ചിന്നക്കനാലിലേക്ക്…

മൂന്നാമത്തെ യാത്ര കുടുംബത്തോടൊപ്പം, കൂട്ടുകാരോട് ഒപ്പം, മൂന്നാറിലേക്ക്. മൂന്നാർ തൊടാതെ ചിന്നക്കനാലിലേക്കാണ് രണ്ടു ദിവസത്തെ യാത്ര. വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഇങ്ങനെയൊന്ന്. ആദ്യം ജോലി തിരക്ക്, പിന്നീട് കോവിഡ് അങ്ങനെ ഓരോ കാരണങ്ങളാൽ യാത്രകൾ അകലെയായി.. ദിനവുമുള്ള Routine – കളുടെ തടവറയിലായി ജീവിതം. ആകെ മുഷിപ്പ്. രണ്ടു വർഷത്തിനു് ശേഷവും കൊറോണ ശക്തനായി തുടരുന്നു. രണ്ട് വാക്സിനേഷനും കഴിഞ്ഞു, പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല, എന്ന് സ്വയം വിശ്വസിപ്പിച്ച് യാത്രയ്ക്ക് പുറപ്പെട്ടു.

അഞ്ച് കുടുംബങ്ങൾ നാലു കാറുകളിലായാണ് യാത്ര. നിർബന്ധിത ട്രാൻസ്ഫർ എന്ന പോളിസി കമ്പനി സ്വീകരിച്ചതോടെ മാസത്തിൽ ഒരു തവണ നാട്ടിൽ വന്ന് കുടുംബ ജീവിതം നയിക്കാം എന്ന നിർബന്ധിത സംസ്കാരത്തിലേക്ക് കുടുംബങ്ങൾ എത്തപ്പെട്ടിരിക്കുന്നു. അതിനിടയിൽ ആണ് ഈ യാത്ര.

കോതമംഗലത്തിന് അപ്പുറം ഒരു ഉഡുപ്പി ഹോട്ടലിൽ നിന്ന് പ്രഭാത ഭക്ഷണത്തിന് ശേഷം ഞങ്ങൾ മല കയറി തുടങ്ങി. ഏതാനും ദിവസങ്ങളിലായി മഴയായിരുന്നു. ഭാഗ്യം, ഇപ്പോൾ മഴ മാറിയിരിക്കുന്നു. തെളിഞ്ഞ ആകാശം. വഴി നിറയെ വാഹനങ്ങളാണ്. മൂന്നാറിലുള്ള റിസോർട്ടുകളെല്ലാം തന്നെ നിറഞ്ഞിരിക്കുന്നു എന്ന പത്രവാർത്ത കഴിഞ്ഞ ദിവസം വായിച്ചിരുന്നു. പോകുന്ന വഴികളിൽ അവിടിവിടെ എല്ലാം വെള്ളച്ചാട്ടങ്ങൾ കാണാം. മഴയ്ക്ക് ശേഷം അവയൊക്കെ ആഘോഷത്തിലാണ്. എങ്കിലും സൂര്യൻ കടുത്ത ചൂടുമായി കൂടെ തന്നെയാണ് .
ഗൂഗിൽ ചേച്ചിയാണ് വഴി നയിക്കുന്നത്. മനോഹരമായ ചെറു വഴികളിലൂടെയാണ് യാത്ര. മൂന്നാർ ടൗൺ തൊടാതെ. എപ്പഴോ വഴി തെറ്റി. പോകുന്ന വഴി തന്നെ ലക്ഷ്യമെന്നതു കൊണ്ട് പ്രത്യേകിച്ച് സമയനഷ്ടങ്ങളില്ല. മലയിടുക്കുകൾക്ക് ഇടയിൽ അതി മനോഹരമായ നെൽപ്പാടം. അങ്ങകലെ ശാന്തി ചൊരിഞ്ഞ് ഒരു ദേവാലയം. കുന്നിൻ മുകളിലെ ഈശ്വരൻ്റെ ആവാസസ്ഥാനങ്ങൾക്കെല്ലാം അനശ്വരമായ പ്രഭയാണ്..ഒരു ക്ലിക്കു് …നേർക്കാഴ്ച തരുന്ന ആനന്ദം ഒരിക്കലും ക്യാമറയ്ക്ക് നൽകാനാവില്ല എന്ന് കണ്ടു. കണ്ണുകൾ എന്ന ജൈവ ക്യാമറയെക്കുറിച്ച് ചിന്തിച്ച് ഞാൻ അദ്ഭുതപ്പെട്ടു.

മലമുകളിലെ ദേവാലയങ്ങൾ എന്നിൽ എപ്പോഴും ഒരു അനുഭൂതി ജനിപ്പിച്ച് കടന്നു പോകുന്നു. നിശബ്ദത, ശാന്തി, ഏകാന്തത ഇവയൊക്കെ തന്നെയാവും കാരണങ്ങൾ. ചുറ്റുപാടുകൾ എത്ര മനോഹരമെങ്കിലും ചിന്തയുടെയും മോഹന വികാരങ്ങളുടെയും രസകൂട്ടുകൾ ചേരുമ്പോഴാണ് എന്തിനും ലാവണ്യമുണ്ടാവുക. ഞങ്ങൾ ഒഴികെ നിരത്തിലാരുമില്ല. നിരത്തിനെ സ്വന്തമാക്കി ഒരു പശു സ്വസ്ഥമായി അവിടെ കിടക്കുന്നുണ്ട് .

മുൻപോട്ടു പോകുന്തോറും വഴി അല്പം കൂടി ഇടുങ്ങിയതും കുണ്ടും കുഴിയും നിറഞ്ഞതുമായി. ഭാഗ്യത്തിന് ഒരു മനുഷ്യനെ കാണാനായി. മിക്കവാറും ജീപ്പുകൾ മാത്രം പോകുന്ന വഴികളിലൂടെയാണ് ഞങ്ങൾ പോയിരുന്നത്. ഈ വഴിയിൽ കാറുകൾ ഓടിക്കുക ബുദ്ധിമുട്ടാണ്. വേറൊരു വഴി അദ്ദേഹം പറഞ്ഞു തന്നു. ഗൂഗിൾ ചേച്ചിയുടെ നിർദേശപ്രകാരം നീങ്ങി നട്ടപ്പാതിരക്ക് കാട്ടിൽ അകപ്പെട്ട ഒരു കുടുബത്തിൻ്റെ കഥ പത്രവാർത്തയായി അടുത്ത കാലത്ത് വന്നത് ഓർമ്മയിലെത്തി. ഇതു പോലെ തന്നെ ഒരു വെള്ളപ്പൊക്കക്കാലത്ത് ഒരു വെള്ളക്കെട്ടിൻ്റെ നടുക്ക് വന്നു നിന്നു പോയ അനുഭവം ഉണ്ട്. ഒരു കൈ നീളം അകലെ ലക്ഷ്യസ്ഥാനം കാണാം. അന്ന് കോരിച്ചൊരിയുന്ന മഴയത്ത് അല്പം ഭയന്നെങ്കിലും ഇന്ന് ഒരു സംഘം ആളുകൾ ഉള്ളതുകൊണ്ടു് ഭയപ്പാട് തീരെയില്ല. ഏതായാലും യാത്രയിലെ ഒരു വിപ്ലവമായി ഗൂഗിൾ ചേച്ചി എപ്പോഴും കൂടെയുണ്ടാവും.

കേരളത്തിൽ ഇപ്പോൾ ഏതു മാസത്തിലും വെള്ളപ്പൊക്കമോ ഉരുൾപൊട്ടലോ വരാം എന്ന സ്ഥിതിവിശേഷത്തിലെത്തിയിരിക്കുന്നു. ‘ മൺസൂണിനെ പിന്തുടരുക ‘ എന്നത് പഴങ്കഥ ആയിരിക്കുന്നു. ഇപ്പോൾ ന്യൂനമർദ്ദങ്ങളാണ് മഴ നിശ്ചയിക്കുന്നത്. എപ്പോൾ വേണമെങ്കിലും അക്രമിക്കാവുന്ന ന്യൂനമർദ്ദങ്ങൾ. കാലാവസ്ഥയ്ക്കനുസൃതമായി കൃഷിയോ യാത്രകളോ പ്ലാൻ ചെയ്യുക ദുഷ്കരമായിരിക്കുന്നു. അതിവൃഷ്ടിയിൽ വെളളപ്പൊക്കം, ഉരുൾപൊട്ടൽ എന്തു തന്നെയും എപ്പോൾ വേണമെങ്കിലും ഉണ്ടാവാം എന്നായിരിക്കുന്നു അത്രത്തോളം പ്രകൃതിയെ മനുഷ്യൻ ചൂഷണം ചെയ്തിരിക്കുന്നു. അല്പായുസ്സായിട്ടുള്ള സ്വാർത്ഥ താത്പര്യങ്ങൾക്കായി .

പുതിയ വഴിയിലൂടെ ഉളള യാത്രയിലും പല കയറ്റങ്ങളിൽ വാഹനം നിന്നു പോയി. മുകളിലോട്ട് പോകുന്തോറും ചെവി ചെറുതായി അടഞ്ഞുതുടങ്ങി. ചെറുകാറ്റ്, ചെറു തണുപ്പ്, മനോഹര വഴികൾ… നിശബ്ദതയിൽ ആനന്ദം. അവസാനം ഗോൾഡൻ റിഡ്ജ് എന്ന റിസോർട്ടിൽ ഞങ്ങൾ എത്തി. അവിടെ ചെന്നപ്പോഴാണ് അല്പം മാറി വിശാലമായ NH റോഡ് പോകുന്നുണ്ട് എന്ന് റിസോർട്ട് മാനേജർ പറഞ്ഞത് . ഏതായാലും ഗൂഗിൾ ചേച്ചി കാരണം വരാനിടയില്ലാത്ത ഒരു വഴി കൂടി ഞങ്ങൾ കണ്ടു. റിസോർട്ട് എന്ന് പറയുന്നതിനേക്കാൾ ഫാം ഹൗസ് എന്ന് പറയാം.

ഒരു വലിയ പശു തൊഴുത്ത്, പക്ഷിക്കൂട്, മുയലുകൾ ഇവയൊക്കെ അവിടെയുണ്ട്. ഈ ഭൂപ്രദേശത്തിൻ്റെ പ്രകൃതിക്കനുസരിച്ച് മൂന്ന് തട്ടുകളിലായിട്ടാണ് ഇവിടുത്തെ മുറികൾ . ചുറ്റും ഏലകൃഷിയും. അകലെ പല രൂപങ്ങളിലും ഭാവങ്ങളിലും പഞ്ഞിക്കെട്ടു പോലെ മേഘ ക്കൂട്ടങ്ങൾ. പച്ചയുടെ വിവിധ നിറഭേദങ്ങളിൽ ചക്രവാളത്തോളം നീളുന്ന മലനിരകൾ. പതിയെ കയറി വന്ന് കാഴ്ചയെ മെല്ലെ മൂടുന്ന കോടമഞ്ഞ്. പെട്ടെന്നാവും അവ മാറി ചുറ്റുപാടും പ്രകാശമാനമാവുക. സമതലങ്ങളിൽ നിന്ന് മലയോരദേശങ്ങളിലേക്കുള്ള യാത്രയിൽ ഈ മഞ്ഞും തണുപ്പും പച്ചപ്പുമാണ് ആ സ്വദിക്കുക. ഒരു ക്യാമറയ്ക്കും പിടിച്ചെടുക്കാനാവാത്ത ഭംഗി. തലോടി നീങ്ങുന്ന സുഖകരമായ മാരുതൻ്റെ മൃദുസ്പർശം.

ഉച്ചഭക്ഷണത്തിനു ശേഷം വൈകന്നേരത്തോടെ ഞങ്ങൾ നടക്കാനിറങ്ങി. ഒരു വഴിക്കപ്പുറം നിറയെ വീടുകളാണ്, ‘ടിൻ’ ഷീറ്റടിച്ച കൊച്ചു കൊച്ചുപുരകൾ. അവിടെ യഥാർത്ഥ ജീവിതം അരങ്ങേറുന്നു. ഈ പ്രദേശമൊട്ടുക്കും ഏലകൃഷിയും തേയില കൃഷിയുമാണ്. അവിടെ ജോലി ചെയ്യുന്നവരാണ് ഇവരെല്ലാം. തമിഴാണ് ഭാഷ. നാട്ടിൽ ഇവർക്ക് വലിയ ഭവനങ്ങൾ ഉണ്ടെന്നാണ് പറയുന്നത്. മിക്കവാറും വീടുകളിൽ നിന്ന് പുക ഉയരുന്നു. വിവിധങ്ങളായ വാസനകളും. വേണാട് ദേശം എന്നാണ് ഈ ഭൂപ്രദേശത്തിന് പറയുക.ഈ കാട് വഴികളിലൂടെ നടക്കുവാൻ മടുപ്പുള്ളവർക്ക് ഒരു തുറന്ന ജീപ്പ് ഒരുക്കിയിരുന്നു. നടപ്പു വഴിയാണ് ഞാൻ എപ്പോഴും ആസ്വദിക്കുക.മോഹനമായ കാലാവസ്ഥ . അടുക്കും ചിട്ടയുമില്ലാത്ത കയറ്റിറക്കങ്ങളോടെയുള്ള പാതയോരങ്ങളെ അലങ്കരിക്കുന്ന കാട്ടുപൂക്കൾക്കൊക്കെ കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ. എന്തൊരു വലുപ്പം. വേഗത്തിൽ സഞ്ചരിക്കുന്നതിനേക്കാൾ വ്യാപ്തി മെല്ലെ പോകുമ്പോൾ തന്നെയാണ്. കണ്ട്, തൊട്ട് , മണത്ത്, ചിന്തിച്ച് ആസ്വദിച്ച് അങ്ങനെ. പതുക്കെ നടക്കുന്നവനാണ് ബുദ്ധിമാൻ. അവൻ ജീവിതത്തിൻ്റെ മധുരം, ആഴങ്ങൾ, ആർദ്രതകൾ എല്ലാത്തിനെയും അറിഞ്ഞ് പുൽകുന്നു.

വഴികാട്ടിയായി കൂടെ വന്ന സെക്യൂരിറ്റിചേട്ടൻ പറയുന്ന കഥകളും കേൾക്കാം എന്നതാണ് മറ്റൊരു ഗുണം.നടക്കുന്ന വഴികളിൽ ഒറ്റപ്പെട്ട ചില വീടുകൾ കാണാം. ആൾപാർപ്പില്ല. വർഷങ്ങൾ കൊണ്ടു് വൈദ്യുതിയും പട്ടയവും കിട്ടുമത്രേ.

നടപ്പു വഴിയിൽ ദൂരെ ഇടിഞ്ഞു വീണു നിൽക്കുന്ന വലിയ മല കാണാം. കൊച്ചി ധനുഷ് കോടി എൻ.എച്ച്. ഹൈവേയിലെ ഗ്യാപ് റോഡിലേക്കുള്ള ഭാഗമാണ് അത്. ഗാട്ട് മലനിരകളെ മുറിച്ച് മൂന്നാർ വഴി പോകന്നത്. എല്ലാ മഴക്കാലത്തും മലയിടിച്ചിലും നാശനഷ്ടങ്ങളും ഇവിടെ പതിവാണ്. 2019ലെ മണ്ണിടിച്ചിലിൽ ഈ വഴിയിലൂടെ യാത്ര ചെയ്ത റിസോർട്ടിൻ്റെ മാനേജർ അലക്സ്‌ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ് അത്രേ. തൊട്ടു മുന്നിൽ പോയ വാഹനം അഗാധഗർത്തത്തിലേക്ക് വീണു പോയി. അതും അതിലുണ്ടായിരുന്നവരെയും ഇതുവരെ കണ്ടെടുക്കാൻ പറ്റിയിട്ടില്ല. മറ്റൊരു വാഹനവും അപകടത്തിൽ പെട്ടു. അശാസ്ത്രീയമായ റോഡു നിർമ്മാണവും പാറപൊട്ടിക്കലും ആണ് കാരണങ്ങൾ എന്ന് പറയുന്നു.അടിത്തറ ഇളകിയാൽ വീണുപോകാത്തത് എന്തുണ്ടു്. എങ്കിലും ഇന്നും ഞങ്ങളുടെ ഈ യാത്രയിലും റോഡു പണി നടന്നു കൊണ്ടിരിക്കുന്നു. ഇപ്പോൾ വികസനത്തിൻ്റെ പേരിലുള്ള സിൽവർ ലൈൻ റെയിൽവേയെ കുറിച്ചുള്ള വിവാദം കൊഴുത്തു കൊണ്ടിരിക്കുന്നു. ജീവനുണ്ടെങ്കിൽ മതിയല്ലോ വികസനം !! നടന്ന് ഞങ്ങൾ ഒരു തൂക്കാൻ പാറയിലെത്തി. അതീവ മനോഹരം.

അവിടെ പ്രകൃതിയുടെ സൃഷ്ടി വൈ ഭവത്തെ അദ്ഭുതത്തോടെ ദർശിക്കവാൻ സാധിക്കും. പായലിൽ നിന്ന് മരങ്ങളിലേക്ക്…. തെന്നി പോകുന്ന പായൽ ചതുരങ്ങൾ, അവയ്ക്ക് മുകളിൽ ഉരുണ്ടു് വെളുത്ത് കല്ലുകൾ പോലെ എന്തോ കാണാം. വിസ്മയത്തോടെ അത് നോക്കി നിൽക്കുമ്പോഴാണ് ജീവികളുടെ വിസർജ്യമാണത് അത് എന്ന് സെക്യൂരിറ്റി ചേട്ടൻ പറഞ്ഞത്. അവിടെ നിന്നാണ് വേരൂന്നി ഇടതൂർന്ന പച്ചപ്പിലേക്കുള്ള യാത്ര. പ്രത്യേക സുഗന്ധം പരത്തി പുൽത്തൈല ചെടികൾ ചുറ്റും ഉണ്ടു്. ബഹളങ്ങളിൽ നിന്ന് അകന്ന് വെറുതെ ഇരിക്കുവാൻ ആഗ്രഹം ജനിപ്പിക്കുന്ന സ്ഥലം. എന്തൊരു പ്രസന്നത …തിരികെ വരാം എന്ന തീരുമാനത്തോടെ തിരിച്ചുള്ള കയറ്റം ആരംഭിച്ചു.

സ്വന്തം ഭാരം തന്നെ താങ്ങാൻ വയ്യാതെ കിതച്ച് നീങ്ങുമ്പോഴാണ് തമിഴ് പേശി കൊണ്ടു് ഒരു ചെറിയ പെൺകുട്ടി മറ്റൊരു കുട്ടിയെയും എടുത്തു കൊണ്ട് അനായാസം ഞങ്ങളെ കടന്നു പോയത്. അവിടെയുള്ള കുട്ടികളെ സ്കൂളിൽ അയക്കുന്നത് വിരളമാണ്. കുട്ടികളും വലിയ തത്പരരല്ല. ഏലക്കായ പറിക്കുമ്പോൾ കിട്ടുന്ന വരുമാനമാണ് കാരണം. വീട്ടുവേല എടുത്തും ,കൂലിവേല ചെയ്തും മലയാളി കുട്ടികളെ പഠിപ്പിച്ചിരിക്കും. പ്രൈമറിവിദ്യാഭ്യാസം എങ്കിലും രസകരവും നിർബന്ധവും ആക്കേണ്ടിയിരിക്കുന്നു. ചൂഷണങ്ങൾക്ക് ഒരു പരിധി വരെ അത് വിരാമമിട്ടേക്കും. ശരിയും തെറ്റും മനസാക്ഷിയും ഒക്കെ രൂപപ്പെടുന്നത് അറിവും ശാസ്ത്രവും കോറിയിട്ട് പോകുന്ന വിജ്ഞാനങ്ങളിലാണല്ലോ. മൂല്യങ്ങൾ രൂപപ്പെടുന്നത് ചരിത്രപരമായ ആശയങ്ങളിൽ നിന്നാണ്. അറിവും അനുഭവങ്ങളും മൂല്യ സങ്കല്പങ്ങളും മനസാക്ഷിയായി രൂപാന്തരപ്പെടുന്നു. അറിവാണ് അതിജീവനത്തിൻ്റെ പ്രാണവായു ! മടുപ്പിക്കുന്ന വഴികളിൽ ഒരു സമാന്തര ലോകം തീർത്ത് അതിൽ ആനന്ദിക്കുക. ഉൻമാദത്തെ ആഘോഷിക്കുക .ഇങ്ങനെ ഒരു പറ്റം ചിന്തകളുമായി നീങ്ങിയപ്പോൾ ആദ്യം അഹങ്കാരത്തോടെ നിഷേധിച്ച ജീപ്പ് ഞങ്ങളെയും കയറ്റിക്കൊണ്ട് പോകാൻ തിരികെയെത്തി. വേഗം അതിൽ കയറിപ്പറ്റി.
തിരികെ എത്തിയപ്പോൾ ചൂടുള്ള ഉഗ്രൻ കാപ്പിയും പഴംപൊരിയും ഞങ്ങളെ കാത്ത് ഉണ്ടായിരുന്നു. ചുറ്റും കോടമഞ്ഞ്, സുഖകരമായ തണുപ്പ് ,ചൂടു കാപ്പി…സന്ധ്യയായി, രാത്രിയായി ,എല്ലാം മനോഹരമെന്ന് കണ്ടു.

രാത്രി ഏറിയതുകൊണ്ടു് വിചാരിച്ച പോലെ തിരിച്ച് തൂക്കാൻ പാറയിലേക്ക് പോകാനായില്ല. അന്ന് രാത്രി ഭക്ഷണം ഏലക്കാടിന് നടുവിൽ ചീവീട് ശബ്ദങ്ങൾക്കിടയിൽ, അരണ്ട വെളിച്ചത്തിൻ്റെ അകമ്പടിയോടെ, തുറന്ന മേശപ്പുറത്തായിരുന്നു. പ്രകൃതിയുടെ സംഗീതവും ഇടക്ക് ഇറ്റുവീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദവും മാത്രം. തഴുകി തലോടി കടന്നു പോകുന്ന കോടമഞ്ഞ്. മലയാളികൾ ജെൻഡർ റോൾസ് ശക്തമായി പിന്തുടരുന്നത് കൊണ്ടു് പുരുഷൻമാർ മദ്യപിച്ച് ആനന്ദിച്ചു. സ്ത്രീകൾ അത്യാവശ്യ ഗോസിപ്പുകൾക്ക് ശേഷം ഉറക്കത്തിലേക്കും. സ്നേഹത്തിൽ കവിഞ്ഞു നിൽക്കുന്നതാവണം അധികാരം . തുല്യത നിറഞ്ഞതും സ്നേഹസമ്പന്നവുമാവണം ബന്ധങ്ങൾ. ഇങ്ങനൊക്കെ ചിന്തിച്ച് എപ്പഴോ ഉറക്കത്തിലേക്ക് വഴുതി വീണു.

പിറ്റേന്ന് കാലത്ത് എഴുന്നേറ്റ് എതിർദിശയിലേക്ക് നടന്നു. പൂപ്പാറയിലേക്ക് പോകുന്ന വഴിയാണത്. മുട്ടുകാട് എന്നാണ് ആ സ്ഥലത്തിൻ്റെ പേര്. കാലത്ത് കിളികൾ വാതോരാതെ എന്തോ ഒക്കെ പറഞ്ഞു കേൾപ്പിക്കുന്നുണ്ട് … എന്താവാം.? അവയ്ക്ക് നിശബ്ദരാകാൻ സാധിക്കില്ല. കുഞ്ഞിക്കിളി ചെറു നൃത്തച്ചുവടകളാൽ ഒരു വാസനയെന്ന വണ്ണം ചലിച്ചു കൊണ്ടേയിരിക്കുന്നു. എല്ലാ പ്രഭാതങ്ങളും ഉണർവ്വിൻ്റേതാകട്ടെ എന്നാവും പറയുക. കടുത്ത വേനലിലും തണുപ്പിലും, പ്രളയത്തിന് നടുവിലും പുഷ്പിക്കാനാവും എന്ന് പ്രകൃതി നമ്മോട് വിളിച്ചു പറയുന്നു. ഞെട്ടറ്റു വീഴുമ്പോഴും പ്രത്യേക താളം തീർക്കുന്ന ഇലകൾ. ഒരല്പം കരുണ, സ്നേഹം, നോട്ടം തരൂ എന്നാണ് പ്രകൃതി നമ്മോട് പറയുക.

ഞങ്ങളെ കടന്ന് കുറച്ചധികം ജീപ്പുകൾ പോകുന്നുണ്ട്. അവയിലെ യാത്രക്കാരെല്ലാം സ്ത്രീകളാണ്. മുടി ചീകി കെട്ടി, കണ്ണെഴുതി, പൂവും ചൂടി _ ആകെയൊരു ആനച്ചന്തം. ഞാൻ എന്നെ തന്നെ ഒന്നു നോക്കി. കാലത്തെണീറ്റ് മുടി കെട്ടിയെന്ന് വരുത്തി മാസ്കും തൂക്കി ഒരു നടത്തം. ഈ നാട്ടിൽ ജോലി ചെയ്യുന്നത് സ്ത്രീകൾ മാത്രമോ എന്നു ഞാൻ ഉറക്കെ ചിന്തിച്ചു. ‘അല്ലെങ്കിലും നിങ്ങൾ ഒരു സ്ത്രീ പക്ഷപാതിയാണ് ‘എന്ന് ഭർത്താവു് പ്രതികരിച്ചു.

കുറച്ചങ്ങ് നടന്നപ്പോഴേക്കും ഞങ്ങളുടെ കൂടെ ഒരു നാട്ടുകാരനും കൂടി .പൂപ്പാറ സർക്കാർ ആശുപത്രിയിലേക്ക് ആണ് അദ്ദേഹത്തിൻ്റെ യാത്ര. കുറച്ചപ്പറുത്ത് നിന്ന് ബസ് കിട്ടും. നമ്മൾ നടന്നുകൊണ്ടിരിക്കുന്ന വഴി ആനത്താരയാണ് അത്രേ. ചന്ദനവേമ്പു്, പട്ട ഇങ്ങനെ കുറച്ചു മരങ്ങളെയും കുറച്ച് പൂക്കളെയും എല്ലാം അദ്ദേഹം പരിചയപ്പെടുത്തി. കൂടെ കുറച്ച് കഥകളും.കാലത്ത് കണ്ട സ്ത്രീകളൊക്കെയും ഏലക്കാ തോട്ടത്തിലേക്കാണ്. പുരുഷൻമാരുടെ ഇരട്ടി ജോലി ഇവർ ചെയ്യുന്നതു കൊണ്ട് സ്ത്രീകളെയാണ് പണിക്ക് വിളിക്കുക. കൃത്യമായി ഒരു ദിവസകണക്കും അദ്ദേഹം പറഞ്ഞു. ചന്നം പിന്നം മഴ ചാറി തുടങ്ങിയതോടെ ഞങ്ങൾ തിരിച്ചു നടന്നു തുടങ്ങി. കാടിനു നടുവിൽ ഒരു കുഞ്ഞു ചാപ്പൽ. അല്പനേരം ഞങ്ങൾ അവിടെ നിന്നു.

ശാന്തമായ ദേവാലയം. അനേകരുടെ പ്രാർത്ഥനകൾ നിറഞ്ഞു നിൽക്കുന്നതിനാലോ ഈ സ്ഥലങ്ങൾ ഇത്രമേൽ ഊർജ്ജം പ്രദാനം ചെയ്യുന്നത് എന്ന് വെറുതെ ചിന്തിച്ചു . എന്നാൽ ഇക്കാലത്തെ ചില വാർത്തകൾ അറിയുമ്പോൾ ദേവാലയങ്ങളിൽ ചെകുത്താൻമാരെയോ സൃഷ്ടിക്കന്നത് എന്ന് ചിന്തിച്ചു പോകും. സ്നേഹവും സാഹോദര്യവുമാണ് എല്ലാ മതങ്ങളും അനശാസിക്കുന്നത്. എന്നാൽ അവയൊക്കെ വളച്ചൊടിച്ച് തൻ്റെ വിശ്വാസം മാത്രം ശരി, സ്ത്രീകൾ പ്രലോഭന വസ്തുക്കൾ എന്നൊക്കെ പറയുന്നിടത്ത് തുടങ്ങുന്നു അസ്വാസ്ഥ്യം.


മഴ കനത്തു തുടങ്ങി.ഞങ്ങൾ തിരിച്ചു റിസോർട്ടിനെ ലക്ഷ്യം വച്ച് നടന്നു.
അവിടെ ഏലത്തിൻ്റെ ചുവട് വൃത്തിയാക്കിക്കൊണ്ടു് പണിക്കാർ ഉണ്ടായിരുന്നു. വിലാസിനി ചേച്ചിയെ പരിചയപ്പെട്ടു. കട്ടപ്പനയിലാണ് വീടു്. ഇപ്പോൾ കുടുംബമായി ഇവിടെയാണ്. അവിടെയുള്ള കൃഷിയുടെയും മറ്റു കാര്യങ്ങളൊക്കെ നോക്കുന്നത് ഇവരാണ്. ഏലക്ക കൃഷിയെ കുറിച്ചും, നല്ലതും ചീത്തയെയും വേർതിരിക്കുന്നതിനെക്കുറിച്ചും അപ്രതീക്ഷിതമായി വരുന്ന കീടങ്ങളെക്കുറിച്ചും, കാലാവസ്ഥാ വ്യതിയാനം എത്രത്തോളം മോശമായി വിളവിനെ ബാധിക്കുന്നു എന്നെല്ലാം പറഞ്ഞു. കേടില്ലാത്തപച്ച നിറത്തിലുള്ള ഏലക്കായ ആണ് ഒന്നാം ഗ്രേഡ്. തോടിൻ്റെ നിറമാറ്റമനുസരിച്ച് ഗുണമേൻമയും മാറും. നമ്മൾക്ക് കിട്ടുന്ന സ്വർണ്ണവർണ്ണമുള്ള കായയൊക്കെ അല്പം മോശം തന്നെ. കുറച്ചു നേരത്തെ സംസാരം ഒരു അടുപ്പം സൃഷ്ടിച്ചു. വീട്ടിൽ വിളിച്ചിരുത്തി ചായയും തന്നതിന് ശേഷമാണ് അവിടുന്ന് വിട്ടത്.

തിരിച്ചെത്തി പ്രഭാത ഭക്ഷണവും കഴിഞ്ഞ് ആനയിറങ്ങൽ ഡാമും പരിസര പ്രദേശങ്ങളും കാണാനായി ഇറങ്ങി. പെരിയാർ നദീതടത്തിലാണ് ഈ എർത്ത് ഡാം. ഇവിടുന്നുള്ള ജലം ഊർജ്ജോൽപാദനത്തിനു ശേഷം പന്നിയാർ വഴി ഒഴുകി പോകും എന്നാണ് പറഞ്ഞത്. പ്രകൃതി സൗഹൃദം എന്ന് വിചാരിച്ചിരുന്ന ജലവൈദ്യുതി പ്രസ്ഥാനവും കാലാവസ്ഥ വ്യതിയാനത്തിന് ഹേതുവാണ്. അവയും ഭൂമിയെ ചൂടുപിടിപ്പിക്കുന്ന ഹരിത വാതകങ്ങൾ ഉണ്ടാക്കുന്നു ,ഒരു താപവൈദ്യുതി നിലയം എന്ന പോലെ തന്നെ .അറബിക്കടലിൻ്റെ താപനില ഒരു ഡിഗ്രി കൂടുന്നതോടെ ചുഴലിക്കാറ്റും, പേമാരിയും കേരളത്തിൽ തുടർക്കഥയാവുന്നു.

മഴ നിർത്താതെ പെയ്തുകൊണ്ടേയിരുന്നു. തൊട്ടടുത്ത് ഗംഭീരമായ വെള്ളച്ചാട്ടം കണ്ടതോടെ മഴയെ വകവയ്ക്കാതെ ഞങ്ങൾ കുറച്ചു പേർ ഇറങ്ങി നടന്നു തുടങ്ങി. മുളക് ബജിയും ചമ്മന്തിയും വാങ്ങി. എന്താ സ്വാദ്! സമീപത്തെ തേയില തോട്ടത്തിൽ സ്ത്രീകൾ തേയില നുള്ളുന്നുണ്ടായിരുന്നു. കണ്ണെത്താ ദൂരത്തോളം അഭൗമ ഭംഗി പ്രസരിപ്പിച്ചു കൊണ്ട് തേയില തോട്ടങ്ങൾ. അകലെ പച്ചപ്പുതപ്പമായി മലനിരകൾ ഇടയിലൂടെ ഒഴുകുന്ന പുഴ. തേയിലത്തോട്ടത്തിലൂടെ നടന്നപ്പോൾ അവിടെ ആ മഴയത്തും പ്ലാസ്റ്റിക് കവറിട്ടു് ജോലി ചെയ്യുന്ന സ്ത്രീകളെ കണ്ടു.

മഴയില്ലാത്ത സമയത്തായിരുന്നു വരേണ്ടിയിരുന്നതെന്ന് അവർ പറഞ്ഞു. റ്റാറ്റയുടെ തോട്ടങ്ങളാണ് അവയെന്നും ,കമ്പനി അവരുടെ ക്ഷേമത്തിനായി പല പരിപാടികൾ ആവിഷ്കരിക്കുന്നുണ്ട് എന്നും പറഞ്ഞു. വീണ്ടും റ്റാറ്റയോടുള്ള ബഹുമാനം വർദ്ധിച്ചു. അവരുടെ ചരിത്രം വായിക്കവാനുള്ള ആഗ്രഹവും ജനിച്ചു.പുസ്തകവും സംഘടിപ്പിച്ചു.

പരിചയപ്പെടലിൽ കോട്ടയം മെഡിക്കൽ കോളജിലാണ് ജോലി എന്നറിഞ്ഞതോടെ അവർക്ക് സന്തോഷമായി. ഒരുമിച്ചു ഫോട്ടോ എടുക്കുകയും ഫോൺ നമ്പർ കൈമാറുകയും ചെയ്തു. അവർ നുളളിയെടുക്കുന്ന നാലു തരത്തിലുള്ള ഇലകൾ കാണിച്ചു തന്നു . മൂപ്പ് കുറയും തോറും ചായപ്പൊടി കൂടുതൽ കേമവാകും. മഴയുള്ള സമയത്ത് ഇത്ര മനോഹരമെങ്കിൽ മറ്റു സമയങ്ങളിൽ എന്താവും എന്ന് വെറുതെ ചിന്തിച്ചു.

ഉച്ച കഴിഞ്ഞപ്പോഴേക്കും വീടുകളിൽ നിന്നും കൂട്ടുകാരിൽ നിന്നും തുരുതുരാ ഫോൺ കോളുകൾ വന്നു തുടങ്ങി. നാട്ടിൽ പെട്ടെന്നുള്ള ഉരുൾപൊട്ടലും, മലയിടിച്ചിലും , വെള്ളപ്പൊക്കവും. ഈരാറ്റുപേട്ട എന്ന ബോർഡുള്ള ട്രാൻസ് പോർട്ട് ബസ് അരയാൾ പൊക്കം വെള്ളത്തിൽ മുങ്ങി നിൽക്കുന്നു. ആരോ ഒക്കെ മലവെളളപ്പാച്ചിലിൽ ഒഴുകി പോയത്രേ. വാർത്തകൾ മുഴുവൻ ഭയപ്പെടുത്തുന്നത്. അന്നത്തെ തിരികെയുളള യാത്ര മാറ്റിവച്ചു. പല കളികളുമായി അവിടെ കൂടി.പിറ്റേന്ന് കാലത്ത് പോകാം എന്ന് തീരുമാനമായി. അന്നു മറ്റൊരു ഗ്രൂപ്പു കൂടി അവധി ആഘോഷവും പാട്ടും മേളവുമായി അവിടെ എത്തിയിരുന്നു. കളിയും ബഹളവും മൂർദ്ധന്യാവസ്ഥയിൽ എത്തിയപ്പോൾ ഒരു പാമ്പും കോണി കളിക്ക് ഇത്ര ആവേശമോ എന്ന് അവർ ഉറക്കെ ആത്മഗതം ചെയ്യുന്നുണ്ടായിരുന്നു അത്രേ.

വീണ്ടും പ്രഭാതം. ഇന്ന് മടക്കം …..

” വഴികൾ നീളെ നീളെ
യാത്രയിലാണ് ഞാൻ
ആകാശം നിറയെ മഴ
ഇലകളിൽ നിറയെ
മഴത്തുള്ളി
ഞാനോ തണുത്ത കാറ്റിൻ്റെ
സൗഹൃദത്തിലും “

അഡീഷണൽപ്രൊഫസർ, ഫിസിയോളജി ഡിപ്പാർട്ട്മെൻ്റ്, ഗവൺമെൻ്റ് മെഡിക്കൽ കോളജ് ആലപ്പുഴ. എറണാകുളം ജില്ലയിൽ തിരുവാങ്കുളത്ത് താമസം. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുത്തുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്.