മണ്ണിലേക്ക്

എന്നെ തുണ്ടുതുണ്ടായ് വെട്ടിയൊടിച്ച്
നിൻ്റെ വേർപ്പുതുള്ളികളും ചേർത്തു
ഒരുമൺകൂനയിൽ എന്റെ ചുവടുറപ്പിച്ചു,
നീയൊരിക്കൽ.

കൊടുങ്കാറ്റും, മഴയും ഇടിമിന്നലേറ്റും
നിന്റെ ഭക്ഷണത്തിനായ്
എന്റെ പാദവിരലുകൾ മണ്ണിലേക്കുവളർന്നു.

കല്ലും മുള്ളും ചെളിയും ദുർഗന്ധവും നിറഞ്ഞൊരായാത്രയിൽ
പല ആക്രമണങ്ങളും തരണംചെയ്ത്
നിന്നെ സന്തോഷിപ്പിക്കുവാൻ
ഹരിതത്തലപ്പാവുകൾകെട്ടി നൃത്തമാടി.

എന്റെസ്വപ്നങ്ങൾ പൂത്തുണ്ടായകായ്കൾ
തോലുരിച്ച് കൂർത്തമുള്ളുകൾതാഴ്ത്തി
വട്ടംകറക്കി നീ .

എന്നിട്ട്….
നിന്റെ അധീനഭൂമിയിൽനിന്നും
എന്നെ ആട്ടിയോടിച്ച് പ്രവാസിയാക്കി.

ഇപ്പോൾ
പൂർവകാല സ്മരണകൾ അയവിറക്കി
എന്നെയുമന്വേഷിച്ച് തെരുവിലലയുന്നു.

എങ്കിലും….
ചെമ്മൺപൊതിഞ്ഞ പരുപരുത്ത
പുറംതൊലിയ്ക്കുള്ളിൽ
ഒരു കവചംതീർത്ത്
നിന്റെ അന്നം ഞാൻസൂക്ഷിക്കുന്നു.

നീയതിനെ കൊത്തിനുറുക്കി വേവിച്ച്
ഇഷ്ടാനുസരണം രുചിക്കുമ്പോൾ
ഒന്നോർക്കുക…,
നീയും മണ്ണിലേയ്ക്കാണ് വളരുന്നതെന്ന്.

ചിത്രകാരനായി 1996 മുതൽ വിദേശവാസം. ഇപ്പോൾ നാട്ടിൽ. ചിത്രരചനയ്ക്കൊപ്പം കവിതയും, ശ്ലോകരചനയും .