ജീവിതം സ്വകാര്യങ്ങളിലേക്കും സൗകര്യങ്ങളിലേക്കും കസാലയിട്ടിരിക്കുന്ന ഉമ്മറപ്പുറങ്ങളിൽ നിന്നാണ് ഇക്കാലത്ത് ഒട്ടേറെ കൃതികൾ നമ്മുടെ മുന്നിലേക്കെത്തുന്നത്.
അത് ദുരയും ദുരിതവും ദുരന്തവുമായി ഭേദ്യത്തിനു പാകംകൊണ്ട് പുറപ്പെട്ടെത്തുന്നു.
എഴുത്ത് സ്ത്രീപക്ഷമെന്നേ നാട്ടിൽ പാടുള്ളൂ എന്നൊരു ഏകപക്ഷത്തെ വിവരിച്ചു കുന്നുകേറുമ്പോൾ മറുപക്ഷമാരെന്ന നിസ്സഹായതയിൽ പുരുഷപക്ഷം ഏങ്ങിവിങ്ങി വിതുമ്പുന്നുണ്ട്.
കാഴ്ച്ചയടച്ച കാണാപ്പുറമാണല്ലോ ആ പുറം ഏതു വീരകാലത്തും. അവിടെയാണ് ജയശ്രീയുടെ ജാര എന്ന പുസ്തകം വിചാരപ്പെടുക.
ഏറെ പുതുമയും അതിലേറെ ഗഹനവുമായ ഒരു എഴുത്തുരീതിയിലാണ് ഇതിലെ പന്ത്രണ്ട് കഥകളിലും ഒരുക്കിയിരിക്കുന്നത് കവിതയിൽ ജയശ്രീ ഒരു മികവും തികവുമാണെന്ന് ആനുകാലികങ്ങളിലും ഓൺലൈൻ എഴുത്തുകളിലും നിന്ന് എന്നേ ബോധിച്ചിരുന്നു. എന്നാൽ പലപ്പോഴായി പ്രകാശിതമായ ഈ കഥകളിൽ മിക്കതും കാണാതെ പോയതു കൊണ്ടാവാം, കഥയെഴുതുക എന്നത് ഇവർക്ക് ഒരു സാഹസമായേ വെയ്ക്കൂ എന്ന എന്റെ ധാരണ കീഴ്മേൽ മറിഞ്ഞിരിക്കുന്നു ഈ കൃതി പുറത്തുവന്നതോടെ.
വാക്കതീതമായ ആവിഷ്ക്കാരസൗന്ദര്യമുണ്ട് ഇതിലെ ഓരോ കഥയ്ക്കും. അക്ഷരനഗരിയായ കോട്ടയത്തു നിന്നിതാ മലയാളകഥാശാഖയ് ക്ക് നാളേക്കു വായിക്കാൻ ഈടുറ്റ വാഗ്ദാനമായി ഒരു കഥാകാരിയെ കിട്ടിയിരിക്കുന്നു. ഒരു തർക്കവും വേണ്ട. ഇതിലെ കഥകളെ ഉത്തമമെന്നെണ്ണുന്നതിൽ പെൺപക്ഷ തൂലിക എന്ന പായലുകാരുടെ പ്രസാധകമൊഴിയിലെ ഗ്രന്ഥവിവക്ഷ വിനയത്തോടെ തള്ളുന്നു.
ഇത് അടിച്ചമർത്തപ്പെടുന്ന ആൺശബ്ദ ങ്ങൾക്ക് തുണപോരുന്ന എഴുത്താണ്. പുരുഷപരാധീനങ്ങളിൽ ഒട്ടിയൊതുങ്ങി ജീവിതം പാതിയും കഴിഞ്ഞു നിസ്സംഗരായവർക്കുള്ള ഉണർത്തും ഉന്മാദവുമാണ്. മറ്റുള്ളവർ പറയാൻ മടിക്കുകയും പറയാതെ ബാക്കി വയ്ക്കുകയും ചെയ്ത കാര്യങ്ങൾ, പച്ചയോടെ തരുന്ന പെണ്ണൊരുത്തിയുടെ ധീരമായ ചുവടാണ്. എനിക്ക് ഇത് അനുഭവസാക്ഷ്യങ്ങളുടെ കുടപിടിച്ചേ ഉള്ളിൽ കേറുന്നുള്ളൂ. അസാധ്യം ഈ തച്ച്.
ഡോ. സി ഉണ്ണികൃഷ്ണൻ എഴുതിയ ആമുഖം ഒരു വിശദമായ പഠനമാണ്. ഈ ഗ്രന്ഥവിചാരം ഒന്ന് മതി എഴുത്തിൽ ജയശ്രീക്ക് ജയത്തിന്റെ കുന്നു കേറാൻ. അത്രമാത്രം ആഴത്തിൽ എഴുത്തുകാരിയെ അറിഞ്ഞ അവതരണം അഭിനന്ദനാർഹം തന്നെ.
ജാരൻ എന്ന കേട്ടുപോന്ന സാമ്പ്രദായിക ബിംബത്തെ തച്ചുടച്ചുകൊണ്ട് ‘ജയശ്രീനിഘണ്ടു’വിൽ നിന്നും പുറത്തു വന്നതാണ് ‘ജാര’ എന്ന ഭാഷ്യം…! ധീരവും അഭിനന്ദനീയവുമായ ചുവടുവയ്പ്.ബഹുസ്വരതയുടെ ഒരു കാലത്ത് ഏകാത്മഭാവങ്ങളെ തന്മയത്വത്തോടെ ആവിഷ്കരിക്കാൻ ജയശ്രീ മിടുക്ക് കാണിച്ചിരിക്കുന്നു.
നങ്ങേലിയുടെ കലപ്പ എന്ന ഒന്നാം കഥ ഗണിത സൂത്രങ്ങളുടെ ജീവവാഴ്ചയാണ്. മണ്ണിനെ ഉഴുതുമറിക്കുന്ന കരുത്തിന്റെ പുരുഷസൂക്തം. പുതുമഴയിൽ കന്നിമണ്ണിൽ കലപ്പ അകമറിഞ്ഞുഴുതു തിമർക്കുമ്പോൾ നങ്ങേലി ഉന്മത്തയാവുന്നു. പാതിരാപ്പാലയുടെ ഗന്ധം മത്തുപിടിപ്പിക്കുന്ന അവളിൽ ചുറ്റിവരിയുന്ന ചുണ്ണാമ്പുവള്ളികളുടെ ഇറുക്കിപ്പിടുത്തവും രതി രീതികളുടെ തീരാസുഖവും ഒരുപോലെ എകരം കയറുന്നു. ഇവിടെ കഥ യുക്തിയുടെ ചിട്ടയാർന്ന കളത്തിലല്ല, അകകൽപ്പനകളുടെ, അനുഭവവേ ദ്യമായ വിസ്മയസായൂജ്യത്തിലാണ് നിർവൃതികൊള്ളുന്നത്.
കഥനരീതിയുടെ മറ്റൊരു ധൈര്യം കാണുക, എമിലിയും നെരൂദയും ഡാർക് സോണിൽ എന്ന രചനയിലാണ്. ഇവിടെ കിനാപ്പെരുക്കങ്ങളുടെ നിർജ്ജലാവസ്ഥയല്ല, കിനിഞ്ഞുകുളിരുന്ന എമിലിയുടേയും അലന്റേയും, അപൂർവ വഴിത്തിരിവിലേക്ക് ഒഴുകിയെത്തുന്ന പ്രണയസാഗരമാണ് വായനയുടെ നെഞ്ചൊട്ടുന്നത്.
നൂതനമായ ഒരു പ്രമേയം ആപ്പുകൾ എന്ന കഥയിൽ. ദുരിതകാലത്തെ കാശില്ലായ്മയിൽ പ്രസ്ഥാനവും ദൈവ വും ആപ്പുകളായി നമ്മിലെത്തുന്നു ഈ ആക്ഷേപഹാസ്യ കഥയിലൂടെ. കോവിഡാനന്തരമനോഹര സാക്ഷ്യം.
സ്ത്രീ സ്വത്വത്തിന്റെ മഹിമ ഏഴളന്നും ഏച്ചഴിച്ചും പറയുന്ന രീതിയാണ് കുന്നുകൾക്കും താഴ്വരകൾക്കുമപ്പുറം എന്ന കഥയും അനഘ എന്ന എഴുത്തും. ഒരേ തരത്തിന്റെ സമൂഹനീതികളെ രണ്ടു വേറിട്ട കൂട്ടുകളായി സ്വീകരിച്ചും ആവാഹിച്ചും മടിയിൽ വയ്ക്കുന്നു ഇവിടെ.
ഇഷ്ടം ഒരു സ്വകാര്യമാണ്. അറ്റത്താൾ അവഗണിച്ചാലും ഇറ്റത്താൾക്ക് സ്നേഹം ചൊരിയാം. അത് അനഘയുടെ സംഗീതം പോലെ… പരമ്പരാഗതമായി നിലനിന്നതും പുത്തൻകുപ്പായത്തിൽ ഇന്നു വരേണ്ടതുമായ സ്വയംവരംപോലെ. പ്രണയം മടിക്കുത്തിൽ ഭദ്രമായി കൊണ്ടു നടക്കുന്ന പാപക്കെട്ടാണ് എന്നു ദർശനം.
അപ്പുറം കീർത്തിക്കാൻ ഇപ്പുറം വീർപ്പിക്കുന്ന കാലം കഴിഞ്ഞു. അപ്പോൾ പിന്നെ ജയിക്കണം അപ്പുറമിപ്പുറങ്ങൾ ഒരുപോലെ… ആ ഉന്മാദങ്ങളിൽ അരുതുകളില്ല..അതിരുകളില്ല.. ആവതുകൾ മാത്രം.. ആവുംപോലെ…
പരാതികൾ ഉരുത്തിരിയാത്ത ഇമ്മാതിരി മുക്തകം കൊണ്ടേ ഇനി ഒരു ജന്മം പിഴിഞ്ഞുകോരിയ കണ്ണീരുപ്പുണങ്ങൂ…
ഉപബോധങ്ങളിൽ കുടുക്കിട്ട വിശ്വാസസംഘർഷങ്ങളെ ലളിതമായ തരത്തിൽ പറയുന്നു പ്രഫുല്ലചന്ദ്രനും പല്ലികളും എന്ന കഥ. അടിമുടി ആസ്വാദ്യകരം.
ഇനി പറയേണ്ടത് ഇതിലെ മൂലകഥ ജാരയെ കുറിച്ച്. ജാരനപ്പോലെ തുലാസുതൂക്കം വരണം ജാരയ്ക്കും.
സമൂഹം സൃഷ്ടിച്ചു വിട്ട ഭേദങ്ങളില്ലാത്ത ആഗ്രഹപൂർത്തി സമം ചേർത്തു പുഷ്ടിപ്പെടണം. അവിടെ സഹനങ്ങൾ വേണ്ട. രണ്ടും രണ്ടിടങ്ങളിൽ മൂർത്തപൂർണ്ണമാവുമ്പോൾ കപട സദാചാരം വേലിപ്പുറത്തു മൂക്കിൽ കയ്യും വച്ചു നിന്നോളും.
ശിഥിലബന്ധങ്ങൾക്ക് പുരട്ടേണ്ട മരുന്നായി ജാരമാറുന്നു.സ്വസ്ഥം നാം തെരഞ്ഞെടുത്ത ലേപനമാവുന്നു. അന്വേഷണവും കണ്ടെത്തലുമാകുന്നു. നിത്യ ജീവിതത്തിന്റെ സമാധാനം അങ്ങനെ കൃഷിചെയ്യപ്പെടുന്നു.
“തെറ്റുകാരി ഞാനാണെന്ന് നിങ്ങൾ പറഞ്ഞു. അതെ… ആകെ മുറിവേറ്റെത്തുന്ന യോദ്ധാവ് ഏത് പക്ഷക്കാരനാണെന്ന് നോക്കാതെ ശുശ്രൂഷിക്കുന്നത് … പ്രാണരക്ഷാർത്ഥം എത്തുന്ന പ്രാവിനെ കൈക്കുമ്പിളിൽ ഒളിപ്പിക്കുന്നത് കുറ്റമെങ്കിൽ. മരണാസന്നന്റെ കടവായിലേക്ക് മനുഷ്യത്വത്തിന്റെ തീർത്ഥമിറ്റിക്കുന്നത് അപരാധമെങ്കിൽ … അതെ…!” ജാര പറയുകയാണ്.
നാവുനീട്ടി കുലുങ്ങിയുള്ള അവളുടെ ഈ ഒരൊറ്റ വാക്സ്ഫോടനം മതി ഒരു ഭൂഖണ്ഡം കുലുങ്ങാൻ.
ഭാഷയുടെ കുലീനതയിൽ സ്വരുക്കൂട്ടി എത്ര ഒതുക്കത്തോടെയാണ് രചയിതാവ് പ്രമേയം സമ്മാനിക്കുന്നത്…!
എന്റെ ഒരു കഥയിൽ മുമ്പ് ഒരു നായകൻ തന്റെ കാമുകിയോട് പറയുന്നുണ്ട്…, “പരസ്പരം വച്ചു മാറാൻ കഴിയുമെങ്കിൽ എത്ര മനോഹരമായിരുന്നു ഈ ലോകത്തിലെ മനുഷ്യജീവിതങ്ങളാകെ…. അല്ലേ?!”
പറയാതെ പോകുന്ന മധ്യാഹ്നശേഷമുള്ള പ്രണയരതികളെ പ്രതിപാദിക്കുന്ന ലിംഗപൂജ എന്ന കഥയിലുമുണ്ട് നാം കെട്ടിപ്പൂട്ടിവച്ച ഒരു വീർപ്പഴിവ്. സങ്കടമുക്തിയുടെ ശ്രീകോവിൽ തുറന്നു ഓരോ ആളും ഇഷ്ടവിഗ്രഹങ്ങളെ പൂമൂടി പൂജിക്കുമ്പോൾ അവിടെ പിന്നെ കലഹങ്ങളില്ല.,വീട്ടുയുദ്ധങ്ങളില്ല.
കാലഹരണപ്പെട്ടു പോയ, ബന്ധങ്ങളെ ക്കുറിച്ചുള്ള ഉരുക്കുധാരണകളുരുകുന്ന ഒരു കാലം. അവിടെ ഉരുവാകുന്ന തീർത്ഥസാഗരങ്ങൾ. ഈ പുസ്തകത്തിൽ സോൾ ഇൻ സോൺ ഓഫ് ഡെസ്പയർ എന്നൊരു കഥയുണ്ട്. നിരത്തിലെ അനീതികളിൽ ജീവനുകൾ ബലി കൊടുക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ദുരവസ്ഥ നമ്മുടെ പ്രായശ്ചിത്തമില്ലാത്ത കൈപ്പിഴയാണ് എന്ന് ഓർമ്മിപ്പിക്കുന്ന കഥ
കഥകളോരോന്നും ഇങ്ങനെ എണ്ണി വരുമ്പോൾ ഒന്നുപോലും പറയാതെ മാറ്റിവയ് ക്കാനാവുന്നില്ല എന്നതാണ് വയനാനുഭവം എഴുതുമ്പോൾ എന്നെ കുഴക്കുന്ന നേര്. ആശാമുക്തമായ ഒരു ജീവിതത്തിന്റെ വാസ്തവങ്ങളെ മൂടിവയ് ക്കുന്ന നാട്ടിൻപുറത്തുകാരനിലൂടെ വിടരുന്ന “ഹിരൺമയനേ പാത്രേണ”,മരണത്തിനും പകരാനാവാത്ത പറച്ചിലുപോലെ പ്രണയാനശ്വരത സന്നിവേശിച്ച “മരണം ചില നേരങ്ങളിൽ”, ഒടുവിൽ ബോഡിമേറ്റിന്റെ ശുഷ്കസ്മൃതിയേക്കാൾ ആത്മബന്ധത്തിന്റെ ശീതം തേടി വിചിത്രമായി പെരുമാറുന്ന മൃണാളിനീദേവിയുടെ കഥ പറയുന്ന “സോൾമേറ്റ്”…എന്നീ രചനകളും ഏറെ ഹൃദ്യം.
മനോജ് കാട്ടാമ്പള്ളിയുടെ ചട്ടവര, കണ്ണൂർ പായലിന്റെ നിർമ്മിതി. നല്ലൊരു കഥക്കൂട്ടം കൂടി എന്റെ ബുക്ക് ഷെൽഫിൽ കാണുമ്പുറത്ത്…
പുസ്തകം അതിന്റെ ഈടുകൊണ്ട് വായനാലോകത്തെ ഊട്ടിപ്പോരും എന്ന തീർച്ചയാൽ ‘ജാര’ എന്ന കഥാസമാഹാരത്തിനും എഴുത്തുകാരിക്കും മലയാള കഥാ ലോകത്തിൽ ഭദ്രമായ ഒരിടം അവകാശപ്പെടാവുന്നതാണ് എന്ന ബോധ്യത്തിൽ എന്റെ വായനാനുഭവം ചുരുക്കുന്നു.
ജാര – കഥാസമാഹാരം
ജയശ്രീ പള്ളിക്കൽ
പ്രസാധകർ : പായൽ