നടിച്ചു നിന്നതേയുള്ളൂ. പിന്നെ ഇടക്കെപ്പോഴോ സൂപ്രണ്ടിന്റെ മുഖമൊന്നയഞ്ഞപ്പോള്‍ ചെറിയ ചെറിയ വാക്കുകളിലൂടെ പൗരന്‍ സൗഹൃദം പണിയാന്‍ ശ്രമിച്ചു. സിനിമയെക്കുറിച്ചും സ്വപ്‌നത്തെക്കുറിച്ചുമെല്ലാം അതിനിടയില്‍ തിരുകിയപ്പോള്‍ അയാള്‍ തെല്ലൊന്നയഞ്ഞു.

സമൃദ്ധമായി മുടിയും നരയുമുള്ള മൂര്‍ധാവില്‍ പേനയാല്‍ ചൊറിഞ്ഞ് അയാള്‍ അറ്റന്‍ഡറെ വിളിച്ചു വരുത്തി. കറുത്ത കരയുള്ള മുണ്ടും ഖാദിയുടെ ഷര്‍ട്ടും ധരിച്ച മെലിഞ്ഞ മനുഷ്യനായിരുന്നു അറ്റന്‍ഡര്‍. റിട്ടയര്‍മെന്റിന് അധിക കാലമില്ലെന്ന് കണ്ടാല്‍ തന്നെയറിയാം. സൂപ്രണ്ടിന്റെ നിര്‍ദേശം പാലിച്ച് അയാള്‍ പൗരനെ മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. പഴയ ഫയലുകള്‍ അടുക്കും ചിട്ടയുമില്ലാതെ കൂട്ടിയിട്ടിരിക്കുന്ന മുഷിഞ്ഞ ഇടമായിരുന്നു അത്. പൊടി നിറഞ്ഞു കിടക്കുന്നതിനാല്‍ പലപ്പോഴും തുമ്മല്‍ വന്നു.

‘ഒരുപാട് ആത്മാക്കള് കെട്ടിമറിയണ സ്ഥലാണിത്…കണ്ടില്ലേ എല്ലാംകൂടെ കുഴഞ്ഞ് കിടക്കണത്…ഇതിനെടേന്ന് എങ്ങനെ തപ്പിയെടുക്കാനാണ് മാഷേ…’ അറ്റന്‍ഡര്‍ പൗരനെ നോക്കി നിസ്സഹായത നടിച്ചു. ജീന്‍സിന്റെ പിറകില്‍ നിന്നെടുത്ത രണ്ടു കറന്‍സികള്‍ വിദഗ്ധമായി തെരുപ്പിടിപ്പിച്ചപ്പോള്‍ പുഴു തിന്നു വികൃതമായ അയാളുടെ മഞ്ഞപ്പല്ലുകള്‍ തിളങ്ങി.

‘അയ്യേ…എന്തായിത്…’  ദുര്‍ബലമായ പ്രതിഷേധം ഉയര്‍ത്തി കൈക്കൂലി വാങ്ങുന്നതിനിടയിലെ ആചാരമര്യാദകള്‍ പാലിക്കാന്‍ അയാള്‍ ശ്രമിച്ചു.

‘വലിയ പ്രതീക്ഷയൊന്നും വക്കേണ്ട….കുറേ മുമ്പുള്ള കാര്യങ്ങളല്ലേ…. അതൊക്കെ ഇവിടെ ഉണ്ടാവുമോയെന്നു തന്നെ ആര്‍ക്കറിയാം. കിട്ടിയാലുടനെ വിളിക്കുന്നുണ്ട്…’

കാഴ്ചയില്ലാത്ത ഒരാള്‍ ലൈബ്രേറിയനായി ജോലിനോക്കിയ വിവരം കോര്‍പ്പറേഷന്‍ ആപ്പീസിലെ പ്രായം ചെന്ന ജീവനക്കാര്‍ക്കെല്ലാം അറിയാമായിരുന്നു. അയാളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ശേഖരിച്ചു വച്ചിട്ടുമുണ്ടായിരുന്നു. ഡിജിറ്റലൈസേഷന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷമാണ് ലഭ്യമായ രേഖകളെല്ലാം ഇലക്ട്രോണിക് ചിപ്പുകളിലേക്ക് കുടിയേറിയത്. എന്നിട്ടും രണ്ടു ദിവസം ആ വിലാസമൊളിഞ്ഞു കിടന്നു.  അറ്റന്‍ഡറുടെ പുഴുപ്പല്ലുകളുടെ ചിരിയിലേക്ക് ചുളിഞ്ഞ ഒരു നോട്ടുകൂടെ തിരുകേണ്ടി വന്നു പൗരന്.

പ്രശാന്തമായ ഒരു നദിയുടെ കരയിലാണ് ബസ്സ് നിന്നത്. ഭാവനാസമ്പന്നനായ ഒരു ചിത്രകാരന്റെ കലാസൃഷ്ടിക്കു മുന്നില്‍ നില്‍ക്കുകയാണെന്നാണ് പൗരന് ആദ്യം തോന്നിയത്. പുഴ, കടവ്, ജലത്തിലേക്ക് ചാഞ്ഞുകിടക്കുന്ന ചെറിയ മരങ്ങള്‍…നിശ്ചലതയായിരുന്നു എങ്ങും. പുഴയില്‍ ജലം ഇളകുന്ന ശബ്ദം പോലും കേള്‍ക്കാനില്ല. ആറ്റുവഞ്ഞിപ്പടര്‍പ്പുകള്‍ ഏതോ അദൃശ്യനായ യജമാനനെ അനുസരിക്കും പോലെ അനങ്ങാതെ നില്‍ക്കുന്നു.

പൗരനെ കടവിലിറക്കിയതിനു ശേഷം ബസ് തിരിച്ചു പോവുകയായിരുന്നു. വഴി ചോദിക്കാന്‍ പറ്റിയ ആരെയും കാണാഞ്ഞ് അവന്‍ മുഷിഞ്ഞു. ഇത്രയും വിജനത പ്രതീക്ഷിച്ചിരുന്നില്ല.

കടവില്‍ നിന്ന് ഏറെയൊന്നും അകലെയല്ലാതെ മുടന്തുകാലുമായി നില്‍ക്കുന്ന പഴയൊരു കെട്ടിടം  പൊടുന്നനെ പൗരന്റെ ശ്രദ്ധയില്‍ പെട്ടു. നിറമില്ലാത്ത ചുവരുകള്‍. എപ്പോഴേ അടര്‍ന്നു പോയ മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍. തൃഷ്ണകളെല്ലാമൊടുങ്ങിയ ഒരു വൃദ്ധന്‍ മുഖം കുനിച്ചിരിക്കുകയാണെന്നേ തോന്നൂ. കെട്ടിടത്തിന്റെ നിഴലില്‍ ഒരാള്‍ പുസ്തകം വായിക്കുന്നത് കാണാനിടയായി. അവന്‍ അയാള്‍ക്കരികിലേക്ക് ധൃതിവച്ചു.

കാലങ്ങള്‍ക്കു മുമ്പേ നദിയില്‍ നിന്ന് ജലം വലിച്ചെടുക്കാന്‍ ഉപയോഗിച്ച ഇടമായിരുന്നു അതെന്ന് എളുപ്പം മനസ്സിലാക്കാം. കുഴലുകളും തുരുമ്പിച്ച മോട്ടോറുകളും കെട്ടിടത്തെ വന്യമായൊരു ദൃശ്യമാക്കി മാറ്റുന്നുണ്ട്.

കാലൊച്ചകളുടെ ക്രമരഹിതമായ താളമാണ് അയാളെ പുസ്തകത്തില്‍ നിന്ന് എഴുന്നേല്‍പിച്ചത്. കണ്ണുകള്‍ തിരുമ്മി അയാള്‍ ചെറുപ്പക്കാരനെ നോക്കി.  പുസ്തകത്തില്‍ തന്നെ ഏറെ നേരം തല പൂഴ്ത്തിയിരുന്നതിനാലാവണം കണ്ണുകള്‍ ചുവന്നിരുന്നു.

പൗരന്‍ തന്റെ വരവിനു പിറകിലുള്ള ഉദ്ദേശ്യമെല്ലാം വ്യക്തമാക്കി. ബഹളങ്ങളില്ലാതെ അയാള്‍ എല്ലാം കേട്ടിരുന്നതേയുള്ളൂ.

‘ഈ പുഴ കടന്നാല്‍ നിങ്ങള് പറേണ സ്ഥലമായി…’  വിരലുകൊണ്ടു അടയാളം വച്ച് അയാള്‍ പുസ്തകം അടച്ചുപിടിച്ചു. അപ്പോള്‍ അതിലെഴുതിയിരിക്കുന്ന പേര് പൗരന് എളുപ്പം വായിക്കാന്‍ കഴിഞ്ഞു. THE THIRD BANK OF THE RIVER & OTHER  STORIES. അവന് കൗതുകമായി. ഇതു വായിക്കണമെന്ന് കുറേനാളായി കരുതിയിരിക്കുകയായിരുന്നു. ഗിമറോസ് റോസയെക്കുറിച്ച് മുമ്പൊരിക്കല്‍ ഒരു പ്രഭാഷണത്തിനിടെ കേട്ടിട്ടുണ്ടായിരുന്നു. പുസ്തകത്തെക്കുറിച്ച് എന്തെങ്കിലും ചോദിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും അയാളുടെ മുഖത്തെ വൈചിത്ര്യം നിറഞ്ഞ ഭാവങ്ങള്‍ അവനെ നിര്‍വീര്യനാക്കി. കുറഞ്ഞ വാക്കുകള്‍ കൊണ്ട് അയാള്‍ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി.

പട്ടിനക്കിയ നാളുകള്‍ എന്ന നോവലിലെ വിവരണവുമായി അതിന് സാമ്യമുണ്ടെന്ന് പൗരന്‍ തിരിച്ചറിഞ്ഞു.

‘പുഴേല് എപ്പോഴും തോണിയുമായി കഴിയണ ഒരാള്ണ്ട്…ആള്‍ക്ക് കണ്ണുകാണാന്‍ വയ്യ. ന്നാലും തൊഴഞ്ഞ് തൊഴഞ്ഞ് ആളെ അക്കരെ കടത്തും…’

‘കടത്തുകാരനാണോ…?’ പൗരന് സംശയങ്ങളുണ്ടായി. സംശയം കൊണ്ടു വലുതായ കണ്ണുകള്‍ നീട്ടി അവന്‍ അയാളെത്തന്നെ തുറിച്ചു നോക്കി. ഏതുനിമിഷവും എന്തും സംഭവിച്ചേക്കാവുന്ന ഒരു നഗരം പോലെ അയാളുടെ മുഖം വലിഞ്ഞുനിന്നു.

‘കണ്ണില്ലാതെ നദിയുടെ വീതിയെങ്ങനെ അറിയും…?’ പുസ്തകത്തില്‍ നിന്ന് അയാള്‍ ശരിക്കും ഉണര്‍ന്നിട്ടില്ലെന്ന് പൗരന് തോന്നി.

‘രണ്ടു കരകളിലെ മനുഷ്യരെ കാലങ്ങളായി അങ്ങോട്ടുമിങ്ങോട്ടും കടത്തുന്നത് അയാളാണ്…അയാള്‍ എന്നും വൃദ്ധനായിരുന്നു. ആത്മാവിന്റെ മാപിനി കൊണ്ട് ജലത്തിന്റെ മിടിപ്പുകള്‍ അളന്നെടുക്കാന്‍ അയാള്‍ക്കു കഴിയും. മാന്ത്രിക ദണ്ഡെന്ന വണ്ണം ഓളങ്ങളെ കുരുക്കിയിടാനുള്ള വിദ്യ ആ പങ്കായത്തിനുണ്ട്….വൃദ്ധന്‍ പുഴവിട്ട് എവിടേക്കെങ്കിലും പോവുന്നത് ആരും കണ്ടിട്ടില്ല. വീടും വഞ്ചിയും ഒന്നാണയാള്‍ക്ക്…പാചകവും താമസവുമെല്ലാം അതിനുള്ളില്‍ തന്നെയാണ്…’

സാവകാശം അങ്ങനെയെല്ലാം പറഞ്ഞ് അയാള്‍ നീട്ടിക്കൂവി. പുഴപ്പരപ്പിനു മുകളിലൂടെ കൂവല്‍ സഞ്ചരിച്ചു. കൂവലിന്റെ വിനിമയ ശേഷിയെ ശരിവച്ച് അല്‍പനേരത്തിനുള്ളില്‍ തന്നെ അതിന് മറുപടിയുണ്ടായി. തുടര്‍ന്ന് ഒരു തോണി ജലത്തിന്റെ ശാലീനമായ ലാവണ്യത്തിനു മീതെ ഒഴുകിവരുന്നത് കണ്ടു.

വഞ്ചി അടുത്തു വരുന്തോറും പൗരന്റെ കണ്ണുകള്‍ പ്രപഞ്ചം പോലെ വികസിച്ചു വന്നു.

കടവില്‍ കയറിവരാന്‍ തക്ക ദൂരത്തില്‍ വഞ്ചിനിന്നു. പൗരന്‍ വഞ്ചിക്കാരനെയും യാനത്തെയും മാറിമാറി നോക്കി. ഏതോ ദുരൂഹമായ പുസ്തകത്തില്‍ നിന്നിറങ്ങി വരുന്ന പോലെ ആയിരം ഭാവങ്ങളെ ഉള്ളിലൊളിപ്പിച്ചിരിക്കുകയാണ് വൃദ്ധന്‍. അയാളുടെ നേര്‍ത്ത ചലനത്തില്‍ പോലും ഇനിയും അര്‍ഥം കണ്ടെത്തിയിട്ടില്ലാത്ത ലിപികളുടെ സാന്നിധ്യം കാണം. വൃദ്ധനെ നിരീക്ഷിക്കുന്തോറും ഭയം അവന്റെ ഉള്ളില്‍ തുഴപിടിച്ചു.

ജീവിതനൗക എന്ന് തോണിയുടെ മുമ്പില്‍ ചതുരരൂപത്തില്‍ എഴുതിവച്ചിരുന്നു. കാലത്തിന്റെ ഉപ്പുകാറ്റ് പിടിച്ച് വഞ്ചിയുടെ പലകകളില്‍ ചിലത് ദ്രവിച്ചു തുടങ്ങിയിരുന്നു. അണിയത്ത് ചുളിഞ്ഞ വിരലുകളുള്ള, നേര്‍ത്ത കാറ്റില്‍ പോലും ഉലഞ്ഞുപോകുമെന്ന് തോന്നിക്കുന്ന കാഴ്ചയൊട്ടുമില്ലാത്ത ഒരുടല്‍. ഇയാളാണ് ഇത്രയും വിസ്താരമുള്ള നദി കടത്തിവിടേണ്ടത്. പുറമേ ശാന്തമെന്നു തോന്നിക്കുന്ന നദിയില്‍ ശക്തമായ ചുഴികള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് ആരോ പറഞ്ഞത് പൗരനോര്‍മ വന്നു. അതോടെ ആന്തരാവയവങ്ങളിലൂടെ നനുത്ത കാറ്റുവീശി.

അപരിചിതരുടെ വാക്കുകളിലും കരങ്ങളിലും വിശ്വസിക്കുകയല്ലാതെ മറ്റു വഴിയില്ലെന്ന് മനസ്സുറച്ചു. ഉള്‍വിചാരങ്ങളുടെ സങ്കലനത്തിനൊടുവില്‍  പൗരന്റെ കാലുകള്‍ വഞ്ചിയിലേക്കു താനെ നീങ്ങി.

‘തോണി കയറുന്നത് ആദ്യമായിട്ടാണ്…അല്ലേ…’ വഞ്ചിക്കാരന്റെ സ്വരത്തില്‍ വാര്‍ധക്യത്തിന്റെ പതര്‍ച്ചയൊന്നും പൗരന് കണ്ടെത്താനായില്ല. ആദ്യമായി വഞ്ചി കയറുകയാണെന്ന വിവരം വൃദ്ധനെങ്ങനെ മനസ്സിലാക്കിയെന്ന് പൗരന്‍ വിസ്മയിച്ചു. യക്ഷിക്കഥകളിലെ മന്ത്രവാദിയെപ്പോലെ ചുളിഞ്ഞ ശരീരത്തിനുള്ളില്‍ എന്തൊക്കെയോ ദുരൂഹതകള്‍ ഒളിഞ്ഞുകിടക്കുന്നുണ്ട്. സംശയിച്ചതെല്ലാം ശരിയാണെന്ന് അവനുറപ്പായി.

‘തോണിയുടെ ഇളക്കങ്ങളിലറിയാം ശരീരങ്ങളുടെ വ്യാകരണം…’ പൗരന്റെ മനസ്സു തൊട്ടെന്നോണം തോണിക്കാരന്‍ പറഞ്ഞു.

തുഴയുമ്പോള്‍ വൃദ്ധന്‍ കണ്ണട മാറ്റി അണിയത്തു വച്ചു. ചുരുങ്ങിച്ചുരുങ്ങി ഇളക്കങ്ങള്‍ വറ്റിപ്പോയ കിണറിനെ അനുസ്മരിപ്പിക്കുന്ന കണ്ണുകള്‍. അതിന്റെ ഒരു വശത്ത് പീളമെഴുക്കു പുരണ്ടിരിക്കുന്നു. ജുഗുപ്‌സ തോന്നിയതിനാല്‍ പൗരന്‍ വഞ്ചിക്കുള്ളിലേക്ക് കണ്ണു താഴ്ത്തി. മണ്‍പാത്രങ്ങളും മണ്ണെണ്ണ സ്റ്റൗവും ഒരു ഭാഗത്ത് കൂട്ടിവച്ചിരിക്കുന്നു. നീലനിറത്തിലുള്ള ടാര്‍പോളിന്‍ അതിനടുത്തു തന്നെയായി വൃത്തിയോടെ മടക്കിയിട്ടിട്ടുണ്ട്.

ഒരു സംഗീതോപകരണം തൊടുന്ന പോലെ മൃദുലമായാണ് വൃദ്ധന്‍ തുഴയില്‍ കൈവച്ചത്.

തന്റെ യാത്രോദ്ദേശ്യത്തെക്കുറിച്ച് പറയണമെന്ന് വിചാരിച്ചെങ്കിലും വലിഞ്ഞു മുറുകിയ വൃദ്ധമുഖത്തിന്റെ ഗൗരവം അവനെ പിറകോട്ടടിപ്പിച്ചു. ഒരുപക്ഷേ, ഇയാളെയായിരിക്കുമോ താന്‍ തേടിക്കൊണ്ടിരിക്കുന്നതെന്നു പോലും അവന് തോന്നി. കണ്ണുകാണാതെ നോവലെഴുതാന്‍ കഴിയുന്ന ആള്‍ക്ക് മനസ്സിന്റെ വെളിച്ചത്തില്‍ ജലത്തെ മുറിച്ചു കടക്കാനും എളുപ്പമായിരിക്കും. എന്നാല്‍, ആളുകളെ അക്കരയിക്കരെ കടത്തി ജീവിതം പുലര്‍ത്തേണ്ട അവസ്ഥയൊന്നും അയാള്‍ക്കുണ്ടാവില്ലെന്ന യുക്തിയും പൗരനുണ്ടായി. പെന്‍ഷന്‍ ആനുകൂല്യം ഇപ്പോഴും കൃത്യമായി കൈപ്പറ്റുന്നുണ്ടെന്നാണ് നഗരസഭയില്‍ നിന്നറിയിച്ചത്.

‘പട്ടിനക്കിയ നാളുകളി’ ലെ ഗ്രാമത്തെക്കുറിച്ചുള്ള വിവരണം പൗരന്റെ തലച്ചോറിലേക്ക് പൊടുന്നനെ ഓടിക്കയറി. ജലം അതിരുവരച്ച ഒരു ചെറിയ തുരുത്ത്. വെയില്‍ കുറവാണ്. മങ്ങിയ അന്തരീക്ഷമാണ് എല്ലായ്‌പ്പോഴും. നേര്‍ത്ത തണുപ്പുള്ള കാറ്റ് ഇടക്കിടെ വീശിക്കൊണ്ടിരിക്കും. പ്രണയനൈരാശ്യം ബാധിച്ച കാമുകനാണ് തുരുത്തിലാദ്യമായി കക്കൂസ് നിര്‍മിക്കുന്നത്. പുഴയോരത്തും കുറ്റിക്കാടുകളിലുമായിരുന്നു തുരുത്തില്‍ വസിക്കുന്നവരെല്ലാം അമേദ്യം നിക്ഷേപിച്ചിരുന്നത്. വര്‍ഷങ്ങളുടെ നിക്ഷേപം പെരുകിപ്പെരുകി അവിടെങ്ങളെല്ലാം ഫലഭൂയിഷ്ഠമായി.

നെഞ്ചിലെ ചില്ലയില്‍ നിന്നകന്നു പോയ കിളിയുടെ നാമത്തില്‍ കക്കൂസ് നിര്‍മിച്ച് ചരിത്രമായി മാറിയ നായകനെ മനസ്സില്‍ സങ്കല്‍പിച്ചാണ് പൗരന്‍ തോണിയില്‍ നിന്നിറങ്ങിയത്. പുഴകടത്തിയതിന് തുച്ഛമായ സംഖ്യയേ വൃദ്ധന്‍ ഈടാക്കിയുള്ളൂ. സന്തോഷത്തിനെന്നോണം അധികമായി നല്‍കിയ പണം അയാള്‍ സ്വീകരിച്ചില്ല.

ചുടുകട്ടകള്‍ കൊണ്ടു നിര്‍മിച്ച ചെറിയ വീടുകള്‍, പുല്ലുമേഞ്ഞ കടകള്‍, സാധാരണയിലും ഉയരം കൂടിയ പശുക്കള്‍, കോഴികള്‍, താറാവുകള്‍, പട്ടികള്‍…ബോര്‍ഹസ് വിവരിച്ചതെല്ലാം കണ്‍മുന്നില്‍ കണ്ട് പുസ്തകത്തിനുള്ളില്‍ തന്നെയാണെത്തിയതെന്ന് പൗരന് തോന്നി. മൂക്കില്‍ മുഷിഞ്ഞ താളുകളുടെ മണം…താളുകള്‍ക്കിടയില്‍ സമയത്തിന്റെ വെന്ത ചിറകുകള്‍…

വീതികുറഞ്ഞ മണല്‍പാതയിലൂടെ പൗരന്‍ സംശയിച്ച് നടന്നു. കണ്ണുകള്‍ ഓരോന്നായി തന്റെ മേനിയില്‍ കുമിഞ്ഞുകൂടുന്നത് അവനറിഞ്ഞില്ല. ഒടുവില്‍ കണ്ണുകള്‍ കൂടിച്ചേര്‍ന്ന് ഒരു ശബ്ദമായപ്പോള്‍  അവന്‍ നിന്നു.

നിരത്തുകളെല്ലാം സന്ധിക്കുന്ന ഒരു ചെറു കവലയായിരുന്നു അത്. കവലയില്‍ ഒരു യോഗം നടക്കുകയായിരുന്നു. പനത്തടിയീര്‍ന്നെടുത്ത പലകകള്‍ കൂട്ടിക്കെട്ടിയുണ്ടാക്കിയ അരങ്ങില്‍ നിന്ന് ഒരാള്‍ ഉച്ചത്തില്‍ സംസാരിക്കുകയാണ്. അയാളുടെ വാക്കുകള്‍ക്ക് ചെവികൂര്‍പ്പിച്ച് സ്ത്രീകളും കുട്ടികളുമടങ്ങിയ ചെറിയ ആള്‍ക്കൂട്ടം.

‘1853 ലാണ് നമ്മുടെ രാജ്യത്ത് ആദ്യമായി ഒരു തീവണ്ടിപ്പാത നിര്‍മിക്കുന്നത്. അതിനു ശേഷം എത്ര തീവണ്ടികള്‍ പാളങ്ങളിലൂടെ ഓടിപ്പോയി. എത്ര നാടുകളിലേക്ക് ആളുകളും ചരക്കുകളും സഞ്ചരിച്ചു. എന്നിട്ടും ഇത്രയും കാലത്തിനിടയില്‍ നമ്മുടെ തുരുത്തില്‍ നിന്ന് ഒരാള്‍ പോലും അതില്‍ കയറിയിട്ടുണ്ടായിരുന്നില്ല. ഇപ്പോഴാദ്യമായി നമ്മുടെ ഇടയില്‍ നിന്നൊരാള്‍ തീവണ്ടിയില്‍ കയറിയിരിക്കുന്നു… ആദ്യമായി തീവണ്ടി കയറിയ അദ്ദേഹത്തെ ആദരിക്കുവാന്‍ വേണ്ടിയാണ് നാമിന്ന് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്…’

ഇങ്ങനെയും ഇടങ്ങള്‍ ഇപ്പോഴും നമ്മുടെ രാജ്യത്തിലുണ്ടോ എന്ന് പൗരന് സംശയങ്ങളുണ്ടായി. അതോ കാലത്തിനു പിറകിലെവിടെയോ താനെത്തിപ്പെട്ടതാണോ …?

‘തീവണ്ടിയെ ആദ്യമായി സ്പര്‍ശിച്ചപ്പോഴുള്ള അനുഭൂതി, യാത്ര ചെയ്തപ്പോഴുണ്ടായ അനുഭവം എന്നിവയെക്കുറിച്ചെല്ലാം ചടങ്ങിനൊടുവില്‍ മൂപ്പര് സംസാരിക്കും ‘

തടിച്ച ഒരു മധ്യ വയസ്‌കന്‍ ധൃതിയില്‍ പൗരനടുത്തേക്ക് നടന്നു വന്നു. അുെത്തെത്തിയപ്പോള്‍ എന്തു ചോദിക്കണമെന്നറിയാതെ ഏതാനും നിമിഷത്തേക്ക് അയാള്‍ സംശയിച്ചു നിന്നു. മുഖത്തെ അവ്യക്തത മനസ്സിലാക്കിയ പൗരന്‍ യാത്രോദ്ദേശ്യത്തെക്കുറിച്ച് അയാളോട് വെളിപ്പെടുത്തി.

‘അങ്ങനെയൊരാള് ഈടണ്ടായിരുന്നു…പക്ഷേ, ആളെ കാണാതായിട്ട്…നദികടന്ന് പോയിട്ടില്ല ആള്…തുരുത്തിലോ വെള്ളത്തിലോ ആണ്ടുപോയിക്കാണുമെന്നാണ് വിചാരിക്കുന്നത്…’

‘ആളിപ്പോഴും പെന്‍ഷന്‍ പറ്റുന്നുണ്ടെന്നാണ് നഗരസഭാ കാര്യാലയത്തില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്…’

‘അക്കൗണ്ടിലേക്കു വരുന്ന പണത്തിന് ആരുടെയും മുഖം കാണേണ്ടതില്ലല്ലോ…’

പതിയെപ്പതിയെ യോഗത്തില്‍ നിന്ന് പിരിഞ്ഞ് ആളുകള്‍ പൗരനെ പൊതിഞ്ഞു തുടങ്ങി. ബോര്‍ഹസിനെക്കുറിച്ച് എല്ലാവര്‍ക്കും ഒരേ സ്വരമായിരുന്നു. പ്രഭാതങ്ങളില്‍ വടികുത്തിപ്പിടിച്ച് നദിക്കരയിലേക്കു പോവുന്നതും അസ്തമയത്തിലെ മടക്കവുമെല്ലാം പലരും വിവരിച്ചു. എന്നാല്‍ പട്ടിനക്കിയ നാളുകള്‍ വായിച്ചവരായി ആരും ഇല്ലായിരുന്നു. കഥാപാത്രങ്ങളുടെ പേരു പറഞ്ഞപ്പോള്‍ അവര്‍ മിഴിച്ചു നിന്നതേയുള്ളൂ. പുസ്തകം കയ്യിലെടുക്കാന്‍ മറന്നു പോയതിന്റെ നിരാശ പൗരനെ അപ്പോഴാദ്യമായി ചൂഴ്ന്നു.

വിരുന്നെത്തിയ ചെറുപ്പക്കാരനെ തുരുത്തിലെ കാഴ്ച കാണാന്‍ അവര്‍ കൂട്ടിക്കൊണ്ടു പോയി. തദ്ദേശവാസികളുടെ ദേവാലയത്തിലേക്കാണ് ആദ്യമായി കൊണ്ടുപോയത്. അധികം ഉയരമോ വീതിയോ ഇല്ലാത്ത പൊന്നുപൂശിയ കെട്ടിടം. വെള്ളിമണല്‍ മുറ്റം. പേരറിയാത്ത മരങ്ങളില്‍ നിന്നു പൊഴിഞ്ഞ ഏതാനും ഇലകള്‍ മുറ്റത്ത് വീണുകിടക്കുന്നു. മണല്‍ ചെരിപ്പുനുള്ളില്‍ കയറി കിരുകിരുത്തു. വട്ടത്തില്‍ പടുത്ത കെട്ടിടത്തിന്റെ ചുവരുകളില്‍ എഴുതിവച്ച വാക്യങ്ങള്‍ പൗരനെ നോക്കി പല്ലിളിച്ചു.

‘പുരോഹിതന്‍മാര്‍ പട്ടികളായും പട്ടികള്‍ പുരോഹിതന്‍മാരായും വരുന്ന കാലം വരും…’

പട്ടിനക്കിയ നാളുകള്‍ എന്ന നോവലില്‍ ഇങ്ങനെയൊരു വാക്യമുള്ളതായി പൗരനോര്‍ത്തു.

‘തുരുത്തിലെ ആദ്യത്തെ കക്കൂസായിരുന്നു ഇത്…’ പൗരന്റെ പിറകില്‍ നിന്ന് ആരോ വിവരിച്ചുകൊടുത്തു. നോവലിലൂടെ അതറിയാമായിരുന്നുവെങ്കിലും അവന്‍ അറിയാത്ത പോലെ നിന്നു.

‘പുളിങ്കൊമ്പു കണ്ട് പ്രണയത്തില്‍ നിന്നും പിന്‍മാറിയ കാമുകിയുടെ നാമം തന്നെ അതിനു ചാര്‍ത്തുകയായിരുന്നു. കാലാന്തരത്തില്‍ കാമുകന്‍ വീരപുരുഷനായി വാഴ്ത്തപ്പെടുകയും കക്കൂസിന് ദിവ്യപരിവേഷം ലഭിക്കുകയും ചെയ്തു.’

ഏതാനും മണിക്കൂറുകള്‍ കൊണ്ട് തീരാവുന്നതേ ഉണ്ടായിരുന്നുള്ളൂ തുരുത്തിലെ കാഴ്ചയത്രയും. ബോര്‍ഹസ് തന്റെ നോവലില്‍ എവിടെയെല്ലാം അവയെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടെന്ന് പൗരന് തീര്‍ച്ചയുണ്ടായിരുന്നു. കഥയും നേരും ഒന്നാകുന്ന ഈ മാന്ത്രികഭൂവിലേക്ക് ഒരിക്കല്‍ കൂടെ വരണമെന്ന് തീര്‍ച്ചയാക്കിയാണ് അവന്‍ മടങ്ങിയത്.

ഏനിക്കുട്ടിയാശാന്‍ പിന്നീട് അപ്പണി ചെയ്തില്ല. നിറഞ്ഞുകുമിഞ്ഞ ശൗചാലയം വാടകക്കാശിന്റെ അധ്യായം തന്നെ അടച്ചു കളഞ്ഞു. വയസ്സാം കാലത്തെ കാര്യമായുള്ള വരുമാനമായിരുന്നു. മറ്റൊരു വഴിയെക്കുറിച്ച് ആലോചിക്കാനുള്ള ആരോഗ്യം ഇനിയൊട്ടുമില്ലതാനും. ചാരുലത മൂലക്കുരു ക്ലിനിക്കിന്റെ വരാന്തയിലിരുന്ന് അയാള്‍ നെടുവീര്‍പ്പെട്ടു.

‘ആശാനേ…എന്താണൊരാലോചന…?’

തിടംവച്ചു വരുന്ന വെയിലാണോ സംസാരിച്ചതെന്ന് ആശാന് പെട്ടെന്നൊരു തോന്നലുണ്ടായി. വെയിലിലേക്കു കണ്ണുതുറുപ്പിച്ച്  വാക്കുകളെ കാണാനായി ശ്രമിച്ചു. സന്ദേഹത്തിനിടയിലെപ്പോഴോ അധോമാരുതന്‍ ശബ്ദരഹിതമായി പാതാളത്തിലേക്കുള്ള വഴിയന്വേഷിച്ചു. അതിന്റെ ഗന്ധം എവിടെയോ സ്പര്‍ശിച്ചപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന ചെറുപ്പക്കാരനെ തിരിച്ചറിഞ്ഞു. കഴിഞ്ഞ തവണ കണ്ടപ്പോള്‍ ധരിച്ചിരുന്ന അതേ വേഷം തന്നെയാണ് അണിഞ്ഞിരിക്കുന്നത്. അതേ നില്‍പ്. അതേ ഭാവം…

പുസ്തകം തിരികെത്തരാന്‍ വന്നതായിരിക്കുമെന്നാണ് ആശാന്‍ കരുതിയത്.

‘രണ്ടു ദിവസം മുമ്പ് ബോര്‍ഹസിന്റെ തുരുത്തുവരെ പോയി…’ പൗരന്‍ തോളിലെ സഞ്ചിയില്‍ നിന്ന് പുസ്തകമെടുത്തു നീട്ടുന്നതിനിടെ പറഞ്ഞു.

‘കഥയില് പറയണതൊക്കെ നേരാണെന്നേ…’

ഏനിക്കുട്ടിയാശാനില്‍ കാര്യമായ അനക്കമൊന്നും ഉണ്ടായില്ല. കറുത്ത കണ്ണട ധരിച്ച് പുസ്തകങ്ങള്‍ ചികയുന്ന ഒരു പരുത്ത രൂപം മനസ്സിലൊന്നു മിന്നിയെങ്കിലും അയാള്‍ അതിനെക്കുറിച്ചൊന്നും പറഞ്ഞതുമില്ല.

‘കാഴ്ചയില്ലാതെ തുഴയുന്ന ഒരു വഞ്ചിക്കാരനെയും കണ്ടു…ബോര്‍ഹസ്…ബോര്‍ഹസ്…അയാള്‍ക്കെന്തു പറ്റിയെന്നു മാത്രം ആര്‍ക്കും അറിയില്ല…’

‘ശരിക്കും അങ്ങനെയൊരു സ്ഥലം ഭൂമിയിലില്ലെന്ന് വിശ്വസിക്കാനായിരുന്നു എനിക്കിഷ്ടം…’ ആശാന്‍ അല്‍പനേരത്തിനു ശേഷം പറഞ്ഞു.

പച്ചനിറത്തിലുള്ള പൈപ്പുചുരുട്ടി അതുവഴി പൂതമ്മാമ നടന്നുപോകുന്നതു കണ്ടു. നിറം കണ്ടിട്ട് അത് പുത്തനാണ്. ഇരുവശത്തും ഒറ്റപ്പല്ലു മാത്രം ബാക്കിയുള്ള വായ കൊണ്ട് ആശാനെയും ക്ലിനിക്കിനെയും നോക്കി പെശകുചിരി പാസാക്കി അയാള്‍ വയലിലേക്കുള്ള വഴിതിരിഞ്ഞു.

‘നമുക്കൊരുമിച്ച് ഒരിടം വരെ പോകാനുണ്ട്…’ പൗരന്റെ കണ്ണിലേക്കു ആശാന്‍ തുറിച്ചു നോക്കി. കുസൃതിത്തിളക്കമുള്ള കണ്ണുകളില്‍ മറ്റെന്തോ ഉണ്ടെന്ന് അയാള്‍ക്കു തോന്നി.

‘പഴയ കാമുകിയെ പതിറ്റാണ്ടുകള്‍ക്കു ശേഷം കാണുമ്പോ ആശാന്റെയൊരു ഇത്..ഇത്…ഇതെന്തായിരിക്കും…?’

‘നിനക്ക് എന്നെ വച്ച് വല്ല പടോം പിടിക്കാനുദ്ദേശണ്ടോ…? അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിക്ക്യാണ്…’

‘സിനിമേലിപ്പൊ കാരണവമ്മാരെ പ്രേമത്തിനാണ് മാര്‍ക്കറ്റ്…പിന്നെ ഇങ്ങനെയൊരാള് ഭൂമിയില്‍ ജീവിച്ചിരുന്നുവെന്ന് നാലാളറിയേണ്ടേ…?’

‘അതുശരി…കാശ് വല്ലതും തടയുവോടാ…’  ഏനിക്കുട്ടിയാശാന്റെ വായില്‍ നിന്ന് ആര്‍ത്തിയുടെ ഏതാനും തുള്ളികള്‍ തെറിച്ചു

‘സിനിമ ക്ലിക്കായാല്‍ പിന്നെ ആശാന് ലോറി നിറയെ പുസ്തകം വാങ്ങാനുള്ള കാശുകിട്ടും…’

‘ഉണ്ടായിര്ന്ന വാടകപ്പരിവാടിയും നിന്നു…’

‘സിനിമയായിക്കഴിഞ്ഞാ പിന്നെ ഒന്നും നോക്കണ്ടെന്നേ…എല്ലാം ശരിയാവും…’

‘അത്രേം ദൂരം യാത്രചെയ്യാനൊന്നും എന്നെക്കൊണ്ടിപ്പം പറ്റില്ല…’  ഒരു നുണ പറയുന്നതിന്റെ ലാഘവം നടിക്കുന്നതില്‍ ആശാന്‍ ദയനീയമായി പരാജയപ്പെട്ടു.

‘ആശാനേ…ഈ പ്രേമം എന്നൊക്കെ പറേണത്…ഓടേല് വീണ മാതിരിയാ…എത്ര കഴുകാന്‍ നോക്കിയാലും നാറ്റമങ്ങട് മാറില്ല…ദേ…ആ മുഖത്തേക്ക് നോക്കിയാത്തന്നെ ഓടേടെ നാറ്റം കിട്ടണണ്ട് ‘

ക്ലിനിക്കിന്റെ വരാന്തയിലേക്ക് തള്ളിനില്‍ക്കുന്ന മന്ദാരത്തിന്റെ ഇലയില്‍ നുള്ളി ഏനിക്കുട്ടിയാശാന്‍ ചിരിക്കാന്‍ ശ്രമിച്ചു. എത്ര ശ്രമിച്ചിട്ടും അത് ഞെണുങ്ങിയ പാത്രം പോലെ വികൃതമായതേയുള്ളൂ.

‘അവിടെ ആളുണ്ടെന്നുള്ളതിന് എന്താണൊരുറപ്പ്…ഏറെക്കാലായില്ലേ…?’

‘ആശാനേ…നമ്‌ക്കൊന്ന് പോയിനോക്കാം…’

വളരെക്കാലത്തിനു ശേഷമാണ് ഏനിക്കുട്ടിയാശാന്‍ ദൂരയാത്രക്കൊരുങ്ങുന്നത്. പുലര്‍ച്ചെ തന്നെ കുളിയും മറ്റു കര്‍മങ്ങളും തീര്‍ത്തു. ക്ഷൗരം ചെയ്തു. ചുണ്ടിലേക്കു തള്ളി നില്‍ക്കുന്ന മീശരോമങ്ങള്‍ കത്രിച്ചു. ഉള്ളതില്‍ വച്ച് ഏറ്റവും പുതിയതെന്ന് തോന്നിക്കുന്ന മുണ്ടും ഷര്‍ട്ടും ധരിച്ചു.

രാത്രി ആശാന്‍ ശരിക്കും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല.

പുറം കാഴ്ചകള്‍ എളുപ്പം കാണാന്‍ പറ്റുന്ന വിധത്തില്‍ ജനലിനോട് ചേര്‍ന്ന ഇരിപ്പിടത്തിലാണ് ആശാനിരുന്നത്. അരികിലായി പൗരനും ഇരുന്നു. അധികം യാത്രക്കാരില്ല. അന്നേ ദിവസത്തെ ആദ്യ യാത്രയായതിനാല്‍ ബസ്സ് പതുക്കെ മാത്രം സഞ്ചരിച്ചു. നിരത്തുവക്കിലെ സ്റ്റോപ്പുകളിലെല്ലാം നിര്‍ത്തി അത് ആളെ കയറ്റിക്കൊണ്ടിരുന്നു.

ഏറെനേരം ഇളകി യാത്ര ചെയ്തതിനാല്‍ ഏനിക്കുട്ടിയാശാന് സന്ധികളിലെല്ലാം വലിവും വേദനയുമുണ്ടായി. ശരീരത്തിന്റെ അസ്വസ്ഥതയത്രയും പുറമേ കാണിക്കാതിരിക്കാന്‍ അയാള്‍ പരമാവധി ശ്രദ്ധിച്ചു. കൗമാരത്തുടിപ്പുകള്‍ പോലെ ആശാന്‍ ഇടക്കിടെ തളിര്‍ക്കുകയും പൂക്കുകയും ചെയ്യുന്നുണ്ടെന്ന് പൗരനെപ്പോഴോ തോന്നി.

മഴ പൊഴിഞ്ഞ് മണ്ണിന്റെ മണമുയരുന്ന നിരത്തിന്റെ ഓരത്തിലാണ് ബസ്സ് വന്നുനിന്നത്.

പഴയ മട്ടില്‍ നിര്‍മിച്ച ഏതാനും കടകള്‍, എണ്ണത്തില്‍ ചുരുങ്ങിയ മനുഷ്യര്‍, തലയാട്ടി നില്‍ക്കുന്ന കുറച്ചു പശുക്കള്‍, വേനല്‍മഴയുടെ കുളിരു മുഴുവന്‍ ഇലകളില്‍ സൂക്ഷിക്കുന്ന മരങ്ങള്‍, മാദകമായ അന്തരീക്ഷം…

‘ആരേലും കേട്ടാല് എന്തു പറയുവെടോ…കുഴീലേക്ക് കാലടുക്കണ കാലത്ത് പഴേ തങ്കക്കുടത്തിനേം തേടിവരുകായെന്നൊക്കെ പറഞ്ഞാല്…’

ഉള്ളിലെ കാലവര്‍ഷക്കാറ്റ് ഏനിക്കുട്ടിയാശാനെ സന്ദേഹിയാക്കി

‘ആശാന്‍ വെറുതെ പിന്തിരിപ്പനാകാതെ…’

പളുങ്കുകുപ്പിയിലെ മഞ്ചാടിക്കുരു പോലെ അയാളുടെ ഹൃദയം തുടിക്കുന്നത് പൗരന് വ്യക്തമായി കേള്‍ക്കാമായിരുന്നു. ‘ആശാനിപ്പോഴും ഉള്ളിന്റെ ഉള്ളില്‍ എന്തൊക്കെയോ സൂക്ഷിക്കുന്നുണ്ട്…അതാണീ സങ്കോചോം തപ്പിപ്പിഴേമൊക്കെ…’

‘പ്രേമം ന്ന് പറേണത്…’

‘–അപ്പിക്കൂമ്പാരത്തീ ചവിട്ടണ മാതിരിയാണ്…എന്നല്ലേ…’

‘അങ്ങനെയല്ല…ചോര നെലച്ചാലും അതങ്ങട് തീരൂലാന്ന് കൂട്ടിക്കോ…’

ആസ്‌ബെസ്റ്റോസ് ഷീറ്റുകളും പലകക്കഷണങ്ങളും കൊണ്ടു പണിത ഒരു ഹോട്ടലിലേക്കാണ് അവരാദ്യം കയറിയത്. ഒരു ലഹരിക്കട പോലെ ആലസ്യം ബാധിച്ച മുഖമായിരുന്നു അതിന്. ഉള്ളില്‍ മരം കൊണ്ടു നിര്‍മിച്ച മേശയും ഇരിപ്പിടങ്ങളും അതിഥികളെ കാത്തുകിടന്നു. പഴമയുടെ ഗന്ധം ഇരിപ്പിടങ്ങള്‍ക്കിടയില്‍ ചുറ്റിയടിച്ചു. ക്ഷീണിച്ച മുഖമുള്ള ഒരാള്‍ അവര്‍ ഇരുന്നയിടത്തേക്ക് വന്നു.

‘ഊണെല്ലാം തീര്‍ന്നു’  വെയിറ്റര്‍ മുന്‍കൂറായി പറഞ്ഞു.

‘കഴിക്കാന്‍ പിന്നെയെന്തുണ്ട്…?’

‘പൊറോട്ട മാത്രമേയുള്ളൂ. കറിയായി പച്ചക്കറിക്കുറുമയും…’ തിരിച്ചൊരു ചോദ്യം ചോദിക്കാന്‍ കഴിയാത്ത വിധം കണിശമായിരുന്നു മറുപടി. വിശപ്പ് ഒരു വലിയ പ്രശ്‌നമായിരുന്നതിനാല്‍ കൂടുതല്‍ ആലോചിക്കാനുണ്ടായിരുന്നില്ല.

‘ഈ വര്‍ണസുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ…’

പണം വാങ്ങാനിരിക്കുന്ന ആളുടെ പിറകില്‍ നിന്ന് പൊടിയും മാറാലയും പറ്റിയ റേഡിയോ പാടിക്കൊണ്ടിരുന്നു.

‘കൊറച്ച് പഴേതാണെങ്കിലെന്താ…മൂപ്പര് പാടണത് കേട്ടില്ലേ.. ‘

‘അല്ലെങ്കീത്തന്നെ നല്ല സംഗീതം കേക്കണങ്കീ ഇപ്പഴും റേഡ്യോയില് തന്നെ ചെവിവെക്കണം…’

പാട്ടിലെ വരികളില്‍ നനഞ്ഞ് ഏനിക്കുട്ടിയാശാന്‍ ഭക്ഷണം കഴിക്കുന്നതില്‍ നിന്ന് തെല്ലു പിറകോട്ടു പോയി. ചാറു പുരണ്ട വിരലുകളാല്‍ താളംപിടിച്ചു. പൗരന്‍ അര്‍ഥം വച്ചു മൂളിയപ്പോള്‍ അയാള്‍ വീണ്ടും പൊറോട്ട കുഴഞ്ഞുകിടക്കുന്ന പാത്രത്തിലേക്കിറങ്ങി.

‘നിങ്ങള് പറയണ വീടാണെങ്കീ…കഴിഞ്ഞ ദിവസം ആ വീട്ടിലൊരു മരണം നടന്നിട്ടുണ്ട്… ‘

നെറ്റിയിലാകെ ഭസ്മം തേച്ച കാഷ്യര്‍ പൗരന്റെ അന്വേഷണത്തിന് ദിശ കാണിക്കാന്‍ ശ്രമിച്ചു.

‘കൊതി തീരുംവരെ ഇവിടെ ജീവിച്ചു മരിച്ചവവരുണ്ടോ…? വസുന്ധരേ…വസുന്ധരേ…’

‘അങ്ങനെയൊരു പേരില്‍ ഇവിടെ മറ്റൊരു വീടില്ല… ‘  അയാള്‍ തീര്‍ത്തു പറഞ്ഞു.

ഹോട്ടലില്‍ നിന്നിറങ്ങി രണ്ടു പേരും നടന്നു. ഇരുവശത്തും കാറ്റാടിമരങ്ങള്‍ കുത്തനെ നില്‍ക്കുന്നുണ്ടായിരുന്നു. ശക്തി കുറഞ്ഞ കാറ്റില്‍ ഇടക്കിടെ തുള്ളികള്‍ താഴേക്കിറ്റി. മഴ നനഞ്ഞ വഴിയില്‍ കാലുകള്‍ മുദ്രയടിച്ചു.

‘മരണം നടന്നൊരു വീട്ടില്‍ എങ്ങന്യാണ്ടോ ഇമ്മാതിരി കെണ്പ്പുമായി കേറിച്ചെല്ലുക?… ‘

‘അതു വെറും സംശയമാണ്. ആ വീടുതന്നെ ആയിക്കൊള്ളണമെന്ന് ഒരുറപ്പുമില്ല… ‘

പൗരന്‍ മുന്നില്‍ നടന്നു.

മുന്‍വശത്ത് നീലനിറമുള്ള ടാര്‍പോളിന്‍ വലിച്ചു കെട്ടിയ വീട്ടിലേക്ക് പൗരന്റെ കൈയ്യില്‍ മുറുകെപ്പിടിച്ചു കയറിച്ചെല്ലുമ്പോള്‍ നെഞ്ചിനുള്ളിലെ തായമ്പക ആശാനു തന്നെ കേള്‍ക്കാമെന്നായി.

ചോരയോട്ടത്തിന്റെ വേഗമേറി.

മുറ്റത്ത് നിരത്തിയിട്ട വാടകക്കസേരകളില്‍ ഏതാനും പേര്‍ അടങ്ങിയ സ്വരത്തില്‍ സംസാരിക്കുന്നു. ഒതുക്കത്തോടെ തര്‍ക്കിക്കുകയും തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്യുന്നു. അപരിചിതരായ രണ്ടു പേരെ കണ്ടപ്പോള്‍ സ്വരങ്ങള്‍ വീണ്ടും മൃദുവായി. അകന്ന ചാര്‍ച്ചയില്‍ പെട്ടവരായിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. സംശയിച്ച് സംശയിച്ച് രണ്ടുപേരും പന്തലില്‍ നില്‍ക്കവേ അകമേ നിന്ന് ഷര്‍ട്ടു ധരിക്കാതെ കുടവയറുള്ള ഒരാള്‍ ഇറങ്ങിവന്നു.

പൗരന്‍ വീട്ടുപേരും ആളുടെ പേരുമെല്ലാം പറഞ്ഞു.

‘വീടന്വേഷിച്ച് ഇനിയെവിടെയും പോകേണ്ടതില്ല. ഇതു തന്നെയാണ്…പക്ഷേ…പക്ഷേ…ഇനിയൊരിക്കലും അവരെ കാണാന്‍ കഴിയില്ല… ‘

പൊക്കിള്‍ക്കുഴിക്കു ചുറ്റും ചൂണ്ടു വിരല്‍കൊണ്ട് വൃത്തം വരച്ച് അയാള്‍ വെണ്ണീരും മണ്ണും കൂടിക്കുഴഞ്ഞു കിടക്കുന്ന ഇടത്തേക്ക് കണ്ണയച്ചു. മിന്നലേറ്റ പോലെ ഒരു നിമിഷം ഏനിക്കുട്ടിയാശാന്‍ സ്തംഭിച്ചു. തുപ്പല്‍ വറ്റി നാവു വരണ്ടുപോയി. യാത്ര വെറുതെയായതിന്റെ നിരാശ പൗരനിലും പ്രകടമായിരുന്നു.

‘കല്യാണം കഴിയണ പ്രായം വരെ അമ്മ താമസിച്ചിരുന്നത് പഴമക്കോട്ടായിരുന്നു..’

‘അറിയാം…’

‘അപ്പോ വിവരമറിഞ്ഞെത്തിയതായിരിക്കും…പത്രത്തില്‍ കൊടുത്താല്‍ അങ്ങനെ ചില ഗുണങ്ങളൊക്കെയുണ്ട്…’

കുടവയറന്റെ വിസ്മയം നേര്‍ത്ത ഒച്ചകളെ ഒരിക്കല്‍ കൂടെ ഇല്ലാതെയാക്കി. പന്തലിനു കീഴെയുള്ള എല്ലാ മുഖങ്ങളും ഒരിക്കല്‍കൂടെ പൗരനെയും ഏനിക്കുട്ടിയാശാനെയും ഭ്രമണം ചെയ്തു.

‘പഴയൊരു പരിചയക്കാരന്‍…’ പൗരനാണതു പറഞ്ഞത്.

‘ഒരിക്കല്‍ കൂടെ കാണണമെന്നു പറഞ്ഞപ്പോഴാണ്…’

പാലു ചേര്‍ത്ത കടുപ്പം കുറഞ്ഞ ചായയെത്തിയപ്പോള്‍ സംഭാഷണത്തിന് ഇടര്‍ച്ച സംഭവിച്ചു.

‘ക്ഷമിക്കണം..പെലയ്ള്ള വീട്ടില്‍ നിന്നൊന്നും കഴിക്കാറില്ല…നോല്‍മ്പ്ണ്ട്…’  ആശാന്‍ ആദ്യമായി ഇടപെട്ടു. ഒരു നുണയുടെ ഗൗരവം ഇപ്പോള്‍ അയാളുടെ മുഖത്ത് കൃത്യമായി പ്രത്യക്ഷപ്പെട്ടു.

‘വരൂ…അകത്തേക്കിരിക്കാം…അച്ഛനവിടെയാണ്…പുറത്തേക്കിറങ്ങാന്‍ വയ്യ…’ കുടവയറുള്ള ആള്‍ ക്ഷണിച്ചപ്പോള്‍ ആശാനൊന്നാകെ വിറക്കുന്നതായി പൗരന് തോന്നി. അവന്‍ അയാളുടെ കൈകളില്‍ മുറുകെപ്പിടിച്ചു. തന്റെ തങ്കക്കുടം മോഷ്ടിച്ചുകൊണ്ടു പോയ കള്ളനെ പതിറ്റാണ്ടുകള്‍ക്കു ശേഷം ആശാനെങ്ങനെ അഭിമുഖീകരിക്കുമെന്നറിയാന്‍ അവനൊരു  ഔല്‍സുക്യമുണ്ടായിരുന്നു. എന്നാല്‍ തന്റെ ശത്രുവിനെ കാണാനുള്ള വിശാലതയൊന്നും ആശാന്‍ കാണിച്ചില്ല.

തിരികെയുള്ള യാത്രയില്‍ ശരിക്കും ജരാനരകള്‍ ബാധിച്ച ഒരു ശരീരം മാത്രമായി ഏനിക്കുട്ടിയാശാന്‍. ഒരു വാക്കുപോലും സംസാരിച്ചില്ല. കണ്‍പോളകള്‍ വേഗത്തില്‍ അടയുകയും തുറക്കുകയും ചെയ്തു. നാവു ചുഴറ്റി ഇടക്കിടെ ചുണ്ടുകളെ നനച്ചു. നടക്കുന്നതിനിടയില്‍ പലവട്ടം കാലുതെറ്റി. വഴിവക്കില്‍ ഇടയ്‌ക്കെല്ലാം ഇരിക്കേണ്ടി വന്നു.

അന്നത്തെ ഉറക്കത്തില്‍ ഏനിക്കുട്ടിയാശാന്‍ വിചിത്രമായൊരു സ്വപ്‌നം കണ്ടു. നിശ്ചലമായി കിടക്കുന്ന നദി. നദിയുടെ നിശ്ചലതക്കു മീതെ കൂറ്റന്‍ ഘടികാരം. അതങ്ങനെ ആകാശം നോക്കി കിടക്കുന്നു. ഘടികാരത്തിന്റെ സൂചികള്‍ ഒരാണിന്റെയും സ്ത്രീയുടെയും ശരീരങ്ങളായിരുന്നു.  മിടിക്കുന്ന സൂചികള്‍ എളുപ്പം തിരിച്ചറിയാന്‍ കഴിയുന്നുണ്ട്.

ചാരുവും താനും സൂചികളായി സമയത്തെ രേഖപ്പെടുത്തിക്കൊണ്ടിരിക്കെ പൊടുന്നനെ ഉറക്കെയുള്ള ശബ്ദം കേട്ട് ഏനിക്കുട്ടിയാശാന്‍ ഉറക്കം ഞെട്ടി. കണ്ണുമിഴിച്ചു നോക്കിയപ്പോള്‍ പെട്ടെന്ന് ഒരെത്തും പിടിയും കിട്ടിയില്ല. താനിപ്പോള്‍ എവിടെയാണ്? പുഴയില്ല. ഓളങ്ങളുടെ ഒച്ചയില്ല. സൂചികളുടെ കിടുകിടെ ചലനങ്ങളില്ല. നിറം മങ്ങിയ ചുവരുകള്‍…ഞരങ്ങുന്ന കട്ടില്‍…ജനലിന്റെ ചേര്‍പ്പുരേഖയിലെ വിടവുകള്‍ക്കിടയിലൂടെ അരിച്ചിറങ്ങിയ വെളിച്ചമാണ് ആശാന് സമയത്തെക്കുറിച്ച് പറഞ്ഞുകൊടുത്തത്.

കണ്ണുകള്‍ തിരുമ്മിത്തിരുമ്മി പിന്നെയും കിടക്കയില്‍ കിടന്നുരുണ്ടു. അപ്പോഴേക്കും വാതിലിലെ താളം മുറുകി. അതോടെ എഴുന്നേല്‍ക്കാന്‍ തരമില്ലെന്നായി.

സിനിമാപ്പയ്യനെ കണ്ട് ഏനിക്കുട്ടിയാശാന് അപ്പോള്‍ ദ്വേഷ്യമാണ് തോന്നിയത്. സിനിമ നിര്‍മിക്കാനെന്നും പറഞ്ഞ് തന്നെയിങ്ങനെ നിരന്തരം പിന്തുടരുന്നതിന്റെ ആവശ്യമെന്താണ്? ആവശ്യത്തില്‍ കൂടുതല്‍ അടുപ്പം കാണിച്ചതാണ് കുഴപ്പമായത്.

‘കഥേടെ കോപ്പിറൈറ്റ് ഞാന്‍ മറ്റാര്‍ക്കും കൊടുത്തേക്കില്ല…’ സാധാരണയില്‍ കവിഞ്ഞ ശബ്ദമായിരുന്നു ആശാന്റേത്. എന്നിട്ടും പൗരന്‍ ചിരിച്ചതേയുള്ളൂ. കല്യാണ സൗഗന്ധികത്തിന്റെ അരികില്‍ നിന്ന് കയറിവരുന്ന ചെറുപ്പക്കാരനെ ആശാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. ആകാശം തൊടാനെന്ന മാതിരി കുത്തനെ നിര്‍ത്തിയ മുടി. മീശയില്ല. കൂര്‍പ്പിച്ച് പ്രത്യേകമായി വളര്‍ത്തിയ താടി. സണ്‍ഗ്ലാസ്… മുമ്പെവിടെയും കണ്ടതായി ഓര്‍മ കിട്ടുന്നില്ല.

‘ഏനിക്കുട്ടിയാശാന്റെ മരഞ്ചുറ്റിക്കാലം സിനിമേലോട്ട് പകര്‍ത്താന്‍ വന്ന നടനാണ്…’

പ്രത്യേകിച്ച് ഭാവഭേദങ്ങളൊന്നുമില്ലാതെ ആശാന്‍ സിനിമാതാരത്തെ തുറിച്ചു നോക്കി. തന്റെ പഴയകാല പടങ്ങളുമായി ഒരു സാമ്യവുമില്ല. ഉറച്ച നില്‍പോ ഭാവമോ പോലും ഇല്ല.

‘പതിനാലു ദിവസം ഇയാള് ആശാന്റെ കൂടെ നില്‍ക്കും. മിണ്ടിപ്പറയാനൊരാളായല്ലോ എന്ന് വിചാരിച്ചാല്‍ മതി. ചെലവിനെക്കുറിച്ചൊന്നും പേടിക്കേണ്ട…’

മൂലക്കുരുവാശുപത്രിയുടെ തിണ്ണയിലിരിക്കുന്ന ഫ്രീക്കനെ അറുക്കീസച്ചന്‍ ചായയടിക്കുന്നതിനിടെ പലവട്ടം പാളിനോക്കി. പഴമക്കോട്ടെ ജനിതകവ്യവസ്ഥകളൊന്നും ചെറുക്കനിലില്ല. അരയില്‍ നിന്ന് ഏതുനിമിഷവും താഴോട്ട് വീണേക്കാവുന്ന ജീന്‍സും അയഞ്ഞ ബനിയനുമാണ് വേഷം. തലമുടിപോലും തെറിച്ച മട്ടിലാണ്.  ആകെപ്പാടെ ഒരു കുഴഞ്ഞ ലുക്ക്.

ഏതാനും സിനിമകളില്‍ മോശമല്ലാത്ത വേഷം ചെയ്തിട്ടുള്ളതിനാല്‍ ചായ മോന്തുന്ന ചെറുപ്പക്കാരിലാരോ ആളെ തിരിച്ചറിഞ്ഞു. എങ്കിലും ഒരു സിനിമാതാരത്തെ നേരില്‍ കാണുമ്പോഴുള്ള ആവേശമൊന്നും ആരിലുമുണ്ടായില്ല.

‘കേമറണ്ടെങ്കി ഇന്നത്തെ കാലത്ത് ആര്‍ക്കും എളുപ്പം സിനിമ പിടിക്കാം…അതിലത്ര കുളൂസൊന്നുമില്ല..’  താരം കേള്‍ക്കാന്‍ വേണ്ടിയെന്നോണം ഉറക്കെയാണ് ചായകുടിക്കുന്നവരിലാരോ പറഞ്ഞത്.

‘അതേയതേ…മൊബൈലു കൊണ്ട് സിനിമയിണ്ടാക്കണ കാലമാ…’

അതേത്തുടര്‍ന്ന് പരിഹാസം ചുവയ്ക്കുന്ന ഏതാനും ചിരികള്‍ മുഴങ്ങി.

കുത്തുവാക്കു കൊണ്ടിട്ടും താരം പക്ഷെ, കുലുങ്ങിയില്ല. കൈയ്യിലെ സണ്‍ഗഌസിന്റെ കാലില്‍ പിടിച്ച് കറക്കികൊണ്ടിരുന്നു. കറക്കിക്കൊണ്ടിരിക്കെ എഴുന്നേറ്റു പുറത്തേക്കിറങ്ങി. പിന്നെ നീട്ടിയൊരു തുപ്പല്‍ പാസാക്കി.

ആദ്യ ദിവസം ആശാനൊപ്പം അങ്ങാടിയിലും മുതുവറക്കുന്നിന്റെ താഴ്‌വാരത്തുമെല്ലാം താരം ചുറ്റിക്കറങ്ങി. രണ്ടാമത്തെ ദിവസം വൈകുന്നേരം മുതല്‍ ചില പ്രശ്‌നങ്ങള്‍ തല പൊക്കിത്തുടങ്ങി. മുഷിഞ്ഞ തുണിക്കെട്ടു പോലെ ഒരിടത്തു കൂട്ടിയിടപ്പെട്ടിരിക്കുകയാണ് സമയം. അനങ്ങുന്നേയില്ല. 4ജി സംവിധാനം എത്തിപ്പെടാത്തതിനാല്‍ പുറംലോകം കാണാന്‍ കഴിയുന്നുമില്ല. ആശാനാണെങ്കില്‍ ഒന്നോ രണ്ടോ വാക്കു പറയുമ്പോഴേക്കും കിതക്കുകയാണ്. സംസാരിക്കാന്‍ തീരെ പ്രയാസമുള്ളതുപോലെ. ഉറങ്ങുമ്പോള്‍ ഭയം ജനിപ്പിക്കും മട്ടിലാണ് കൂര്‍ക്കംവലി. ഒരു സിനിമാ താരത്തിനു വേണ്ട പരിഗണനയൊന്നും നാട്ടുകാര്‍ തരുന്നുമില്ല. കഥാപാത്രത്തെ സ്വാംശീകരിക്കാന്‍ ഇങ്ങനെയൊക്കെ ത്യാഗങ്ങളെന്തിനാണ്? ഇത്രയും റിസ്‌ക്കെടുത്താല്‍ തന്നെ പടം ബ്രേക്കാവുമെന്ന് എന്താണൊരുറപ്പ്…

കൃത്യം മൂന്നാം ദിവസം ആശാനോട് യാത്രപോലും പറയാതെ താരം പഴമക്കോട്ടു കവലയില്‍ കയറിനിന്നു. നെറ്റിയില്‍ ‘മതേതരത്വം’ എന്നൊട്ടിച്ച ഓട്ടോറിക്ഷ അയാളെയും കൊണ്ടുപോകുന്നത് അറുക്കീസച്ചന്‍ ചായയടിക്കുന്നതിനിടയിലൂടെ കണ്ടു നിന്നു.

ഏനിക്കുട്ടിയാശാന്‍ സിനിമാ തീയ്യറ്ററില്‍ വന്‍ ഹിറ്റായി.

ചെറുപ്പക്കാര്‍ വീണ്ടും വീണ്ടും തീയ്യറ്ററുകളിലേക്ക് ഇരച്ചു കയറി.

അനശ്വരമായ പ്രണയകാവ്യമായി ചലച്ചിത്രം വാഴ്ത്തപ്പെട്ടു. പ്രേമത്തിന്റെ നിത്യസ്മാരകമായി പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ചാരുലതാ ക്ലിനിക്കിനെ വിശേഷിപ്പിച്ചു. മറ്റൊരു താജ്മഹല്‍ എന്ന് ആവേശം കൊള്ളാനും ആളുണ്ടായി.

പഴമക്കോട്ടങ്ങാടി പിന്നെ പഴയ പോലെയായില്ല. തിരക്കിനാല്‍ ഞരമ്പു മുറുകുന്നൊരു നഗരത്തെ അതോര്‍മിപ്പിച്ചു. കാറുകളും ബൈക്കുകളും നിറഞ്ഞ് വീതികുറഞ്ഞ നിരത്തുകള്‍ സ്തംഭിച്ചു.

ചാരുലതാ ക്ലിനിക്കിനു മുന്നില്‍ നിന്ന് പടം പിടിച്ച് കാമുകര്‍ നിര്‍വൃതിയടഞ്ഞു.

പടമിറക്കാന്‍ വേണ്ടി വന്ന കഷ്ടപ്പാടുകളെക്കുറിച്ചും ത്യാഗങ്ങളെക്കുറിച്ചും വാചാലനായി പൗരന്‍ അഭിമുഖങ്ങളില്‍ നിറഞ്ഞുനിന്നു. നിര്‍മാതാക്കള്‍ ഓരോന്നായി കൈയ്യൊഴിഞ്ഞതും അപ്രസക്ത വേഷങ്ങളില്‍  അഭിനയിക്കുന്നവര്‍ പോലും നായകനാകാന്‍ വിസമ്മതിച്ചതും ഒടുവില്‍ എല്ലാ വേഷവും ഒന്നിച്ച് ഏറ്റെടുക്കേണ്ടി വന്നതും അവന്‍ അക്കമിട്ടു നിരത്തി. ബാങ്കില്‍ സൂക്ഷിച്ച ആധാരം തിരിച്ചെടുക്കലാണ് തന്റെ ആദ്യ ദൗത്യമെന്നുകൂടി പൗരന്‍ പ്രഖ്യാപിക്കുകയുണ്ടായി.

ഏനിക്കുട്ടിയാശാന്റെ പൂമുഖ വാതില്‍ പിന്നെ അടയുകയുണ്ടായില്ല. പരിത്യക്ത കാമുകരുടെ പ്രവാഹത്തില്‍ ആശാന് പലപ്പോഴും മൂത്രമൊഴിക്കാന്‍ പോലും സാവകാശമുണ്ടായില്ല. മൂത്രസഞ്ചി തിങ്ങിവീര്‍ക്കുമ്പോഴും  പ്രണയത്തെക്കുറിച്ചും ഓര്‍മകളെക്കുറിച്ചും വാചാലനായി അദ്ദേഹം വിസര്‍ജന പ്രക്രിയയെ തോല്‍പിച്ചു കളഞ്ഞു.

നാടു മുഴുവനുമുള്ള ഉദ്ഘാടനങ്ങള്‍ക്കെല്ലാം പിന്നീട് ഏനിക്കുട്ടിയാശാന്‍ മാത്രമായി. കലോല്‍സവങ്ങള്‍, വാര്‍ഷികാഘോഷങ്ങള്‍, സാംസ്‌കാരിക സമ്മേളനങ്ങള്‍…ആശാനെ കൂട്ടിക്കൊണ്ടു പോകാന്‍ കാറുകള്‍ പഴമക്കോട്ടെ വീതികുറഞ്ഞ നിരത്തിലൂടെ ചിറകുകള്‍ വിടര്‍ത്തി വന്നു. നിരന്തരം ബ്ലോക്കുകളും ബഹളങ്ങളുമായപ്പോള്‍ പഞ്ചായത്ത് റോഡ് വികസനത്തിന് അടിയന്തര ഫണ്ട് പാസാക്കി.

അത്ര കാലവും ശ്രദ്ധിക്കപ്പെടാതിരുന്ന ‘പട്ടിനക്കിയ നാളുകള്‍’ മുന്‍നിര പ്രസാധകര്‍ വീണ്ടും പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഒരു മാസത്തിനുള്ളില്‍ അതിന്റെ ആറു പതിപ്പുകള്‍ പുറത്തിറങ്ങുകയും വിറ്റുപോവുകയും ചെയ്തു. നിരൂപകര്‍ നോവലിനെക്കുറിച്ച് നിരന്തരം പ്രബന്ധങ്ങളെഴുതി. ഇത്തരം പ്രബന്ധങ്ങളെ കോര്‍ത്തിണക്കി മറ്റൊരു പുസ്തകം തന്നെ പുറത്തിറങ്ങി.

ബോര്‍ഹസിന്റെ തിരോധാനത്തെക്കുറിച്ചന്വേഷിക്കാന്‍ അന്വേഷണ കമ്മീഷന്‍ നിയോഗിക്കപ്പെട്ടു.     .

ഒരു ദിവസം, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യവേ, ഏനിക്കുട്ടിയാശാന്‍ അപ്രിയകരമായ ഒരു സത്യം വിളിച്ചു പറഞ്ഞു.

‘ഇത്രേം തോതില് കാശുണ്ടാക്കിയിട്ടും സിനിമാക്കാരില്‍ നിന്ന് ഒരു തേങ്ങേം മ്മക്ക് കിട്ടീല്ല…’

അപ്പോള്‍ സദസ്സാകെ ഇളകി മറിഞ്ഞു. ധാര്‍മികരോഷം ആള്‍ക്കൂട്ടത്തിന്റെ ഇടത്തൂടെയും വലത്തൂടെയും അണപൊട്ടിയൊഴുകി. ‘അല്ലേലും വിശ്വസിക്കാന്‍ കൊള്ളുന്ന ഒരു വര്‍ഗമല്ല അവന്‍മാര്… ‘ സിനിമാരംഗത്തെ ചതിയുടെയും ഉളുപ്പില്ലായ്മയുടെയും കഥകള്‍ അടിക്കടി പെറ്റുപെരുകി നാവുകള്‍ മലീമസമായി.

‘ഇങ്ങനെയോരോ പരിവാടിക്ക് പോവുമ്പ കിട്ടണ കാശോണ്ടാണ് ഞാനിപ്പം കഞ്ഞികുടിക്കണത്…’

മുന്‍നിരയിലുണ്ടായിരുന്ന പത്രലേഖകര്‍ ഏനിക്കുട്ടിയാശാന്റെ വാക്കുകള്‍ ചൂടോടെ ഒപ്പിയെടുത്തു. ഒരു മുഴുത്ത മല്‍സ്യം വലയില്‍ വീണെന്ന പോലെ അവര്‍ നൃത്തംചവിട്ടി. പ്രാദേശിക ചാനലുകള്‍ തല്‍സമയം ഇതിഹാസ പുരുഷനെ സംപ്രേക്ഷപണം ചെയ്തു റേറ്റിംഗ് വര്‍ധിപ്പിച്ചു.

മേല്‍ഭാഗം ശൂന്യമായ ഒരു ഓട്ടോറിക്ഷ ആശാന്റെ പരിദേവനങ്ങള്‍ക്കിടയിലൂടെ കുതിച്ചു വരുന്നത് ആരും കണ്ടില്ല. ഓട്ടോയില്‍ നിന്ന് കഷണ്ടിത്തലയുള്ള മുക്കാലും നഗ്നമായ ഒരു മനുഷ്യന്‍ ഇറങ്ങുന്നത് അറുക്കീസച്ചന്‍ മാത്രമേ ശ്രദ്ധിച്ചുള്ളൂ. ക്രിസ്തുവിനെപ്പോലെ ശാന്തമായ മുഖമുള്ള വൃദ്ധനെ വിളിച്ച് ചായ കൊടുത്താലോ എന്നു പോലും അയാള്‍ ആലോചിക്കുകയുണ്ടായി.

വൃദ്ധനെ അറുക്കീസച്ചന് തന്റെ കടയിലേക്ക് ക്ഷണിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ഊന്നുവടിയില്‍ ശരീരത്തിന്റെ ഭാരമത്രയും അര്‍പ്പിച്ച് അയാള്‍ കടയിലേക്ക് നടന്നു.

ആട്ടിന്‍പാലു കൊണ്ടുള്ള ചായയാണ് വൃദ്ധന്‍ ആവശ്യപ്പെട്ടത്. പരുവമ്മാപ്പിളക്ക് കൊടുക്കാനായി എല്ലാ ദിവസവും തന്റെ കടയില്‍ നാണിത്തള്ള സൂക്ഷിക്കുന്ന ആട്ടിന്‍പാലിനെക്കുറിച്ച് ഓര്‍മ വന്നതിനാല്‍ അറുക്കീസച്ചന് വൃദ്ധനു വേണ്ടി വിഷമിക്കേണ്ടി വന്നില്ല.

‘സിനിമേക്കൂടെ ഓരോ വിക്രസു കാണിച്ചുകൊടുക്കും…പിന്നെ…അതു കണ്ടിട്ടല്ലേ ആളുകള് വളര്ാ…’

അറുക്കീസച്ചന്‍ തലകുലുക്കി വല്യപ്പൂപ്പനെ ശരിവച്ചു.

‘എന്റെ പേരക്കുട്ടിക്കിപ്പൊ നാട്ടിലെറങ്ങി നടക്കാന്‍ പറ്റ്ണല്യ…നാടുമുഴുവന്‍ അവള്‌ടെ പേരില് ആശൂത്രികളാ…മൂലക്കുരൂന്റേ…’

‘കല്യാണപ്രായമായിട്ട്ണ്ടാവും…’ അറുക്കീസച്ചന്‍ ശാന്തമായ മുഖത്തേക്കു നോക്കി.

‘പ്രായം തെറ്റിയെന്നു കൂട്ടിക്കോ…’

‘എന്താണ് അവള്‌ടെ പേര്…?’ അറുക്കീസച്ചന് ആകാംക്ഷ അടക്കാനായില്ല. ഉടുമുണ്ടില്‍ കൈതുടച്ച് അയാള്‍ ഘടികാരത്തിലേക്കും ഉണങ്ങിയ മുഖത്തേക്കും മാറിമാറി നോക്കി.

‘ഭാരതി…ഭാരതീന്ന്…’

പല്ലില്ലാത്ത വായ ആവുന്നത്ര വിടര്‍ത്തി വൃദ്ധന്‍ ശബ്ദമില്ലാതെ ചിരിച്ചു. അപ്പോള്‍ സമയമറിയിക്കുന്നതിനായി ആചാരം പോലെ പിന്തുടരുന്ന വെടിയൊച്ച എവിടെയോ മുഴങ്ങി.

വിയർപ്പുമാളികയിലെ ചുവന്ന അക്കങ്ങൾ എന്ന കഥാസമാഹാരം പ്രസിദ്ധീകരിച്ചു. ഗ്രഹണ നിർമാണ കലയിലെ മണ്ണിരകളും പശുക്കളും എന്ന കഥയ്ക്ക് നൻമ-സി.വി ശ്രീരാമൻ പുരസ്കാരം ലഭിച്ചു. ജല അതോറിറ്റിയിൽ ജീവനക്കാരൻ.