പെറ്റിക്കോട്ടുകൾ

ഓർമ്മകളുടെ
ഇളംതിണ്ണയിൽ
രണ്ടുകാലുകളും
മണ്ണിൽ ചവിട്ടി
ഇരിക്കുമ്പോൾ

മുറ്റത്തെ
പേഴിൽ നിന്നും
പേരമരത്തിലേയ്ക്ക്
വലിച്ചു
കെട്ടിയ നാരുതിരിഞ്ഞ
അയയിൽ
തൂങ്ങിയാടുന്നുണ്ട്
രണ്ട്കുഞ്ഞു
പെറ്റിക്കോട്ടുകൾ

മീൻപൊതിഞ്ഞു
കൊണ്ടുവന്ന മഞ്ഞ
നിറം പടർന്ന
പത്രത്തിൻറെ
പൊതിയഴിച്ചപ്പോൾ
കറുത്ത മഷിയിൽ
കോറിയരണ്ടുകുഞ്ഞു
പെറ്റിക്കോട്ടുകൾ

വിരലുകൾ
വരകളെ തൊട്ടപ്പോൾ
നനഞ്ഞമരവിപ്പ്

കുട്ടിക്കാലത്ത്
അമ്മയിടീച്ച
പച്ചയും ചുവപ്പും
ഖാദിപെറ്റിക്കോട്ടുകൾ
കരിമ്പനടിച്ച
വെളുത്തപെറ്റിക്കോട്ടുകൾ
കറുത്ത വരകൾക്ക്
നിറങ്ങൾ മാറിമാറി
വന്നു

കാഴചയില്ലാത്ത മീൻകണ്ണുകൾ
എന്നെ തുറിച്ചു നോക്കി
ഹൃദയം വേഗത്തിൽ
ഇടിക്കുന്നു
ശ്വാസം വിങ്ങുന്നു

ആ കുഞ്ഞു കണ്ണുകൾ
വലിച്ചടയ്ക്കും മുൻപ്
ഒളിപ്പിച്ച
പറയുവാനറിയാത്ത
പറയുവാനാവാത്ത
പേടികൾ, മുറിവുൾ
ചോരകിനിഞ്ഞ ഇതളുകൾ

ചായംതേയ്ക്കാത്ത
ചുമരുകൾ പരത്തിയ
ഇരുളിൽ മുറുകിപ്പിടഞ്ഞ
ഉച്ചയില്ലാ നിലവിളികൾ

എങ്കിലും
മനസ്സിൻറെ
മണൽ വിരിച്ച
മുറ്റത്ത്
ഇപ്പോഴും
ഓടിക്കളിക്കുന്നുണ്ട്
പെറ്റിക്കോട്ടിട്ട
രണ്ടു പെൺകുട്ടികൾ

മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ IUCSSRE യിൽ ഗവേഷണ വിദ്യാർത്ഥിനിയാണ്