കിതച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പായുന്ന ആ വാഹനത്തിൽ ഇരിക്കാവുന്ന യാത്രക്കാരേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ചിലർ പുറംകാഴ്ച്ചകളിലും, മറ്റു ചിലർ സംസാരിച്ചും, ഉറക്കം തൂങ്ങിയും തങ്ങളുടെ ഇരിപ്പിടങ്ങളിൽ ആസനസ്ഥരായി. സ്ത്രീ യാത്രക്കാരാകട്ടെ തങ്ങളുടെ അടുത്തുള്ളവരുടെ വേഷഭൂഷാദികൾ നിരീക്ഷിക്കുന്ന തിരക്കിലായിരുന്നു. തന്റെ ജോലി എളുപ്പം തീർത്ത് കണ്ടക്ടർ സീറ്റിലിരുന്ന് സെൽഫോണിൽ കുത്തിക്കൊണ്ടിരുന്നു.
ഒരാൾമാത്രം ഇതൊന്നും ശ്രദ്ധിക്കാതെ, സഹയാത്രികന് ഒന്ന് സംസാരിക്കാൻ മുഖംപോലും കൊടുക്കാതെ ഇരുന്നിരുന്നു. അയാളുടെ ചിന്തകൾ ആ വാഹനത്തിന്റെ വേഗതയെ പരാജയപ്പെടുത്തി, മുന്നോട്ട് പ്രയാണം നട ത്തുകയായിരുന്നു.
വർഷങ്ങൾക്കുമുൻപ് ഒരു യാത്രയിൽ നഗരത്തിൽ യാത്രക്കാരെ ഇറക്കുവാൻ വാഹനം നിർത്തിയപ്പോഴാണ് അയാളുടെ ജീവിതത്തിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കിയ ആ സംഭവം ഉണ്ടായത്. റോഡരികിലെ ഒരു വൃക്ഷത്തണലിൽ, ഒരു കീറതുണിയിൽ കൈ കാലിട്ടടിച്ചു കരയുന്ന ഒരു പിഞ്ചുകുഞ്ഞ്, തൊട്ടടുത്ത എച്ചിൽ തൊട്ടിയിൽ ഉച്ചിയിൽ കത്തിക്കാളുന്ന ഉച്ചവെയിലിനെ വകവക്കാതെ ഒരു സ്ത്രീകോലം ഒരു പിടി അന്നത്തിനായി പരതിക്കൊണ്ടിരിക്കുന്നു. വളരെയധികം ഹൃദയവ്യഥയോടുകൂടിയാണ് അയാളത് നോക്കിക്കണ്ടത്. ഈ അനാഥർക്കായി തനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുമോയെന്നായിരുന്നു പിന്നീടയാളുടെ ചിന്തയും, ശ്രമവും. ആ ഉദ്യമത്തിൽ അയാൾ വിജയിക്കുകയും ചെയ്തു. ജനസേവകരേയും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും പലപ്പോഴായി ചെന്നുകണ്ട്, താണുവണങ്ങിയിട്ടാണ് കുറച്ച് തരിശുഭൂമി അന്നയാൾക്ക് അനുവദിച്ച് കിട്ടിയത്. പടിവാതിലുകൾ ഏറെ കയറിയിറങ്ങി സംഭാവനകൾ സ്വരൂപി ച്ചാണ്, എല്ലാ അശരണർക്കും അഭയം നൽകുന്ന ഒരു ആലയമവിടെ കെട്ടിയുയർത്തിയത്. എന്നാൽ ഭാവിയിൽ ഇങ്ങിനെയൊന്ന് സംഭവിക്കുമെന്ന് അന്നയാൾ നിനച്ചതുമില്ല.
അന്ന് അനുവദിച്ചുകിട്ടിയ ആ തരിശുഭൂമി ഇന്ന് കാണുന്ന വിവിധ കാർഷികവിളകളുടെ ഹരിതവിപിനമായതും, അവിടെ ഒരു മഹാസൗധം ഉയർന്നതും, അയാളുടേയും, അന്തേ വാസികളുടെയും നിരന്തരപരിശ്രമമായിരുന്നു. അന്തേവാസികൾക്ക് സർവ്വസ്വാതന്ത്ര്യവും,സൗകര്യങ്ങളും ഉള്ള ഒരിടം. തങ്ങളുടെ പ്രായംപോലും അവഗണിച്ച്, സ്വന്തം ശരീരിക ശേഷിക്കനുസരിച്ച് ഓരോരുത്തരും ഓരോ തൊഴിലുകൾ ചെയ്തു. അവരുടെ അദ്ധ്വാനത്തിൽ ആലയത്തിന് നല്ലൊരു സാമ്പത്തിക അടിത്തറ ഉണ്ടായി.
ആ സന്തോഷസമാധാന നാളുകളിലൊരുദിവസം ഒരു രജിസ്റ്റർ കത്ത് അയാളെ തേടി വന്നു. ആ കത്ത് ജില്ലാ കലക്ടരുടേതാണെന്നു കണ്ട് അയാൾ ആശ്ചര്യപ്പെട്ടു. ആലയത്തിന് എന്തെങ്കിലും സാമ്പത്തിക സഹായ വാഗ്ദാനം ആയിരിക്കും എന്നയാൾ സംശയിച്ചു. ആ കത്ത് ഒപ്പിട്ട് വാങ്ങി വായിച്ച അയാളുടെ കൈകൾക്ക് വിറയൽ അനുഭവപ്പെട്ടു. ആലയം സർക്കാർ ഏറ്റെടുക്കുന്നതിനായുള്ള ഒരു പ്രാഥമിക ചർച്ചക്ക് വിളിച്ചുകൊണ്ടുള്ള അറിയിപ്പായിരുന്നു ആ കത്തിലെ ഉള്ളടക്കം.
കത്ത് വായിച്ചുതീർന്ന അയാളുടെ മുഖത്ത് വിവിധ ഭാവങ്ങൾ പ്രകടമാകുകയും, മിഴികൾ നിറയുകയും ചെയ്തു. അത് ശ്രദ്ധിച്ച അന്തേവാസികൾ കാര്യം ആരായാൻ തുടങ്ങിയപ്പോൾ, മറ്റുവഴികളില്ലാതെ അയാൾ അവരെ കാര്യങ്ങൾ ഗ്രഹിപ്പിച്ചു. ഒരുനിമിഷം എല്ലാവരുടേയും മുഖം മ്ലാനമാകുകയും, അവിടം നിശബ്ദത നിറയുകയും ചെയ്തു. ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് അവരിലൊരാൾ ഇങ്ങിനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.
“ഞങ്ങൾക്ക് അങ്ങയുടെ സംരക്ഷണം മാത്രം മതി, ഞങ്ങളെ ആർക്കും വിട്ടുകൊടുക്കരുത് “
ആ വാക്കുകൾ അവരെല്ലാവരും കൂടി ഏറ്റു പറഞ്ഞപ്പോൾ, വികാരാധീനനായി, ആനന്ദാശ്രുക്കളോടെ അയാൾ പറഞ്ഞു.
“ഇല്ല കൂട്ടരേ… നിങ്ങളെ ഞാനാർക്കും വിട്ടു കൊടുക്കില്ല, എനിക്കതിനാകില്ല. “
ആ ദൃഢനിശ്ചയവുമായാണ് അയാൾ കളക്ടറുമായുള്ള കൂടിക്കാഴ്ച്ചക്ക് പോയത്. കളക്ടറെ കാണാനുള്ള തന്റെ ഊഴമായപ്പോൾ കടന്നുച്ചെന്ന് കൈകൂപ്പി അഭിവാദ്യം ചെയ്തു. സുമുഖനായ കളക്ടർ പ്രത്യഭിവാദ്യം ചെയ്ത്, ഇരിക്കാൻ ആവശ്യപ്പെട്ടു. കളക്ടർക്കു മുന്നിലെ കസേരയിൽ അയാൾ ഇരുന്നപ്പോൾ, ഒരു നിമിഷം ഇടവേളയിട്ട് കളക്ടർ പറഞ്ഞു.
“താങ്കളെ വിളിച്ച് ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം. ഒരു സുപ്രധാന കാര്യം താങ്കളോട് പറയുക എന്ന ദൗത്യമാണ് എനിക്ക് നിവ്വഹിക്കാനുള്ളത്. താങ്കൾക്കയച്ച കത്തിൽ അത് സൂചിപ്പിച്ചിട്ടുണ്ട്. സർക്കാർ അനുവദിച്ച സ്ഥലത്ത് വർഷങ്ങളായി താങ്കൾ ആ സ്ഥാപനം നടത്തുന്നു. താങ്കളെന്ന വ്യക്തിക്ക് എക്കാലവും അവർക്ക് അഭയം നൽകാൻ കഴിയുമോ ? “
കളക്ടർ തന്റെ വാക്കുകൾക്ക് വിരാമമിട്ടപ്പോൾ അയാൾ പറഞ്ഞു.
“താങ്കൾ പറഞ്ഞതിന്റെ പൊരുളെനിക്ക് മനസ്സിലാകുന്നില്ല. അവരെ ഇത്രകാലവും സംരക്ഷിച്ചത് ഈ ഞാൻ തന്നെയല്ലേ…? പിന്നെയെന്താണ് ഇപ്പോൾ ഇങ്ങിനെയൊരു ആവശ്യം ഉന്നയിക്കാൻ കാരണം !? “
“അതൊന്നും വിശദീകരിക്കാൻ എനിക്ക് അവകാശമില്ല. സർക്കാരിന്റെ നടപടികൾക്ക് വിധേയമായി ആ സ്ഥാപനം വിട്ടുകൊടുക്കാൻ താങ്കൾ തയ്യാറാകണം. അതിനാവശ്യമായതെല്ലാം സർക്കാർ ചെയ്തുകൊള്ളും. ” ആ വാക്കുകളോട് അയാളിങ്ങനെ പ്രതികരിച്ചു.
“താങ്കൾ പറഞ്ഞതുപോലെ അതൊരു സ്ഥാപനമല്ല. ജാതി,മത,വർണ്ണ,വർഗ്ഗ ഭേദമില്ലാതെ ഞങ്ങൾ കുറച്ച് അനാഥർ വസിക്കുന്ന കുടുംബമാണ്. സത്യസമത്വത്തിൽ അടിയുറച്ച് നീങ്ങുന്നവരാണ് ഞങ്ങൾ. “
കണ്ണട മുഖത്ത് ഒന്നുകൂടി ഉറപ്പിച്ചുവച്ച് അല്പം നീരസത്തോടെ കളക്ടർ പറഞ്ഞു.
“താങ്കളുടെ വിശദീകരണം കേട്ടിരിക്കാൻ എനിക്ക് സമയം വളരെ പരിമിതമാണ്. എന്റെ കൃത്യം ഞാൻ നിർവ്വഹിച്ചു എന്ന് മാത്രം. ഇനിയെല്ലാം താങ്കളുടെ ഹിതം പോലെ ചെയ്യുക.”
അയാൾ ശുണ്ഠിയോടെ മറുപടി പറഞ്ഞു.
” എന്റെ സമയത്തിന് അശേഷം വിലയില്ലെന്നാണോ താങ്കൾ ധരിച്ചത് ? വർഷങ്ങൾക്കു മുമ്പ് സർക്കാർ നല്കിയ ആ തരിശുഭൂമിയിൽ ഇന്ന് കാണുന്നതെല്ലാം ആ പാവങ്ങളുടെ അദ്ധ്വാനമാണ്. ഇപ്പോൾ സർക്കാരത് ഏറ്റെടുത്താൽ നാളെ അവരെല്ലാം തെരുവിലേക്ക് വലിച്ചെറിയപ്പെടും. അവരുടെ ഭാവി ഇരുട്ടിലാക്കാൻ എനിക്കാകില്ല. “
അനുനയ സ്വരത്തിൽ കളക്ടർ പറഞ്ഞു.
“ഇതെല്ലാം താങ്കളുടെ തെറ്റായ ധാരണയാണ്. അവർക്കുവേണ്ടി ഈ സർക്കാരിന് പല നല്ല കാര്യങ്ങളും ചെയ്യാൻ സാധിക്കും.”
ഗൗരവത്തിൽതന്നെ അയാൾ മറുപടി നല്കി.
“അറിയാം, എല്ലാമെനിക്കറിയാം. ആലയത്തിന്റെ പേരിലുള്ള ലക്ഷങ്ങളുടെ നിക്ഷേപത്തിലാണ് ഇപ്പോൾ സർക്കാരിന്റെ കണ്ണ്. ഇതൊന്നും വിദേശത്തുനിന്നും വരുന്ന സഹായമല്ല. സന്മനസ്സുള്ളവർ നൽകുന്ന സംഭാവനയും, അവിടുത്തെ അന്തേവാസികൾ ഉണ്ടാക്കുന്ന ഉത്പന്നങ്ങൾ, ആലയത്തിലെ ആവശ്യം കഴി ച്ച്, മിതമായ വിലക്ക് ജനങ്ങൾക്ക് നല്കിയുമാണ് അത് സ്വരൂപിച്ചത്. അതെടുത്ത് ധൂർത്തടിച്ചാൽ ശരിയാകില്ല. വിദേശഫണ്ടുകൊണ്ട് ആശുപത്രി കെട്ടിപ്പൊക്കി, ചികിത്സയുടെ മറവിൽ രോഗികളെ പിഴിഞ്ഞ്, സാമ്പത്തിക ഭദ്രത ഉറപ്പിക്കുന്ന ചെയ്തികളും ഞങ്ങൾക്കില്ല. സമൂഹത്തിലെ പിന്നോക്കക്കാരെ ഞങ്ങൾ സഹായിക്കുകയാണ് ചെയ്തിട്ടുള്ളത്. ദയവുണ്ടായി അവിടത്തെ പ്രകാശം താങ്കളായിട്ട് അണക്കരുത്. “
സാന്ത്വനസ്വരത്തിൽ കളക്ടർ പറഞ്ഞു.
“താങ്കളുടെ വിഷമം ഞാൻ മനസ്സിലാക്കുന്നു. ഇതിലും ഭംഗിയായി സർക്കാരിനവിടെ പലതും ചെയ്യാനാകും. ഇപ്പോഴുള്ള സ്ഥാനവും, ചുമതലകളുമായി താങ്കൾക്കവിടെ തുടരുക യും ചെയ്യാം. “
പുച്ഛഭാവത്തിൽ ഒന്ന് ചിരിച്ചുകൊണ്ട് അയാ ൾ പറഞ്ഞു.
“സർക്കാരിന്റെ ദാനം അല്ലേ…. എന്റെ സ്ഥാനത്തെക്കുറിച്ച് എനിക്കശേഷം വ്യാമോഹമില്ല. സർക്കാരിന്റെ ഒരു കളിപ്പാവയാകാൻ താല്പര്യവുമില്ല. ഇപ്പോൾ തന്നെ സർക്കാർ സ്ഥാപനങ്ങൾ പലതും അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുമ്പോൾ, അവർക്കവിടെ ഒന്നും ചെയ്യാൻ കഴിയില്ല. മാത്രമല്ല ഇപ്പോഴുള്ള സൗകര്യങ്ങളിളൽ അവരെല്ലാവരും സംതൃപ്തരുമാണ്. “
ഉപദേശ രൂപേണ കളക്ടർ പറഞ്ഞു.
“താങ്കൾ ശാന്തമായി ചിന്തിച്ച് ഒരു മറുപടി തന്നാൽ മതി. താങ്കൾക്ക് ഗുണമുണ്ടാകുന്ന രീതിയിൽ ഒരു പാരിതോഷികം താങ്കൾക്ക് നല്കാനും സർക്കാർ സന്നദ്ധമാണ്. താങ്കളുടെ കാലശേഷവും ആലയം നിലനിൽക്കണ്ടേ…? “
അയാൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“ആലയത്തിലെ അന്തേവാസികൾ ഒന്നിനും കഴിവില്ലാത്തവർ ആണെന്നാണോ താങ്കളുടെ വിചാരം. എന്റെ കാലശേഷം അത് ഭംഗിയായി നിർവ്വഹിക്കാൻ കെല്പുള്ളവർ അവിടെ ഉണ്ട്. സ്വന്തം മക്കളെ വിറ്റ് പണം കൈപ്പറ്റുന്ന ഒരാളാകാൻ എനിക്കാകില്ല. അവരെല്ലാം എന്റെ സ്വന്തം മക്കളാണ്. “
ഇത് കേട്ട് അല്പം ഭീഷണിസ്വരത്തിൽ കളക്ടർ പറഞ്ഞു.
“സർക്കാരിന്റെ ഈ തീരുമാനത്തിന് വഴങ്ങാത്തപക്ഷം, താങ്കൾക്കെതിരെ മറ്റു മേൽ നടപടികൾ എടുക്കേണ്ടി വരും. ഒരു പക്ഷേ സർക്കാ ർ അധീനതയിലുള്ള ആ ഭൂമിയിൽ നിന്നു തന്നെ ഒഴിഞ്ഞുകൊടുക്കേണ്ടതായി വരും. “
ഒരു നിമിഷത്തെ ഇടവേളയിട്ട് അയാൾ പറഞ്ഞു.
“ഞങ്ങളെ അവിടെനിന്ന് കുടിയിറക്കാൻ ഒരു സർക്കാരിനുമാകില്ല. ആവശ്യമെങ്കിൽ ആ ഭൂമിക്ക് സർക്കാർ നിശ്ചയിക്കുന്ന വില ഞങ്ങൾ നൽകാം. ഇതിൽ കൂടുതലായി എനിക്കിനിയൊന്നും പറയാനില്ല. താങ്കളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയതിൽ ഖേദിക്കുന്നു. “
ഒരു മറുപടിക്ക് കാത്തുനിൽക്കാതെ അയാൾ എഴുന്നേറ്റപ്പോൾ കളക്ടർ പറഞ്ഞു.
“ഇത് താങ്കളുടെ അന്തിമ തീരുമാനമായി ഞാൻ കരുതുന്നില്ല. ഒന്ന് നന്നായി ചിന്തിച്ച് കാര്യങ്ങൾ വിലയിരുത്തി, അനുകൂലമായ ഒരു മറുപടി താങ്കളിൽ നിന്നുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. “
നിയന്ത്രിക്കാനാകാത്ത ക്ഷോഭത്തോടെ അയാൾ അല്പം ഉറക്കെ പറഞ്ഞു.
“ഇല്ല, ഇതിൽ കൂടുതലൊന്നും എനിക്ക് ചിന്തിക്കാനോ, പറയാനോ ഇല്ല. അതൊരിക്കലും നടക്കില്ല… നടക്കില്ല… നടക്കില്ല… “
ആ വാഹനത്തിൽ ഉണ്ടായിരുന്നവരെല്ലാം ഞെട്ടിയെണീറ്റ് ,അയാളെ നോക്കി. പെട്ടെന്ന് പരിസരബോധം വീണ്ടെടുത്ത അയാൾ, എല്ലാ വരുടേയും കണ്ണുകൾ തന്നിൽ കേന്ദ്രീകരിച്ചിരിക്കുന്നത് കണ്ട് ഒരു വല്ലാത്ത അവസ്ഥയിലായി. അടുത്തിരുന്നിരുന്ന സഹയാത്രികനാകട്ടെ, എഴുന്നേറ്റ് മാറിനിന്ന് ഭയത്തോടെ അയാളെ തുറിച്ചുനോക്കി.
തനിക്ക് മുമ്പിലെ സീറ്റിന്റെ കമ്പിയിൽ ഇരു കൈകളും പിടിച്ച്, ഒരു തേങ്ങലോടെ അയാൾ തലചായ്ച്ചിരുന്നു. അപ്പോഴും അയാൾ സ്വയം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. കിതച്ചുകൊണ്ട് ആ വാഹനം തന്റെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു പാഞ്ഞു