പ്രവാസി കഥാകാരൻ ശരവൺ മഹേശ്വറിന്റെ 30 വർഷക്കാലത്തെ പ്രവാസ ജീവിതത്തിന്റെ പരിഛേദമാണ് ശംഖജം എന്ന നോവൽ. ശംഖജം എന്നാല്‍ വലിയ മുത്ത് എന്നാണ് അര്‍ത്ഥം. എല്ലാവരും മുത്ത് വാരാനാണല്ലോ ഗൾഫിലെത്തുന്നത്. അതില്‍ ഭൂരിഭാഗവും ദു:ഖക്കയത്തില്‍ തന്നെയായിരിക്കും. രക്ഷപ്പെടുന്നവർ സ്ഥായിയായി എന്തെങ്കിലും നേടുന്നുണ്ടോ എന്നതും സംശയമാണ്.
ഡോക്ടർ. കുമരകം പി.ജി. അച്യുതന് നായരുടെ മകനായി ജനുവരി പതിമൂന്നാം തിയതി തിരുവനന്തപുരത്ത് ജനിച്ച രവികുമാർ എന്ന ശരവണ്‍ മഹേശ്വര് തിരുവനന്തപുരം മോഡല്‍ സ്കൂളിലും സംസ്കൃതകോളജിൽ നിന്നുമായി പഠനം പൂർത്തിയാക്കി. പിന്നെ നാട്ടിൽ തൊഴിലും എഴുത്തുമായി കുറച്ചു കാലം. തുടർന്നാണ് ജോലിക്കായി ഖത്തറിലേക്ക് ഇദ്ദേഹം വരുന്നത്. 1989 ഖത്തറിലെത്തുകയും നീണ്ട 15 വര്‍ഷം ഖത്തറിൽ ജോലി നോക്കിയ ഇദ്ദേഹം 2004 നാട്ടിലേക്ക് മടങ്ങി. പിന്നീട് 2007 ലാണ് ദുബായിലേക്ക് പോകുന്നത്.
ഖത്തര്‍, ബഹറിന്‍, സൗദി അറേബ്യ, യുഎഇ തുടങ്ങി ആറോളം രാജ്യങ്ങളില്‍ സേവനം അനുഷ്ട്ഠിച്ചിട്ടുള്ള ഇദ്ദേഹം കൂലിപ്പണി മുതല്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ പദവിയിൽ വരെ ജോലി ചെയ്തു. ഏത് ജോലിക്കും അതിന്റേതായ അന്തസ്സും നിലനില്‍പ്പും ഉണ്ടെന്ന് വിശ്വസിക്കുന്ന ഇദ്ദേഹത്തിന്റെ അനുഭവങ്ങളാണ്, നവരസം സംഗീതസഭയുടെ 2022 ലെ ഗോവിന്ദ് രചന അവാർഡ് ലഭിച്ചിട്ടുള്ള ശംഖജം എന്ന ഈ നോവലിൽ ഉള്ളത്. പറഞ്ഞറിയിക്കാന്‍ പറ്റാത്ത നൂറു കണക്കിനനുഭവങ്ങള്‍, ജീവിക്കാന്‍ ഒരു കച്ചിതുരുമ്പ് പോലും ലഭിക്കാതെ ആത്മഹത്യവരെ ചെയ്യ്താലോയെന്ന് ചിന്തിച്ച ദിനങ്ങള്‍, അതെല്ലാം തരണം ചെയ്ത ഇദ്ദേഹം എട്ട് വര്‍ഷമെടുത്താണ് ഈ നോവല്‍ പൂര്‍ത്തിയാക്കിയത്.
വീട്ടില്‍നിന്നും ചുറ്റുവട്ടത്തുനിന്നും കിട്ടിയതും പ്രവാസജീവിതത്തിലെ കയ്പേറിയതുമായ അനുഭവങ്ങളുടെ ശക്തിയിൽ കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ശരവണ്‍ മഹേശ്വര് തന്റെ തൂലികയിലൂടെ നിരവധി കവിതാ, ചെറുകഥാ സമാഹരങ്ങള്‍, നോവലുകള്‍, ചലച്ചിത്ര തിരക്കഥകള്‍, സിനിമാ അനുഭവങ്ങള്‍, കത്തുകളുടെ സമാഹാരം എന്നിങ്ങിനെ 56 ഓളം കൃതികൾ എഴുതുകയും അതിൽ 23 കൃതികള്‍ പ്രസിദ്ധീകരിക്കുകയുമുണ്ടായി.
കാലാനുവർത്തിയായി വായനക്കാരിലേക്ക് അനുസ്യൂതം ഒഴുകികൊണ്ടിയിരിക്കുന്ന ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ക്ക് അവതാരികകളും ആമുഖങ്ങളും, നിരൂപണങ്ങളും എഴുതിയീട്ടുള്ളത് തകഴി, ബഷീര്‍, മഹാകവി അക്കിത്തം, മഹാകവി ഒളപ്പമണ്ണ, മഹാകവി എം പി അപ്പന്, പെരുമ്പടവം ശ്രീധരന്, ശ്രീമതി ബാലാമണിയമ്മ, ഡോ. ജി രാമചന്ദ്രന് അങ്ങനെ മലയാള സാഹിത്യത്തിലെ 49 ഓളം പ്രതിഭകളാണ്.
വിവിധ ചാനലുകളിൽ സംപ്രേഷണം ചെയ്ത ശാന്തിമന്ത്രം മുഴക്കുന്ന മരുത്വാമല, പൂർണമായും മിഡിൽ ഈസ്റ്റിൽ ചിത്രീകരിച്ച ആദ്യ ഹിന്ദി ഹൃസ്വചിത്രമായ ആകർഷിത്, നൃത്തസംഗീത ചിത്രമായ ദമരു, മറന്നുവോ നീയെൻ തുടങ്ങി നിരവധി ഹൃസ്വചിത്രങ്ങളും എഴുത്തിനൊപ്പം ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അതോടൊപ്പം 36 ഭാഗങ്ങളായി ശംഖജം എന്ന ഈ നോവൽ സ്പാർക്ക് മീഡിയ എന്ന യുട്യൂബ് ചാനലിലൂടെ എഴുത്തുകാരൻ തന്നെ അവതരിപ്പിക്കുന്നത് വൈകാതെ സംപ്രേക്ഷണം ആരംഭിക്കും.
2005 ല്‍ ഫ്രണ്ട്ഷിപ്പ് ഫോറം ഓഫ് ഇന്ത്യയുടെ ഭരത് എക്സലന്‍സ് അവാര്‍ഡ്, 2006 ല്‍ ഇന്റര്‍നാഷണല്‍ പെന്ഗ്വിന് പബ്ലിഷിങ് ഹൗസിന്റെ പേഴ്സ്ണാലിറ്റി ഓഫ് ഇന്ത്യാ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
തന്റെ സാഹിത്യപ്രവർത്തതങ്ങളുമായി തിരക്കിൽ നിന്ന് തിരക്കിലേക്ക് സഞ്ചാരിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹമിപ്പോൾ വൈഗ തൻ നദിക്കരയിലെ എന്ന തമിഴ് ചലച്ചിത്രവുമായി ബന്ധപ്പെട്ട് നാട്ടിലാണ്.
പാര്‍വതി മഹേശ്വറാണ് ഭാര്യ. വിശാഖ് മഹേശ്വര് ഏക മകനാണ്.