വസന്തത്തിന്റെ താക്കോൽ

ഒരു കൂട്ടം കൊഴിഞ്ഞ ഇലകൾക്ക് മീതെ
എന്നെ തന്നെ നോക്കിയിരിക്കുന്ന
ഒരു കൊച്ചു മുള്ളൻപന്നിയാകുന്നു നീ

നിന്റെ തിളങ്ങുന്ന കണ്ണുകൾ
വൈഡൂര്യങ്ങളും
മുള്ളൻ പീലിക്കെട്ട് രോമക്കുപ്പായവുമാകുന്നു

ശരത്കാലത്തിന്റെ മടിയിലെ
ചുവന്ന മേപ്പിൾ ഇലകളിൽ
അവസാനത്തെതിൽക്കൂടി
നിന്റെ പേരെഴുതിക്കഴിഞ്ഞേ
ശീതക്കാറ്റിന്റെ കെട്ടഴിച്ചു
ശിശിരത്തെ ഞാൻ തുറന്നു വിടുകയുള്ളു.

ഉറക്കം തൂങ്ങിയ മിഴികളിൽ
നിന്റെ ഓർമ്മകൾ കലമാൻ കൂട്ടംപോലെ
മായാനൃത്തമാടുന്നു

ചിതലുകൾ തിന്നു തീർക്കാത്ത
സമയമാകുന്നു എനിക്കു നീ
ഒരിക്കലും ഇതളുകൾ അടരാത്ത
കടലാസു റോസയും
അമാവാസിയിലെ നിലാവും
ചക്രവാളത്തിന്റെ അതിരും നീ തന്നെ.

വടക്കൻ കാറ്റിനോടും
വാടാമല്ലികളോടും
തീമഞ്ഞ മണിപ്പൂക്കളോടും വാതു വെച്ച്
ശിശിരത്തിന്റെ പൂട്ടു ഞാൻ തുറക്കുന്നു

പൈൻ മരക്കാടുകളിൽ,
പർവ്വതങ്ങളിൽ,
നദികളിൽ, വഴികളിലൊക്കെയും
മഞ്ഞു പെയ്യുന്നു

ഒടുവിലത്തെ പുൽനാമ്പിനെയും
മഞ്ഞുതുള്ളികൾ ചുംബിച്ചുറക്കുമ്പോൾ
വസന്തത്തിന്റെ താക്കോൽ മാത്രം
കൈയിലെടുത്ത് ,
മഞ്ഞു പാതകൾ തീരുവോളം
ഞാൻ ഒറ്റയ്ക്ക് നടക്കും.

കുവൈറ്റിൽ ഒരു ധനകാര്യ സ്ഥാപനത്തിൽ ചാർട്ടേഡ് അക്കൗണ്ടൻറ്. ഇടുക്കി തോപ്രാംകുടി സ്വദേശി. "വസന്തങ്ങളുടെ താക്കോൽ " കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.