നേരം പുലരുന്നതിനു മുന്‍പുതന്നെ അമ്മ വിളിച്ചെഴുന്നേല്‍പ്പിച്ചു. ഇന്ന് സ്കൂളില്ലാത്ത ദിവസമാണ്. വിളക്കുപാടത്ത് പോകണം. അവിടെ നെല്ലു വിളഞ്ഞ് പാകമായി കിടക്കുന്നു.
ഈ സമയത്താണ് കോഴികളുടെ ശല്യം അധികമുണ്ടാകുന്നത്.
എല്ലാ ദിവസവും കോഴികളെയും കിളികളെയും മറ്റും ഓടിക്കാന്‍ അവിടെ ആരെങ്കിലുമൊക്കെ വേണം. മിക്കദിവസവും പാടത്ത് പണിയെടുക്കുന്ന ആരെങ്കിലും കാണും. അല്ലാത്തപ്പോള്‍, ക്ലാസില്ലാത്ത ദിവസമാണെങ്കില്‍ ഞാനാണു പോകുക.
നല്ല തണുപ്പുണ്ടായിരുന്നു. എങ്കിലും എഴുന്നേറ്റു. അപ്പന് നേരത്തേതന്നെ എഴുന്നേറ്റു കാണണം.
പല്ലുതേക്കലും മുഖം കഴുകലും മറ്റും വേഗത്തില്‍ കഴിച്ചു. കൊച്ചുവഞ്ചി പുഴയില്‍ വെള്ളംനിറഞ്ഞ് മുങ്ങിക്കിടക്കുകയായിരുന്നു. വെള്ളമെല്ലാം പാളകൊണ്ടി തേകിക്കഴിഞ്ഞപ്പോള് അപ്പനെത്തി.ഞങ്ങള്‍ രണ്ടുപേരും വഞ്ചിയില്‍ കയറി. അപ്പനാണ് തുഴഞ്ഞത്. കൈകള്‍കൊണ്ട് ഞാനും മെല്ലെ തുഴഞ്ഞു.വെള്ളത്തിന് നേരിയ ചൂടുണ്ട്. എല്ലാവര്ക്കും നല്ല തണുപ്പ് തോന്നുമ്പോഴും വെള്ളത്തിനു മാത്രം ചൂട്. അത് വല്ലാത്ത അല്‍ഭുതം തന്നെ. വെള്ളത്തിനു മുകളില്‍ മേഘങ്ങള്‍പോലെ നീരാവി പരന്നുകിടക്കുന്നത് അരണ്ട വെളിച്ചത്തിലും കാണാമായിരുന്നു. അതിനെ വകഞ്ഞുമാറ്റിക്കൊണ്ട് വഞ്ചി മെല്ലെ നീങ്ങി.അക്കരേയ്ക്കാണ് അപ്പന് വഞ്ചി തുഴഞ്ഞത്. കടവില്‍തന്നെ ഒരു ചായക്കടയുണ്ട്. അവിടെ കത്തിച്ചുവെച്ച വിളക്കിന്റെ വെളിച്ചം വഞ്ചിയിലിരുന്നാല് കാണാം. പുഴയില്‍ മണ്ണുവാരാന്‍ പോകുന്നവരും മറ്റു പറമ്പുപണിക്കാരുമെല്ലാം രാവിലെതന്നെ അവിടെയെത്തും. നേരം പുലരുംമുന്‍പേ കടയില്‍ തിരക്കാരംഭിക്കും.വിളക്കുപാടത്തേക്ക് പുലര്‍ച്ചേ പോകുമ്പോഴേല്ലൊം അപ്പന് എന്നെയുംകൊണ്ട് ചായക്കടയിലേക്കാണ് ആദ്യം പോവുക. അവിടെ ചൂടുള്ള പുട്ടും കടലക്കറിയും ഉണ്ടാകും. അവിടത്തെ കടലക്കറിക്ക് നല്ല സ്വാദാണ്. എനിക്ക് വലിയ ഇഷ്ടവുമാണ്.വഞ്ചി അക്കരെയെത്തി. കടവില്‍ അപ്പന് വഞ്ചി അടുപ്പിച്ചു. ഞാന്‍ കയറുമായി ആദ്യം ഇറങ്ങി വഞ്ചി കെട്ടിയിട്ടു. കടയിലേക്ക് കയറിയപ്പോള്‍തന്നെ പുട്ടും കടലയും മേശപ്പുറത്തെത്തി. പിന്നാലെ ചായയും. ഞാന്‍ പുട്ടും കടലക്കറിയും കൂടി കുഴച്ച് തിന്നു. അപ്പന് ചായ മാത്രമേ കുടിക്കൂ. എനിക്ക് പുട്ടും കടലയും വാങ്ങിത്തരാന്വേണ്ടി മാത്രമാണ് കടയില്‍ വരുന്നത്.ഞാന്‍ ചായ കൂടി കുടിച്ചിട്ട് കൈകഴുകി. അപ്പന് പൈസ കൊടുക്കുമ്പേഴേക്കും ഞാന്‍ വഞ്ചിയുടെ കെട്ടഴിച്ച് അതില്‍ കയറിയിരുന്നു.ഇനിയും കുറച്ചുകൂടി തുഴയണം വിളക്കുപാടത്തെത്താന്. പുഴയ്ക്ക് ഒരു വളവുണ്ട്. ആ വളവു കഴിഞ്ഞാല്‍ ഉടന്‍ കാണുന്ന കടവിനപ്പുറമാണ് വിളക്കുപാടം.ഇപ്പോള്‍ അല്പംകൂടി വെളിച്ചം എല്ലായിടത്തും പരന്നുതുടങ്ങിയിട്ടുണ്ട്. എങ്കിലും തണുപ്പിനു കുറവൊന്നുമില്ല. പാടത്തിനടുത്തുള്ള കടവില്‍ വഞ്ചി എത്തുംവരെ നേര്‍ത്ത ചൂടുള്ള വെള്ളത്തില്‍ ഞാനും കൈകള്‍കൊണ്ട് തുഴഞ്ഞുകൊണ്ടിരുന്നു.അപ്പന് വഞ്ചി കരക്കടുപ്പിച്ചു. ഞാന്‍ കടവില്‍ ഇറങ്ങുംമുന്‍പ് അപ്പന് ഉടുമുണ്ടുപൊക്കി വലിയ കീശയില്‍നിന്നും കുറച്ച് ചില്ലറത്തുട്ടുകള്‍ എടുത്ത് എനിക്കുതന്നു. അതെനിക്കു മിഠായിയോ ഐസോ വാങ്ങാനുള്ളതാണ്. അതു വാങ്ങി പോക്കറ്റിലിട്ട് ഞാന്‍ കരക്കിറങ്ങി.
അപ്പന് വഞ്ചി തുഴഞ്ഞ് മടങ്ങിപ്പോയി. ഇനി ഉച്ചയ്ക്ക് ഉണ്ണാന്‍ നേരത്തേ വരൂ. അപ്പോള്‍ ഞാന്‍ വഞ്ചി തുഴഞ്ഞ് വീട്ടിലേക്ക് പോയി കഴിച്ചിട്ട് മടങ്ങി വരും. അതാണ് പതിവ്.
കരയ്ക്ക് കയറി ഉടനെ ഞാന്‍ ചുറ്റിലും നോക്കി. ഇല്ല, കോഴികളൊന്നും എത്തി തുടങ്ങിയിട്ടില്ല.
അടുത്തുള്ള വീടുകളിലെല്ലാമായി ഒരുപാടു കോഴികളുണ്ട്. കാലത്തേതന്നെ എല്ലാംകൂടി ഇങ്ങോട്ട് ഓടിവരുകയാണ് പതിവ്. എന്നിട്ട് പാടവരമ്പത്തേക്ക് ചാഞ്ഞുനില്ക്കുന്ന കതിരെല്ലാം കൊത്തിത്തിന്നും. തെക്കുവശത്തുള്ള വാസന്തിയുടെ വീട്ടിലാണ് ഏറ്റവും കൂടുതല്‍ കോഴികളുള്ളത്. കുറഞ്ഞത് ഇരുപത്തഞ്ചെണ്ണമെങ്കിലും കാണും. എല്ലാം ആര്ത്തിപിടിച്ചതുങ്ങളുമാണ്.
നേരം പുലരും മുന്‍പ് വാസന്തി എഴുന്നേല്ക്കും. എന്നിട്ട് കോഴികളെ അഴിച്ചുവിടും. എന്തോ മുന്‍കൂട്ടി പറഞ്ഞേല്പ്പിച്ചിരിക്കുന്നതുപോലെ കോഴികളെല്ലാംകൂടി ഇങ്ങോട്ട് ഓടിവരും. മറ്റുള്ള വീടുകളിലെ കോഴികളെക്കൊണ്ട് അത്രയും ശല്യമില്ല.ഇന്നേതായാലും വാസന്തിയും കോഴികളും ഉണരും മുന്‍പാണ് ഞാന്‍ എത്തിയിരിക്കുന്നത്.
പാടത്തിനു അടുത്തായിതന്നെ ഓലമേഞ്ഞ ചെറിയൊരു ചാര്‍ത്തുണ്ട്. പണിസാധനങ്ങളും മറ്റും വെക്കാനുള്ളത്. അതിനടുത്തേക്ക് നടന്നു. അവിടെയാണ് ഞാന്‍ കഥാപുസ്തകങ്ങളും മറ്റും വെക്കാറുള്ളത്. ഇവിടെ വരുമ്പോള്‍ വായിക്കാനായി കുറച്ചു കഥാപുസ്തകങ്ങള്‍ മുന്‍പേ തന്നെ കൊണ്ടുവന്നു വെച്ചിട്ടുണ്ട്. അതെടുത്തിട്ട് ഞാന്‍ പാടവരമ്പത്തുള്ള തെങ്ങിന്‍ചുവട്ടില്‍ വന്നിരുന്ന് വായന തുടങ്ങി.അല്പം കഴിഞ്ഞപ്പോള്‍ തെക്കേ വീട്ടില്‍ ആളനക്കം തുടങ്ങി. വാസന്തി കൂടു തുറന്ന് കോഴികളെ പുറത്ത് വിടുകയാണ്. കൂട്ടില്‍നിന്നും ചാടുന്ന കോഴികള്‍ മുന്‍പും പുറകുമായി ഇങ്ങോട്ട് ഓടി അടുക്കുന്നു. ഞാന്‍ ഒരു വടി കൈയിലെടുത്ത് അല്പം നീങ്ങിനിന്നു.
എന്നെ കണ്ടപ്പോള്‍ തിടുക്കത്തില്‍ ഓടിവന്ന ഓരോ കോഴികളും പെട്ടെന്ന് ഓട്ടംനിര്‍ത്തി, എന്നെ നോക്കിക്കൊണ്ട് മൂളിപ്പാട്ടുംപാടി ദൂരേക്ക് മാറി നിന്നു. എന്നെ കോഴികള്‍ക്ക് പേടിയാണ്. എന്റെ മുന്നില്‍ അവരുടെ പാക്കലും പതുങ്ങലുമൊന്നും നടക്കില്ലെന്ന് അതുങ്ങള്‍ക്ക് നന്നായറിയാം.
കോഴിക്കൂടിനടുത്ത് വാസന്തി ഇങ്ങോട്ടും നോക്കി നില്‍ക്കുന്നുണ്ട്. കോഴികളെ ഞാന്‍ കല്ലോ മറ്റോ എറിയുന്നുണ്ടോയെന്ന് നോക്കി നില്ക്കുകയാകും. എങ്കില്‍ കാണാം അവരുടെ തനി സ്വരൂപം. വളരെ ഉച്ചത്തിലേ അവര്‍ സംസാരിക്കൂ. ഒരു നാണവുമില്ലാതെ തെറിയും മറ്റും വിളിച്ചു പറയുകയും ചെയ്യും. ഞാനത് പലതവണ കേട്ടിട്ടുള്ളതുമാണ്.അവര്‍ എന്നെത്തന്നെ നോക്കി നില്‍ക്കുകയാണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ വടി താഴെയിട്ട് തെങ്ങിന് ചുവട്ടില്‍ വന്നിരുന്ന് വായന തുടര്‍ന്നു.
കോഴികള്‍ ദൂരെത്തന്നെ മാറി നില്‍ക്കുകയാണ്. അല്പം കഴിഞ്ഞ് ഞാന്‍ തല ഉയര്‍ത്തി നോക്കി, വാസന്തി എന്നെ നോക്കുന്നുണ്ടോ എന്നറിയാന്‍. അവര്‍ ഇപ്പോള്‍ വീടിന്റെ മുന്‍വശം നില്ക്കുന്ന പുളിമരത്തില്‍ നിന്നും വീണുകിടന്ന പഴുത്ത വാളന്‍പുളി പെറുക്കിയെടുക്കുകയാണ്. എന്റെ വായില്‍ വെള്ളമൂറി. അവിടത്തെ പുളിക്ക് നല്ല രുചിയാണ്. രണ്ടെണ്ണം പോയി ചോദിച്ചാലോ എന്നു ഞാനോര്‍ത്തു. വേണ്ട, അപ്പനറിഞ്ഞാല്‍ പിണങ്ങും. വാസന്തിയുടെ വീട്ടിലേക്ക് ഒരാവശ്യത്തിനും പോകരുതെന്നാണ് അപ്പന്റെ താക്കീത്.
അമ്മയും അതുതന്നെയാണ് പറഞ്ഞിട്ടുള്ളത്. എന്തുകൊണ്ടാണെന്ന് അറിയില്ല. ഒരുപക്ഷേ വാസന്തിക്ക് എന്തെങ്കിലും അസുഖം ഉണ്ടാകുമോയെന്ന് ഞാന്‍ സംശയിച്ചിരുന്നു. പക്ഷേ, അവരെ കണ്ടാല്‍ അങ്ങനെയൊന്നും തോന്നില്ല. വെളുത്തിട്ട് നല്ല വണ്ണവും തടിയുമൊക്കെയുണ്ട്. വാസന്തി കല്ല്യാണം കഴിച്ചിട്ടില്ലെന്ന് അറിയാം. അതിനുള്ള പ്രായമൊക്കെ കഴിഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു. ഞാന്‍ കാണുമ്പോള്‍ മുതല്‍ വാസന്തി ആ വീട്ടില്‍ ഒറ്റക്കാണ് താമസം. വാസന്തിയേക്കുറിച്ച് അമ്മ വീടിനടുത്തുള്ള ആരോടെങ്കിലുമൊക്കെ സംസാരിക്കുമ്പോള്‍ എന്നെ അടുത്തുനിന്നും ഓടിക്കാറുണ്ട്! എന്താണാവോ ഞാന്‍ അറിയാന്‍ പാടില്ലാത്ത ആ വിശേഷങ്ങള്‍? ഞാന്‍ പിന്നെ അതിനേക്കുറിച്ചൊന്നും ഓര്‍ത്ത് തല പുണ്ണാക്കാറുമില്ല.
പിന്നെയും കുറേനേരം കഥാപുസ്തകം വായിച്ച് ഞാനവിടെ ഇരുന്നു. പുഴയില്‍നിന്നും വീശുന്ന തണുത്ത കാറ്റേറ്റിട്ട് എനിക്ക് ഉറക്കം വരുന്നുണ്ടായിരുന്നു. എങ്കിലും കോഴികള്‍ കുറച്ചു ദൂരെമാറി ചിക്കിയും മാന്തിയുമൊക്കെ നടക്കുന്നുണ്ടായിരുന്നതിനാല്‍ വടി കൈയില്‍ പിടിച്ച് ഞാന്‍ അവിടെ ഇരുന്നു.
കുറേക്കൂടി കഴിഞ്ഞപ്പോള്‍ ഞാന്‍ എഴുന്നേറ്റ് മുഖമൊന്നു കഴുകിവരാമെന്നു കരുതി പുഴക്കടവിലേക്ക് നടന്നു. കോഴികളെയെല്ലാം കുറേ ദൂരേക്ക് ഓടിച്ചുവിട്ടു.
കടവില്‍ ആരോ നിന്നു കുളിക്കുന്നുണ്ട്. ആരാണെന്ന് ശ്രദ്ധിച്ചിരുന്നില്ല. അടുത്തെത്തിയപ്പോള്‍ ഞാന്‍ നാണിച്ചുപോയി.
കുളിച്ചുകൊണ്ടിരുന്നത് വാസന്തിയാണ്. ഞാനാദ്യം തിരിച്ച് നടക്കാനൊരുങ്ങി. പിന്നെയോര്ത്തു: ‘എന്തിനാണ്!’ ഞാന്‍ വരുന്നത് അവര്‍ കണ്ടിട്ടില്ലെന്നും എന്നെ കാണുമ്പോള്‍ പുഴയില്‍ വെള്ളത്തിലേക്കിറങ്ങി മുങ്ങി കിടക്കുമെന്നും ഞാന്‍ കരുതി.
എന്നാല്‍ എന്നെ കണ്ടിട്ടും അവര്‍ അതേപടി നിന്ന് ദേഹത്ത് സോപ്പ് തേച്ചുകൊണ്ടിരുന്നു. ഞാന്‍ വെള്ളത്തിലേക്കിറങ്ങി. വാസന്തി തേക്കുന്ന സോപ്പിന്റെ മണം എന്റെ മൂക്കിലേക്കു തുളച്ചെത്തുന്നുണ്ട്. വേഗം മുഖമൊന്നു കഴുകിയെന്നുവരുത്തി ഞാന്‍ തിരിച്ചു നടന്നു.
അപ്പോള്‍ പിന്നില്‍നിന്നും വാസന്തി ചോദിച്ചു: “എന്താ, കുളിക്കുന്നില്ലേ?”
“ഇല്ല”. തിരിഞ്ഞുനോക്കാതെ ഞാന്‍ പറഞ്ഞു.
ഞാന്‍ കുറച്ചുകൂടി നടന്നു കഴിഞ്ഞപ്പോള്‍ വാസന്തി ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു:
“എന്റെ കോഴികളെയൊന്നും എറിഞ്ഞ് കൊന്നേക്കരുത്ട്ടാടാ ചെറുക്കാ!”
‘കോഴികള്‍ നെല്ലു തിന്നാന്വന്ന എറിയും, ഏറുകൊണ്ടാ ചെലപ്പ ചാകും’. മറ്റൊരവസരത്തില്‍ ആയിരുന്നെങ്കില്‍ ഞാനങ്ങനെ പറഞ്ഞാനെ. എന്നാല്‍ അപ്പോള്‍ എത്രയും വേഗം അവിടെനിന്നു പോകാനാണ് തോന്നിയത്.
ശ്ശെ, എന്നെ കണ്ടിട്ടും ഒരു നാണവുമില്ലാതെ
തിരിച്ചെത്തുമ്പോള്‍ കോഴികള്‍ ഓരോന്നായി അടുത്തടുത്ത് വരാന്‍ തുടങ്ങിയിരുന്നു. എല്ലാത്തിനേയും ദൂരേക്കോടിച്ചു. അടുത്തുതന്നെ ഒരു കൈത്തോടുണ്ട്. അതിനപ്പുറം ചെറിയൊരു പുളിമരവും. അതിന്റെ കിളുന്ത് ഇലകള്‍ തിന്നാന്‍ നല്ല രസമായിരിക്കും. പുളിയില പറിക്കണമെങ്കില്‍ തോട് ചാടി കടക്കണം. ഓടിവന്ന് ഒരു ചാട്ടം ചാടാനുള്ളതേയുള്ളൂ. ഞാന്‍ കുറച്ചു ദൂരത്തുനിന്ന് ഓടിവന്ന് ഒരു ചാട്ടംചാടി. പലപ്പോഴും ഞാന്‍ തോട് ചാടി കടക്കാറുള്ളതാണ്. ഏതായാലും ആ ചാട്ടം പിഴച്ചു. തോട്ടില്‍ അശേഷം വെള്ളമുണ്ടായിരുന്നില്ല. നിറയെ ചെളിയാണ്. അതിലേക്കുതന്നെ വീണു. നല്ല കുറുക്കച്ചെള്ള. കമന്നാണ് വീണത്. എന്റെ മുഖം ഒരുഭാഗം ചെളിയില്‍ പൂണ്ടുപോയി. ഒരുവിധത്തില്‍ തപ്പിപിടഞ്ഞ് എഴുന്നേറ്റു. മുഖത്തും ദേഹത്തും നിറയെ ചെള്ളയാണ്. ഞാന്‍ നീട്ടി തുപ്പി. വായിലും ചെളിയുടെ ചുവയുണ്ട്.
കണ്ണുകള്‍ മെല്ലെ തുറന്നുനോക്കി. അപ്പോള്‍ കണ്ണുകളിലേക്കും ചെളിവെള്ളം ഊര്‍ന്നിറങ്ങി. എന്തൊരു നീറ്റം. കണ്ണുകള്‍ പൊട്ടിപ്പോകുന്നതുപോലെ!
ഞാന്‍ ഉറക്കെ കരയാന്‍ തുടങ്ങി. അപ്പോള്‍ വായിലുണ്ടായിരുന്ന ചെളിവെള്ളം കുറെ വയറ്റിലേക്കിറങ്ങിപ്പോയി.
എനിക്കാകെ ഭയമായി. കണ്ണുകള്‍ ഒന്നു തുറക്കാന്‍ പറ്റിയെങ്കില്‍ പുഴക്കടവിലേക്ക് നടന്ന് കഴുകി കളയാമായിരുന്നു.
ഞാന്‍ അല്പം കൂടി ഉച്ചത്തില്‍ കരഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ രണ്ടു കൈകള്‍ എന്നെ പൊക്കിയെടുത്ത് തോട്ടില്‍നിന്നും കരയില്‍ കയറ്റിനിര്‍ത്തി. പിന്നെ എന്റെ കൈയില്‍ പിടിച്ചുകൊണ്ട് മുന്നിലേക്ക് നടത്തി. എനിക്ക് കണ്ണുകള്‍ തുറന്നു നോക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അതിനു ശ്രമിച്ചപ്പോഴെല്ലാംതന്നെ കണ്ണിന്റെ നീറ്റം കൂടുകയാണ് ഉണ്ടായത്.
പുഴക്കടവിലേക്കാകും നടക്കുന്നതെന്ന് ഞാന്‍ ഊഹിച്ചു. പയ്യെ, എന്നെ പിടിച്ചു നടത്തിയ കൈകളുടെ ഉടമയും ഞാനും കടവു ചവിട്ടി പുഴയിലെ വെള്ളത്തിലേക്കിറങ്ങി. മുട്ടോളം വെള്ളത്തിലായപ്പോള്‍ ഞാന്‍ വേഗം മുന്നോട്ടു ചാടി വെള്ളത്തില്‍ മുങ്ങി കിടന്നു. കണ്ണുകള്‍ തുറന്ന് കിടന്നപ്പോള്‍ നീറ്റം പകുതിയോളം കുറഞ്ഞു. അങ്ങനെ കിടക്കുന്നതിനിടയില്‍ എന്റെ അരികില്‍, വെള്ളത്തില്‍, രണ്ടു വെളുത്ത കാലുകള്‍ ഞാന്‍ കണ്ടു. എന്നെ സഹായിച്ചതാരെന്ന് അറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ വെള്ളത്തില്‍നിന്നും മുഖമുയര്‍ത്തി നോക്കി.
തൊട്ടുമുന്പില് വാസന്തി. മുന്‍പു കണ്ട അതേ രൂപത്തില്‍…!
കണ്ണുകള്‍ ഇറുക്കിയടച്ച് ഞാന്‍ വീണ്ടും വെള്ളത്തില്‍ മുങ്ങിക്കിടന്നു.
അവിടെനിന്നും ഉയര്‍ന്ന് ഒറ്റ ഓട്ടംകൊടുത്താലോ എന്നു ഞാന്‍ ആലോചിച്ചു. ശ്വാസം മുട്ടാന്‍ തുടങ്ങിയിട്ടും ഞാന്‍ വെള്ളത്തിനടിയില്‍തന്നെ കിടന്നു.
അപ്പോള്‍ എന്റെ കൈകളില്പിടിച്ച് വാസന്തി എന്നെ മുകളിലേക്ക് പൊക്കി.
“ചെക്കന് ശ്വാസംമുട്ടണില്ലേ!”
വെള്ളത്തില്‍തന്നെ തിരിഞ്ഞുനിന്നുകൊണ്ട് ഞാന്‍ ദേഹത്തെ ചെളിയെല്ലാം കഴുകി കളഞ്ഞു. അപ്പോള്‍ എന്റെ തലയ്ക്കു പിന്നിലും മറ്റും ഇരുന്നിരുന്ന അഴുക്ക് കഴുകി കളയുന്നതിനിടയില്‍ വാസന്തി പറഞ്ഞു:
“ഒരു ചാട്ടക്കാരന്”
ഞാന്‍ ഒന്നും മിണ്ടാതെ തിരിഞ്ഞുതന്നെ നിന്നതേയുള്ളൂ. അല്പം കഴിഞ്ഞ് വാസന്തി വീണ്ടും പറഞ്ഞു: “മോനാ ഷര്‍ട്ടിങ്ങോട്ട് ഊരി താ. എന്തോരം അഴുക്കാണ്. ഞാന്‍ തിരുമ്മിത്തരാം”.
ആദ്യം മടിച്ചു നിന്നെങ്കിലും അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ ഷര്‍ട്ട് ഊരി കൊടുത്തു. വാസന്തി അത് കല്ലില്‍ തല്ലിയലക്കി കരയില്‍ പുല്ലിനു മുകളില്‍ വിരിച്ചിട്ടു.
എന്നിട്ട് ഒരു തുവര്ത്തുമുണ്ടെടുത്ത് എന്നെ നേരെ നീട്ടിയിട്ട് പറഞ്ഞു.
“അതുകൂടി ഇങ്ങോട്ട് ഊരിക്കോ”
മടിച്ചുമടിച്ചാണെങ്കിലും ഞാന്‍ തുവര്ത്തുടുത്തിട്ട് എന്റെ ട്രൗസര്‍ ഊരിക്കൊടുത്തു. അവര്‍ അത് തിരുമ്മുമ്പോഴേക്കും ഞാന്‍ സോപ്പെടുത്തു പുരട്ടി നന്നായൊന്ന് മുങ്ങിക്കയറി വേറൊരു അലക്കുകല്ലില് ഇരുന്നു. അലക്കിയ തുണി പുല്ലില്‍ വിരിച്ചിട്ടിട്ട് വാസന്തി അവരുടെ തോളില്‍ കിടന്ന തുവര്‍ത്തെടുത്ത് എന്റെ തല തുവര്‍ത്തി തന്നു. ഞാന്‍ ഒരു അനുസരണയുള്ള കുട്ടിയെപ്പോലെ അലക്കുകല്ലില് ഇരുന്നു. എന്റെ നാണമെല്ലാം അപ്പോള്‍ പോയിരുന്നു.
ഇടക്കെങ്കിലും ഞാന്‍ വാസന്തിയെ ശ്രദ്ധിച്ചപ്പോഴൊക്കെ അവരുടെ കണ്ണുകളിലേക്കു മാത്രമേ നോക്കാന്‍ എനിക്കു കഴിഞ്ഞുള്ളൂ. അപ്പോഴെല്ലാം എന്റെ അമ്മയുടെയും അവരുടെയും കണ്ണുകളുടെ സാദൃശ്യത്തേക്കുറിച്ച് എന്തുകൊണ്ടോ ഞാന്‍ ഓര്‍ക്കുകയും ചെയ്തു.