സഞ്ജയന്റെ കഥകള്‍ (ഹാസ്യകഥകള്‍)

ഹാസ്യ കഥകള്‍ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട് . ജീവിതത്തിന്റെ എല്ലാ മുരടിപ്പുകളെയും ഒരു നിമിഷം ഇല്ലാതാക്കാന്‍ ഒരു ഹാസ്യത്തിന് കഴിയും എന്നതാണു വാസ്തവം . അതിനാല്‍ത്തന്നെ കഥകളുടെ ഉത്ഭവത്തില്‍ തന്നെ ഹാസ്യത്തിന് പ്രധാന റോള്‍ കിട്ടിയിരുന്നു . രാജസദസ്സുകളില്‍ വിദൂഷകന്‍മാര്‍ക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നു . കുഞ്ചന്‍ നമ്പ്യാരെ അറിയാത്ത മലയാളികള്‍ ഉണ്ടോ . തെന്നാലി രാമനെ അറിയാത്തവര്‍ ഉണ്ടോ മുല്ലാക്കഥകള്‍ , നമ്പൂതിരി ഫലിതങ്ങള്‍ , സര്‍ദാര്‍ജി ഫലിതങ്ങള്‍ ഇവയൊക്കെ നമ്മുടെ ജീവിതത്തിന്റെ ഭാഗങ്ങള്‍ ആയി പല സമയങ്ങളില്‍ സ്ഥാനം നേടിയിട്ടുള്ളതല്ലേ. വി കെ എന്‍ കഥകളിലൂടെ പയ്യന്‍സ് നമ്മെ സന്തോഷിപ്പിച്ചു , ടോംസ് ലോലനേയും ബോബനേയും മോളിയെയും കൊണ്ട് നമ്മുടെ ചിരിയെ പങ്കിട്ടെടുത്തു . അങ്ങനെ പറഞ്ഞു വരികയാണെങ്കില്‍ ഹാസ്യത്തിന് ഒരുപാട് പറയാനുണ്ട് . പലതും വിട്ടുപോയേക്കാം എന്നതിനാല്‍ ആരെയും പറയാതെ വിടാം . ഹാസ്യം പലവിധമുണ്ട് . ആക്ഷേപ ഹാസ്യവും നിർദ്ദോഷ ഹാസ്യവും ഒക്കെ അതിന്റെ ഭാഗമാണ് . ഒരാളെ നോവിക്കാനും സന്തോഷിപ്പിക്കാനും കഴിയുന്ന ഒരായുധവുമാണല്ലോ അത് .

സഞ്ജയന്‍ എന്ന തൂലിക നാമത്തില്‍ ഹാസ്യ കഥകള്‍ എഴുതിയിരുന്ന മാണിക്കോത്ത് രാമന്‍ നായര്‍ (1903-1943) എന്ന എം ആര്‍ നായരെ മലയാളികള്‍ക്ക് ഒരിയ്ക്കലും വിസ്മരിക്കാന്‍ കഴിയില്ല . തന്റെ കൃതികളില്‍ സഞ്ജയന്‍ ,പാറപ്പുറത്ത് സഞ്ജയന്‍ , പി എസ് എന്നീ കഥാപാത്രങ്ങള്‍ ആയി അദ്ദേഹം തന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട് . സഞ്ജയന്റെ കഥകള്‍ ഒക്കെയും ഹാസ്യത്തിന്റെ മഞ്ഞള്‍ പുരണ്ട സത്യങ്ങള്‍ ആണ് . ആക്ഷേപഹാസ്യത്തിലൂടെ സമൂഹത്തിലെ പല വിഷയങ്ങളെയും അദ്ദേഹത്തിന്റെ കാലത്തിന്റെ കണ്ണിലൂടെ വിമര്‍ശിക്കുന്നുണ്ട് . പറയാനുള്ളത് പറയേണ്ട ഇടത്തു പറയുന്ന യഥാര്‍ത്ഥ എഴുത്തുകാരന്റെ ധർമ്മം അദ്ദേഹം പിന്തുടരുന്നതായി കാണാം. വായനയില്‍ തോന്നിയ ഒരു കാര്യം എന്താണെന്നാല്‍ പില്‍ക്കാല്‍ത്ത് പ്രശസ്തമായ വി കെ എന്‍ കഥയിലെ പല ഹാസ്യസംഭാഷണ പ്രയോഗങ്ങളെയും സഞ്ജയന്റെ കഥകളില്‍ കാണാന്‍ കഴിയുന്നുണ്ട് എന്നതാണു . ഏകദേശം ഒരേ കാലഘട്ടത്തിൻ്റെ എഴുത്തുകാര്‍ ആയതിനാലാകാം ഈ ഒരു സാമ്യം എന്നു കരുതാം . കാലഘട്ടത്തിന്റെ കാഴ്ചകള്‍ എന്നെടുത്ത് പറയാന്‍ കാരണം അക്കാലത്തിന്റെ പുരുഷ നോട്ടങ്ങളും ചിന്തകളും സ്ത്രീകളോടുള്ള കാഴ്ചപ്പാടും പുരോഗമനത്തോടുള്ള ആശങ്കകളും ഹാസ്യത്തിലൂടെയാണെങ്കിലും വെളിപ്പെടുത്തുന്നത് അസ്വാരസ്യങ്ങള്‍ ആയിത്തന്നെയാണ് . കഥകളുടെ സാരാംശങ്ങളോ ഹാസ്യത്തിന്റെ വാൾത്തലപ്പിന്‍ മൂര്‍ച്ചയോ ആക്ഷേപഹാസ്യത്തിന്റെ ആഘാതങ്ങളോ മലയാള ചിന്തകളിലും സാമൂഹ്യബോധത്തിലും പ്രതിഫലിച്ചിട്ടുണ്ടോ എന്നത് പഠനവിധേയമാകേണ്ടതുണ്ട്. എന്നാല്‍ എല്ലാം മറന്നു ചിരിപ്പിക്കാന്‍ ഉള്ള ശ്രമത്തെ വളരെ സന്തോഷത്തോടെ സ്വീകരിക്കുക തന്നെ വേണം . ഇന്നത്തെ കാലത്തെ പല ഫലിതങ്ങളും കടമെടുത്തത് ഇങ്ങനെയുള്ള എഴുത്തുകളില്‍ നിന്നൊക്കെയാണെന്ന് തോന്നിപ്പോകുന്നതും , ഇന്നത്തെ ഹാസ്യങ്ങളിലെ അതിര് കടന്ന അപ്രമാദിത്വങ്ങളും ഹാസ്യത്തെ ചിരിയില്‍ നിന്നും അകറ്റി നിര്‍ത്തുന്ന കാഴ്ചയില്‍ നിന്നും നോക്കുമ്പോള്‍ സഞ്ചയന്റെ പ്രസക്തി വളരെ വലുതാണ് .

സഞ്ജയന്റെ കഥകള്‍ (ഹാസ്യകഥകള്‍)
സഞ്ജയൻ
സായാഹ്ന ഫൌണ്ടേഷന്‍

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.