ജന്മ നാട്ടില്‍ നിന്നും പുറത്തു പോകുന്നവര്‍ ഒക്കെയും സ്വര്‍ഗ്ഗവാതില്‍ തുറന്നകത്ത് പ്രവേശിക്കുന്ന ഭാഗ്യവരായ മനുഷ്യര്‍ അല്ല . ദുരിതങ്ങളില്‍ നിന്നും രക്ഷ നേടി മറ്റൊരു ദുരിതത്തിലേക്ക് പ്രവേശിക്കുന്ന മനുഷ്യരാണവര്‍. അവര്‍ ജീവിക്കുകയല്ല പിന്നെയുള്ള കാലം . ശരിക്കും അവര്‍ മരിക്കുകയാണ് നാട് വിടുന്നതോടെ . വീട്ടിലെ ദുരിതങ്ങള്‍ മാറ്റാനും ജീവിതം സുഖകരമാക്കാനും വേണ്ടി വീട് വിട്ടിറങ്ങേണ്ടി വരുന്ന ജീവിതങ്ങള്‍ നടന്നുപോകുന്ന ദുരിതങ്ങളെ ആര്‍ക്കും അത്ര പെട്ടെന്നു വരച്ചു കാണിക്കാന്‍ കഴിയുകയില്ല . ബന്യാമിന്റെ ആടൂജീവിതം പോലുള്ള ജീവിത കഥകളെ കാണുമ്പോള്‍ , വായിക്കുമ്പോള്‍ ഉണരുന്ന കഷ്ടം എന്ന മൂക്കത്ത് വിരല്‍ വയ്ക്കലിനപ്പുറം അതാരെയും സ്പര്‍ശിക്കുകയില്ല . ഇരുപതോ മുപ്പതോ ചിലപ്പോള്‍ നാല്‍പ്പതോ വയസ്സില്‍ കേരളത്തിനപ്പുറം കടക്കുന്ന മനുഷ്യര്‍ പിന്നെ നാട്ടിലേക്കു തിരികെ വരുന്നത് അന്‍പതോ അറുപതോ വയസ്സുകളിലോ അതിനും ശേഷമോ ഒക്കെയാകും . ഒന്നുകില്‍ പെട്ടിയില്‍ അടച്ചു വരുന്ന വരവാകാം അല്ലെങ്കില്‍ ഒരു ലോഡ് രോഗങ്ങളുമായി വരുന്നതാകാം . പെട്ടിയില്‍ വന്നാല്‍ ആ മനുഷ്യന് ഭാഗ്യവാന് എന്നു ചിന്തിക്കേണ്ട ഒരു കാലമാണിത് . അതുവരെ ആര്‍ക്കും ശല്യമാകാതെ , അവരുടെയൊക്കെ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും വേണ്ടി മുഖം കറുക്കാതെ അക്ഷയനിധിപോലെ പ്രവര്‍ത്തിച്ച ഒരു മനുഷ്യന് തിരികെ തന്റെ വാര്‍ദ്ധക്യത്തില്‍ അവര്‍ക്കിടയിലേക്ക് ഒരു അതിഥിയെപ്പോലെ കടന്നു വരികയും തന്റെ ദൈനംദിന ചിലവുകള്‍ക്ക് പോലും അവരോടു ഇരക്കുകയും ചെയ്യേണ്ടി വരുന്ന അവസ്ഥ ആ മനുഷ്യരെ സംബന്ധിച്ചു മരണത്തിന് തുല്യമാകുന്ന പ്രതികരണങ്ങളാകും ലഭിക്കുക . ഇതിലും ഭേദം പെട്ടിയില്‍ തന്നെ വരികയാണ് എന്നു കരുതുന്നവര്‍ ആണ് പുറം നാടുകളില്‍ ജോലി ചെയ്യുന്ന ഒട്ടുമിക്ക മനുഷ്യരും. പ്രസവത്തിന്റെ സമയത്തിന്റെ അവധി കണക്കുകൂട്ടി നാട്ടില്‍ വരികയും വിചാരിച്ച സമയത്ത് പ്രസവം നടന്നില്ലേല്‍ സിസേറിയനിലൂടെ പ്രസവം നടത്തിയെങ്കിലും കുട്ടിക്കും വീട്ടുകാര്‍ക്കും ഒപ്പം അല്പദിവസം കഴിയുകയും , ഹൃദയവേദനയോടെ തിരികെ ജോലിക്കു തിരിച്ചു പോകുന്നവരുമായ അമ്മമാരെ പരിചയമുണ്ട് . വാഷ്ബേസിനില്‍ മുലപ്പാല്‍ പിഴിഞ്ഞ് കളഞ്ഞു നെഞ്ചിന്റെ ഭാരം അടക്കുന്ന അത്തരം അമ്മമാരെ നാട്ടുകാര്‍ക്ക് പരിചയം കാണില്ല . കണ്ടാല്‍ , അവൾക്കിവിടെ നാട്ടില്‍ നിന്നാലെന്താ എന്നൊരു നിസ്സാര ചോദ്യത്തിലൂടെ അവളെ നിസ്സാരവത്കരിച്ചു അവര്‍ കടന്നുപോകും. ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് വരുത്തി വച്ച ലോണുകളും കടങ്ങളും വീട് പണികളും വാഹനഭാരവും ഒക്കെ അവള് ഒഴുക്കിക്കളയുന്ന മുലപ്പാലില്‍ അടങ്ങിയിട്ടുണ്ട് . ഒരു സിംഗിള്‍ ബഡില്‍ തന്റെ ലോകം ഒതുക്കിയ പുറം നാട്ടില്‍ ജോലിയെടുക്കുന്ന മനുഷ്യരുടെ സ്വപ്നങ്ങളില്‍ വിശാലമായ പുല്‍മേടുകളും ആകാശവും നരച്ചുതന്നെയാണ് എന്നും ഉണ്ടാവുക . ഭീമമായ തുകകള്‍ ചിലവാക്കി ഉണ്ടാക്കിയ വീട്ടിന്റെ പോരായ്മകള്‍ വര്‍ഷാ വര്‍ഷം ചെയ്തു വരികയും കടം കേറി പേരുകയും ചെയ്യുന്ന മനുഷ്യര്‍ , നാട്ടിലെ എന്തൊരു കാര്യത്തിനും ആദ്യം സമീപിക്കുന്ന മനുഷ്യര്‍ , പറയാന്‍ ഒരുപാടുണ്ട് കേരളത്തിന് പുറത്തു പോകുന്നവര്‍ക്ക് നാടിനെക്കുറിച്ച് പറയാന്‍. പക്ഷേ അവര്‍ ഒരിയ്ക്കലും തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ല . രോഗം , വിദ്യാഭ്യാസം തുടങ്ങി പല പല കളവുകള്‍ പറഞ്ഞും ഭാരങ്ങള്‍ പറഞ്ഞും സഹായം ചോദിക്കുന്ന ആള്ക്കാര് ഒരുപാടാണ്. തിരികെ ഒരു പത്തു കാശിന്റെ സഹായം പോയിട്ടു കടമായിട്ടു വാങ്ങിയ പണം പോലും തിരികെ ചോദിച്ചാല്‍ പിണങ്ങുന്ന നാട്ടുകാര്‍ക്കിടയില്‍ ഈ മനുഷ്യര്‍ക്ക് മുഖങ്ങള്‍ ഇല്ല . പ്രളയം വന്നപ്പോഴും മറ്റും രാത്രി പോലും ഉറക്കമില്ലാതെ ഇരുന്ന സഹായം ചെയ്ത മറുനാടന്‍ മലയാളികളെ കേരളം കോവിഡ് കാലത്ത് സ്വീകരിച്ച മാതൃകതന്നെയാണല്ലോ ഏറ്റവും വലിയ ഉദാഹരണം .
ഇത്രയും പറയാനുള്ള കാരണം ഷാബു കിളിത്തട്ടില്‍ ക്രോഡീകരിച്ച തന്റെ തന്നെ അനുഭവങ്ങളുടെ ലേഖന സമാഹാരമായ മാറുന്ന ഗള്‍ഫും ഗഫൂര്‍ക്കാ ദോസ്തുമെന്ന പുസ്തകം വായിച്ചതിനാലാണ് . മിഡില്‍ ഈസ്റ്റില്‍ , പ്രത്യേകിച്ചും യു എ ഇയിലെ മലയാളികളുടെ ജീവിതാനുഭവങ്ങളെയും കേരളവുമായുള്ള വിനിമയങ്ങളെയും കളക്ടീവായുള്ള വസ്തുതകളെ മുൻനിർത്തി ഷാബു വിശദീകരിക്കുന്നത് കേരളസമൂഹം വായിക്കേണ്ട ഒന്നാണെന്നാണ് പറയാനുള്ളത്. അത് മറ്റൊന്നുംകൊണ്ടല്ല . മറുനാടുകളില്‍ പോകുന്നവര്‍ എങ്ങനെ ജീവിക്കുന്നു എന്നും അവരുടെ ജീവിതം അവര്‍ക്കെന്താണ് നല്‍കുന്നതെന്നും അവരോടു കേരളം എങ്ങനെയാണ് പെരുമാറുന്നതെന്നും മനസ്സിലാക്കാന്‍ അതുപകരിക്കും . മറുനാടന്‍ മലയാളികള്‍ എഴുതുന്ന സാഹിത്യത്തില്‍ നിന്നത് ലഭിക്കും എന്നു കരുതുക വയ്യ . കാരണം അവര്‍ക്ക് തങ്ങളുടെ ദുരിതവും ദുഃഖവും നാട്ടുകാരെ കാണിക്കുന്നതില്‍ അല്പം വിഷമം ഉണ്ട് അതിനാല്‍ നോസ്റ്റാള്‍ജിയകള്‍ വിളമ്പി അവര്‍ അത് മറയ്ക്കും. മധ്യവര്‍ഗ്ഗക്കാര്‍ ആണെങ്കില്‍ അവര്‍ കാണുന്ന ഏതെങ്കിലും ചില ജീവിതങ്ങള്‍ വച്ച് ഇതാണ് ഇവിടത്തെ അവസ്ഥ എന്നു സ്ഥാപിച്ചെടുത്ത് ദയാനുകമ്പകള്‍ ചൊരിയിക്കും. വൈറ്റ് കോളര്‍ ജോബുകാര്‍ എഴുതുന്ന ബ്ലൂ കോളര്‍ ജീവിതങ്ങള്‍ ആണ് നമുക്ക് പഥ്യം . ബ്ലൂ കോളര്‍ ജീവിതങ്ങള്‍ ഒരിയ്ക്കലും തങ്ങളുടെ ജീവിതം മറ്റൊരാളെ കാണിക്കുവാനോ പറയുവാനോ മുതിരാറില്ല . കാരണം അവര്‍ക്കതിനു സമയം ഇല്ല മനസ്സും . മധ്യവര്‍ഗ്ഗ മറുനാടന്‍ മലയാളികളെ കാണാന്‍ എത്തി അവരില്‍ നിന്നും ലഭിക്കുന്ന സമ്മാനങ്ങളുമായി തിരികെ പോകുന്ന അധികാര വര്‍ഗ്ഗവും സാംസ്കാരികപ്രവര്‍ത്തകരും, മഹാനഗരങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരു ചേരി സന്ദര്‍ശിച്ചു ഒരു അനുകമ്പാപ്രതികരണവും കുറെ വാഗ്ദാനങ്ങളും അധികാര വര്‍ഗ്ഗത്തോട് കുറെ ചോദ്യങ്ങളും കുറ്റപ്പെടുത്തലുകളും നടത്തി തിരിച്ചു പോകുന്നതുപോലെ ഏതെങ്കിലും ഒരു ലേബര്‍ കോളനി കാണുകയും (അത് സംഘാടകര്‍ അവരുടെ രാഷ്ട്രീയ കാഴ്ചകളിലൂടെ നേരത്തെ തീരുമാനിച്ചു ശരിയാക്കി നിര്‍ത്തുന്ന ഒന്നാകും മിക്കവാറും ) കുറച്ചു ആശ്വാസ വാക്കുകള്‍ നല്കി കടന്നുപോകുകയും ചെയ്യുന്ന നാടകങ്ങള്‍ സുലഭമാണ് . മധ്യവര്‍ഗ്ഗത്തിന് പ്രത്യേകിച്ചും ഗള്‍ഫ് നാടുകളില്‍ സഹജീവികളുടെ വിശപ്പിനെക്കുറിച്ച് ഓര്‍മ്മവരുന്ന റംസാന് മാസങ്ങളില്‍ അവര്‍ക്ക് തങ്ങളുടെ ദാനശീലവും ഉദാരതയും വെളിപ്പെടുത്താനുള്ള പ്രദേശങ്ങള്‍ കൂടിയാണ് ലേബര്‍ ക്യാമ്പുകള്‍ . ഈ പറഞ്ഞ എല്ലാ സത്യങ്ങളും വിളിച്ച് പറയാന്‍ ഷാബുവിന്റെ ലേഖനങ്ങള്‍ സഹായിക്കില്ല . കാരണം പരിമിതികള്‍ ഉള്ള എഴുത്തുകാരാണല്ലോ കൂടുതലും . എങ്കിലും കുറച്ചൊക്കെ മറുനാടന്‍ മലയാളികളുടെ ദുരിതങ്ങളെക്കുറിച്ച് അറിയാന്‍ ഈ പുസ്തകം സഹായിക്കും എന്നു കരുതുന്നു . ഒപ്പം നോര്‍ക്കയും അവരുടെ സേവനങ്ങളും ഷാബു ഇതില്‍ പരിചയപ്പെടുത്തുന്നുണ്ട് . ഇത് മറുനാടന്‍ മലയാളികള്‍ക്ക് ഉപകാരപ്രദമായ ഒന്നാണ് എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ . തീര്‍ച്ചയായും ഒരു മാധ്യമപ്രവര്‍ത്തകന്റെ സമൂഹത്തോടുള്ള പ്രതിപത്തിയുടെ ഈ പുസ്തകം എല്ലാവരും ഒരിക്കല്‍ വായിച്ചു നോക്കുന്നത് നന്നായിരിക്കും .
മാറിയ ഗള്‍ഫും ഗഫൂര്‍ക്കാ ദോസ്തും (ലേഖനം)
ഷാബു കിളിത്തട്ട്
കൈരളി ബുക്സ്
വില: ₹ 280.00