പെട്രോൾ പമ്പിലെ പെൺകുട്ടിക്ക്
ഇടതൂർന്ന പീലികളുള്ള
വലിയ കണ്ണുകളായിരുന്നു.
അവളുടെ കണ്ണുകളിൽ ആകൃഷ്ടരായി
നിരവധി യുവാക്കൾ ദിനേന
അവിടെ വന്നു പോയിക്കൊണ്ടിരുന്നു.
അവൾ പക്ഷേ
ആരെയും ശ്രദ്ധിച്ചതേയില്ല.
അവളുടെ കണ്ണുകൾ
ഓടുന്ന അക്കങ്ങൾക്ക് പിറകെ പായുകയും
അവ നിശ്ചലതയെ പുണരുമ്പോൾ
അവർ നീട്ടുന്ന നോട്ടുകളിലേക്ക് സഞ്ചരിക്കുകയും
അവ വാങ്ങി തോൽസഞ്ചിയിൽ നിക്ഷേപിക്കുമ്പോൾ
ശൂന്യതയെ പ്രാപിക്കുകയും ചെയ്തുകൊണ്ടിരുന്നു.
അവളുടെ നീണ്ട മുടിയിഴകൾ
ഞണ്ടിൻകാലുപോലെയുള്ള മുടിപ്പിന്നിൽ നിന്നും
സ്വതന്ത്രമാകാൻ ശ്രമിച്ചുകൊണ്ടിരുന്നു.
അവയെ ശാസിച്ചൊതുക്കി
അവൾ വണ്ടികൾക്കരികിലേക്ക്
നിർത്താതെ ചലിച്ചുകൊണ്ടിരുന്നു.
ഒരു യന്ത്ര മനുഷ്യനെപ്പോലെ.
മാസത്തിലെ അവസാന ദിവസമാണ്
അവളുടെ തുണി സഞ്ചി ആരോ മോഷ്ടിച്ചത്.
രോഗികളായ അച്ഛനമ്മമാർക്ക്
കുറിക്കപ്പെട്ട മരുന്നുകളുടെ പേരുകൾ
അവൾക്ക് കാണാപ്പാഠമായിരുന്നു.
മുത്തശ്ശിയുടെ കുഴമ്പും കഷായവും
മണം കൊണ്ട് അറിഞ്ഞിരുന്നു
ഇളയതുങ്ങളുടെ ആവലാതികൾ
കാറ്റെപ്പോഴും ചെവിയിലോതിക്കൊണ്ടിരുന്നു
തുണി സഞ്ചിയാകട്ടെ
നിറം മങ്ങിയതായിരുന്നു
അവൾക്ക് കൂലി കിട്ടിയിരുന്നുമില്ല.
പിന്നെന്തിനെ കണ്ണുനിറയ്ക്കുന്നുവെന്ന് കൂട്ടുകാർ.
വൈകുന്നേരം ബസ്സിറങ്ങി
ഇരുട്ട് തിങ്ങിയ കണ്ണുമായി
വീട്ടിലേക്ക് നടക്കുമ്പോൾ
ചുറ്റും നിഴലുകൾ അനങ്ങുന്നുവെന്ന്
അവളുടെ മൗനം.
കാലിയായ
തുണിസഞ്ചി തിരികെ കിട്ടിയപ്പോൾ
കൂട്ടുകാർ അമ്പരന്നു.
മുന തേഞ്ഞുപോയ ഒരു കത്തി
അപ്പോഴും അതിലുണ്ടായിരുന്നു