1
ഇന്ന് അര്‍ദ്ധരാത്രി എനിക്ക് മുപ്പത്തിയഞ്ചു വയസ്സ് തികയും. ഓര്‍ക്കുമ്പോള്‍ എന്തോ ഒരു ഉദ്വേഗം. ഒന്നും അവശേഷിപ്പിക്കാന്‍ കഴിയാതെ ജീവിതം അതിവേഗം തീര്‍ന്നു പോകുന്നതിന്റെ ആശങ്ക. മുന്‍പൊന്നും ഇങ്ങനെ തോന്നിയിരുന്നില്ല. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും വേണ്ടിയായിരുന്നു ജീവിതം. എങ്കിലും അടുത്തിടെയായി ഉള്ളിന്റെയുള്ളില്‍ എന്തോ ദ്രവിച്ചു തുടങ്ങിയിരിക്കുന്നു. സ്വന്തമായി ഒന്നുമില്ലാത്തതു പോലെ. ഒന്നും ആസ്വദിക്കാന്‍ കഴിയാത്തതുപോലെ.
ചെറുപ്പത്തില്‍ എനിക്ക് തുന്നല്‍ ഇഷ്ടമായിരുന്നു, ചിത്രം വരയും. സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ തുവാലകള്‍ എംബ്രോയിഡറി ചെയ്യുമായിരുന്നു. കണക്കു പഠിപ്പിച്ച സുനിതാ മിസ്സിന്റെ ബര്‍ത്ത്ഡേയ്ക്ക് ശലഭത്തിന്റെ ചിത്രം തുന്നിയ ഒരു വെളുത്ത തൂവാല ഞാന്‍ സമ്മാനിച്ചിരുന്നു.കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ മിസ്സിനെ കണ്ടു. മിസ്സിപ്പോഴും ആ തുവാല സൂക്ഷിക്കുന്നു. ഇപ്പോഴും ചിത്രം വരയും തുന്നലുമൊക്കെയുണ്ടോന്നു മിസ്സ് ചോദിച്ചപ്പോള്‍ എനിക്ക് കരച്ചില് വന്നു. അന്ന് രാത്രി ഞാന്‍ സുമയെ വിളിച്ചു. എന്റെ ബെസ്റ്റ് ഫ്രണ്ട്. സെയിന്റ് എഫ്രെയിംസ് സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ എന്റെ കൂട്ട്. സുനിതാ മിസ്സിനെ കണ്ട കാര്യം ഞാനവളോട് പറഞ്ഞു.
“അതിനിത്ര സങ്കടപ്പെടാന്‍ എന്തിരിക്കുന്നു ?” അവള് ചോദിച്ചു.
“എനിക്ക് പണ്ടത്തെ എന്നെ ഓര്‍മ്മ പോലുമില്ല. സ്കൂളിലൊക്കെ പഠിച്ചത് വേറെയാരോ ആണെന്നുപോലും തോന്നുന്നു.”
“ആരുമായിട്ടും കമ്പനി ഇല്ലാതെ നടക്കുന്ന കൊണ്ടാ. നീ സോഷ്യല്‍ മീഡിയയിലോക്കെ ആക്ടീവാകണം .” അവള് ഉപദേശിച്ചു.
എനിക്ക് ഇഷ്ടമില്ലാഞ്ഞിട്ടല്ല. മര്യാദക്ക് ഉറങ്ങാന്‍പോലും നേരമില്ല. സോഫ്റ്റ്വെയര് കമ്പനിയിലെ ജോലിയും വീട്ടിലെ പണിയും കുട്ടികളെ പഠിപ്പിക്കലും .
ഇന്ന് കമ്പനിയില്‍നിന്ന് ഇറങ്ങിയപ്പോള്‍ ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. ക്യാബിന്റെ ചില്ലില്‍ക്കൂടി നോക്കിയപ്പോള്‍ ആകാശത്തിന് വിളറിയ ചാര നിറം. നഗരത്തിനു കുറുകെ ഒരു മഴവില്ല് തെളിഞ്ഞിരിക്കുന്നു. മെലിഞ്ഞു ക്ഷീണിച്ച മഴവില്ല്. ഗ്ലാസ് വിന്‍ഡോ തള്ളി നീക്കിയാല്‍ ആ മഴവില്ല് ശരിക്കും കാണാം. കണ്ണില്‍ ഉറക്കം വന്നു മൂടുന്നതുകൊണ്ട് അതിനു ശ്രമിച്ചില്ല. പെട്ടെന്നാണ് ഫോണ്‍ ബെല്ലടിച്ചുത്, സുമയാണ്.
“വാട്സപ്പില്‍ നമ്മുടെ സ്കൂള്‍ ഗ്രൂപ്പിന്റെ ലിങ്ക് അയച്ചിട്ടുണ്ട്. നീ അതില്‍ ജോയിന്‍ ചെയ്യണം.”
“എനിക്കെങ്ങും വയ്യ.”
“വേണം. ഒരു ചെയിഞ്ച് നല്ലതാ. നീ അനിലുമായ് മറ്റെക്കാര്യം സംസാരിച്ചോ ?”
“ഇല്ല….”
“തുറന്നു സംസാരിക്കണം. പറ്റില്ലെങ്കില്‍ ഉപേക്ഷിക്കണം. എന്തിനാ വെറുതെ സഹിക്കുന്നത്?”
“കുട്ടികളുടെ കാര്യം ഓര്‍ക്കുമ്പോള്‍…”ഞാന്‍ പാതിയില്‍ നിര്‍ത്തി.
“നിന്റെ സ്ഥാനത്തു വേറെ വല്ല പെണ്ണുങ്ങളുമായിരുന്നെങ്കില്‍ അയാളെ കൊന്നേനെ…” അല്‍പ്പനേരത്തേ മൗനത്തിനുശേഷം സുമ പറഞ്ഞു.
“അതാ എന്റെ പേടി.മേ ബി ഐ ആം അബ്നോര്‍മല്‍ .”
“ഒന്ന് പോടീ… എന്തായാലും നീ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യണം. ഞാന്‍ പിന്നെ വിളിക്കാം. ഇത്തിരി പണിയുണ്ട്.”
ക്യാബില്‍ നിന്നിറങ്ങി ഫ്ലാറ്റിലേക്ക് നടന്നു. എതിരെ ഒരു യുവാവും യുവതിയും ഒട്ടിച്ചേര്‍ന്നു നടന്നു വരുന്നു. ചെറുപ്പക്കാരന്റെ തോളില്‍ തല ചായിച്ചാണ് അവളുടെ നടപ്പ്. ശരീരത്തിന്റെ വടിവുകളില്‍ ഉടവ് തട്ടാത്ത അവളുടെ യുവത്വം. ഞാനോ ?അനില്‍ കഴുത്തില്‍ താലി കെട്ടിയ നിമിഷം ഞാന്‍ വൃദ്ധയായി. കണ്ണാടിയില്‍ നോക്കിയാല്‍ നഷ്ടപ്പെട്ട ഉറക്കങ്ങള്‍ കണ്തടങ്ങളില് തീര്‍ത്ത കറുത്ത വലയങ്ങള്‍ കാണാം. ഒരു നിമിഷം അനിലിനോടു സഹതാപം തോന്നി. അയാള്‍ക്കെന്നെ സ്നേഹിക്കാന്‍ കഴിയില്ല. എന്നാല്‍ ഉപേക്ഷിക്കാനും കഴിയില്ല.
ആദ്യരാത്രിയില്‍ അനില്‍ ഒരു പാവയെ നോക്കുന്നതുപോലെ എന്നെ കുറച്ചു നേരം നോക്കിയിരുന്നു. പിന്നെ കവിളില്‍ നുള്ളിക്കൊണ്ട് പറഞ്ഞു.
“എനിക്ക് ലക്ഷങ്ങള്‍ കടമുണ്ട്. “ ഗ്ലാസില്‍ ഒഴിച്ച് വച്ച മദ്യം ഒറ്റ വലിക്ക് കുടിച്ചുകൊണ്ട് അയാള്‍ ബാക്കി പൂര്‍ത്തിയാക്കി. “അത് വീട്ടാനാണ് നിന്നെ കെട്ടിയത്.”
അനിലിന്റെ മദ്യപാനത്തെക്കുറിച്ച് തന്റെ അമ്മയോട് പറഞ്ഞു .
“ഇപ്പൊ കല്യാണം കഴിഞ്ഞതല്ലേയുള്ളൂ.ആണുങ്ങള് അങ്ങിനൊക്കെയാണ്.” മൂത്ത മകന് ഉണ്ടായതിനു ശേഷം അനിലിന്റെ മദ്യപാനം കൂടി. ഒരു ജോലിയിലും സ്ഥിരമായി നില്‍ക്കില്ല. അഡിക്ഷന് സെന്ററില്‍ പോകുന്ന കാര്യം അമ്മയോട് പറഞ്ഞു തുടങ്ങിയെങ്കിലും പൂര്‍ത്തിയാക്കാന്‍ സമ്മതിച്ചില്ല.
“എന്താ നിന്റെ ഉദ്ദേശ്യം ?” ഇവിടെ വന്നു നില്‍ക്കാനോ ?”
രണ്ടാമത്തെ കുഞ്ഞിനുശേഷം തങ്ങള്‍ക്കിടയില്‍ ശരീരം പങ്കു വയ്ക്കുന്നത് തീരെ കുറഞ്ഞിരുന്നു. രതിയില്‍ ഏര്‍പ്പെടുമ്പോള്‍ അനിലിന്റെ മനസ്സ് മറ്റെവിടെയോ ആണെന്ന് പലപ്പോഴും തോന്നി. ഒരു രാത്രിയില്‍ തന്നിലേക്ക് ആഴ്ന്നിറങ്ങുന്നതിനിടയില് അയാള്‍ ജനാലയ്ക്കപ്പുറത്തെ ആകാശം നോക്കി ചിരിച്ചു. അത് പതിവില്ലാത്തതാണ്.ആ നിമിഷം അയാളുടെ മാറ്റത്തിന്റെ കാരണം എനിക്ക് മനസ്സിലായി. മറ്റൊരു സ്ത്രീ.
ഫ്ലാറ്റിന്റെ മുന്പിലെത്തിയപ്പോള് കൊതിയോടെ മുകളിലേക്ക് നോക്കി. ക്യാബിലിരുന്നു കണ്ട മഴവില്ല് മാഞ്ഞിരിക്കുന്നു. അതിന്റെ സ്ഥാനത്ത് ഒരു കരുവാളിച്ച മേഘം. ലിഫ്റ്റില്‍ നില്ക്കുമ്പോള് കരച്ചില് വന്നു. എന്താന്നറിയില്ല,ഈ വെളുത്ത ചതുരപ്പെട്ടിയില്‍ തനിച്ചു നില്ക്കുമ്പോള് കരച്ചില് വരും. എന്നാലോ കണ്ണ് നിറയുന്നതിനു മുന്‍പ് നാലാം നിലയിലെ അപ്പാര്‍ട്ട്മെന്റിന്റെ മുന്പില് എത്തുകയും ചെയ്യും.
മൂത്ത മോന് വീഡിയോ ഗെയിം കളിക്കുന്നു. മറ്റെയാള്‍ കാര്‍ട്ടൂണ്‍ കാണുന്നു.
“പപ്പയെവിടെ മക്കളെ ?”
“ഫോണിലാ.”മൂത്തവന് ഗെയിമില്‍ നിന്ന് മുഖമെടുക്കാതെ പറഞ്ഞു.
മുറിയുടെ ഇരുണ്ട മൂലയില്‍ നിന്നുകൊണ്ട് അനില്‍ മൊബൈലില്‍ ശബ്ദം കുറച്ചു സംസാരിക്കുന്നു.
തന്നെക്കണ്ടതും അനിലിന്റെ മുഖം പതറി.
“നീ എന്താ വരാന്‍ താമസിച്ചത് ?”ഫോണ്‍ മാറ്റാതെ അനില്‍ ചോദിച്ചു.
“ഇറങ്ങാന്‍ നേരം ഒരു ക്ലയന്റ് മീറ്റ്.”
“നീ വരാന്‍ താമസിച്ചത് കൊണ്ട് ഞാന്‍ സ്വിഗ്ഗിയില്‍നിന്ന് ഓര്‍ഡര്‍ ചെയ്തു.” അനില്‍ പറഞ്ഞു.
പിന്നെ ഫോണുമായി അടുക്കളയിലേക്ക് നടന്നു. ഇപ്പോള്‍ അനില്‍ എന്റെ മുഖത്ത് പോലും നോക്കാറില്ല. അയാള്‍ ഫ്രിഡ്ജില്‍ നിന്ന് ഒരു ബിയര്‍ എടുത്തു പൊട്ടിച്ചു. വീണ്ടും ഫോണുമായി ബാല്‍ക്കണിയിലേയ്ക്ക്.
ഷവറിനുകീഴില്‍ നിന്നപ്പോള്‍ ഇടനെഞ്ച് വിങ്ങി. അനില്‍ ഫോണില്‍ സൊള്ളുന്നത് മനസ്സില്‍ തെളിഞ്ഞു. അടുത്ത നിമിഷം ആ ചിത്രം മനസ്സില്‍ നിന്ന് മായ്ച്ചു. ജലത്തിന്റെ ആലിംഗനം. അത് മാത്രമാണ് ഈ നിമിഷം, ഈ നിമിഷം. ഈ മണിക്കൂര്‍ … ഈ ദിവസം. ഈ കണക്കിലാണ് ഞാനിപ്പോള്‍ ജീവിതം കടത്തിവിടുന്നത്.കൂടുതല്‍ ചിന്തിച്ചാല്‍ ചിലപ്പോള്‍..
തല തുവര്ത്തിക്കൊണ്ടിരുന്നപ്പോള് പുറത്ത് കുട്ടികള്‍ ഒച്ച വയ്ക്കുന്നത് കേട്ടു. അവരുണ്ട് തനിക്ക്. ഒരു തണുപ്പ് മനസ്സില്‍ നിറഞ്ഞു. അതുകൊണ്ടാവണം അതുവരെ മാറിനിന്ന വിശപ്പ് ശക്തിയോടെ ആക്രമിച്ചു. ഉച്ചയ്ക്കും ഒന്നും കഴിച്ചില്ല. തല തുവര്‍ത്തുന്നത് വേഗത്തിലാക്കി. പെട്ടെന്ന് ചെന്ന് കുട്ടികള്‍ക്കൊപ്പമിരുന്നു കഴിക്കണം.
തീന് മുറിയിലേക്ക് ചെല്ലുമ്പോള്‍ അനിലും കുട്ടികളും ഭക്ഷണം കഴിച്ചു തീരാറായിരുന്നു.
“ഞങ്ങള്‍ നേരത്തെയിരുന്നു. ഇവന്മാര്ക്ക് ഭയങ്കര വിശപ്പ്…” അനില്‍ കോഴിക്കാല് കടിച്ചുകൊണ്ട് പറഞ്ഞു. കുട്ടികള്‍ തന്നെ ശ്രദ്ധിക്കുന്നു പോലുമില്ല. അവര്‍ ടാബിലും ടി.വിയിലും നോക്കിയിരുന്നാണ് കഴിക്കുന്നത്. വഴക്ക് പറയാന്‍ നാവു പൊന്തിയതാണ്. അപ്പോഴാണ് ഇളയവന് തന്റെ ചിക്കന്റെ പങ്കു കൂടി അനിലിന്റെ പ്ലേറ്റില്‍ ഇടുന്നത് കണ്ടത്. അനില്‍ അവനു ചപ്പാത്തി കറിയില്‍ മുക്കി വായില്‍ വച്ചുകൊടുക്കുന്നു.
“അമ്മ നോക്കി നില്‍ക്കാതെ പോയെ… കൊതികാരണം പപ്പയ്ക്ക് വല്ല അസുഖവും വരും.” മൂത്തവന്റെ കമന്റ്.
ചിരിച്ചെന്നു വരുത്തി അടുക്കളയിലേക്ക് നടന്നു. കണ്ണ് നിറഞ്ഞു.
കുട്ടികള്‍ അനിലിന്റെ മുറിയിലാണ് കിടക്കുന്നത്. ഞാന്‍ മറ്റൊരു മുറിയിലും. കുട്ടികള്‍ക്ക് എല്ലാ കാര്യത്തിലും പപ്പയെ മതി. പപ്പ എന്ത് കാണിച്ചാലും അവര്‍ക്കൊന്നുമില്ല. എന്നെ അവര്‍ക്കിഷ്ടമല്ല. അവര്‍ക്ക് ഞാന്‍ അനാവശ്യമായ നിയന്ത്രണവുമായി ചെല്ലുന്ന ഒരു ഉപദ്രവം മാത്രം. അനില്‍ കുട്ടികളോട് ദേഷ്യപ്പെടില്ല. വഴക്ക് പറയുകയോ തല്ലുകയോ ചെയ്യില്ല. രണ്ടാളുടെയും ഹോം വര്‍ക്ക് നോക്കുന്നതും പഠിപ്പിക്കുന്നതും താന്‍ തന്നെ. എന്തെങ്കിലും കാര്യത്തിനു വഴക്ക് പറഞ്ഞാല്‍ രണ്ടാളും അനിലും ഒന്നിച്ചു തന്റെ നേര്‍ക്ക് തിരിയും.
സിങ്ക് നിറയെ കഴുകാനുള്ള പാത്രങ്ങള്‍. തറ മുഴുവന്‍ അഴുക്ക്. അപ്പോഴാണ് മൂത്തവന് ഒരു നോട്ടുബുക്കുമായ് വന്നത്.
“മമ്മീ, ഈ പ്രോബ്ലം ഒന്ന് സോള്‍വ് ചെയ്യാന്‍ കൂടാമോ?” അനില്‍ മൊബൈലുമായി ബാല്‍ക്കണിയില്‍ നിന്ന് സൊള്ളല് തുടരുന്നു.
“പോയി നിന്റെ പപ്പയോട് പറ.” സ്വരം അല്‍പ്പം ഉയര്‍ന്നു.
“ഇത്രയും നേരം ഇവിടെ സമാധാനമുണ്ടായിരുന്നു. മമ്മി വന്നാലുടന്‍ ഒച്ച തുടങ്ങും. വൈ ആര് യൂ ഷൌട്ടിംഗ് ?” അവന് കണ്ണ് മിഴിച്ചുകൊണ്ട് ചോദിച്ചു.
ഒരു കീറ് വച്ച് കൊടുക്കാന്‍ തോന്നി. പക്ഷേ അവന്റെ നീല ടീഷര്‍ട്ട് അപ്പോഴാണ് ശ്രദ്ധിച്ചത്. ചളി പടര്‍ന്നിരിക്കുന്നു. ഒരുപാട് തുണി അലക്കാനും തേക്കാനുമുണ്ട്.
കിടക്കുന്നതിനു മുന്‍പ് തീര്‍ക്കാന്‍ നൂറു പണികളുണ്ട്. ആലോചിച്ചു നില്ക്കാന് എവിടെ സമയം ? മുടി മാടിക്കെട്ടി സിങ്കിനരികിലേക്ക് നീങ്ങി. പാത്രങ്ങള്‍ കഴുകി വൃത്തിയാക്കുമ്പോള്‍ മനസ്സു കഴുകുന്ന ഒരു സുഖം പണ്ട് കിട്ടുമായിരുന്നു. ഇപ്പൊ അതുമില്ല. ഒരു വെറും പണി.
ഫോണ്‍ ബെല്ലടിച്ചു. സുമയാണ്.
“നീ എന്താ സ്കൂള്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാഞ്ഞത് ? ലിങ്ക് കണ്ടില്ലേ ?” അവള് ചോദിച്ചു.
“നേരം കിട്ടിയില്ല.കിടക്കാന്‍ നേരം നോക്കാം.പോരെ?”
“മതി മതി. നിന്റെ ആരാധകര്‍ അവിടെ കാത്തുനില്‍ക്കുന്നുണ്ട്.”
“ആരാധകരോ ?ആര്? !”
“നിനക്ക് വിശാഖിനെ അറിയാമോ ?നമ്മുടെ ജസ്റ്റ് സീനിയറാരുന്നു.”
“ഇല്ല.”
“ഇല്ലേ? ഞാന്‍ വിചാരിച്ചു നിനക്ക് അറിയാമെന്ന്. നിന്നെ ഗ്രൂപ്പിലേക്ക് ചേര്‍ക്കണമെന്നു എന്നോട് പറഞ്ഞത് അയാളാ…”
“ആണോ ?എനിക്ക് അങ്ങിനെ ഒരാളെ ഓര്‍മ്മ പോലുമില്ല.”
“ഏറ്റവും രസം അതൊന്നുമല്ല. നാളെ അല്ലെ നിന്റെ ബര്‍ത്ത്ഡേ.. നിന്നെ ഇന്ന് ഗ്രൂപ്പില്‍ ചേര്‍ത്താല്‍ എല്ലാര്ക്കും കൂടി നിന്നെ വിഷ് ചെയ്യാമല്ലോ എന്ന് അയാളാ പറഞ്ഞത്..”
“ഈശ്വരാ ! അയാള്‍ക്ക് എങ്ങിനെ എന്റെ ബര്‍ത്ത്ഡേ അറിയാം ?” അമ്പരപ്പോടെ ചോദിച്ചു.
“അതെനിക്കറിയില്ല. എന്റെയൊന്നും ബര്‍ത്ത്ഡേ ആര്‍ക്കും അറിയില്ല. ഗ്ലാമര്‍ ഉള്ളോരുടെ ബര്‍ത്ത്ഡേയൊക്കെ ഓര്‍ക്കാന്‍ ആളുണ്ട്.” അവള് പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
പപ്പായ്ക്ക് ടച്ചിങ്ങ്സ് വേണമെന്ന് പറഞ്ഞു ഇളയവന് അടുക്കളയിലേക്ക് വന്നതോടെ ആ സംസാരം മുറിഞ്ഞു.
വെള്ളരിക്കാ സാലഡ് ഉണ്ടാക്കി. സവോള അരിഞ്ഞു വിന്നാഗിരി ചേര്‍ക്കുന്നതിനിടയില്‍ കണ്ണ് നീറി. ഉള്ളില്‍ ഒരു ചോദ്യം മാത്രം. ആരാണീ വിശാഖ് ? അയാള്‍ക്കെന്നെ ഇത്രയ്ക്ക് അറിയാവുന്നത് എങ്ങിനെ ?
എത്ര പെട്ടെന്നാണ് മനസ്സിന്റെ കാലാവസ്ഥ മാറുന്നത്. ഇത്രയും നേരം അസ്വസ്ഥതയുടെ വെയില്. അജ്ഞാതനായ ആരോ ജന്മദിനം ഓര്‍മ്മിക്കുന്നു എന്ന് കേട്ടപ്പോള്‍ സന്തോഷത്തിന്റെ തണുപ്പ്. അടുക്കളയില്‍നിന്ന് കയറിവന്നപ്പോള്‍ കുട്ടികള്‍ ടി.വിയുടെ മുന്പിലെ സോഫയില്‍ കിടന്നു ഉറക്കമാണ്. മൂത്തയാള്‍ അനിലിന്റെ തോളില്‍ ചാരിയിരിക്കുന്നു. മറ്റെയാള്‍ അനിലിന്റെ മടിയില്‍. അനില്‍ ഫോണില്‍ കുത്തിക്കൊണ്ടിരിക്കുകയാണ്.
“കിടക്കുന്നില്ലേ ?” ഞാന്‍ ചോദിച്ചു.
“ഇല്ല. ഒരു കോള്‍ വരാനുണ്ട്.”.ശബ്ദത്തില്‍ ഒരു കുഴച്ചില്‍. ടേബിളില്‍ കാലിയായ മൂന്നു ബിയര്‍ കുപ്പികള്‍.
“എങ്കില്‍ പിള്ളേരെ കൊണ്ടുപോയി കിടത്തു. അവര്‍ക്ക് നാളെ എക്സാം ഉണ്ട്.”
“തനിക്ക് കൊണ്ടുപോയി കിടത്തിക്കൂടെ ?” അനിലിന്റെ സ്വരം ഉയര്‍ന്നില്ലെങ്കിലും അതിലടക്കിപ്പിടിച്ച ദേഷ്യം മനസ്സിലായി.
രണ്ട് പേരെയും തട്ടിയുണര്‍ത്തി.
“പപ്പ വരുന്നില്ലേ കിടക്കാന്‍ ?”ഇളയവന് അനില്‍ ഇല്ലാതെ കിടക്കാന്‍ കഴിയില്ല.
“ഞാന്‍ വരാം .മോന് പോയി കിടന്നോളൂ…” അനില്‍ ഫോണില്‍ നിന്ന് മുഖം ഉയര്‍ത്താതെ പറഞ്ഞു.
“ഒത്തിരി ലേറ്റായി പപ്പാ . .ലെറ്റസ് സ്ലീപ്.”
“ശരി ശരി.ഞാനിപ്പൊ വരാം.” അനില്‍ ഫോണ്‍ ടേബിളില്‍ വച്ച് ബാത്ത് റൂമിലേക്ക് നടന്നു.
രണ്ടുപേരെയും എഴുന്നേല്‍പ്പിച്ചു അനിലിന്റെ മുറിയില്‍ കൊണ്ടുപോയി കിടത്തി. തിരിച്ചു വരുമ്പോള്‍ അനിലിന്റെ ഫോണ്‍ വൈബ്രേറ്റ് ചെയ്യുന്നു.
ഡിസ്പ്ലേയില്‍ ഒരു യുവതിയുടെ മുഖം. അനിലിന്റെ കമ്പനിയിലെ റിസപ്ഷനിസ്റ്റ്. ഫോണെടുക്കാന്‍ തുനിഞ്ഞതാണ്. അപ്പോഴേക്കും പിറകില്‍ കാല്‍പ്പെരുമാറ്റം കേട്ടു. മൂത്തമകന്.
“മമ്മീ, ഫോണ്‍ എടുക്കണ്ട.” വല്ലാത്ത ഒരു ഭാവത്തോടെ അവന് പറഞ്ഞു.
“അത് പപ്പയുടെ ഗേള്‍ ഫ്രണ്ടാ… ഇന്നാളു ഞാന്‍ ഫോണെടുത്തു നോക്കിയപ്പോള്‍ വാട്സപ്പില്‍ എന്തൊക്കെയോ അയച്ചിരിക്കുന്നു. ഫോണ്‍ എടുത്തതിനു അന്ന് പപ്പ കുറെ ചീത്ത പറഞ്ഞു.”
അവന്റെ മുഖത്തു നോക്കാതെ സ്വന്തം മുറിയിലേക്ക് നടന്നു. ഇപ്പോള്‍ ഇങ്ങനത്തെ സംഭാഷണമൊന്നും തന്നെ സ്പര്‍ശിക്കുന്നതേയില്ല. ഇവിടെ താന്‍ അന്യയാണ്. എവിടെയും താന്‍ അന്യയാണ്. ഒരുതരത്തില്‍ അതൊരു സ്വാതന്ത്ര്യമാണ്, വേദനിപ്പിക്കുന്ന സ്വാതന്ത്ര്യം.
കിടന്നു കഴിഞ്ഞു ഫോണ്‍ തുറന്നു. പുതിയ ഗ്രൂപ്പിന്റെ ഇന്‍വൈറ്റ് വന്നു കിടപ്പുണ്ട്. സെയിന്റ് എഫ്രെയിംസ് മെമ്മറീസ്, നല്ല പേര്. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്തതതും ചറപറാ മെസേജ് വന്നു. ചിലരെ തിരിച്ചറിഞ്ഞു. ചിലരെ മനസ്സിലായില്ല.
“എവിടെ ജോലി ചെയ്യുന്നു?ഫാമിലിയൊക്കെ ?” സ്ഥിരം ചോദ്യങ്ങള്‍.
മെസേജുകള്കിടയില് തിരഞ്ഞത് അയാളെയാണ്. വിശാഖ്. എന്നാല്‍ അയാളുടെ സന്ദേശം കണ്ടതേയില്ല. ഗ്രൂപ്പിലെ അംഗങ്ങളുടെ ലിസ്റ്റ് എടുത്തു വിശാഖിനെ തിരഞ്ഞു.
വിശാഖ് മേനോന്.
ഒരു പൂച്ചക്കുട്ടിയെയും നെഞ്ചിലേറ്റി നില്ക്കുന്ന സുമുഖന്‍. ഓര്‍മ്മയില്‍ ഇങ്ങനെ ഒരു മുഖമില്ല. എങ്കിലും ഇയാള്‍ക്ക് തന്റെ ജന്മദിനം അറിയാം. താന്‍ പോലും മറന്നു തുടങ്ങിയ തന്റെ പിറന്നാള്‍. അയാളുടെ മുഖത്തേക്കും ആ പൂച്ചക്കുട്ടിയെയും നോക്കിയിരിക്കെ കണ്ണുകളില്‍ ഉറക്കം വന്നു തടഞ്ഞു. ഒരു വാഴപ്പോളയില്‍ തെന്നിയിറങ്ങുന്നത് പോലെ ഉറക്കത്തിന്റെ പുല്പ്പരപ്പിലേക്ക് വഴുതിവീണു. ഒരു മെസേജ് അലര്‍ട്ട് വന്നപ്പോള്‍ ഞെട്ടിയുണര്‍ന്നു. രാത്രി കൃത്യം പന്ത്രണ്ടു മണി.
“ഹാപ്പി ബര്‍ത്ത്ഡേ.” ഫോണില്‍ വിശാഖിന്റെ സന്ദേശം.
“താങ്ക്സ് “എന്ന് മറുപടി കൊടുത്തതും അയാളുടെ വോയിസ് വന്നു.
“ഞാന്‍ വിശാഖ്. ഇയാള്‍ക്ക് എന്നെ ഓര്‍മ്മ കാണില്ല എന്നുറിയാം.”
ബാക്കി കേള്‍ക്കുന്നതിനു മുന്‍പ് സുമയുടെ ഫോണ്‍ വന്നു. അവള് മാത്രമേ വിഷ് ചെയ്യാന്‍ വിളിക്കാറുള്ളു.
വിശാഖിന്റെ കാര്യം പറഞ്ഞപ്പോള്‍ അവള് ഒന്ന് ഉറക്കെ ചിരിച്ചു.
“നിനക്ക് ഇതൊരു അവസരമാണ്.” ചിരി നിര്‍ത്തിയതിനുശേഷം സുമ പറഞ്ഞു.
“എന്തിന് ?”
“ഹസ്ബന്‍ഡ് ചീറ്റു ചെയ്യുന്നതില്‍ നിന്നുണ്ടാകുന്ന മുറിവില്‍ നിന്ന് രക്ഷപെടാന്‍ ഒരു വഴി. വിഷത്തിനു വിഷം തന്നെ പരിഹാരം.”
“മനസ്സിലായില്ല.”
“സ്റ്റാര്‍ട്ട് അനദര്‍ റിലേഷന്‍ഷിപ്പ്.” സുമ മെല്ലെ പറഞ്ഞു.
“നിനക്കൊരു കാര്യം അറിയാമോ ?വിശാഖിനു നിന്നെ ഇഷ്ടമാണ്. എനിക്ക് ഉറപ്പാണ്. ഹീ ലൈക്സ് യൂ…”
സുമ പറഞ്ഞുകൊണ്ടിരുന്നു.
“വച്ചിട്ടു പോടീ..ഉറക്കം വരുന്നു.”അങ്ങിനെ പറഞ്ഞു ഫോണ്‍ കട്ട് ചെയ്തു.
ഉറങ്ങുന്നതിനുമുന്പ് വിശാഖിന്റെ ഡി.പി വീണ്ടും നോക്കി. നീല ടീഷര്‍ട്ട്. കട്ട താടി. പിന്നെ മൂടല്‍ മഞ്ഞു പരന്നുകിടക്കുന്ന തേയിലത്തോട്ടം. പിന്നെ.. നെഞ്ചില്‍ ഒരു പൂച്ചക്കുട്ടിയും.
2
“എനിക്ക് ഇയാളെക്കുറിച്ച് ഒരുപാട് കാര്യങ്ങള്‍ അറിയാം. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ ഭാരതാംബയുടെ വേഷം ചെയ്തത് ഓര്‍മ്മയുണ്ടോ ? ഒരു ചുവന്ന പട്ടുപോലെയുള്ള ഡ്രസ് ഒക്കെയിട്ടു….”
“ശരിയാണ്…പക്ഷേ അതൊക്കെ ഞാന്‍ പോലും മറന്നുപോയി…”
“ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്പോര്‍ട്സ് ഡേയുടെ അന്ന് താനും സുമയും കൂടി സ്കൂളില്‍ നിന്ന് മുങ്ങി ടൗണില്‍ ഐസ്ക്രീം കഴിക്കാന്‍ പോയത് ഓര്‍മ്മയുണ്ടോ ? അന്ന് ഞാന്‍ നിങ്ങളുടെ പിറകെയുണ്ടായിരുന്നു.. നിങ്ങള്‍ ഐസ്ക്രീം പാര്‍ലറിലിരുന്നു ഏതു സിനിമ കാണണം എന്ന് ഡിസ്കസ് ചെയ്യുന്നതൊക്കെ ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. യുവറാണിയില്‍ അക്ഷയ്കുമാറിന്റെ ഖയാമത്ത് എന്ന സിനിമ വന്ന ദിവസമായിരുന്നു. തനിക്ക് ഖയാമത്തു കാണാന്‍ ആരുന്നു ഇഷ്ടം. സുമയ്ക്ക് യൂണിവേഴ്സല്‍ തിയേറ്ററില്‍ അര്‍ജുന്റെ ചെങ്കോട്ട എന്ന് തമിഴ് പടം കാണാനായിരുന്നു താല്പര്യം. പക്ഷേ യൂണിവേഴ്സലിലേയ്ക്ക് പോകുന്ന വഴി സുമയുടെ അമ്മാവന്റെ സ്റ്റുഡിയൊ ഉള്ളത് കൊണ്ട് അങ്ങോട്ട് പോകാന്‍ മടിച്ചു.”
വിശാഖ് പറഞ്ഞുകൊണ്ടിരുന്നു. രാത്രി മൂന്നുമണിയായിട്ടും ഞങ്ങളുടെ സംസാരം തീരുന്നില്ല.
“എനിക്ക് പക്ഷേ വിശാഖിനെ ഒട്ടും ഓര്‍മ്മയില്ല.” ഞാന്‍ പറഞ്ഞു.
“എന്നെ ആര്‍ക്കും ഓര്‍മ്മയില്ല. എന്തിന്,എന്റെ ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് പോലും എന്നെ ഓര്‍മ്മയില്ല.
മിഡില്‍ ബഞ്ചില്‍ ഒരു കോര്‍ണറിലായിരുന്നു സ്ഥിരം സീറ്റ്. നല്ലപോലെ പഠിക്കുന്നവരെയും വലിയ ഉഴപ്പന്മാരെയും എല്ലാവരും ഓര്‍ക്കും. എന്നെപ്പോലെയുള്ളോരേ ആരോര്‍ക്കാനാ ?” വിശാഖ് ചിരിച്ചു.
വിശാഖ് മേനോന് ഒരു വെറ്റിനറി ഡോക്ടറാണ്. തനിച്ചാണ് ജീവിക്കുന്നത്. ഇടയ്ക്കിടെ ക്ലിനിക്കിലെ ഫോട്ടോസ് അയച്ചു തരും. പട്ടിയുടെയും പൂച്ചയുടെയും ആടിന്റെയും ഒക്കെ കൂടെയാണ് അയാള്‍ പകല്‍ നേരങ്ങള്‍ ചെലവഴിക്കുന്നത്.
എന്നും രാവിലെ അയാളുടെ ഗുഡ്മോണിംഗ് മെസേജ് എന്നെ ഉണര്‍ത്തി. രാത്രി കിടക്കുന്നതിനു മുന്‍പ് ഗുഡ് നൈറ്റ്. ഇടയ്ക്കിടെ അന്വേഷണങ്ങള്‍. അയാളുമായി സംസാരിച്ചാല്‍ സമയം പോകുന്നത് അറിയില്ല. ഒന്ന് മാത്രം അയാള്‍ പറഞ്ഞില്ല. എന്നെ അയാള്‍ ഇഷ്ടപെടുന്നു എന്ന കാര്യം. സ്കൂളില്‍ പഠിക്കുന്ന കാലത്ത് തുറന്നു പറയാത്ത ഇഷ്ടം അയാള്‍ ഇപ്പോഴും മറച്ചു പിടിക്കുന്നതെന്താണ്? അയാള്‍ തന്നെ ഇഷ്ടമാണ് എന്ന് തുറന്നു പറഞ്ഞാല്‍ താന്‍ എന്ത് പറയും ?
“ഞാനായിരുന്നെങ്കില്‍ യെസ് പറയും.” സുമ പറഞ്ഞു.
ഇപ്പോള്‍ അനിലിന്റെയും മക്കളുടെയും അവഗണന കാണുമ്പോള്‍ സങ്കടം തോന്നുന്നില്ല. പകരം ഗുഡമായ ഒരു സന്തോഷം.
വിശാഖിന്റെ മെസേജുകള്‍ക്കായി കാത്തിരുന്നു. അയാള്‍ ഓഫ് ലൈന്‍ ആയിരിക്കുമ്പോള്‍ പോലും അയാളുടെ ഡി.പി നോക്കിയിരിക്കും.അയാളുടെ നെഞ്ചിലെ വെളുത്ത പൂച്ചകുട്ടിയോട് അസൂയ തോന്നി. ഇനിയും അയാള്‍ തുറന്നു സംസാരിക്കാത്തതെന്താണ് ?
“നീ അയാളുമായി ഒന്ന് നേരിട്ട് സംസാരിക്കൂ..” സുമ ഉപദേശിച്ചു.
“അത് വേണോ .”ഞാന്‍ സന്ദേഹിച്ചു.
“വേണം. പക്ഷേ നീയായിട്ടു പറയണ്ട. അയാള്‍ ഇങ്ങോട്ട് പറയട്ടെ.” സുമ പറഞ്ഞു.
കുട്ടികള്‍ സ്കൂള്‍ ടൂറിനു പോയി. രണ്ടു പേരെയും ഒരുക്കി സാധനങ്ങള്‍ പാക്ക് ചെയ്തു രാത്രി വൈകിയാണ് ഉറങ്ങിയത്. പിറ്റേന്ന് നല്ല തലവേദന. വിശാഖിനു ഒരു മെസേജ് അയച്ചു. മറുപടിയില്ല. രണ്ടു മൂന്നു ദിവസമായിട്ട് വിശാഖിനെ ഓണ്‍ലൈനില്‍ കാണാറില്ല. നാട്ടില്‍ പേപ്പട്ടി പ്രശ്നം രൂക്ഷമായിരിക്കുന്നത് കൊണ്ട് വാക്സിനേഷന് നല്‍കുന്നതിന്റെ തിരക്കാണെന്ന് പറഞ്ഞിരുന്നു. ഉച്ചയായപ്പോള്‍ തലവേദന കൂടി. പെട്ടെന്ന് വിശാഖിന്റെ ഫോണ്‍ വന്നു.
“എന്ത് പറ്റി.തലവേദനയാണോ ?” വിശാഖ് ചോദിച്ചു.
“എങ്ങിനെ മനസ്സിലായി ?”
“എനിക്കും തലവേദനയാ.” വീട്ടില്‍ പോയി വിശ്രമിക്കാന്‍ വിശാല്‍ പറഞ്ഞു.
കെയര്‍. ഞാന്‍ ആഗ്രഹിക്കുന്നത് ആ ഔഷധമാണ്.അത് മാത്രമാണ്.
ടാക്സി വിളിച്ചു ഫ്ലാറ്റിലെത്തി. തല പൊട്ടിപ്പൊളിയുന്ന വേദന. ബാഗില്‍നിന്ന് താക്കൊലെടുക്കാന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. വാതില്‍ അകത്തു നിന്ന് പൂട്ടിയിരിക്കുന്നു. അനില്‍ നേരത്തെ വന്നോ?
ബെല്ലടിച്ചു.
വാതില്‍ തുറന്നത് അവളാണ്. റിസപ്ഷനിസ്റ്റ്. വാട്സപ്പ് ഡി.പിയില്‍ കണ്ടതിനേക്കാള്‍ സുന്ദരി. മേല്‍ച്ചുണ്ടില്‍ വിയര്‍പ്പുതുള്ളി കിനിഞ്ഞ ചുവന്ന ലിപ്സ്റ്റിക്ക്.
മുഖം കുനിച്ചാണ് അവള് പുറത്തു വന്നത്.
“കൊണ്ടാക്കുന്നില്ലേ ?” അനിലിനോട് പരിഹാസത്തോടെ ചോദിച്ചു.
“അത് ..പിന്നെ..” അയാള്‍ എന്തോ പറയാന്‍ ശ്രമിച്ചു. അത് ശ്രദ്ധിക്കാന്‍ നില്‍ക്കാതെ മുറിയിലേക്ക് നടന്നു.
ഷവറിനു കീഴില്‍നിന്ന് തല തണുക്കുവോളം കുളിച്ചു. നിറുക മുതല്‍ ഉടലാകെ പടര്‍ന്ന ഒരു തണുപ്പ്. കുളിച്ചു തല തുവര്‍ത്തി വെളിയില്‍ വന്നപ്പോള്‍ അനിലിനെ അവിടെയെങ്ങും കണ്ടില്ല. അടുക്കളയില്‍ കടന്നു കടുപ്പത്തില്‍ ഒരു കോഫി തയ്യാറാക്കി.
ഈ ഫ്ലാറ്റ് തന്റെയാണ്. ഫ്രിഡ്ജില്‍ വാങ്ങി വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ തന്റെ കാശ് കൊടുത്ത് വാങ്ങിയതാണ്. കഴിഞ്ഞ നാല് മാസമായി അനില്‍ ജോലിക്ക് പോകുന്നില്ല. കമ്പനിയുമായി അയാള്‍ക്കുള്ള ബന്ധം ആ റിസപ്ഷനിസ്റ്റ് മാത്രമാണ്.
കാപ്പി കുടിച്ചു കഴിഞ്ഞപ്പോള്‍ ഒരു ഉന്മേഷം തോന്നി. ഫോണില്‍ വിശാഖിന്റെ മെസേജ്.
“വീട്ടിലെത്തിയോ ?”
“ഉവ്വ്.”
“തലവേദന കുറഞ്ഞോ ?”
“ഉം .”
“എനിക്ക് ഒന്ന് നേരിട്ട് കാണണം.” വിശാഖിന്റെ വോയിസ്.
ഉള്ളിലൂടെ എന്തോ കടന്നു പോയി. മുറിവില്‍ ആരോ തൈലം വീഴ്ത്തുന്നത് പോലെ.
“അതിനെന്താ കാണാലോ. എന്നാ ?”
“ഇന്ന്..”
“ഇന്ന്..ഇന്ന് തന്നെ വേണോ ?”
“വേണം. ..ഇന്ന് തന്നെ.ഇന്നെന്റെ ജന്മദിനമാണ്.”
കുറ്റബോധം തോന്നി. ഇത്രയുംനാള്‍ സംസാരിച്ചിട്ടും തനിക്ക് അയാളുടെ ജന്മദിനം ചോദിയ്ക്കാന്‍ കഴിഞ്ഞില്ല. ഒരു നല്ല കാമുകിയാവാന്‍ തനിക്ക് കഴിയില്ലേ ?
“ഈ ജന്മദിനത്തില് എനിക്ക് തന്നെ നേരിട്ട് കാണണം. തന്നോടൊരു കാര്യം പറയണം. ഇന്ന് തന്നെ പറഞ്ഞെ പറ്റൂ.. നമ്മുടെ പഴയ സ്കൂളില്‍ വരാന്‍ പറ്റുമോ. സെയിന്റ് എഫ്രെയിംസില് ?”
വളരെ തിടുക്കത്തിലായിരുന്നു വിശാഖിന്റെ സംസാരം. ഓട്ടത്തിനുശേഷം അണയ്ക്കുന്നത് പോലെ. ചിലപ്പോള്‍ ടെന്‍ഷന്‍ ഉണ്ടാവും. അയാള്‍ എന്തിനാണ് തന്നെ കാണാന്‍ ആവശ്യപ്പെടുന്നതെന്ന് ഊഹിക്കാമായിരുന്നു.
“ഇവിടുന്നു മുക്കാല്‍ മണിക്കൂര്‍ ഡ്രൈവ് ഉണ്ട്. ഞാന്‍ ഉടനെ വരാം..”എന്റെ സ്വരത്തില്‍ ഒരു കൗമാരക്കാരിയുടെ പരിഭ്രമം കലര്‍ന്നോ ?
“വേഗം വേണം. ഞാന്‍ അവിടെയുണ്ടാവും.” പറഞ്ഞതും വിശാഖ് ഫോണ്‍ കട്ട് ചെയ്തു.
വസ്ത്രം മാറി. ലിപ്സ്റ്റിക്ക് പുരട്ടാന്‍ ഒരുങ്ങിയെങ്കിലും റിസപ്ഷനിസ്റ്റിന്റെ മുഖം മനസില്‍ തെളിഞ്ഞു. വേണ്ട.
നഗരത്തിലെ തിരക്കിലൂടെ കാറുമായി പോകാന്‍ മടിയാണ്. ആദ്യമായാണ് ഇത്ര വേഗത്തില്‍. വണ്ടിയോടിക്കുന്നതിനിടെ ഒന്നും ഓര്‍ത്തില്ല. അനില്‍. അയാളുടെ കാമുകി. കുട്ടികളുടെ ടൂര്‍. എല്ലാം മറന്നു . താനിപ്പോള്‍ ഒരു ഒന്‍പതാം ക്ലാസുകാരിയാണ്. ഒരു നിമിഷത്തേക്ക് തിരികെവന്ന കൗമാരത്തിലേക്ക് ഓടിപ്പോകുന്ന ഒന്‍പതാം ക്ലാസുകാരി. യൗവ്വനത്തില്‍ ഉടഞ്ഞുപോയ കുപ്പിവളകള്‍ ഒട്ടിച്ചു ചേര്‍ക്കാന്‍ തിരിച്ചുവന്ന തന്റെ കൗമാരം
.
നഗരം മാഞ്ഞു. പോക്കുവെയില്‍ ചിതറിയ മണ്പാതകള്. മരക്കൂട്ടങ്ങളുടെ നീണ്ട നിഴലുകള്‍. ശൂന്യമായ സ്കൂള്‍ മൈതാനം. പണ്ട് ഓടിക്കളിച്ച തേക്കിന്ക്കൂട്ടങ്ങള്ക്കരികില് കാര്‍ പാര്‍ക്ക് ചെയ്തു.
“ഞാനിവിടുണ്ട് ..”വിശാഖിന്റെ ശബ്ദം.
അയാള്‍ ആ മരക്കൂട്ടങ്ങള്‍ക്കിടയില്‍ പതുങ്ങി നില്‍ക്കുകയാണ്. നീല ജീന്‍സും ടീ ഷര്‍ട്ടും. അയാളുടെ വാട്സപ്പ് ഡി.പിയിലെ വസ്ത്രങ്ങള്‍. പക്ഷേ അവ ആകെ ചളി പുരണ്ടിരിക്കുന്നു. മണ്ണില്‍ കിടന്നു ഉരുണ്ടതുപോലെ… ചുറ്റും അങ്ങോട്ടുമിങ്ങോട്ടും നോക്കിയശേഷം അയാള്‍ അടുത്തേക്ക് വന്നു. മുഖത്ത് ചാലിട്ടൊഴുകുന്ന വിയര്‍പ്പ്. ആകെ പരിഭ്രമിച്ച മട്ടുണ്ട്.
“ഹാപ്പി ബര്‍ത്ത്ഡേ. ഞാന്‍ ഗിഫ്റ്റ് ഒന്നും കൊണ്ടുവന്നിട്ടില്ല. സോറി.”
പെട്ടെന്ന് ഫോണ്‍ ശബ്ദിച്ചു. സുമ.
“നീ എവിടെയാണ് ? ഈസ് വിശാഖ് വിത്ത് യൂ ?”
“അതെ. സെയിന്റ് എഫ്രെയിംസ് സ്കൂളില്‍.”
കൂടുതല്‍ പറയുന്നതിന് മുന്‍പ് വിശാഖ് കയ്യില്‍ നിന്ന് ഫോണ്‍ തട്ടിമാറ്റി. പിന്നെ അത് സ്വിച്ചോഫ് ചെയ്തു അയാളുടെ കീശയിലിട്ടു.
“ഇന്നെന്റെ ജന്മദിനമാണ്. നോക്ക്. അല്പ്പനേരത്തേക്ക് താനും ഞാനും മാത്രം. അത് മതി എനിക്ക് ഗിഫ്റ്റായിട്ട്.”
അയാളുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നി. എങ്കിലും കാര്യമാക്കിയില്ല.
‘ശരി. നമുക്ക് തന്റെ പഴയ ക്ലാസ് മുറിയിലേക്ക് പോകാം .ഒന്‍പതു ബിയിലേക്ക്…”
അത്രയും പറഞ്ഞ് അയാള്‍ നിലത്തുകിടന്ന ഒരു കല്ലെടുത്തു. അതുമായി സ്കൂള്‍ കെട്ടിടത്തിലേക്ക് ഓടി.
“വേഗം വാ..ഒട്ടും നേരം കളയാനില്ല.” ഇടയ്ക്ക് നിന്ന് അയാള്‍ പിന്നോട്ട് നോക്കി വിളിച്ചു പറഞ്ഞു.
ഒന്നാം നിലയിലെ രണ്ടാമത്തെ മുറി. തൊട്ടരികില്‍ സ്റ്റാഫ് റൂം. ഇപ്പോഴും ഒന്നിനും മാറ്റമില്ല. പിന്നാലെ ഓടിവന്നപ്പോഴേക്കും വിശാഖ് ക്ലാസ് റൂമിന്റെ പൂട്ട് കല്ലുകൊണ്ട് തല്ലിപൊട്ടിച്ചു അകത്തു കടന്നു കഴിഞ്ഞിരുന്നു.
“താന്‍ ഇവിടെയാണ് സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നത്.”
മൂന്നാം ബഞ്ചിലെ കോര്‍ണര്‍ സീറ്റ് ചൂണ്ടിക്കാണിച്ചു വിശാഖ് പറഞ്ഞു.
“ഉച്ചക്ക് ടിഫിന്‍ ബോക്സ് കഴുകാന്‍ വരുമ്പോള്‍ ഞാന്‍ തന്നെ ഒളിഞ്ഞു നോക്കുമായിരുന്നു.” പുഞ്ചിരിച്ചു കൊണ്ട് വിശാഖ് ജനാലയ്ക്കപ്പുറത്തെ ടാപ്പുകളുടെ നിരയിലേക്ക് വിരല്‍ ചൂണ്ടി. അയാളുടെ ചിരിയില്‍ വികൃതമായ എന്തോ ഒന്ന് കലര്‍ന്നിരിക്കുന്നു.
“കാന്‍ യൂ സിറ്റ് ദേര്‍ വണ്‍സ് മോര്? ഒരിക്കല്‍ കൂടി.. പ്ലീസ് ഒന്നിരിക്കാമോ ?” വിശാഖിന്റെ ശബ്ദത്തിനിപ്പോള്‍ വ്യതാസമുണ്ട് .ഒരേ നിമിഷം അയാളുടെ മുഖത്ത് പ്രണയവും ദേഷ്യവും ദു:ഖവും മാറി മാറി വരുന്നു.
“വിശാഖ് ..എനിക്ക് പേടിയാകുന്നു .വിശാഖിനു എന്ത് പറ്റി ?”
“എന്തിനാ പേടി ..എന്നെ എന്തിനാ പേടിക്കുന്നത്”? വിശാഖ് മുരണ്ടു.
“ഞാന്‍..എനിക്ക് പോണം. എന്റെ ഫോണ്‍ തിരിക്കെത്തരൂ…” എനിക്ക് ദേഷ്യവും സങ്കടവും വന്നു. എങ്കിലും ഉള്ളിന്റെയുള്ളില്‍ സഹതാപത്തിന്റെ നനവും. പോകണമെന്ന് പറയുമ്പോഴും എനിക്ക് പോകാന്‍ തോന്നുന്നില്ല. ഇത് വിശാഖല്ല. അയാള്‍ക്ക് എന്തോ സംഭവിച്ചിരിക്കുന്നു.
പൊടുന്നനെ വിശാഖ് ഷര്‍ട്ട് വലിച്ചുകീറി .
“ഈ നെഞ്ചില്‍ ഇത്രനാളും നീ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് കൂടി എനിക്കത് തുറന്നു പറയാന്‍ കഴിഞ്ഞില്ലെങ്കില്‍.. അത് പറയാനാണ് ഞാന്‍ നിന്നോട് അവിടെയിരിക്കാന്‍ പറഞ്ഞത്.” അയാള്‍ ബഞ്ചിലേക്ക് കൈ ചൂണ്ടി.
ആ ഭാവം കണ്ടു ഭയന്നു പോയി. പതുക്കെ മൂന്നാം ബഞ്ചിലെ ജനാലയോട് ചേര്‍ന്നുള്ള കോര്‍ണറില്‍ പോയിരുന്നു.
അയാള്‍ തന്റെ മുന്നില്‍ മുട്ടുകുത്തി.പിന്നെ പൊട്ടിക്കരഞ്ഞു.
“എനിക്ക് നിന്നെ ഇഷ്ടമാണ്….ജീവനെക്കാളേറെ..”
വാഹനങ്ങളുടെ ശബ്ദം കേട്ടു വെളിയിലേക്ക് നോക്കി. സ്കൂള്‍ ഗ്രൌണ്ടിലേക്ക് വാഹനങ്ങള്‍ ഇരച്ചെത്തുന്നു. പോലീസ് ജീപ്പുകള്‍ , ആംബുലന്‍സ്..
വാതില്‍ തുറക്കാന്‍ തുടങ്ങിയതും വിശാഖ് തടഞ്ഞു. അയാള്‍ വാതിലടച്ചു കുറ്റിയിട്ടു.
“വേണ്ട. അവരെന്നെ കൊണ്ടുപോകാന്‍ വന്നതാ.. എനിക്കിനിയും തന്നോട് സംസാരിക്കണം. ഞാന്‍ പറഞ്ഞു തീര്‍ന്നില്ല.”
ആഉകള്‍ ഓടിവരുന്ന ശബ്ദം കേട്ടു.
“ഡോക്ടര്‍ വിശാഖ്.. പ്ലീസ് ഓപ്പണ്‍ ദ ഡോര്‍.. പ്ലീസ് കോപ്പറേറ്റ് ..” പുറത്തു നിന്ന് പോലീസ് ഓഫിസര്മാരാരോ വിളിച്ചു പറഞ്ഞു.
“എനിക്കിനിയും തന്നോട് സംസാരിക്കണം. എനിക്കിനിയും കാണണം. എനിക്ക്.. എനിക്ക് ഒരുപാട് ഇഷ്ടമാണ്. പക്ഷേ വൈകിപ്പോയ്..” അയാള്‍ രണ്ടു കൈകൊണ്ടും മുടിനാരുകള്‍ മാന്തിപ്പറിച്ചു. അയാളുടെ ശരീരമാകെ വിയര്‍പ്പില്‍ മുങ്ങി.
“ഇല്ല.വൈകിയിട്ടില്ല. നാം .. നമുക്ക്.. നമുക്കിനിയും സമയമുണ്ട്.” അയാള്‍ പുലമ്പി.
പെട്ടെന്ന് വാതില്‍ തകര്‍ന്നു വീണു. പോലീസുകാര്‍ അകത്തേക്ക് പാഞ്ഞു കയറി. ഒപ്പം നീല യൂണിഫോം അണിഞ്ഞ നഴ്സുമാരും.
“വിശാഖ് .. യൂവാര്‍ എ ഡോക്ടര്‍ .. സഹകരിക്കൂ ..”വെളുത്ത ഓവര്ക്കോട്ടണിഞ്ഞ ഡോക്ടറെന്നു തോന്നിക്കുന്നയാള്‍ പറഞ്ഞു.
ഗ്ലൌസ് അണിഞ്ഞ യൂണിഫോംധാരികള്‍ വിശാഖിനെ ഡസ്കില്‍ പിടിച്ചുകിടത്തി അയാളുടെ തോളില്‍ ഒരു ഇഞ്ചക്ഷന് നല്കി. അയാളുടെ ശരീരം അയഞ്ഞു . മുഖത്ത് മയക്കം പടര്‍ന്നു..
അയാളുടെ കീശയില്‍നിന്നു ഒരു പോലീസ് ഓഫീസര്‍ തന്റെ ഫോണെടുത്തു തന്നു. സ്വിച്ചോണ്‍ ചെയ്തപ്പോഴേ സുമയുടെ ഫോണ്‍ വന്നു.
“ആര് യൂ ആള്‍റൈറ്റ് ?” അവളുടെ ആധി പിടിച്ച സ്വരം.
“യെസ്. ശരിക്കും എന്താ സംഭവിച്ചത് ?”
“അയാള്‍ക്ക് ജോലിക്കിടെ പേ വിഷ ബാധയേറ്റു. രണ്ട് ദിവസമായി ഹോസ്പിറ്റലിലായിരുന്നു. അവിടെ നിന്ന് എങ്ങിനെയോ കണ്ണ് വെട്ടിച്ചു ചാടി..”
“ഇനി..?” ഞാന്‍ ചോദ്യം പാതിവഴിയില്‍ നിര്‍ത്തി.
ആംബുലന്‍സില്‍ കയറാന്‍ തുടങ്ങിയതും വിശാഖ് അടുത്തുനിന്നവരെ കുതറിച്ചു ചാടിയെണീറ്റു. അയാളുടെ വായില്‍ നിന്നു നുരയും പതയും വരാന്‍ തുടങ്ങി.
“നമുക്കിനിയും കാണണം… ഇനിയുമിനിയുമിനിയും.. “ വിശാഖ് എന്നെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു.
ആംബുലന്‍സ് ഡോര്‍ അടഞ്ഞു.
എങ്കിലും അയാളുടെ ശബ്ദം ശിരസ്സിനുള്ളില്‍ വീണ്ടും വീണ്ടും പ്രതിധ്വനിച്ചു.
…”ഇനിയും. ഇനിയുമിനിയുമിനിയും.”
ഫ്ലാറ്റില്‍ തിരികെ വന്നപ്പോഴേക്കും ആകെ തളര്‍ന്നിരുന്നു. ഒരു ദു:സ്വപ്നത്തില്‍ നിന്ന് തിരികെ വന്നത് പോലെ.
ജനാല തുറന്നു. മാനത്ത് ഇന്നലത്തെപ്പോലെയൊരു മഴവില്ലിന്നില്ല. പകരം വെളുത്ത അപ്പൂപ്പന്‍താടികള്‍പോലെ രണ്ടു കുഞ്ഞു മേഘങ്ങള്‍. എന്റെ മക്കളെപ്പോലെ. അവര്‍ എന്റെ അരികിലേക്ക് പറന്നു വരുന്നതും കാത്ത് ഞാനിരുന്നു.