കള്ളനും പോലീസും

ദൈവനാമത്തിൽ ചൊ-
ല്ലി കോടതി മുമ്പാകെ
ഞാൻ
ദൈവം സാക്ഷിയായ്
സത്യം മാത്രമെ പറയു ..
സത്യം

ആദ്യത്തെ നുണയാത്
മനസിൽ കുറിക്കവെ
നീതിപീഠം പൂർണ്ണ തൃ
പ്തിയാൽ ചിരിക്കുന്നു.

വിശക്കും വയറിന്റെ
രോദനം സഹിയാതെ
വിവശൻ മോഷ്ടിച്ചത്രെ,
നിയമം സഹിക്കുമോ?

കള്ളനെയപ്പോൾത്തന്നെ
ലോക്കപ്പിനകത്താക്കി
എന്നിലർപ്പിത ഡ്യൂട്ടി
ചെയ്തു ഞാൻ കൃതാർത്ഥനായ്.

ഇന്നെന്നെ വിസ്തരി –
ക്കും ദിവസം കാലേ –
തന്നെ
എത്തി ഞാനഭിമാനം
തുളുമ്പും മനസോടെ.

കത്തും വിശപ്പിനാലൊ –
രു റൊട്ടി മോഷ്ടിച്ച
കള്ളൻ പ്രതിക്കൂട്ടിൽ
നിൽപ്പൂ .. നിസംഗനായ് .

പറഞ്ഞു സുദൃഢം ഞാൻ ” മോഷ്ടിച്ചതി –
യാൾ തന്നെ
പറയാതാവില്ലല്ലൊ,
കർത്തവ്യമല്ലൊ മുഖ്യം.

നാലാണ്ടു തടവിനു
വിധിച്ചു ന്യായാസനം,
പൂനിലാവുദിച്ചല്ലൊ….
കള്ളന്റെ മുഖത്തപ്പോൾ

നന്ദിയോടയാൾ ചൊല്ലി
“സാറിനെ ദൈവം
കാക്കും,
നാലാണ്ട് വിശക്കാതെ
ജയിലിൽ കിടക്കാല്ലൊ..”

ഞെട്ടിപ്പോയ് ഞാനും
സത്യനീതികൾക്കതീതമായ്
കിട്ടുന്നതെളിവിനെ
പുണരുന്ന നിയമവും.
ഞെട്ടിപ്പോയ് മാനവ
സംസ്കാര ഹൃദയവും
ഞെട്ടിപ്പോയ് ഗൗണിട്ട
നിയമ വക്താക്കളും .

മറുമൊഴി കാക്കാതെ
വീണ്ടും തുടർന്നയാൾ
” പോകട്ടെ സാറമ്മാരെ
ജയിലിൽ, വിശക്കുന്നു. “

അന്നാദ്യമായാത്മനിന്ദ –
യാലെന്നിലെ
ആദർശബോധം വിതു –
മ്പിക്കരഞ്ഞുപോയ്.
ഒട്ടിച്ചുളിഞ്ഞ വയറിൻ
വിശപ്പിനാൽ
പൊട്ടിക്കരയും നിരാശ്ര –
യത്വത്തിന്
സന്മാർഗബോധം വിള –
മ്പി നാൽക്കവലയിൽ
തങ്ങൾക്ക് ജയമെന്ന്
പാട്ടു പാടിക്കുവാൻ
വിത്തപ്രതാപങ്ങൾ
തീർത്ത നിയമങ്ങളെ
ചിത്തത്തിലിട്ടു കഴുത്തു
ഞരിക്കവെ,

ദൈവനാമത്തിൽച്ചൊല്ലി
കോടതി മുമ്പാകെ
ഞാൻ
ദൈവം സാക്ഷിയായ്
” കള്ളം ” മാത്രമേ
പറയൂ …… സത്യം!

തൊടുപുഴ സ്വദേശി. കേരളാ പോലീസിൽ സബ്ബ് ഇൻസ്‌പെക്ടർ ആയി റിട്ടയർ ചെയ്തു. തെണ്ടുന്ന ദൈവങ്ങൾ , കളയില്ലാപ്പാടം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.