കണ്ണടച്ച് കാണുന്ന
ചില സ്വപ്നങ്ങളിൽ
രാത്രിയിൽ മാത്രം
ആകാശത്തിലേക്ക് പോകാവുന്ന
കുറേ ഏണിപ്പടികൾ..
കുറേ ദൂരം
അതിന്മേലേറി
മിന്നിചിമ്മി കണ്ണു തുറക്കുന്ന
ആ നക്ഷത്രങ്ങൾക്കിടയിലെ
ഒരാളെ കാണാൻ
എന്നും ഞാൻ പോകും..
അവനു നിലാവിനെപോലെ പ്രഭയുണ്ടെന്ന്
പറഞ്ഞ് ആ രാത്രികളിൽ
ആ നിലാവിനെ പ്രണയാതുരമായ
എന്റെ ചുണ്ടുകളാൽ
കോരിയെടുത്ത് എൻ
ഹ്യദയത്തിലൊളിപ്പിക്കും..
മേഘജാലകങ്ങൾക്കിടയിലൂടെ
മനസ്സുകൾ കൊണ്ട്
ആ വിരൽതുമ്പിൽ എൻ വിരൽ
കോർത്ത് ഒരായിരം
കഥകൾ പറയും.
മയിൽപ്പീലിയാൽ തഴുകി,
മഞ്ചാടിമണികൾ വാരിവിതറി
ചിരിച്ചു കൊണ്ടെന്റെ
മോഹങ്ങളുടെ താഴുകൾ തുറക്കും.
നീലവിതാനത്തിലെ മൂടൽമഞ്ഞിൻ
കാറ്റേറ്റ് കുളിരാൽ
ഞാനുമവനുമുലയുമ്പോൾ
മിഴിക്കോണുകളിൽ ഒളിപ്പിച്ച
നാണക്കുരുവികൾ ചിരിച്ചുകൊണ്ട്
പറന്ന് പറന്ന് പോകും.
പകലെത്തുമ്പോൾ പരിഭവം ചൊല്ലി
തമ്മിൽ പിരിയുമ്പോൾ….
ഭൂമിയിലല്ലാത്ത ഈ
രഹസ്യപ്രണയത്തിന്റെ
ആരും കാണാത്ത
ആ ഏണിപ്പടികളിലൂടെ
താഴെയെത്തുമ്പോൾ…
എനിക്കായ് നീ
നിന്റെയാ നക്ഷത്രക്കണ്ണുകൾ
മാത്രം തരിക
എന്നവനോട് മൊഴിയും..
എന്തിനാണതെൻ കിനാവേ!
എന്ന് അവൻ മറുചോദ്യമുതിരുമ്പോൾ
ആ കണ്ണുകളിലൂടെയല്ലേ നാഥാ!
രാത്രികളിലെ
എന്റെ ഏണിപ്പടികൾ
നിന്നിലേക്കെത്തുന്നത്
എന്നു മൊഴിഞ്ഞ്
ഞാനും താഴേക്കിറങ്ങും.
ഈ രഹസ്യപ്രണയത്തിന്റെ
ഏണിപ്പടികളിൽ
കുരുങ്ങി കുരുങ്ങി
ഭൂമിയിന്നെനിക്ക് അന്യം..!