മരണവും സ്ഖലനവും

ജാലകത്തിലൂടെ കടന്നുവന്ന മഞ്ഞവെളിച്ചത്തോടൊപ്പം മരുന്നുകളുടെ രൂക്ഷഗന്ധവും മുറിയിൽ അടിഞ്ഞ് കൂടി. പാതി ഉയർത്തിവെച്ച കട്ടിലിൽ ഞാൻ അവശനായി കിടന്നു. ഓക്സിജന്റെ ശീൽക്കാരം എന്റെ ശ്വസനപ്രക്രിയയുടെ താളം നിർണ്ണയിച്ചു.

ബലം നഷ്ടപ്പെട്ട കൈകൾ അരക്കെട്ടിനോട് ചേർന്ന് കിടന്നു. വിരലുകൾ നിസ്സഹായരായി വിറച്ച് കൊണ്ട് അരക്കെട്ടിന്റെ അയഞ്ഞ മാസത്തിൽ സാവകാശം സ്പർശിക്കുന്നുണ്ടായിരുന്നു. കൈപ്പടത്തിൽ നിന്നും ഒരു പ്ലാസ്റ്റിക്ക് ട്യൂബ് കട്ടിലനടുത്ത് തല കീഴായി തൂക്കിയിട്ട ഒരു കുപ്പിയിൽ അവസാനിച്ചു. അടിവയറിൽ നിന്ന് തുരന്നിറങ്ങിയ മറ്റൊരു ട്യൂബ് ഒരു പ്ലാസ്റ്റിക് സഞ്ചിയിലാണ് അവസാനിക്കുന്നത്. അതിൽ രൂക്ഷഗന്ധവും മഞ്ഞനിറവുമുള്ള ദ്രാവകം വന്ന് നിറഞ്ഞു കൊണ്ടിരുന്നു.

മുറിയിൽ കൂട്ടംകൂടി നിന്ന മക്കളുടെ പിറുപിറുപ്പുകൾക്ക് വിരാമം നൽകി ഡോക്റ്റർ കയറിവന്നു. എന്റെ ശുഷ്കിച്ച കൈകൾ എടുത്ത് അയാൾ വെറുതെ അമർത്തിപ്പിടിച്ചു. ജീവന്റെ അവസാനത്തെ തുടിപ്പുകൾ ഞരമ്പുകളിലൂടെ ഒഴുകുന്നത് അയാൾക്ക് അനുഭവിക്കാൻ കഴിയുമായിരിക്കും. എത്രയോ കാലമായി തുടിച്ച് കൊണ്ടിരിക്കുന്ന പ്രാചീനമായ ഒരു ഘടികാരത്തിന്റെ അവസാനത്തെ മിടിപ്പായി അയാൾക്ക് അത് അനുഭവപ്പെട്ടിരിക്കും, അല്ലെങ്കിൽ നിറയെ ചരക്ക് കയറ്റി കുന്ന് കയറി കിതച്ച് പോകുന്ന ഒരു ചരക്ക് വണ്ടിയുടെ താളം പോലെ.

മിടിക്കാൻ പാട് പെടുന്ന ഹൃദയത്തുടിപ്പുകളെ കുഴലിലൂടെ ആവാഹിച്ചശേഷം ഡോക്റ്റർ പുറത്ത് കടന്നു, കൂടെ മക്കളും. പിന്നീട് മുറിയിലെ വന്യമായ നിശ്ശബ്ദതയിലേക്ക് ഡോക്റ്ററുടെ പതിഞ്ഞ ശബ്ദം ഇഴഞ്ഞ് വന്നു.

“ഇനി അധികസമയം ഉണ്ടാവില്ല. വേണ്ടപ്പെട്ടവരെയൊക്കെ അറിയിച്ചോളൂ. ആർക്കെങ്കിലും അവസാനമായി കാണണമെങ്കിൽ കണ്ടോട്ടെ”.

അതിന് പിറകെ ഡോക്റ്ററുടെ ഷൂസിന്റെ ശബ്ദം സ്റ്റേഷനിൽ നിന്നും കിതച്ച് കിതച്ച് അകന്ന് പോകുന്ന ഒരു ചരക്ക് വണ്ടിയുടെ താളം പോലെ അകന്ന് അകന്ന് പോയി.അത് അനന്തതയിൽ എവിടെയോ അവസാനിച്ചു.

ബോധത്തിൻറെയും ഉണർവിൻറെയും ലോലതലങ്ങളെ തിരിച്ചറിയാൻ കഴിയാത്ത വണ്ണം മരവിച്ച് പോയ മനസ്സുള്ള ഒരു മനുഷ്യനെ എന്തിനാണ് ആളുകൾ അവസാനമായി കാണുന്നത്. മരിച്ച് കഴിഞ്ഞാലും അവർക്ക് കാണാവുന്നതേയുള്ളൂ. ആരെയെങ്കിലും അവസാനമായി കാണണമെന്നുണ്ടോ എന്ന ഒരു ചോദ്യം രോഗിയോടാണ് ഡോക്റ്റർ ചോദിക്കേണ്ടത്. മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപ്പാലത്തിൽ ഇടറുന്ന കാലടികൾ വെച്ച് നടന്ന് പോകുന്ന ഒരു മനുഷ്യന് ചിലപ്പോൾ അവസാനമായി ആരെയെങ്കിലും ചിലപ്പോൾ കാണണമെന്ന് തോന്നുണ്ടാവണം. വിറക്കുന്ന ചുണ്ടുകളിലൂടെ നിശബ്ദം ഒഴുകുന്ന ആ പേര് കണ്ടെത്തുക എന്നത് ചിലപ്പോൾ പ്രയാസവുമായിരിക്കും.

ഇനി അഥവാ അങ്ങിനെ ചോദിച്ചാൽ മിടിപ്പ് നിലച്ച് പോകുന്ന ഹൃദയത്തിൽ നിന്ന് അപ്പോൾ ഉയർന്ന് വരുന്നത് നിറം മങ്ങിയ ഒരു ചിത്രമായിരിക്കും. അത് വനജയുടേതാണ്. വളരെ കാലം കൂടെകിടക്കുകയും പിന്നീടെപ്പോഴോ പടിയിറങ്ങി പോവുകയും ചെയ്ത പ്രിയപ്പെട്ടവളുടെ. വരണ്ട പകലുകൾ തിളക്കുന്ന എത്രയോ വിരസ നിമിഷങ്ങളിൽ അവളുടെ ഓർമകൾ പടികടന്ന് വന്നിട്ടുണ്ട്.

മുറിയുടെ ശൂന്യതയിൽ തണുപ്പ് അരിച്ച് കയറിത്തുടങ്ങിയിരുന്നു. ജാലകം അടഞ്ഞ് കിടന്നു. പഴയ ഫാനിന്റെ നേർത്ത ശീൽക്കാരം എന്റെ ദുർബലമായിക്കൊണ്ടിരിക്കുന്ന ഓർമയിലേക്ക് കത്തുന്ന ഒരു ജ്വാല പോലെ പടർന്നു. അപ്പോൾ കടന്നു വന്ന ഒരു ചെറുകാറ്റിൽ ജാലകത്തിന്റെ ഒരു പാളി തുറന്നു. അത് ചുവരിൽ തട്ടി തിരിച്ച് ശക്തിയായി ജാലകത്തിൽ അടിച്ച് ശബ്ദമുണ്ടാക്കി വീണ്ടും പാതി തുറന്നു . അതിലൂടെ ഒരു ചിത്രശലഭം മുറിയിലേക്ക് പറന്ന് വന്നു. അതിന് മഞ്ഞനിറമായിരുന്നു.

മഞ്ഞനിറം വനജയുടെ പ്രിയപ്പെട്ട നിറമായിരുന്നു. അവളെ ഞാൻ ആദ്യം കാണുമ്പോൾ അവൾ മഞ്ഞനിറമുള്ള ഒരു പാവാടയും മഞ്ഞയിൽ ചുവന്ന പൂക്കൾഉള്ള ഒരു ബ്ലൗസുമായിരുന്നു ധരിച്ചിരുന്നത്. ആ ചൂടുള്ള മധ്യാഹ്നത്തിലും അവൾ ഒരു കറുത്ത സ്വറ്റർ അതിന് മുകളിൽ ധരിച്ചിരുന്നു. അവളുടെ കയ്യിൽ മഞ്ഞയും വെളുപ്പും ഇടകലർന്ന ഒരു കുടയും ഉണ്ടായിരുന്നു. പുസ്തകത്തോടൊപ്പം അവൾ അത് അവളുടെ മാറോട് ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു. ബസ്സിൽ നിന്നും ഇറങ്ങുമ്പോൾ അവൾ കടക്കണ്ണിലൂടെ എന്നെ ഒന്ന് നോക്കി. പിന്നെ മുന്നോട്ട് നടന്ന് നിരനിരയായി കിടന്നിരുന്ന വീടുകളുടെ ഇടയിലൂടെയുള്ള ചരൽ റോഡിലൂടെ നടന്ന് പോയി. പക്ഷെ എന്റെ മനസ്സിൽ നിന്നും അവൾക്ക് പോകാനായില്ല.

മഞ്ഞ നിറമുള്ള ആ ശലഭം മുറിയിൽ മുഴുവൻ പറന്ന് നടന്ന് അവസാനം ഓക്സിജൻ സിലിണ്ടറിന്റെ മുകളിലെ സ്റ്റാന്റിൽ വന്നിരുന്നു. അത് ചിറകുകൾ തുറക്കുകയും അടക്കുകയും ചെയ്ത് കൊണ്ടിരുന്നു. അതോടൊപ്പം വനജയുടെ ഓർമകളും.

ആദ്യമായി കാണുമ്പോൾ വനജ ബസിൽ നിന്നും ഇറങ്ങുകയും ഞാൻ ബസിലേക്ക് കയറുകയുമായിരുന്നു. അവളുടെ മുടിയിൽ ഒരു യാത്രയുടെ ശേഷിപ്പ് കാണാനുണ്ടായിരുന്നു. എണ്ണ തേക്കാത്ത പാറിപ്പറഞ്ഞ മുടി അവളുടെ നെറ്റിയിലേക്ക് വീണ് കിടന്നു. എന്നെയും കയറ്റി ബസ് പോകുമ്പോൾ മഞ്ഞ നിറമുള്ള ഒരു മന്ദഹാസം അവൾ എനിക്ക് എറിഞ്ഞ് തന്നത് ഇപ്പോഴും മനസ്സിൽ മായാതെ കിടക്കുന്നു.

മഞ്ഞപ്പൂമ്പാറ്റ ഒക്സിജൻ സിലിണ്ടറിന് മുകളിൽ നിന്നും പറന്നുയർന്നു. ഫാനിന്റെ ഇളം കാറ്റ് അതിന്റെ ചിറകുകളെ ദുർബലമാക്കി. അത് കുഴഞ്ഞ് കുഴഞ്ഞ് ഒടുവിൽ എന്റെ വെളുത്ത പുതപ്പിന് മേൽ വന്ന് വീണു. പിന്നെ ചിറകുകൾ അടക്കാനും തുറക്കാനും തുടങ്ങി.

മഴയുള്ള ഒരു ദിവസമാണ് ഞാൻ പിന്നെ വനജയെ കാണുന്നത്. അവൾ വർണ്ണങ്ങൾ നിറഞ്ഞ ഒരു കുടയും ചൂടി ബസ് കാത്ത് നിൽക്കുകയായിരുന്നു. കുടയിൽ നിന്നും തെറിച്ച് വീണ ജലകണങ്ങൾ അവളുടെ മുടിയിൽ ചെറിയ ഗോളങ്ങൾ തീർത്തു. വനജയെ കാണുമ്പോഴൊക്കെ പിന്നീട് എനിക്ക് ആ ജലകണങ്ങളാണ് ഓർമ വരിക. പല വർണങ്ങൾ നിറഞ്ഞ കുടയിലൂടെ അവളുടെ മുഖത്തേക്ക് അടർന്ന് വീണ വർണവെളിച്ചം കൂടിയായപ്പോൾ അവളെ ഒരു ജലകന്യകയായി എനിക്ക് തോന്നി.

ശ്വാസകോശങ്ങളിൽ നിറയുന്ന ഓക്സിജന്റെ തണുപ്പ് അരോചകമായി എനിക്ക് തോന്നി. നഴ്സിനോട് പല തവണ ഞാൻ അത് സൂചിപ്പിച്ചിരുന്നു. എന്റെ നിശബ്ദമായ ഭാഷ അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞതേ ഇല്ല. ജാലകത്തിലൂടെ അടർന്ന് വന്ന ഒരു ചെറുകാറ്റിൽ പൂമ്പാറ്റ ചിറക് കുടഞ്ഞ് എഴുന്നേറ്റു. അത് വെറുതെ ഒന്ന് പറക്കാൻ ശ്രമിച്ചു. പക്ഷെ അതിന്റെ ചിറകുകൾ കുഴഞ്ഞ് പോയി. അത് എന്റെ വലത് കൈയുടെ അരികിൽ വീണ്ടും കുഴഞ്ഞ് വീണു.

അപ്പോൾ വാതിൽ കടന്ന് വന്നത് വനജയായിരുന്നു. അവൾക്ക് പഴയത് പോലെ മുല്ലപ്പൂവിൻറെ മണമായിരുന്നു. നീർത്തുള്ളികൾ ഇറ്റി വീഴാൻ ഒരുങ്ങി നിൽക്കുന്ന ചുരുൾ മുടിക്ക് പക്ഷെ ചന്ദനത്തിരിയുടെ ഗന്ധമാണ് എനിക്ക് തോന്നിയത്. ഇരുണ്ട കണ്ണുകളിൽ പ്രണയത്തിൻറെ നിഴലുകൾ ദൃശ്യമായി

വനജയുടെ തണുത്ത ചുണ്ടുകൾ എൻറെ നെഞ്ചിൽ കൂടിന് മുകളിൽ തറഞ്ഞു. മുള്ളുകൾ നിറഞ്ഞ ഒരു ചങ്ങല പോലെ അത് നെഞ്ചിൽ നിന്ന് മുകളിലേക്ക് കയറാൻ തുടങ്ങി. അതിൻറെ മുള്ളുകൾ നെഞ്ചിൽ തറഞ്ഞ് തൊലിയിൽ പോറലുകൾ ഏൽപ്പിക്കുന്നത് എനിക്ക് അനുഭവിക്കാനായി.ശരീരത്തിനുള്ളിൽ കുടുങ്ങിപ്പോയ ഒരു നിർജീവമായ മനസ്സായിരുന്നു എൻറേത്. അതിന്മേലാണ് വനജയുടെ സ്പർശം മാസ്മരികമായ രതിചിന്തകൾ ഉണർത്തിയത്.

വനജയുടെ ചുണ്ടുകൾ എൻറെ വിള്ളലുകൾ വീണ മുഖത്ത് കൂടി കയറിയിറങ്ങി എൻറെ പാതി വിടർന്ന കണ്ണുകളിൽ വിശ്രമിക്കാൻ തുടങ്ങി. അപ്പോൾ മുല്ലപ്പൂവിൻറെയും കാച്ചിയ എണ്ണയുടെയും രൂക്ഷ ഗന്ധം എൻറെ മനോമുകുരത്തിലേക്ക് വന്നു.

മഞ്ഞപ്പൂമ്പാറ്റ അപ്പോൾ കൂടുതൽ ശക്തിയാർജ്ജിച്ച് പറന്നുയർന്നു. രതിയുടെ അടയാത്ത വാതിലുകൾ തുറന്ന് അത് എൻറെ അടയാൻ വെമ്പുന്ന മനസ്സിലേക്ക് പടർന്ന് കയറി. നീണ്ട ഒരു ശീൽക്കാരവും തുടർന്ന് അയഞ്ഞ ഒരു നിശ്വാസവും മുറിയിൽ നിന്ന് പറന്നുയർന്നു.

കുട്ടികൾ അകത്തേക്ക് വരുമ്പോൾ ജാലകത്തിന്റെ സ്പടിക വാതിലിൽ ഒരു മഞ്ഞ പൂമ്പാറ്റ പുറത്തേക്ക് നോക്കിയിരിപ്പുണ്ടായിരുന്നു. കാച്ചിയ വെളിച്ചെണ്ണയുടെയും മുല്ലമൊട്ടിന്റെയും മണം മുറിയിൽ കറങ്ങി നടന്നു. മരിച്ച അച്ഛൻറെ ശരീരത്തിൻറെ മധ്യഭാഗത്ത് രൂക്ഷഗന്ധമുള്ള ഒരു ദ്രാവകത്തിൻറെ നനവ് പടർന്നിരുന്നു.

പയ്യന്നൂർ സ്വദേശി . ഭാരതീയ സ്റ്റേറ്റ് ബാങ്കിൽ നിന്ന് ചീഫ് മാനേജർ ആയി റിട്ടയർ ചെയ്തു. ഒരു കഥാപുസ്തകം പുറത്തിറക്കിയിട്ടുണ്ട്.