ആടിന്റെ ചൂര്

എബ്രഹാമിന്
മരിക്കണമായിരുന്നു.
അതിനുമുൻപായി
മദ്യപിക്കണമായിരുന്നു.

നട്ടുച്ചയ്ക്ക്
നടന്നുവരും വഴി
റെയിൽവേ ട്രാക്കിൽ
എബ്രഹാമിന്റെ
ചിതറിത്തെറിച്ച
മൃതദേഹം കണ്ടു.
അമ്മിയിലരച്ച
മസാല പോലെ
കരിങ്കല്ലുകളിൽ
തങ്ങിയ
അയാളുടെ
രക്തവും, മാംസവും.
ദേഹത്തെ
ആടിന്റെ ചൂരും.

രാത്രിയിൽ
 മച്ചിൽ
തൂങ്ങിക്കിടക്കുന്ന
എബ്രഹാമിന്റെ
വലിഞ്ഞുനീണ്ട
മൃതദേഹം കണ്ടു.
നിലത്തും,
ചുവരുകളിലും
അയാളിൽ നിന്നും
നിർഗമിച്ച
മൂത്രത്തിന്റെയും
മലത്തിന്റെയും
അടയാളങ്ങൾ.
ഒപ്പം ദേഹത്തെ
ആടിന്റെ ചൂരും.

മഞ്ഞുവീഴുന്ന
പുലരിയിൽ
വയൽക്കരയിൽ
ഞാനും, എബ്രഹാമും.
അയാൾക്ക്
മരിക്കണമായിരുന്നു.
അതിനുമുൻപായി
മദ്യപിക്കണമായിരുന്നു.
ചില്ലുഗ്ലാസിൽ
മദ്യം പകർന്നു.
അരുമയോടെ
വിഷം പകർന്നു.
ആടിന്റെ ചൂര് പരന്നു.
ആർത്തിയോടെയയാൾ
 കുടിച്ചു.
എന്തിനെന്നില്ലാതെ
ചിരിച്ചു.
 കരഞ്ഞു…

വയൽക്കരയിലെ
ചെളിമണ്ണിൽ
എബ്രഹാമിന്റെ
ചെരിഞ്ഞുകിടക്കുന്ന
മൃതദേഹം കണ്ടു.
പുൽത്തുമ്പുകളിലും,
പാടവരമ്പിലും
ഉരുകിയൊലിച്ച
അയാളുടെ
ഛർദ്ദിൽപ്പാടകൾ.
പിന്നെ, ദേഹത്തെയാ…

മദ്യപിക്കുന്നത്
എത്രയോ നല്ല
കാര്യമാണ്.
കുറഞ്ഞപക്ഷം
എബ്രഹാമിന്റെ
ദേഹത്തെ
ആട്ടിൻചൂര്
മറക്കാനെങ്കിലും.

തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട സ്വദേശി. സോഷ്യൽ മീഡിയയിൽ സജീവമായി കവിതയെഴുതുന്നു. ഇരിങ്ങാലക്കുടയിലെ കലാസാഹിത്യ സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നു.