നീ വറ്റിപ്പോയ കവിത, മരുഭൂമിയാകുന്നു

അയാൾ അവൾക്കായി മാത്രമാണ്
കവിതകൾ എഴുതിയത്
ചുവന്ന സന്ധ്യയും കടലും
ആകാശവും നക്ഷത്രങ്ങളും
എല്ലാം അവൾ മാത്രം

അവളെ മഷിയായി നിറച്ച്
ജീവിതത്തിന്റെ പുറത്തെഴുതിയ
അക്ഷരങ്ങളാൽ രൂപംകൊണ്ട
കവിതയുടെ തിരകൾ
പക്ഷെ, അവളെ ഒട്ടും നനച്ചതേയില്ല

അവൾക്കയാൾ
അക്ഷരതെറ്റുള്ള കവിതയിലെ
ഒരുവരിയിൽ നിന്നും
വഴുതിവീണ് കാലൊടിഞ്ഞൊരു
മുടന്തൻ വാക്ക് മാത്രം

അവൾ ചില്ലക്ഷരങ്ങളാൽ
അയാളുടെ കവിതയുടെ
ഗർഭപാത്രം കീറി
അവസാനവരിയിൽ നിന്നും
പുറത്തുകടന്ന്
മറ്റൊരു കവിതയുടെ
ആദ്യ വരികളുടെ കൈപിടിച്ചു

വിരഹത്തിന്റെ വാരിയെല്ലുകളിൽ
കരൾച്ചോരനിറച്ച്
പിന്നീടയാളെഴുതിയ കവിതകളിലൊന്നും
തിരയിളക്കമുള്ള കടലും
ചിരിക്കുന്ന സൂര്യനും
നിലാവുള്ള ആകാശവും
കണ്ണുചിമ്മുന്ന നക്ഷത്രങ്ങളും
അക്ഷരങ്ങളായി വന്നില്ല

കെട്ടുപോയ നക്ഷത്രങ്ങളുടെ
ചാരം മാത്രം ബാക്കിയായ
നിറം മങ്ങിയ ആകാശത്തിന് താഴെ
മുള്ളുവേലിയിലേക്ക്
ചാരിക്കിടക്കുന്നൊരു  ചെമ്പരത്തി
അയാൾക്ക് വേണ്ടിയിപ്പോൾ
ഒരു കവിതയെഴുതുന്നുണ്ട്

കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി. ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു