വരണ്ട മണ്ണിനെ അടിമുടി കുളിർപ്പിച്ച വേനൽ മഴയുടെ കുളിര് പോലെ, വിരസആവർത്തനങ്ങളാൽ വരണ്ടുപോയ എന്റെ ആത്മാവിലേക്ക് അയാളുടെ പ്രഭാത നടത്തം ഉണർവായി പെയ്തിറങ്ങിയത് തികച്ചും യാദൃശ്ചികമായിരുന്നു.
അതിരാവിലെ അടുക്കളയെന്ന ഈജിയൻ തൊഴുത്തിൽ നിന്നും മുറ്റത്തെ പൂക്കളുടെ ഹൃദ്യതയിലേക്ക് ഇറങ്ങുമ്പോഴാണ് തൊട്ട് ചേർന്നുള്ള റോഡിൽ കൂടി ജോഗിങ് നടത്തുന്നവരിൽ അയാളെ മാത്രം ശ്രദ്ധിച്ചത്. പാദപതനശബ്ദം ഉച്ചത്തിലാക്കി അയാൾ ബോധപൂർവ്വം എന്റെ ശ്രദ്ധ പിടിച്ചെടുത്തതാണ് എന്ന് പറഞ്ഞാൽ അതുമാത്രമാണ് ശരി.
അങ്ങനെ ‘ആശ്രമ കന്യക’യായ എന്റെ കണ്ണുകൾക്ക് ആ കണ്ണുകളുമായി ഇടയേണ്ടി വന്നു. ഇങ്ങോട്ട് തന്നെ നോക്കി സാവധാനം ജോഗ് ചെയ്തിരുന്നയാൾ എന്നെ കണ്ടതോടെ പെട്ടെന്ന് നടപ്പിലേക്ക് ഗിയർ മാറ്റി. കള്ളപ്പൂച്ച പാല് കുടിക്കുന്ന പോലെ, ദൂരേക്ക് നോട്ടം മാറ്റി നടപ്പിന് വേഗം കൂട്ടിയ ആ കള്ളത്തരം എനിക്ക് മനസ്സിലായില്ലെന്നാണ് കക്ഷി വിചാരിച്ചത്.
അതുകൊണ്ടുതന്നെ, മോശവിചാരത്തോടെയുള്ള ആ നോട്ടത്തിന് മറുപടി അവഗണനയാണെന്ന് ഞാൻ തീരുമാനിച്ചു.
അടുക്കളപ്പണി കഴിഞ്ഞ് മുൻവശത്തേക്ക് ഇറങ്ങുന്ന അതേ നിമിഷമായിരിക്കും അയാൾ ഒരു മാന്ത്രികനെപ്പോലെ എന്നും എന്റെ മുന്നിൽ പൊട്ടിവീഴുക. അഞ്ചോ പത്തോ മിനിറ്റ് വ്യത്യാസത്തിൽ ഞാൻ ഇറങ്ങിയാലും അയാൾക്ക് അത് ഒരു പ്രശ്നമേ അല്ലെന്നു തോന്നുന്നു, അയാൾ ഏതെങ്കിലും ഒരു ഭാഗത്തേക്ക് അപ്പോൾ എന്റെ മുമ്പിലൂടെ ചെറിയ സ്റ്റെപ്പുകളിൽ ചടുലമായി ജോഗ് ചെയ്യുന്നുണ്ടാവും.
ആദ്യത്തെ വെറുപ്പ് കൗതുകമായി മാറിയത് എത്ര പെട്ടെന്നാണ്!!
ഇങ്ങോട്ട് തന്നെയോ നോക്കുന്നതെന്ന് അറിയാനുള്ള കൗതുകം എന്നിൽ ഊറിക്കൂടിയതിന് എന്റെ ഹൃദയത്തെ ഞാൻ കുറ്റപ്പെടുത്തുന്നില്ല. ആകാംക്ഷ മുറ്റിയ ആ കണ്ണുകൾ ഇവിടം തഴുകിയുഴിഞ്ഞ് കരയ്ക്കിട്ട പരൽമീൻ പോലെ പിടഞ്ഞത് അയാൾടെ മുഖത്തല്ല, എന്റെ ഹൃദയത്തിലായിരുന്നു.
ഇരുനിറത്തിൽ, ഉറച്ച പേശികളോടെ നെയ്ക്കൊഴുപ്പൊന്നുമില്ലാത്ത ശരീരത്തേക്കാളുപരി ആ കണ്ണുകളിലെ പൂത്തിരികത്തിയ കുസൃതിയാണ് എന്നെ ആകർഷിച്ചത്.
പങ്കാളിയുടെ സങ്കുചിത ചിന്തകളുടെ ദുഷിപ്പിനാൽ പ്രണയസുഗന്ധം നഷ്ടപ്പെട്ട ഏകാന്തയാത്രയും, ആത്മാവ് നഷ്ടപ്പെട്ട രാത്രി പതിവുകളുടെ മുഷിപ്പും മാറാല കെട്ടിയ മനസ്സിലേക്ക് പ്രഭാതത്തിലെ ആ നിമിഷങ്ങൾ തൂമഞ്ഞിന്റെ സ്നിഗ്ദതയും പ്രണയത്തിന്റെ തൂവൽസ്പർശവും സമ്മാനിച്ചു.
കാണാത്ത ദിവസങ്ങളിലെ കാത്തിരിപ്പിന്റെ നൊമ്പരം പിറ്റേന്ന് കലുഷിത മുഖഭാവമായി എന്നിൽ തെളിയുമ്പോൾ ആ കണ്ണുകളിലെ പ്രകാശം കെടുന്നത്, എന്റെ ഉള്ളിന്റെയുള്ളിലെ ഇരമ്പുന്ന സങ്കടക്കടലിൽ ഒരു ദീപസ്തംഭമായി.
കണ്ണുകളിലെ കുസൃതിയും പൂത്തിരിയും പുഞ്ചിരിയായ് മാറുന്നതും, പുഞ്ചിരി ചിരിയാകുന്നതും കണ്ണുകൾ കഥകൾ പറഞ്ഞു തുടങ്ങുന്നതും എത്ര വേഗത്തിലാണ്! ബഷീർ കഥയിലെ നാരായണിയുടെ കാഴ്ചയ്ക്ക് ‘മതിൽ’ പ്രതിബന്ധമായി നിന്നങ്കിൽ, ഇവിടെ, ഞങ്ങളുടെ സംസാരത്തിന് പ്രതിബന്ധമായി സാഹചര്യങ്ങളുടെ ഒരു അദൃശ്യ മതിൽ, കോട്ട പോലെ ഉയർന്നു നിന്നു.
വാചാല മൗനത്തിന്റെ കാരാഗ്രഹത്തിൽ അടയ്ക്കപ്പെട്ട എന്റെ ജിജ്ഞാസ ജയിൽ ചാടിയത്, അദ്ദേഹത്തിന് ഔദ്യോഗിക ആവശ്യങ്ങൾക്ക് അതിരാവിലെ ദൂരേക്ക് പോകേണ്ടി വന്ന ഒരു പ്രഭാതത്തിലെ അനുകൂല സാഹചര്യങ്ങളുടെ ഉൾവിളിയിലായിരുന്നു. വിടർന്ന മിഴികളും മായാത്ത പുഞ്ചിരിയുമായി നടക്കുന്ന ‘പേടിത്തൊണ്ടനെ’ ഒന്ന് പേടിപ്പിച്ചിട്ട് തന്നെ കാര്യം.
“അല്ല, നിങ്ങൾ മംഗലം കയ്ച്ചിറ്റേ?”
“കയിച്ചിന്, രണ്ടു മക്കള് ണ്ട് “
ഗാംഭീര്യത്തിന് കുറവില്ലാത്ത കുറുകിയ പുരുഷശബ്ദം.
“എന്ന്ട്ടെന്തേ ഏടെല്ലാം നോക്ക്ന്ന്? ഞാൻ ബിചാര്ച്ചു പെണ്ണുങ്ങളെ കണ്ടിറ്റില്ലാന്ന്. നേരെ നോക്കി നടന്നുടെ?”
ഒന്ന് ‘സുയ്പ്പാ’ക്കാനുള്ള ചോദ്യമായിരുന്നു, പക്ഷേ…
“അത് ഏച്ചി, ങ്ങ്ട പൂന്തോട്ടം സൂപ്പറ്. ആടെ ആ ഗേറ്റിന്റെ നേരെ അപ്പ്റം നിക്കുന്ന ചോന്ന പൂ ല്ലെ? അയ്ന്റെ ഒരു കമ്പ് കിട്ട്വോന്ന് നോക്കിയത് “
കൈവെള്ളയിൽ വച്ചുകൊടുത്തത് ചെടിയുടെ കമ്പല്ല, മുറിഞ്ഞുപോയ ഹൃദയത്തിന്റെ ഒരു കഷ്ണം ആയിരുന്നു എന്ന് അങ്ങോർക്ക് തിരിയ്വോ എന്തോ?