വായനയുടെ പുതുദേശങ്ങളിലേക്ക് നയിക്കുന്ന ദേശാന്തര കഥകൾ

കഥകള്‍ മനുഷ്യമനസ്സിനെ സ്വാധീനിക്കുന്ന ഏറ്റവും മഹത്തായ സാഹിത്യസൃഷ്ടിയാണ്. മനുഷ്യർക്ക് ആശയവിനിമയം സാധ്യമായ കാലംതോട്ടേ കഥകളും രൂപപ്പെട്ടതായി കാണാം. മനുഷ്യ ജീവിതത്തിലെ സങ്കീർണ്ണതകളെ ലളിതവത്കരിക്കുവാനും ആത്മസഞ്ചാരങ്ങൾക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുവാനും കഥകൾ സഹായിക്കുന്നു. അതുകൊണ്ടുതന്നെ കഥകൾ കേള്‍ക്കാനും വായിക്കാനും പിന്നീട് ആ അനുഭവം മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും നാം ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. വായിച്ചതോ കേട്ടതോ ആയ കഥകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ സാധിക്കുന്നതുതന്നെ കഥകളുടെ വിജയമാണ്.

ആഖ്യയും ആഖ്യാതവുമായി കഥപറച്ചിലിനെ കാണാതിരുന്ന ഒരു കാലത്തുനിന്ന്, പിന്നീട് കഥപറച്ചിൽ ഏറെ മാറി. അതിപ്പോൾ സാങ്കേതിക മികവിന്റെകൂടി വിജയമാവുകയും ചെയ്ത ഒരു കാലമാണിത്. കഥകളെക്കുറിച്ച് ചർച്ചചെയ്യുന്നത്. ലോകത്ത് പിറക്കുന്ന ഏതൊരു കഥയും നൊടിയിടയിൽ നമ്മുടെ കാഴ്ചകളിലേക്ക് എത്തിപ്പെടാൻ ഇന്ന് നിമിഷങ്ങൾ മതി എന്ന നിലയിലേക്ക് നാം വളർന്നുകഴിഞ്ഞിരിക്കുന്നു. ആ മാറ്റത്തിന്റെ കൂടി പന്ഥാവിൽ നിന്നുകൊണ്ടാണ് നാമിപ്പോൾ കഥകളെക്കുറിച്ച് സംസാരിക്കുന്നത്.

കഥയുടെ ചരിത്രവും അതിന്റെ വികാസ പരിണാമങ്ങളും പഠിച്ചാൽ മാത്രമേ മാറിയകാലത്തെ കഥകളെക്കുറിച്ചും പുതിയ സംരംഭങ്ങളെക്കുറിച്ചും നമുക്ക് ചർച്ചചെയ്യാൻ സാധിക്കുകയുള്ളൂ. അല്ലെങ്കിൽ അത്‌ ചരിത്രബോധമില്ലായ്മയോ നീതികേടോ ആവും. അതുകൊണ്ടുതന്നെ, മറ്റു സാഹിത്യസൃഷ്ടികളുടേത് എന്നതുപോലെ കഥകളുടെയും ചരിത്രപരമായ ദൗത്യത്തെ അടയാളപ്പെടുത്തുകയും നിരന്തരം ചർച്ചചെയ്യുകയും ചെയ്യേണ്ടത് കാലത്തിന്റെ അനിവാര്യതയാണ്.

ലോക സാഹിത്യത്തിന്റെ സഞ്ചാരത്തിനനുസരിച്ചുതന്നെ മലയാളസാഹിത്യവും അതിന്റേതായ മാറ്റത്തിന്റെ പാതയിലാണെന്ന് കാണാം. കാലത്തിനനുസരിച്ചുള്ള ഈ പ്രയാണത്തെയാണല്ലോ നാം വളർച്ച എന്ന് പറയുന്നത്. നവീനവും പുരോഗമനപരവുമായ മുന്നേറ്റങ്ങളാണ് കഥകളുടെ വളർച്ചയ്ക്ക് സാധ്യമായി വർത്തിച്ചിട്ടുള്ളത് എന്ന് കാണാൻ സാധിക്കും. അത്തരത്തിൽ ഒരു സാഹിത്യ ഇടപെടലാണ് എം.ഒ. രഘുനാഥ് എഡിറ്റ്‌ ചെയ്ത് സമത പ്രസിദ്ധീകരിച്ച “ദേശാന്തര മലയാളകഥകൾ” എന്ന കഥാസമാഹാരം എന്ന് വിലയിരുത്താൻ സാധിക്കും.

ദേശാന്തര മലയാളകഥകൾ എന്ന കഥാസമാഹാരത്തിന്റെ പ്രകാശനവാർത്ത അറിഞ്ഞതുമുതൽ, അതേക്കുറിച്ചുള്ള ചില വായനാനുഭവങ്ങൾ കേട്ടതുമുതൽ, പുസ്തകം സ്വന്തമാക്കാനുള്ള ശ്രമമായിരുന്നു. കേട്ടത് ശരിയാണെന്ന് വായനാനുഭവം ഉറപ്പിച്ചുതരികയും ചെയ്തു. കേവലം, പ്രവാസ കഥയെഴുത്തുകാരുടെ കൂടിച്ചേരൽ എന്നതിലുപരി, പ്രവാസ ഇടങ്ങളുടെ അടയാളപെടുത്തലായി ഇതിലെ ഓരോ കഥയും മാറുന്നുണ്ട്. സ്വന്തം പ്രവാസ ഇടത്തുനിന്നുകൊണ്ട്, മറ്റൊരു ദേശത്തേക്ക് കഥാപാത്രങ്ങളുടെ സഞ്ചാരം കൊണ്ടുപോകുന്ന ചില പ്രവേശങ്ങൾ കാണാൻ സാധിക്കും. ഷീല ടോമിയുടെ ‘കിളിനോച്ചിയിലെ ശലഭങ്ങൾ’ എന്ന കഥ അതിനൊരു ഉദാഹരണമാണ്. അതുപോലെ സാബു ഹരിഹരന്റെ ‘കാണാതായ ലോകം’ എന്ന കഥ പ്രവാസ ഇടത്തുനിന്നും സാർവ്വദേശീയ വീക്ഷണത്തിലേക്ക് നമ്മെ നയിക്കുന്നുണ്ട്.

കഥകളുടെ വികാസം എന്നുപറയുന്നത്, പുതിയ പരീക്ഷണങ്ങളുടെകൂടി കഥകളാണല്ലോ. അങ്ങനെ നിരീക്ഷിച്ചാൽ എല്ലാ കഥകളും ആ ഉയരത്തിൽ എത്തിയിട്ടുണ്ടോ എന്നത് വായനക്കാർ വിലയിരുത്തേണ്ടതാണ്. ഇതിലെ ഓരോ കഥയും നമുക്ക് ഇന്നേവരെ പരിചിതമല്ലാത്ത പ്രവാസ ഇടങ്ങളും അവിടെയുള്ള ജീവിതങ്ങളും കാണിച്ചുതരുന്നുണ്ട്. ഇത്‌ പരമ്പരാഗത പ്രവാസ എഴുത്തുകളിൽനിന്നുള്ള പ്രകടമായ മാറ്റമാണ്. പുതിയ പ്രവാസി എഴുത്തുകാരുടെ രചനകളിൽ ഈ മാറ്റം ഇപ്പോൾ ശ്രദ്ധേയമായ രീതിയിൽതന്നെ കാണാൻ സാധിക്കുന്നുണ്ട്. ഒരുകാലത്ത് ഗൃഹാതുരത്വം എഴുതിനിറച്ച പ്രവാസി എഴുത്തുകാരുടെ നിരയിൽനിന്നും മലയാള സാഹിത്യത്തിന്റെ മുൻനിരയിലേക്കുള്ള പ്രവാസി എഴുത്തുകാരുടെ വളർച്ചയാണ് ഈ മാറ്റത്തിലൂടെ നമുക്ക് കാട്ടിത്തരുന്നത്.

മലയാള സാഹിത്യത്തിലേക്കുള്ള പ്രവാസി എഴുത്തുകാരുടെ ഇടപെടലുകൾക്ക് മാറിയകാലത്തെ ചിന്തയും സാങ്കേതിക സഹായങ്ങളും കാരണമാകുന്നുണ്ട് എന്ന് നിരീക്ഷിക്കാൻ സാധിക്കും. അച്ചടി മാധ്യമങ്ങളുടെ കുത്തക കാഴ്ചപ്പാടിൽ നിന്നും ഓൺലൈൻ മാധ്യമങ്ങളുടെയും നവമാധ്യമങ്ങളുടെയും വിശാലമായ പ്രതലങ്ങളിലേക്ക് പുതിയ കഥയെഴുത്തുകാർ മാറുന്നത് പരമ്പരാഗത രീതികളെ നിഷ്പ്രയാസം നിഷേധിക്കുന്നതിനോടൊപ്പം പുതിയ എഴുത്തുകാർക്ക് ‘ഒരിടം’ ഒരുക്കുന്നതിനും സഹായകരമാകുന്നുണ്ട് എന്ന് കാണാവുന്നതാണ്.

ചൈന, റഷ്യ, ജപ്പാൻ, ബ്രസീൽ, ഓസ്‌ട്രേലിയ, ജർമനി, യു.കെ, യു.എസ്., അയർലൻഡ്, മാലിദ്വീപ്, സൗദി അറേബ്യ, ഒമാൻ, യൂ.എ.ഇ, ഖത്തർ, ആഫ്രിക്ക, ന്യൂസിലാൻഡ്, സിങ്കപ്പൂർ, കാനഡ എന്നിവിടങ്ങളിൽ നിന്നായി ഇരുപതുകഥകളാണ് “ദേശാന്തര മലയാള കഥകൾ” എന്ന സമാഹാരത്തിലുള്ളത്. മുകളിൽ സൂചിപ്പിച്ച രണ്ടുകഥകൾക്കുപുറമേ കടന്നുവരുന്ന പതിനെട്ടു കഥകളും വളരെ വ്യത്യസ്തമായ വായനാനുഭവങ്ങളാണ് പകർന്നു നൽകുന്നത്. വായനക്കാരന്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കാത്ത തരത്തിൽ ഇതിലെ കഥകൾ പുസ്തകത്തോട് നീതിപുലർത്തുന്നുണ്ട് എന്ന് വിലയിരുത്താൻ സാധിക്കും. വലിയൊരു അന്വേഷണം ഈ കഥകളുടെ തെരഞ്ഞെടുപ്പിൽ നടപ്പിലാക്കാൻ എഡിറ്റർ എന്ന നിലയിൽ രഘുനാഥിന് സാധിച്ചതിന്റെ അടയാളപ്പെടുത്തൽകൂടിയാണ് ഇതെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്.

ഫർസാനയുടെ ‘ചൈനീസ് തെരുവ്’ എന്ന ആദ്യകഥതന്നെ ചൈനീസ് വൻമതിലിന്റെ പശ്ചാത്തലത്തിൽ നമ്മെ അത്ഭുതപ്പെടുത്തുകയാണ്. വന്മതിൽ ഒരു ശവക്കല്ലറയായി വായനക്കാരിലേക്ക് പകർന്നുവയ്ക്കുന്ന കഥാതന്തുവാണ് അതിൽ കൈകാര്യം ചെയ്യുന്നത്. “ആമോസോണിയ കൈപ്പറീനിയ” എന്ന ഷാജി തോമസിന്റെ കഥ ഒരു ആത്മഭാഷണമായിത്തന്നെ മാറുകയാണ്. നാം വായനയിലൂടെയും കേട്ടുകേൾവിയിലൂടെയും മാത്രമറിഞ്ഞ ആമസോൺ വനാന്തരങ്ങളും ഒപ്പം അവിടത്തെ വർത്തമാനകാല ചിത്രങ്ങളും നമുക്ക് ഇതിലൂടെ വായിച്ചെടുക്കാൻ സാധിക്കുന്നു. കഥാന്ത്യം കഥാകൃത്തിനെ കൂടുതൽ അറിയാനുള്ള ആഗ്രഹവും പകർന്നുവയ്ക്കുന്നുണ്ട് ഈ കഥ.

സൗദി അറേബ്യയുടെ മിത്തുകളിലൂടെയുള്ള ഒരു സഞ്ചാരമാണ് സബീന എം സാലിയുടെ ‘ഖാത്തിലക്കാറ്റ്” എന്ന് ചുരുക്കി പറയാം. പ്രമേങ്ങളുടെ തെരഞ്ഞെടുപ്പിലും അതിൽ മിത്തുകൾ അവതരിപ്പിക്കുന്നതിലും സബീന കാണിക്കുന്ന മിടുക്ക് എടുത്തുപറയേണ്ടതാണ്. ശക്തമായ സ്ത്രീപക്ഷ കാഴ്ചപ്പാടിനൊപ്പം നമ്മെ അത്ഭുതപ്പെടുത്തുന്ന അവതരണ രീതിയാണ്, ഒമാനിൽ നിന്നുള്ള ദിവ്യപ്രസാദിന്റെ “നാലുമണിക്കുണരുന്ന സ്ത്രീ”യായി തന്റേടത്തത്തോടെ കഥപറയാനെത്തുന്നത്. നാം ഇതുവരെ കണ്ടറിഞ്ഞിട്ടോ വായിച്ചിട്ടോ ഇല്ലാത്ത റഷ്യൻ അനുഭവമാണ് അജയ് കമലാകരന്റെ “ദ സ്വിദാനിയെ ഖബറോവ്സ്ക്” എന്ന കഥ വരച്ചുവയ്ക്കുന്നത്. ജപ്പാൻ പശ്ചാത്തലത്തിൽ വേറിട്ട സംസ്കാരവും ജീവിതരീതിയും അവതരിപ്പിക്കുന്ന അമലിന്റെ “ഈനു” അല്പം നീണ്ടുപോയെന്ന് അഭിപ്രായമുണ്ട്. ഹേമയുടെ “ആഴ”മെന്ന കഥ ജർമനിയുടെ പശ്ചാത്തല സൗന്ദര്യത്തിൽ പ്രണയത്തിനും അപ്പുറത്തുള്ള ചിലത് ബാക്കിവയ്ക്കുന്നു.

“രണ്ടു ദ്വീപുകളും ആകാശപ്പറവയും” എന്ന ലിറ്റൻ. ജെ യുടെ സിങ്കപ്പൂർ പശ്ചാത്തലത്തിൽ കടന്നുവരുന്ന കഥയും അവതരണമികവിലും ഭാഷയിലും അത്ഭുതപ്പെടുത്തുന്നുണ്ട്. പ്രാശാന്തൻ കൊളച്ചേരിയുടെ “യെറുബ” ദുബായിയുടെ പശ്ചാത്തലത്തിൽ ഒരുക്കിയെടുക്കുമ്പോഴും ആഫ്രിക്കൻ (നൈജീരിയ) വംശജനായ കഥാപാത്രത്തിലൂടെയുള്ള അന്വേഷണവും പഠനവും ചില ചോദ്യങ്ങൾ ബാക്കിവച്ചുകൊണ്ടാണ് അവസാനിക്കുന്നത്. തമ്പി ആന്റണിയുടെ “മെക്സിക്കൻ മതിൽ” അമേരിക്കയിലേക്കുള്ള നിലയ്ക്കാത്ത മെക്സിക്കൻ കുടിയേറ്റത്തിന്റെ കഥപറയുന്നതിനോടൊപ്പം, കോർപ്പറേറ്റ് മൂലധന സ്വാധീനങ്ങളിൽ തകർന്നുവീഴുന്ന നിസ്സഹായരായ മനുഷ്യരുടെ ചിത്രങ്ങൾ വരച്ചുവയ്ക്കുന്നു.

ജാതിക്കും മതത്തിനുമപ്പുറത്തുള്ള മാനുഷിക മൂല്യങ്ങളുയർത്തിപ്പിടിക്കുന്ന “മാസ്ക്” എന്ന കഥയുമായി കാനഡയിൽനിന്ന് സുകുമാർ കാനഡയും, ഗൾഫ് പ്രവാസത്തിന്റെ മാറിയാലും മാറാത്ത കണ്ണീർ നനവായി “ആത്മഹത്യചെയ്യുന്നവരുടെ കാട്” എന്ന കഥയുമായി ഷാർജയിൽ നിന്ന് രമേഷ് പെരുമ്പിലാവും, പലായനത്തിനുശേഷവും എങ്ങുമെത്താതെ പോകുന്ന ജീവിതവ്യഥകളുടെ “ബ്ലൂബോണറ്റു”മായി അമേരിക്കയിലെ ടെക്സസ്സിൽ നിന്ന് പ്രിയ ഉണ്ണികൃഷ്ണനും “നെക്സൽ” എന്ന കോവിഡുകാല കഥയുമായി യു. കെ. യിൽ നിന്ന് ജിൻസൻ ഇരിട്ടിയും അയർലൻഡിൽ നിന്ന് കുടിയേറ്റത്തിന്റെ ബാക്കിപത്രം വരച്ചുവയ്ക്കുന്ന “മീനുകളും സീഗൾ പക്ഷികളു”മായി ദയാനന്ദും പ്രവാസ ഇടങ്ങളിലെ പ്രഫഷണൽ രംഗത്തെ മത്സരം, ആഫ്രിക്കൻ രാജ്യമായ ലെസ്തോയിലെ മസേറുവിന്റെ പശ്ചാത്തലത്തിൽ “തൃക്കണ്ണ് തുറക്കുന്നവരുടെ ലോക”വുമായി അജയ് നാരായണനും എത്തുമ്പോൾ വിവിധ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന ഒരു അനുഭവംകൂടിയാണ് വായനക്കാരന് സാധ്യമാകുന്നത്.

മലയാള സാഹിത്യം ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ഇടപെടലാണ് എം ഒ രഘുനാഥ് “ദേശാന്തര മലയാളകഥകൾ” എന്ന ഈ സമാഹാരത്തിലൂടെ നടത്തിയിട്ടുള്ളതെന്ന് എടുത്തുപറയേണ്ടതാണ്. മലയാളിക്ക് ഇന്നേവരെ പരിചയമില്ലാത്ത കഥാപരിസരങ്ങളെ പരിചയപ്പെടുത്തുവാനും അനുഭവേദ്യമാക്കുവാനും ഈ സമാഹാരത്തിലൂടെ സാധിച്ചിട്ടുണ്ട്. എങ്കിലും കഥയെഴുത്തിൽ ശ്രദ്ധേയമായ പരീക്ഷണങ്ങളും പുതുമയും കൊണ്ടുവരാൻ എഴുത്തുകാർ കുറെക്കൂടി ശ്രമിക്കേണ്ടതുണ്ട് എന്ന ആവശ്യകതകൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഈ ദേശാന്തരകഥകള്‍ പങ്കുവയ്ക്കുന്ന സംസ്കാരവും ജനജീവിതവും നമുക്ക് വേറിട്ടതും പുതിയതുമായ അനുഭവങ്ങൾ സമ്മാനിക്കുന്നു. അതുകൊണ്ടുതന്നെ ഏറെ വായിക്കപ്പെടേണ്ട ഒരു പുസ്തകമായി ഇതിനെ മുന്നോട്ടുവയ്ക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്നു.

കണ്ണൂർ ജില്ലയിലെ പെരളശ്ശേരി സ്വദേശി. നിശ്ശബ്ദ്ദവിപ്ലവം എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സോഷ്യൽമീഡിയകളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്.