ടൈപ്റൈറ്റർ

വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍ മരിച്ചുപോയ ഒരെഴുത്തുകാരൻ്റെയോ എഴുത്തുകാരിയുടെതോ. അവരുടെ ഓര്‍മ്മകള്‍ പുതുതലമുറക്ക് ബാധ്യതയാകാതെ തൂക്കിയെറിയപ്പെട്ടതാകാം. കാലത്തിനു കുറുകെ കടകട ശബ്ദത്തിൽ അക്ഷരങ്ങൾ നിരത്തി ഓർമ്മയുടെ പ്രിന്റ് എടുക്കുന്നത് പോലെ. തിരക്കഥാകൃത്ത് കൂടിയായ ജോസ്‌ലറ്റ്‌ ജോസഫ്‌ എഴുതിയ ഏറ്റവും പുതിയ കഥ: ടൈപ്റൈറ്റർ.

ഇവിടെ ദിവസങ്ങള്‍ക്കെന്ത് വേഗതയാണ്. ട്രെഡ് മിൽ ടെസ്റ്റ് പോലെ ഈ വേഗത്തിനൊപ്പമെത്താൻ കിതച്ചോടുകയാണ് ഞാൻ.  ഇടയ്ക്ക് നിന്നാൽ മറ്റാരെങ്കിലും നമ്മെ മറികടക്കുമോ എന്ന ഭയം ടെസ്റ്റിനെ വ്യത്യസ്തമാക്കുന്നു. ആരും വിളിച്ചുണർത്താതെ പുലർച്ചെ കിടക്കയിൽ നിന്ന് എണീക്കുമെങ്കിലും അലാറത്തിൻ്റെ സപ്പോർട്ട് വേണം ധൈര്യത്തിന്. ഇനിയെങ്ങാനും ഉണർന്നില്ലെങ്കിലോ? വേഗം വീക്ക് ഏന്‍ഡ്  എത്തുമല്ലോ എന്ന പ്രതീക്ഷയാണ് കടുത്ത ട്രാഫിക് ബ്ലോക്കിനോട് പടവെട്ടിയും യാത്ര ചെയ്യാനുള്ള ഇന്ധനം. ഈ ചിവിട്ടിത്തള്ളലിനിടെ പ്രായവും കാലവും തനിക്കു മുകളിലൂടെ നരച്ചമേഘം പോലെ പാഞ്ഞു പോകുന്നുത് അറിയുന്നേയില്ല.

മുറി പൂട്ടിയിറങ്ങി. തലേന്ന് കാറ് പാര്‍ക്ക് ചെയ്തത് എവിടെ എന്ന് റഡാറില്‍ സൂം ചെയ്തു നോക്കി. ചില ദിവസങ്ങളില്‍ ഒരു പൊടിനേരത്തേക്ക് ലൊക്കേഷന്‍ തെളിഞ്ഞു കിട്ടില്ല. അപ്പോള്‍ ഊഹം വെച്ചങ്ങു നടക്കും. കാറ് ബില്‍ഡിങ്ങിന്റെ മുന്നിലോ പിന്നിലോ കച്ചാ പാര്‍ക്കിങ്ങിലോ കാണും. ഹോ, ഈ മെമ്മറി ഒരു സംഭവമാണല്ലേ.. ചിപ്പ് അടിച്ചുപോയാല്‍ കഴിഞ്ഞില്ലേ എല്ലാം!

ഊഹംപോലെ മുനിസിപ്പാലിറ്റി വേസ്റ്റ് ബോക്സിനപ്പുറത്തു കിടപ്പുണ്ടായിരുന്നു ഇഷ്ടന്‍. ഇഷ്ടം തോന്നാതിരിക്കുന്നതെങ്ങനെ? ഒരു ദിവസത്തിൻറെ ഭൂരിഭാഗവും ഒപ്പമുള്ള കൂട്ടുകാരൻ. പല്ലും പൂടയും പൊഴിഞ്ഞെങ്കിലും സാരമില്ല. പുലിയായിരുന്നു ഒരു കാലത്ത്. സ്മരണയുണ്ട്, വഴിയില്‍ കിടത്താത്തതിന്, എന്നെ വെറും സ്മരണയാക്കാത്തതിന്. എങ്കിലും സ്റ്റാര്‍ട്ടാകുമോ എന്ന ഭയം അല്പമില്ലാതില്ല.  ‘കുതിരപ്പടയാളിയെ..ഗീവര്‍ഗ്ഗീസേ…നീ തന്നെ ശരണം.’ ബാറ്ററി വീക്കാണെന്ന് മെക്കാനിക് ഗീവര്‍ഗ്ഗീസു പറഞ്ഞിട്ട് മാസം രണ്ടായി. മാറ്റാം.. സാലറി വന്നോട്ടെ.

കാറില്‍ കയറും മുന്‍പേ ഞാനൊരു സഡന്‍ ബ്രേക്കിട്ടു. കച്ചറ വീപ്പയുടെ താഴെക്കിടക്കുന്ന വസ്തുവില്‍ അത്ഭുതത്തോടെ നോക്കി. ‘വാട്ട് എ പ്ലെസന്റ് സര്‍പ്രൈസ്! മനുഷ്യനല്ലാത്തതുകൊണ്ട് അഭിവാദനത്തിനു മറുപടി വന്നില്ല.  കാരണം അതൊരു ടൈപ്പ്റൈറ്ററായിരുന്നു! ഓര്‍മ്മച്ചിപ്പ് ഇരുപതു വര്‍ഷം പിന്നിലെ ഫയലുകളില്‍ ഒന്നിലേക്ക് മൈക്രോ സെക്കന്റുകള്‍ കൊണ്ട് സഞ്ചരിച്ച് മാത്യൂസേട്ടന്റെ മുഖം സൂം ചെയ്തു തന്നു.

ബാംഗ്ലൂര്‍ സിറ്റി. സിറ്റിയെന്നൊക്കെ ചുമ്മാതെ ജാഡക്ക് പറയുന്നതല്ലേ. ഇതേതൊ ഒരു ‘ഹള്ളി’, സിറ്റിയില്‍നിന്ന് അകന്ന ഗ്രാമം. ജോലി തേടി ആദ്യമെത്തിയത്‌ ഇവിടെയാണ്‌. വീടിനടുത്തുള്ള മോഹനേട്ടനാണ്‌ അവിടെയെത്തിച്ചതും താമസം തരപ്പെടുത്തിത്തന്നതും. മോഹനേട്ടനും മാത്യൂസേട്ടനും കൂട്ടുകാരാണ്. ടൈപ്പ്റൈറ്റര്‍ റിപ്പയറിങ്ങായിരുന്നു മാത്യൂസേട്ടന്റെ തൊഴില്‍.

അന്നേ കാലഹരണപ്പെട്ടുപോയ രണ്ടു വസ്തുക്കളായിരുന്നു ടൈപ്പ്റൈറ്ററും മാത്യൂസേട്ടനും. പക്ഷേ ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം, കടലുകള്‍ക്കിപ്പുറം, ഒരു മഹാനഗരത്തിന്റെ തെരുവീഥിയിലെ കുപ്പയില്‍ ഉപേക്ഷിക്കപ്പെട്ട കൗതുകമുള്ള ഈ പുരാവസ്തു ആരുടെതാകുമെന്ന വിചാരം എന്നെ അലട്ടി. ഒരുപക്ഷേ മാറുന്ന കാലത്തോടു സമരസപ്പെടാനാകാതെ പോയ വൃദ്ധയായ ഒരു പേര്‍സണല്‍ അസിസ്റ്റന്റിൻ്റെത്. അല്ലെങ്കില്‍ മരിച്ചുപോയ ഒരെഴുത്തുകാരൻ്റെയോ എഴുത്തുകാരിയുടെതോ. അവരുടെ ഓര്‍മ്മകള്‍ പുതുതലമുറക്ക് ബാധ്യതയാകാതെ തൂക്കിയെറിയപ്പെട്ടതാകാം.

വന്യമൃഗങ്ങളെ, വളര്‍ത്തുജീവികളെ എല്ലാം അവറ്റയുടെ തന്നെ ദേഹത്ത് ഒളിപ്പിച്ച മൈക്രോ ചിപ്പുകളാല്‍ നിയന്ത്രിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന കാലത്ത്, മൊബൈല്‍ഫോണ്‍ ഇല്ലാത്ത മനുഷ്യര്‍ ഈ ലോകത്ത് ജീവിക്കുന്നേയില്ലെന്നു കണക്കെടുപ്പു നടക്കുന്ന കാലത്ത്, പുല്ലിനും പൂമ്പാറ്റക്കും ജയില്‍പുള്ളികളെപ്പോലെ പേര്‍സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പരിട്ട് പരിധി നിര്‍ണ്ണയിക്കുന്ന കാലത്തെ വെല്ലുവിളിച്ച ഒരു വിപ്ലവകാരിയാകാം ആ ടൈപ്പ്റൈറ്ററിൻ്റെ ഉടമ.

അനേകായിരം ടൈപ്പ്റൈറ്ററുകള്‍ക്കിടയില്‍ ജീവിച്ച മാത്യൂസേട്ടനു പക്ഷേ വിപ്ലവകരമായി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഐ.ടി വിപ്ലവത്തില്‍ ഒലിച്ചുപോകാതെ ആ കയറുകട്ടിലില്‍ അള്ളിപ്പിടിച്ച് എത്രനാള്‍ കിടന്നെന്നുകാണുമെന്നും എനിക്കറിയില്ല. നഗരത്തിൻ്റെ ആരവം ഒട്ടുമെത്താത്ത പരുക്കനിട്ട ഒറ്റമുറി ചാര്‍ത്തിലായിരുന്നു ഞങ്ങളുടെ വാസം. ഉള്ളവനും  ഇല്ലാത്തവനും തമ്മിലുള്ള ഗ്യാപ്പ് വെടിയും പൊഹയും കൊണ്ട് നികത്താമെന്നായിരുന്നല്ലോ ഒറിജിനല്‍ വിപ്ലവകാരികളുടെ പ്ലാന്‍. പക്ഷേ പലരുടെ പൊഹ കണ്ടിട്ടും മേല്‍പ്പറഞ്ഞ ഗ്യാപ്പ് വര്‍ദ്ധിച്ച്, അവിടെ പാലവും പാലമെത്താത്ത കടലുകൾക്ക് മീതേ വിമാനങ്ങളും പറന്നു. അന്ന് കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ഇരുപത്തയ്യായിരം വാങ്ങുമ്പോള്‍ ആയിരത്തി ഇരുനൂറ്റമ്പതായിരുന്നു എൻ്റെ  മാസശമ്പളം. ആ സമത്വമാണ് എന്നെയും മാത്യൂസേട്ടനെയും ഒരുമിപ്പിച്ചത്.

തൃശൂരും ബാംഗ്ലൂരും തമ്മില്‍ വലിയ ദൂരമൊന്നുമില്ലെങ്കിലും ക്രിസ്മസ് കൂടാനായി വര്‍ഷത്തിലൊരിക്കലേ മാത്യൂസേട്ടന്‍ നാട്ടില്‍ പോകുമായിരുന്നുള്ളൂ. കിട്ടാനുള്ള ഡ്യൂസും കിട്ടാക്കടവും വാങ്ങിയാവും പോകുക. റിപ്പയറിംഗ് തേടി ഓഫീസുകൾ  കയറിയിറങ്ങുമ്പോള്‍ ടൈപ്പ്റൈറ്ററുകള്‍ വേണമെങ്കില്‍ നിങ്ങള്‍ എടുത്തോളൂ, ഞങ്ങള്‍ കമ്പ്യൂട്ടറിലേക്ക് മാറുകയാണെന്ന് അറിയിപ്പുകിട്ടും. അങ്ങനെ നിന്നുതിരിയാന്‍ ഇടയില്ലാത്ത മുറിയുടെ കോണില്‍ കോസടി വിരിച്ചുറങ്ങുമ്പോള്‍ എൻ്റെ തലക്ക് മീതേ വീഴുന്ന നീളന്‍ നിഴല്‍ പൊക്കത്തില്‍ ടൈപ്പ്റൈറ്ററുകളുടെ ഒരടുക്ക് രൂപപ്പെട്ടു. ഉപയോഗശൂന്യമെങ്കിലും ജീവിതത്തോട് ഒട്ടിനില്‍ക്കുന്ന വസ്തുക്കളൊന്നും എളുപ്പം ഉപേക്ഷിക്കാന്‍ നമുക്ക് മനസ്സ് വരില്ല. കേടായ വാച്ച്, മഷിതീര്‍ന്ന പേന, ഉടുപ്പ്, ചീപ്പ്, ടൂത്ത് ബ്രഷ്…. അങ്ങനെപോകുന്നു ചിലത്.

വേസ്റ്റ് ബോക്സില്‍ നിന്നും ചാടിയിറങ്ങിയ പൂച്ച അപ്പോഴാണ്‌ ടൈപ്പ്റൈറ്റര്‍ ശ്രദ്ധിച്ചത്. അത് അക്കങ്ങള്‍ക്കും അക്ഷരങ്ങള്‍ക്കും മീതെ കയറി മാന്തിയും മണത്തും നോക്കി. പള്ള നിറഞ്ഞപ്പോള്‍ വെറുമൊരു നേരംപോക്ക്. സമൃദ്ധമായ ഭക്ഷണം അമിതമായ് തിന്നു കൊഴുത്ത ഇവിടുത്തെ പൂച്ചകളെ എനിക്ക് വെറുപ്പാണ്. നാട്ടിലെ പൂച്ചകളെപോലെ ഇവയ്ക്ക് ദയനീയമായ നോട്ടമില്ല, കരച്ചിലില്ല. കണ്ണുകളിൽ ക്രൗര്യമാണ്. ഒരു കല്ലെടുത്ത് എറിയണമെന്ന് തോന്നി. വേണ്ട. കൊളസ്‌ട്രോൾ കൂടി വല്ല അറ്റാക്കും വന്ന് ചത്തോളും. എനിക്കെന്തോ ആ ടൈപ്പ്റൈറ്റര്‍ എൻ്റെയാണെന്നപോലെ ഒരിഷ്ടം. ഒരു നിമിഷം ശങ്കിച്ചുനിന്ന ശേഷം ഞാന്‍ കാറിനടുത്തേക്ക് നടന്നു.

അന്തിനേരത്ത് ഒരു ക്വോര്‍ട്ടര്‍ കുപ്പിക്ക് ഇരുപുറവും ഞങ്ങൾ ഇരിക്കുമ്പോഴാണ് മാത്യൂസേട്ടന്‍ മനസ്സ് തുറക്കുക. എന്നും പൈൻറ് അടിക്കണമെന്നാ ആഗ്രഹം. പക്ഷേ പട്ടിണി കിടക്കേണ്ടി വരും. കഞ്ഞിയും പയറും അച്ചാറുമാണ് രാത്രി ഭക്ഷണം. നല്ല ശോധന കിട്ടും. ശോധന ഏറിയാലും ഞങ്ങള്‍ തന്നെ സഹിക്കണം. കാരണം മുറിയോടു ചേര്‍ന്നുള്ള ചെറിയ ചായ്പ്പാണ് അടുക്കള. അടുക്കള തന്നെയാണ് കക്കൂസും. അതിനു മറയൊന്നുമില്ല. സ്റ്റവ് വെയ്ക്കുന്ന സ്ലാബും കക്കൂസു കുഴിയും തമ്മില്‍  അരഭിത്തിയുടെ വേര്‍തിരിവുണ്ട്. വെള്ളം പബ്ലിക് ടാപ്പില്‍നിന്ന് പിടിക്കണം. ക്യൂ നിന്ന്. മൂളിപ്പാട്ടും പാടി ഒന്നാമന്‍ മൂലയ്ക്കിരിക്കുമ്പോള്‍ രണ്ടാമന്‍ തലവെട്ടിച്ച് നോക്കില്ല എന്നത് മ്യൂച്ച്വല്‍ അണ്ടര്‍സ്റ്റാന്റിംഗ്.

തൊണ്ണൂറ് എം.എല്‍ തലയില്‍ തട്ടുപോള്‍ മാത്യൂസേട്ടന്‍ പതിഞ്ഞ ശബ്ദത്തില്‍ പാടും. ബാബുരാജിൻ്റെ പാട്ട്. ലഹരിയുടെ സുഖമുള്ള തരിപ്പില്‍ ആ വട്ടമുഖത്തെ പ്രകാശിപ്പിക്കുന്ന ഉണ്ടക്കണ്ണുകള്‍ ഇളം ചുവപ്പ് നിറമാകും. നാല്‍പതിൻ്റെ പ്രായം പറയാത്ത, പന്തലിച്ച ചുരുളന്‍ തലമുടിയും കട്ടിയുള്ള പുരികങ്ങളും താളത്തിനൊപ്പിച്ച് ഇളകും. പാട്ടിൻ്റെ പര്യവസാനത്തിൽ കട്ടിലിനടിയില്‍ നിന്നും സൂട്ട്കേസ് വലിച്ചെടുത്ത് ഭാര്യയുടെയും മകളുടെയും ഫോട്ടോ എടുത്ത് നോക്കും. മകള്‍ക്ക് ആറു വയസ്സു പ്രായം. ഒരു മിടുക്കിക്കുട്ടി. അപ്പോൾ ആ മുഖത്തെ ഭാവവ്യതിയാനങ്ങൾ ഒരു കള്ളനെപ്പോലെ ഞാൻ ഒളിഞ്ഞുനോക്കും. എന്തിനാണ്

അയാളീ കുടുസിൽ കിടന്നു വീർപ്പുമുട്ടുന്നത്? അതൊന്നും മനസ്സിലാക്കാനുള്ള പ്രായം എനിക്കില്ലായിരുന്നു.

ഓഫീസിനടുത്ത് ഞാന്‍ കാര്‍ പാര്‍ക്ക് ചെയ്തു. എഫ്.എം റേഡിയോയില്‍ ഉടന്‍ നിരത്തില്‍ ഇറങ്ങാന്‍ പോകുന്ന റോബോട്ടിക് സംവിധാനമുള്ള ഡ്രൈവര്‍ലെസ്സ് കാറുകളെക്കുറിച്ചുള്ള സംഭാഷണമാണ്. എൻ്റെ  പഴഞ്ചന്‍ കാറിലെ റോബോട്ട് ആരാണെന്ന് പലപ്പോഴും ഞാന്‍ ആലോചിക്കാറുണ്ട്. ഡ്രൈവിംഗ് സീറ്റിലിരിക്കുന്നെങ്കിലും ഓര്‍മ്മകളുടെ ട്രാക്കിലൂടെയാണ് എൻ്റെ സഞ്ചാരം. പ്രോഗ്രാം ചെയ്തപോലെ സിഗ്നലുകളില്‍ നിര്‍ത്തിയും തട്ടാതെയും മുട്ടാതെയും അതെന്നെ ഉദ്ദേശസ്ഥാനത്ത് എത്തിക്കുന്നതും ഒരത്ഭുതം തന്നെ.

ഓഫീസ് മെയില്‍ തുറന്നപ്പോള്‍ അതില്‍ എനിക്കുള്ള സര്‍പ്രൈസ് കിടപ്പുണ്ടായിരുന്നു. ടെര്‍മിനേഷന്‍ ലെറ്റര്‍! കഴിഞ്ഞ പന്ത്രണ്ടു വര്‍ഷമായി ഈ കമ്പനിയില്‍ ജോലി നോക്കുന്നു. അക്കൌണ്ടിംഗ് സോഫ്റ്റ്‌വെയര്‍ പുതിയ പ്ലാറ്റ്ഫോമിലേക്ക് മാറുകയാണ്. പഴയ സ്റ്റാഫിനെ ട്രെയ്ന്‍ ചെയ്തെടുക്കുന്നതിലെ കാലതാമസം മറികടക്കാന്‍ അപ്പ്ഡേറ്റഡായ പുതിയ ചെറുപ്പക്കാരെ കമ്പനി റിക്രൂട്ട് ചെയ്തിരിക്കുന്നു.

ഡ്രോ തുറന്നു നോക്കി. പത്തുവര്‍ഷത്തെ വിശിഷ്ട സേവനത്തിന് ഉപഹാരമായി കിട്ടിയ ഫൌണ്ടേന്‍ പെന്‍ മഷി തീര്‍ന്നു കിടപ്പുണ്ട്. അതെടുത്ത് പോക്കറ്റില്‍ കുത്തി. കംപ്യൂട്ടറില്‍ നിന്നും പേര്‍സണല്‍ ഫയലുകള്‍ യു.എസ്.ബിയിലേക്ക് പകര്‍ത്തി. കോപ്പി ചെയ്തു തീരുംമുന്‍പ് “റീപ്ലെസ്‌ ദ ഫയൽ ഇൻ ദ ഡെസ്റ്റിനേഷൻ’ എന്ന് സ്ക്രീനില്‍ കാണിച്ചു. ഭാര്യക്കും മകനുമൊപ്പം നില്‍ക്കുന്ന ഫാമിലി ഫോട്ടോയായിരുന്നു അത്. കഴിഞ്ഞ വെക്കേഷന് എടുത്തത്. ‘നോ’ അമര്‍ത്തി, പെന്‍ ഡ്രൈവ് പോക്കറ്റിലാക്കി ഞാന്‍ ഇറങ്ങി നടന്നു.

എനിക്കപ്പോള്‍ മാത്യൂസേട്ടൻ്റെ പ്രായമായിരുന്നു.

ചെറുകഥാകൃത്തും സിനിമ തിരക്കഥാകൃത്തും. ടൈപ്പ്റൈറ്റർ (കഥാസമാഹാരം ) പുഞ്ചപ്പാടം കഥകൾ​ (ഹാസസാഹിത്യം),​സൂപ്പർ ജംഗിൾ റിയാലിറ്റി ഷോ​ (ബാലസാഹിത്യം), ഇഷാൻ എന്ന കുട്ടി(നോവൽ) എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന മലയാള ചലച്ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും എഴുതി. പതിനാലു വർഷം ദുബായിൽ സിവിൽ എഞ്ചിനിയറായി ജോലിചെയ്തു. ഇപ്പോൾ സ്വദേശമായ കുട്ടനാട്ടിലെ ചങ്ങങ്കരിയിൽ താമസം. ആർക്കിടെക്റ്റ് കൺസൽട്ടൻറ് ആയി പ്രവർത്തിക്കുന്നു. പാം അക്ഷരതൂലിക പുരസ്കാരം, പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ്, എന്നിവ ലഭിച്ചിട്ടുണ്ട്.