1.
ഞാൻ ബസ് സ്റ്റോപ്പിലിരുന്നു.
അപ്പുറം
ഒരു നായ ഇരിക്കുന്നുണ്ടായിരുന്നു
ഇടയ്ക്ക് ഞങ്ങൾ
പരസ്പരം നോക്കി.
ഞങ്ങൾ രണ്ടാളും കാത്തിരിക്കുന്നത്
ഓരോ മനുഷ്യരെയാണ്.
ബസ് വന്നു
എൻ്റെ കാത്തിരിപ്പ് അവസാനിച്ചു
ഞാൻ അവളുമായി മടങ്ങി.
നായ ഇരിപ്പ്തുടർന്നു.
പിറ്റേന്നും ഇതാവർത്തിച്ചു.
ഓരോ കാത്തിരിപ്പും
ഒരു വയസൻ നായയാണ്.
2.
മറ്റൊരു ദിവസം
ഞങ്ങൾ മുഷിവു പങ്കിട്ടിരിക്കെ,
തെരുവിൻ്റെ അങ്ങേയറ്റത്ത്
ഒരു ചുവന്ന കാർ വന്നു നിന്നു.
നായ ചാടിയെഴുന്നേറ്റ് ഓടാനാഞ്ഞു.
ഒരു നിമിഷത്തേയ്ക്ക്
അത് മനുഷ്യനായി!.
വണ്ടിയിൽ നിന്നിറങ്ങിയ മനുഷ്യനെ കണ്ട് അത് വീണ്ടും നായയായി!
നിരാശയോടെ സ്വന്തം ഇരിപ്പിലേക്ക്
പിന്നെ കിടപ്പിലേക്ക്
മടങ്ങി.
പിന്നെ
അതെന്നെ നോക്കിയതേയില്ല.
തെരുവുനായ
ഒരു ജീവിയേയല്ല.
വെറും കാത്തിരിപ്പ് മാത്രമാണ്.