അസ്തമയം
മാത്രം കണ്ടു ശീലിച്ച
കടൽക്കരയിൽ നിന്ന്
ഇരു പുറങ്ങളുടെ വ്യവസ്ഥാപിത നിയമങ്ങളോട്
ഒറ്റയ്ക്ക് പോരാടി
ചക്രവാളത്തിലേക്ക്
കൈപിടിച്ച് നടത്തുന്ന
സന്ധ്യ സാക്ഷി
ഞാൻ നിനക്ക് വേണ്ടി മാത്രം
തോണി തുഴയുന്നു.
സ്വപ്നങ്ങൾ
പൊള്ളിയടർന്നു പോവുന്ന
മണൽത്തരികളിൽ
നീയെന്ന് എഴുതി വെയ്ക്കുന്നു.
‘നമ്മ’ ളെന്ന കൂട്ടക്ഷരങ്ങളെ
മായ്ച്ചു കളയാനാവാതെ കടൽ
ആഴങ്ങളിൽ
കവിത വിളയിക്കുന്ന
തിരക്കിലേക്കൂളിയിടുന്നു.
പ്രണയവും വീഞ്ഞും നുരഞ്ഞിറങ്ങി
ഒരു ദ്വീപ് മുളക്കുന്നു.
അതിനെ വലം വെച്ച്
കടൽ രണ്ടായൊഴുകി
രണ്ട് വൻകരകൾ ജനിപ്പിക്കുന്നു.
മുൾച്ചെടികൾ
നീരൂറ്റി വളർന്ന് പൂത്തു കൊണ്ടേയിരിക്കുന്നു,
ശലഭങ്ങളെ വിരുന്നൂട്ടുന്നു.
വേഴാമ്പലുകൾ
കെട്ടിപ്പുണർന്നിരുന്ന
വേരുകളെ അന്വേഷിക്കുന്നു.
ഏഴ് നിറങ്ങളുള്ള ശയ്യയിൽ
വിഭ്രാന്തിയുടെ
ഏഴ് രാവുപകലുകൾ
രമിച്ച്,
കറുത്ത തലയും
വെളുത്ത ഉടലുമുള്ള കുഞ്ഞ് ജനിക്കുന്നു.
നെയ്തടുപ്പിക്കാനാവാത്ത വിധം
അവ വേർപെടുന്നു.
ഓർമ്മ മണമുള്ള കരിയിലകളെ
കാറ്റെത്ര വേഗത്തിലാണ്
വാരിയെടുക്കുന്നത്?
അകലും തോറും
ആഴം കൂടുന്ന പ്രഹേളികയാണ് ‘നാം’
അല്ലെങ്കിൽ,
നിന്റെ ഹൃദയത്തിൽ
മിന്നൽപ്പിണരുണ്ടായപ്പോൾ
കവിതയിൽ മാത്രമൊതുങ്ങിപ്പോയ
എന്റെ മഴ
നിർത്താതെ പെയ്ത്
അതിരുകളെ ഭേദിച്ച്
പ്രളയം സൃഷ്ടിക്കുന്നത്
നീ അറിയാതെ പോകുമായിരുന്നില്ലേ?
അങ്ങ് ദൂരെ ഒരു കവി പാടുന്നു.
വരൂ,
നമുക്ക് ചകവാള സീമയിൽ വെച്ച്
കണ്ടുമുട്ടാം.
അത് വരെ നീ
വെള്ളാരം കല്ല് കൊണ്ട് മാല കോർക്കുകയും
ഞാൻ കവിതകൾ കൊണ്ട്
തൂവലൊരുക്കുകയും ചെയ്യട്ടെ.