വെളുക്കെ ചിരിച്ച്, ഉറക്കെ സംസാരിച്ചു കൊണ്ട് നാലഞ്ചു പേർ ഗേറ്റ് കടന്നു വന്നപ്പോൾ അവർ രാഷ്ട്രീയക്കാരാണെന്നും അവരുടെ വേഷത്തിൽ നിന്നും ഏതു പാർട്ടിക്കാരാണെന്നും വിജയ ലക്ഷ്മിക്ക് മനസ്സിലായി. പക്ഷെ അവരോട് പ്രൊഫ.ശ്രീനിവാസനെന്ന തൻറെ ഭർത്താവ് സന്തോഷത്തോടെ സംസാരിച്ചതും കാപ്പി കുടിക്കാൻ നിർബന്ധിച്ചതും എന്തു കൊണ്ടാണെന്നവൾക്ക് മനസ്സിലായില്ല. തിരക്കുണ്ടെന്ന് പറഞ്ഞ് കാപ്പിക്ക് നില്ക്കാതെ അവർ ഇറങ്ങിയതും അവൾ പുറത്തേക്ക് ചെന്നു.
ചോദിക്കുന്നതിന് മുൻപേ അയാൾ പറഞ്ഞു, ‘ബാബുക്കുട്ടൻ മന്ത്രിയായില്ലേ? മന്ത്രിക്ക് ഞായറാഴ്ച ടാഗോർ സെൻന്റിനറി ഹാളിൽ സ്വീകരണം. അതിന് ക്ഷണിക്കാൻ വന്നതാണ്’.
‘നിങ്ങളാണോ അധ്യക്ഷൻ?’
‘അല്ലല്ല. അതവരുടെ രാഷ്ട്രീയ നേതാവാണ്. പക്ഷെ, ബാബുക്കുട്ടൻ പ്രത്യേകം പറഞ്ഞിട്ടുണ്ടത്രെ എന്നെ വിളിക്കാൻ. അതാണവർ നിർബന്ധിച്ചത്. ഞാനായിരിക്കും വി.ഐ.പി. ബാബുക്കുട്ടൻ എന്നെ എങ്ങനെയായിരിക്കും പരിചയപ്പെടുത്തുക! ഓർമ്മയുണ്ടോ, ബാബുക്കുട്ടൻ ആദ്യ ദിവസം കോളേജിലെത്തിയത്?’
‘പിന്നെന്താ? അന്നെൻറെയും ആദ്യ ദിവസമായിരുന്നല്ലോ’
‘അധ്യാപകനായി എൻറെയും’.
അയാൾ അതു പറഞ്ഞപ്പോൾ അവൾക്ക് വിശ്വസിക്കാനായില്ല. ഇതു വരെ ഈ കാര്യം പറഞ്ഞിട്ടില്ലല്ലോ.
ചിരിച്ചു കൊണ്ടവൾ അയാളെ നോക്കി. പ്രൊഫ. ശ്രീനിവാസൻ മറ്റൊരു ചിന്തയിലാണെന്നവൾക്ക് തോന്നി. ബാബുക്കുട്ടന്റെ അന്നത്തെ ഭാവവും വേഷവും! അവളും ആ ദിവസം ഓർത്തു.
പലേ സ്കൂളുകളിൽ നിന്നെത്തിയ എൺപതോളം കുട്ടികൾ! ഒരേ സ്കൂളിൽ നിന്നെത്തിയവർ അടുത്തടുത്തിരുന്നു. എല്ലാവരിലും അല്പം പരിഭ്രമമുണ്ടായിരുന്നു. സുന്ദരനായ ചെറുപ്പക്കാരൻ ക്ലാസ്സിലേക്ക് കടന്നു വന്നു നേരെ മേശയുടെ അടുത്ത് നിന്നു . കൈയ്യിൽ മൂന്നു നാലു പേപ്പറിലായി പേരുകളും നമ്പറുകളും പ്രിൻറ് ചെയ്തതും, ഒരു ചെറിയ നോട്ട് ബുക്കും പെന്നും. കോളേജിൽ അധ്യാപകർ ക്ലാസ്സിൽ വരുമ്പോൾ ഹാജർ പുസ്തകത്തിന് പകരം ഇങ്ങനെയായിരിക്കുമെന്ന് പറഞ്ഞു കേട്ടിരുന്നു. എല്ലാവരും എഴുന്നേറ്റു നിന്നു. പക്ഷെ, ചില ബെഞ്ചുകളിലായി അഞ്ചാറ് ആൺകുട്ടികൾ ഇരിക്കുക തന്നെ ആയിരുന്നു. ക്ലാസ്സിലാകെ ഒന്ന് നോക്കി അധ്യാപകൻ അവരോടും എഴുന്നേറ്റ് നിൽക്കാൻ പറഞ്ഞു. അവരും എഴുന്നേറ്റപ്പോൾ സാർ പറഞ്ഞു
ഞാൻ അറ്റൻഡൻസ് എടുക്കുകയാണ്. പേർ വിളിച്ചാൽ അവർക്കിരിക്കാം. പക്ഷെ ആദ്യം എഴുന്നേൽക്കാത്തവർ ഇരിക്കരുത്.
നിയമം പോലെ പറഞ്ഞു കേട്ടപ്പോൾ ചിരി വന്നെങ്കിലും ചിരിച്ചില്ല. സാർ ഗൗരവത്തിലായിരുന്നു. പേര് വിളിച്ചവർ ഇരുന്നു തുടങ്ങി. ഒരു കുട്ടി ഇരുന്നപ്പോൾ സാർ പറഞ്ഞു
ആദ്യം എഴുന്നേൽക്കാത്തവർ ഇരിക്കേണ്ടെന്ന് പറഞ്ഞതല്ലേ? സ്റ്റാൻഡ് ആപ്.
അവൻ പെട്ടെന്നെഴുന്നേറ്റു. സാറിന് ഈ കുട്ടി ആദ്യം എഴുന്നേറ്റില്ലെന്നെങ്ങനെ മനസ്സിലാക്കാൻ കഴിഞ്ഞെന്ന് അത്ഭുതപ്പെട്ടു. എല്ലാവരുടെയും പേർ വിളിച്ചു കഴിഞ്ഞപ്പോൾ ആദ്യം എഴുന്നേൽക്കാതിരുന്ന ഏഴു പേർ മാത്രം നിൽക്കുന്നുണ്ടായിരുന്നു.
അവരെ നോക്കി സാർ ചോദിച്ചു
‘നിങ്ങളുടെ ജ്യേഷ്‌ഠന്‍മാർ ഇവിടെ പഠിക്കുന്നുണ്ടല്ലോ?’
എല്ലാവരും പരസ്പരം നോക്കി ജാള്യതയോടെ പറഞ്ഞു
‘ഉണ്ട്’
‘ഉം. ഇരിക്കൂ. അധ്യാപകൻ ക്ലാസ്സിൽ വരുമ്പോൾ എഴുന്നേറ്റു നില്ക്കുന്നത് സാമാന്യ മര്യാദയാണ്. അതിന്റെ മാന്യത അധ്യാപകനല്ല, വിദ്യാർത്ഥിക്കാണ് കിട്ടുന്നത്. കൂട്ടുകാരുടെ മുന്നിൽ ഷൈൻ ചെയ്യേണ്ടത് അധ്യാപകരെ താഴ്ത്തിക്കാണിച്ചല്ല. ചുരുങ്ങിയത് പതിനേഴ് കൊല്ലം വിദ്യാർത്ഥിയായിട്ടല്ലേ അധ്യാപകനാവുന്നത്!’ ഒന്ന് ചിരിച്ചിട്ട് വീണ്ടും പറഞ്ഞു.
‘എല്ലാവരുടെയും പേർ അറിഞ്ഞു. ഇനി എൻ്റെ പേർ പറയാം. ശ്രീനിവാസൻ. ഈ കോളെജിൽ തന്നെ അഞ്ചു കൊല്ലം പഠിച്ചതാണ്. പി.ജി എറണാകുളം മഹാരാജാസ് കോളേജിൽ. ഇപ്പോഴും വിദ്യാർത്ഥിയാണ്. യൂണിവേഴ്സിറ്റിയിൽ പി. എച്ച് . ഡി ചെയ്യുന്നുണ്ട്.’
അപ്പോഴാണ് വാതില്ക്കൽ ഒരു ആൺകുട്ടി വന്നത്.
ഒരു കൈ കൊണ്ട് ബട്ടൺ പൊട്ടിയ ഷർട്ടും മറ്റേ കൈ കൊണ്ട് മുണ്ടും രണ്ടു പുസ്തകങ്ങളും ചേർത്തു പിടിച്ച് അൽപം വിഷണ്ണമായ മുഖത്തോടെ അവൻ ചോദിച്ചു: ‘സാർ ക്ലാസ്സിൽ…’
‘എന്താ താമസിച്ചത്?’
‘ക്ലാസ്സ് അറിയാതെ അങ്ങോട്ടൊക്കെ പോയി. അവിടൊരു ടീച്ചർ പറഞ്ഞു തന്നതാണ് ഇതാണ് ക്ലാസ്സെന്ന്’.
‘പേരെന്താ?’
‘ബാബുക്കുട്ടൻ’ ആരൊക്കെയോ ചിരിച്ചു.
‘നോ…’
സാർ കൈ പൊക്കി പറഞ്ഞപ്പോൾ എല്ലാവരും നിശബ്ദരായി. ബാബുക്കുട്ടൻറെ നമ്പർ സാറിൻറെ ചെറിയ നോട്ടുബുക്കിൽ നിന്നും വെട്ടി. തൻറെ അടുത്ത ബെഞ്ചിൽ സ്‌ഥലം ഉണ്ടാക്കി കൊടുത്തു. അപ്പോൾ സാർ തന്നെ ഒന്ന് ശ്രദ്ധിച്ചു നോക്കിയെന്നവൾക്കു തോന്നി.
കോളേജിന്റെയും സ്കൂളിന്റെയും വ്യത്യാസങ്ങളും പാലിക്കേണ്ട സാമാന്യ മര്യാദകളും അല്പം ഇംഗ്ലീഷ് കലർത്തി പറഞ്ഞു തന്നു. ഒരു പീരീഡ് കഴിഞ്ഞതറിഞ്ഞില്ല. ബെല്ലടിച്ച് ക്ലാസ്സിൽ നിന്നും പോകുമ്പോൾ ബാബുക്കുട്ടനോട് എന്തോ പറഞ്ഞു. അവൻ തലയാട്ടി.
പിന്നീട് ഒഴിവു സമയങ്ങളിൽ പലപ്പോഴും ബാബുക്കുട്ടനെ സ്റ്റാഫ് റൂമിൽ സാറിന്റെ മുന്നിൽ കാണാറുണ്ട്. രണ്ടു കൊല്ലത്തെ പി. ഡി. സി കഴിയുമ്പോഴേക്ക് ബാബുക്കുട്ടൻ നല്ലൊരു ചെറുപ്പക്കാരനായി മാറിയിരുന്നു. വേഷത്തിലും സംസാരത്തിലും പഠിപ്പിലും എല്ലാം അവന് സാറിന്റെ ഉപദേശവും പ്രോത്സാഹനവും കിട്ടിയിരുന്നു.
ഡിഗ്രിക്ക് ചേർന്നപ്പോൾ ബാബുക്കുട്ടനെ ഇലക്ഷൻ പരിപാടികളിലും സമരങ്ങളിലും എല്ലാം സജീവമായി കാണാൻ തുടങ്ങി. തട്ടുപൊളിപ്പൻ പ്രസംഗവും, മുദ്രാവാക്യം വിളിയും ഒക്കെ ഉണ്ടായിരുന്നു. കോളേജ് കാന്റീനിന്റെ വരാന്തയിൽ കോളേജിലല്ലാത്ത രാഷ്ട്രീയക്കാരോടൊപ്പം ഇരുന്ന് ഉറക്കെ സംസാരിക്കുന്നതും കണ്ടിരുന്നു.
ഞങ്ങളുടെ ഡിഗ്രി ഫൈനലിയാറിലായിരുന്നു ശ്രീനിവാസൻ സാറിന് പി. എച്ച് . ഡി കിട്ടിയത്. അതിന് കോളേജിൽ ഒരു അനുമോദനം ഒരുക്കിയിരുന്നു. ഓഡിറ്റോറിയത്തിൽ തോരണങ്ങൾ കൊണ്ടലങ്കരിച്ച് “പ്രൊഫ. ശ്രീനിവാസന് ഡോക്ടറേറ്റ് ലഭിച്ചതിനുള്ള അനുമോദനം” എന്നെഴുതിയ വലിയ ബാനറും ഉണ്ടായിരുന്നു.
ഹാളിൽ വിദ്യാർത്ഥികൾ നിറഞ്ഞിരുന്നു. പെട്ടെന്ന് ഒച്ചപ്പാടോടെ കൂവി വിളിച്ച് ഒരു കൂട്ടം വിദ്യാർത്ഥികളും പുറമേ നിന്നുള്ള രാഷ്ട്രീയക്കാരും ചേർന്ന് തോരണങ്ങളും ബാനറും വലിച്ചു കീറി. അതിൽ ബാബുക്കുട്ടനുണ്ടായിരുന്നെന്ന് അവളും കൂട്ടുകാരികളും കണ്ടതാണ്. ബഹളത്തിനിടയിൽ എല്ലാവരും ഓടി ഗേൾസ് റൂമിലും ഹോസ്റ്റലിലും അഭയം തേടി.
വ്യക്തികളുടെ നേട്ടം കോളേജിൽ ആഘോഷിക്കേണ്ടതല്ലെന്നായിരുന്നു അവരുടെ മുദ്രാവാക്യം. പരിപാടി അലങ്കോലപ്പെടുത്തിയതാരാണെന്ന് കണ്ടവർ പ്രിൻസിപ്പലിനെ അറിയിക്കണമെന്നും അവർക്കെതിരെ ശിക്ഷാനടപടി എടുക്കാമെന്നും പ്രിൻസിപ്പാൾ പിറ്റെ ദിവസം നോട്ടീസിട്ടെങ്കിലും ആരും പോയി പറഞ്ഞില്ല. വെറുതെ പോയി പറഞ്ഞു ഗുലുമാലിലൊന്നും പെടേണ്ട എന്നായിരുന്നു വിദ്യാർത്ഥികളുടെ നിലപാട്. അപ്പോൾ അധ്യാപകരോ പ്രിൻസിപ്പാളോ ഓഡിറ്റോറിയത്തിൽ ഇല്ലാതിരുന്നതിനാൽ ആരും കണ്ടില്ല. ആരുടേയും പേരിൽ നടപടിയൊന്നും ഉണ്ടായില്ല.
ബാബുക്കുട്ടൻ പിന്നെയും ഇടയ്ക്ക് ക്ലാസ്സിലും കാന്റീൻ വരാന്തയിലും ഉണ്ടാവാറുണ്ട്. പക്ഷെ അവസാനത്തെ യാത്ര അയപ്പ് ദിവസം വന്നില്ല. പരീക്ഷയും എഴുതിയില്ല.
അവസാന പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ അനിയൻ അവളെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.
‘എന്താ രാമാ, ചിരിക്കുന്നോ?’
രാമചന്ദ്രൻ എന്ന പേർ രാമാ എന്ന് വിളിക്കുന്നത് അവന് തീരെ ഇഷ്ട്ടമല്ല. പക്ഷെ ദേഷ്യം പിടിക്കുമ്പോൾ അവൻ അവളെ ‘ലക്ഷ്മിയമ്മേ’ എന്നും അവൾ ‘രാമാ’ എന്നും വിളിച്ച് അടിയും നുള്ളലും ആകും. അമ്മയുടെ ഉറക്കെയുള്ള ശകാരം കിട്ടും വരെ തുടരും. പക്ഷെ അന്നവൻ പിന്നെയും ചിരിച്ചതേ ഉളളൂ.
‘വേഗം അടുക്കളപ്പണിയൊക്കെ പഠിച്ചോ ലക്ഷ്മിയമ്മേ’ എന്ന് പറഞ്ഞു വീണ്ടും ഉറക്കെ ചിരിച്ചു
.
അച്ഛനും അമ്മയും ഊറി ചിരിക്കുന്നത് കണ്ടപ്പോൾ എന്തോ കാര്യമുണ്ടെന്ന് തോന്നി.
‘പ്രൊ. ശ്രീനിവാസന്റെ അച്ഛനും അമ്മയും കുറച്ചു മുമ്പെ വന്നു. അവർക്കെല്ലാം മോളെ ഇഷ്ടമാണ്. നമുക്കും സമ്മതമാണെങ്കിൽ വേണ്ടപ്പെട്ടവരോടെല്ലാം ചോദിച്ച് വിവരമറിയിക്കാൻ പറഞ്ഞു.’
‘മോൾക്കും ഇഷ്ടം തന്നെയല്ലേ?’ അമ്മ ചേർത്തു പിടിച്ച് ചോദിച്ചപ്പോൾ മനസ്സിൽ തോന്നിയതെന്താണെന്ന് അവൾക്ക് രൂപമില്ലായിരുന്നു.
സന്തോഷമോ ! സങ്കോചമോ ! അത്ഭുതമോ !
ഒന്നും പറയാതെ തല കുനിച്ചപ്പോൾ അനിയൻ പറഞ്ഞു, ‘മൗനം സമ്മതലക്ഷണം’
‘പോടാ രാമാ’ അവൾ അകത്തേക്ക് പോയി.
വർഷങ്ങൾക്ക് മുമ്പുണ്ടായ അതേ വികാരം തന്നെയാണവൾക്കിപ്പോഴും. ജീവിതത്തിൽ കാര്യങ്ങളെല്ലാം നടക്കുന്നുണ്ട്. കളി തമാശകളുണ്ട്. രണ്ടു കുട്ടികളുണ്ട്. സന്തോഷമോ ! അത്ഭുതമോ !
പ്രൊഫ. ശ്രീനിവാസൻ ഒരു കടലാസ്സിൽ എന്തോ എഴുതുകയായിരുന്നു.
‘ബാബുക്കുട്ടൻ എന്നെ സ്റ്റേജിൽ വിളിച്ചാൽ ഞാൻ ഒരു ആശംസ പറയേണ്ടി വരുമല്ലൊ. എനിക്ക് രാഷ്ട്രീയം അപരിചിത മേഖലയല്ലേ? എന്റെ മേഖല പഠിക്കലും പഠിപ്പിക്കലും മാത്രം.’
‘അപ്പോൾ ഞാനും രണ്ടു കുട്ടികളുമോ?’ രണ്ടു പേരും ചിരിച്ചു.
പരിപാടിക്ക് വളരെ ഉത്സാഹത്തോടെ തന്നെ പ്രൊ ശ്രീനിവാസൻ, വിജയലക്ഷ്മിയേയും കൂട്ടി പോയി.
മന്ത്രി ബാബുക്കുട്ടന് സ്വാഗതം എന്നെഴുതിയ ബാനർ കണ്ണ് ചിമ്മി കളിക്കുന്ന ബൾബുകൾ കൊണ്ടലങ്കരിച്ചിട്ടുണ്ട്. അകത്ത് കുറച്ചു പേർ മാത്രം. സ്ത്രീകളാരും ഇല്ല. പറഞ്ഞ ആറു മണി കഴിഞ്ഞ് ഒരു മണിക്കൂറോളം കഴിഞ്ഞപ്പോൾ ആരവം കേട്ടു. മുദ്രാവാക്യങ്ങൾ വിളിക്കുന്ന അണികളുടെ അകമ്പടിയോടെ മന്ത്രി എത്തി. വേഷം ലളിതമെങ്കിലും, മുഖത്ത് ചിരിയുണ്ടെങ്കിലും മന്ത്രിയുടെ ഭാവം തന്നെ. അധ്യക്ഷൻ പ്രസംഗിക്കുന്നതിനിടെ മന്ത്രി താഴേക്കിറങ്ങി വന്നു. പ്രൊഫ. ശ്രീനിവാസൻ ഒന്നിളകിയിരുന്നു. പക്ഷെ മന്ത്രി തങ്ങളെ കടന്ന് പിന്നിലിരുന്ന ഒരു തടിയനെ കെട്ടിപിടിച്ചു. രണ്ടു പേരും നടന്ന് ഓരോരുത്തരെ നോക്കി ചിരിച്ചും തൊട്ടു തലോടിയും മുന്നോട്ടു വന്നു. വിജയലക്ഷ്മിയെ കണ്ടപ്പോൾ ഒരു പരിചയ ഭാവത്തിൽ ചിരിച്ചു. എന്നിട്ട് പ്രൊഫ. ശ്രീനിവാസന്റെ നേരെ ചൂണ്ടി ചോദിച്ചു.
‘റിട്ടയർ ചെയ്തു അല്ലേ? ഈ റിട്ടയർ ചെയ്തവൻമാരെ കൊണ്ട് എനിക്ക് വല്ലാത്ത ശല്യമാ. പഴയ ഓരോ അടുപ്പവും പറഞ്ഞു എങ്ങനെയെങ്കിലും അടുത്തു കൂടും. ഏതെങ്കിലും കോർപ്പറേഷനിൽ ഡയറക്ടറാക്കിത്തരണമെന്നും പറഞ്ഞ്.’
വിജയലക്ഷ്മി പെട്ടെന്നെഴുന്നേറ്റു.
‘പ്രൊഫസർ റിട്ടയർ ചെയ്തിട്ടില്ല. ആറേഴു കൊല്ലമുണ്ട്. പക്ഷെ മന്ത്രിക്ക് അഞ്ചു വർഷമല്ലേ ജോലിയുള്ളൂ ?’
എന്നിട്ടവൾ ഭർത്താവിനോട് പറഞ്ഞു
‘നമുക്ക് പോകാം.’
പ്രൊഫസർ ശ്രീനിവാസൻ എഴുന്നേറ്റ് വിജയ ലക്ഷ്മിയോടൊപ്പം പുറത്തേക്ക് നടന്നു.