പലിശക്കാരൻ ഉദ്ദണ്ടൻപിള്ള ഉപയോഗമില്ലാതെ പുരാവസ്തുവായ തൻ്റെ ഉലക്കപ്പുറത്ത് പാറപ്പൊടി നിരത്തി ബ്ലേഡു കത്തിയുടെ മൂർച്ച കൂട്ടിക്കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ.
സംഭവമറിഞ്ഞ് പിടഞ്ഞെണീറ്റ ഉദ്ദണ്ടൻ പൂർണ്ണ ഗർഭിണിയെപ്പോലെ പുറത്തേയ്ക്കു തെറിക്കാൻ വെമ്പി നിന്ന വായിലെ മുറുക്കാൻ നീര് തള്ളണോ, കൊള്ളണോ എന്നു തിട്ടമില്ലാതെ കാച്ചില് തൊണ്ടയിൽ കുരുങ്ങിയതു പോലെ കണ്ണും തള്ളി കുറച്ചു നേരം നിന്നു പോയി.
ഏത്തയ്ക്കാപ്പോളിയിടാൻ എണ്ണച്ചട്ടികത്തിച്ച ചായക്കടക്കാരൻ ഇമ്പൂച്ചിമോറൻ നീണ്ട തലമുടിനാരിഴ ഒൻപതായി കീറിയ ശേഷം കേട്ട വാർത്തയുടെ കനത്ത ഷോക്കിൽ പരിസരം മറന്ന് ഒരു അന്തർവായുവിലേയ്ക്കമർന്നു.
പ്രായമേറി നടുവൊടിഞ്ഞിട്ടും, തൻ്റെ പന്ത്രണ്ടാമത്തെ പേറിലെ നാലു തടിമാടൻ പിള്ളേർക്ക് മുലപ്പാൽ ചുരത്തുന്നതിനിടയിൽ കേട്ട അപ്രിയ സത്യത്തിൽ മനമുരുകി ചിരുതപ്പട്ടി കവലത്തോട്ടിലെ പൊട്ടക്കിണറ്റിൽ ചാടി ചാവുവാനായി ഓടി.
“ങ്ങള് ഓടീ, നട് ങ്ങീ ,ബെട്ടീ, ഗുത്തീന്നൊക്കെ
വെടക്കാക്കാണ്ട് കാര്യം പറൻ്റെ ഊത്തപ്പാ.’ പെരുച്ചാഴിക്കോയ മുന്നിലേയ്ക്ക് തള്ളിത്തെറിച്ചു നിൽക്കുന്ന നാലു വളഞ്ഞ പല്ലുകൾക്കിടയിൽപ്പെട്ട രണ്ടു ചുണ്ടുകൾക്ക് വലിയ പരിക്കുകൾ സംഭവിക്കാതെ ഇത്രയും പറഞ്ഞൊപ്പിച്ചു ചൊടിച്ചു.
“അപ്പ ചാഴിക്കോയ മാത്രേ അറിയാനൊള്ള്… കഷ്ടം ൻ്റെ പെരുച്ചാഴീ കഷ്ടം ….”
കാര്യമെന്തൊക്കെയായാലും ഉന്തക്കരയിലുണ്ടായ ആ മഹാ സംഭവം (ഏതോ സംഭവം) അറിയാതെ പോയതിൽ പെരുച്ചാഴിക്കോയയ്ക്ക് തന്നോടു തന്നെ ഒരു ” പുച്നം ” തോന്നി.
സംഭവം മറ്റൊന്നുമല്ല.
വെട്ടും, കുത്തും, പാരവെപ്പും, കളവും കഞ്ചാവടിയും, അടിച്ചൊതുക്കലും ഒക്കെയായി ഉന്തക്കര കവലയെ പെരുമയിലെത്തിക്കുകയും, അതുവഴി ഒരു സംസ്ഥാനമാക്കുകയും ചെയ്ത സാമാന്യം നല്ലനടപ്പുള്ള ചട്ടമ്പി ഉണ്ണായി , വീട്ടിൽ ഒളിച്ചിരുന്ന് കഥയെഴുതുകയാണ്.
“ങേ ഒള്ളതോ ….?”
പച്ചക്കറിക്കാരൻ വാളപ്പൻ റോഡിലേക്കെറിഞ്ഞ ഏത്തക്കുലയുടെ കാളാമണ്ടൻ പെരുച്ചാഴിക്കോയയുടെ കോന്തൻ പല്ലുകളെ ആക്രമിക്കാനൊരുങ്ങിയപ്പോൾ, അതിനെ തടഞ്ഞ്, അതുവഴി വന്ന ഷാപ്പുകാരൻ പുറംപോക്കൻ ഒരു ചെറു തെറിയുടെ തലോടലോടെ അയാളുടെ വായടപ്പിച്ചു.
ദിവസവും മൂക്കറ്റം വാറ്റടിച്ചു വന്ന് ഉന്തക്കര കവലയിൽ നൃത്ത സംഗീതാദികൾ നടത്തുന്ന ഡ്രൈവർ തെറിപറയോൻ കിഴക്കുനിന്നും തലകുത്തി നടന്ന് കവലയിലെത്തി. സ്കൂൾ വിട്ട സമയത്തെ പെൺകുട്ടികളുടെ നീണ്ട നിര കണ്ട് തെറിപറയോൻ നടുറോട്ടിൽ തൻ്റെ മൂത്രശങ്ക തീർത്തു. അതിൻ്റെ പര്യവസാനം വരെ തെങ്ങുകയറ്റക്കാരൻ തളമാനും , ഉലുമ്പനും, എട്ടുകാലി കുട്ടനും മടക്കിക്കുത്തഴിച്ച് ഭവ്യതയോടെ ഒരു അവരോഹണത്തിലമർന്നു.
കനത്ത ജോലിഭാരം കഴിഞ്ഞുവന്നും, സാഹസങ്ങളുടെ പെരുമഴ തീർക്കുന്ന തെറി പറയോൻ്റെ തോളിൽത്തട്ടി പോലീസുകാരൻ കന്നാലിപ്പോത്തൻ അഭിനന്ദിച്ചു. ഉന്തക്കരയുടെ തലതൊട്ടപ്പനും, മാന്യനും, സർവോപരി അക്ഷര വിരോധിയുമായ മിഴുങ്ങൻ മുതലാളി കവലയിൽ സ്ഥാപിച്ച ടി.വി.യിലെ ഉന്തക്കര ന്യൂസ് ചാനലിൽ അപ്പോൾ ഒരു കൊമേഴ്സ്യൽ ബ്രേക്ക് എട്ടായി വീണു ചിതറി.
ഇത് ഉന്തക്കരയുടെയോ, ഇത്രയും നേരം നിങ്ങളുടെ ദൃഷ്ടികളെ കവർന്ന കവല നായകന്മാരുടെയോ കഥയല്ല; ഉണ്ണായിയുടെയും ഊത്തപ്പൻ്റെയും കഥയാണ്. ഇവരുടെ തട്ടകങ്ങളിലൂടെ കടന്നു വേണ്ടേ അവരിലേയ്ക്കെത്താൻ… !
പക്ഷേ, ഉന്തക്കരയുടെ ചാരിത്ര്യശോഷണവും സംസ്ക്കാരമില്ലായ്മയും കാത്തു സൂക്ഷിക്കാനുത്തരവാദിത്വപ്പെട്ട മിഴുങ്ങൻ മുതലാളിയും, പഞ്ചായത്ത് പ്രസിഡൻ്റ് ഇട്ടോടിക്കുരുവും വരാനിരിക്കുന്ന ഒരു മഹാ വിപത്തിനെ പ്രതിരോധിക്കാനുള്ള തയ്യാറെടുപ്പിലാണ്.
മിഴുങ്ങൻ ഉന്തക്കരയുടെ വിത്താണെന്ന് എന്നും പറയാനാഗ്രഹിക്കുന്നതു കൊണ്ട് സ്കൂളിൽ പോയിട്ടേയില്ല.
പണക്കൊഴുപ്പേറാനും, പ്രമാണിയാവാനും വിദ്യാഭ്യാസം ആവശ്യമില്ല എന്നതിൻ്റെ ഉത്തമോദാഹരണത്തെ ഉന്തക്കര നിവാസികളെ ബോധ്യപ്പെടുത്താനും, മിണ്ടാതിരുന്നു തല കുലുക്കാനുമായി ഏതു വേദിയിലും ഇട്ടോടിക്കുരു അദ്ദേഹത്തിനൊരു കസേര നൽകാറുണ്ട്.
എട്ടുകാലിക്കുട്ടൻ കോന്നപ്പൻ്റെ ബീഡിക്കടയിൽ ആകെയുള്ള ഒരു കസേര എടുത്ത് കവലമദ്ധ്യത്തിൽ പ്രതിഷ്ഠിച്ചു. രാവിലെ മുതൽ വൈകിട്ട് വരെ മുറം മടിയിൽ വച്ച്, തല ചലിപ്പിച്ച് ബീഡി തെറുപ്പ് എന്ന ദഹന ക്രിയ നടത്തുന്ന കോന്നപ്പൻ, തൻ്റെ പൃഷ്ഠഭാഗത്തിന് ആശ്വാസം പകരുന്ന മൂടുതാങ്ങി അല്പനേരത്തേക്കെങ്കിലും കൈവിട്ടു പോയതിൽ ആകുലചിത്തനായി വെറുതെ ബീഡി വലിച്ചു കൊണ്ടേയിരുന്നു.
മിഴുങ്ങൻ അക്ഷമനായി ഇട്ടോടിക്കുരുവിനെ നോക്കി. ഇട്ടോടിക്കുരുവിൻ്റെ വലിയ തല ഉന്തക്കര ന്യൂസ് ചാനലിൽ തെളിഞ്ഞു വന്നു. ഇട്ടോടിക്കുരു ഉന്തക്കരയുടെ പഞ്ചായത്ത് പ്രസിഡൻ്റാണ്. പ്രായം അമ്പത്തിയെട്ട് ഉണ്ടെങ്കിലും, കെട്ടാത്തടിയായതിനാൽ, നാൽപ്പത്തിയൊന്നിൽ ആൻ്റീന തിരിച്ച് വച്ച് സിഗ്നലില്ലാതെ നിൽക്കുന്നു. രണ്ടാം ക്ലാസിൽ മൂന്നു വർഷം തറവായി പഠിച്ച് അതവസാനിപ്പിച്ച ഇട്ടോടിക്കുരുവിൻ്റെ യഥാർത്ഥ പേര് കുരുവിള എന്നാണ്. പണ്ട് തലപ്പന്തുകളിയിൽ ഇട്ടോടി പൊക്കിയടിച്ച് ക്രമേണ ഇട്ടോടിക്കുരു ആയതാണ്.
വിദ്യാഭ്യാസത്തിൻ്റെ അപര്യാപ്തത കൈ മുതലുള്ള അദ്ദേഹം, ആ മൂല്യശോഷണ ഗുണത്താൽത്തന്നെ വർഷങ്ങളായി ഉന്തക്കരയുടെ ജനപ്രതിനിധിയായി തുടരുന്നു. കാലങ്ങളായി ജനാധിപത്യ വിധിക്കു കീഴടങ്ങി ജീവിക്കുന്ന ഇട്ടോടിക്കരു ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രതിജ്ഞ ചെയ്തയാളാണ്. നവോത്ഥാനം ഭരണവർഗ്ഗത്തിനെന്നും വെല്ലുവിളിയാവുന്ന വ്യവസ്ഥിതിയും, മാറാരോഗവുമാണെന്ന കാഴചപ്പാട് തീർത്തും പൊട്ടനല്ലാത്ത ഇട്ടോടിക്കുരുവിനുണ്ട്. അതു കൊണ്ടു തന്നെ, എഴുത്ത് ഭീകരമല്ല, അതിഭീകരമാണ് എന്ന് അദ്ദേഹത്തിൻ്റെ അഭിപ്രായത്തിൽ ഭരണഘടനയിലെഴുതിച്ചേർക്കേണ്ടതു തന്നെയാണ്.
ഉണ്ണായിയെ ഉന്തക്കരക്കാർക്ക് നഷ്ടപ്പെടുമെന്ന വസ്തുത ഇട്ടോടിക്കുരു മിഴുങ്ങനു മുമ്പിൽ സവിസ്തരം പ്രതിപാദിക്കുകയും, പ്രതിരോധ പ്രവർത്തനങ്ങളുടെ ഒരു അജണ്ട തപ്പിയും, തടഞ്ഞും ഒരു വിധം പറഞ്ഞൊപ്പിക്കുകയും ചെയ്തു. മുന്നോ, നാലോ ആളുകൾ മാത്രം ഉണ്ണായിയെക്കണ്ട് കർമ്മ പരിപാടിയിൽ നിന്നും പിന്തിരിയാനുള്ള അപേക്ഷ അറിയിക്കുക. ഉണ്ണായിക്ക് എഴുത്തും, വായനയും അറിയാവുന്നതിനാൽ, അതില്ലാത്ത ഉന്തക്കരവാസികളിലേയ്ക്ക് ആ വ്യാധി പടർന്നു കയറുവാനുള്ള സാധ്യത ഏറെയാണ്. അകലം പാലിച്ചും, നേരിട്ടു സംസാരിക്കാൻ നിൽക്കാതെയും ഇതിനെ പ്രതിരോധിക്കേണ്ടതാണ്. ഇത്തരം തീരുമാനങ്ങൾ ഉരുത്തിരിഞ്ഞുവെങ്കിലും,അക്ഷര വിരോധികളായ ആരും ഉണ്ണായിക്കു മുമ്പിലെത്തുവാൻ തയാറായിരുന്നില്ല. അങ്ങനെയാണ് എകകണ്ഠമായി ഊത്തപ്പൻ്റെ പേര് ഉയർന്നു വന്നത്.
ഉണ്ണായിയെക്കൂടാതെ ഉന്തക്കരയിൽ അക്ഷരാഭ്യാസമുള്ള ഒരേയൊരാളാണ് ഊത്തപ്പൻ. ഊത്തപ്പൻ സ്കൂളിൽ പോയിട്ടില്ലെങ്കിലും, സ്വയം ആർജ്ജിച്ചെടുത്ത സിദ്ധിയിലൂടെ എഴുത്തും വായനയും പഠിച്ചെടുത്തു.
ചരിത്ര കാലം മുതൽ ഉന്തക്കരയിൽ റേഷൻ കട നടത്തുന്ന ഊത്തപ്പൻ, അടുത്തു വന്നാൽ ആന്ധ്ര അരിയുടെ ഒരു ചീഞ്ഞ മണം ഉയരും. റേഷൻ കടയിലെത്തുന്നവരോട് ‘അരി തീർന്നു, മണ്ണെണ്ണ വരും, പഞ്ചസാര നാളെ ത്തരാം, ഗോതമ്പ് വന്നിട്ടില്ല തുടങ്ങിയ പല്ലവികൾ ഊത്തപ്പൻ അനുവർത്തിച്ചു പോരുന്നു. ഹരിദാസനായി ജനിച്ച്, അരിദാസനാവുകയും, മണ്ണെണ്ണ വീപ്പയിൽ ട്യൂബിട്ട്, വായിലൂടെ ഊത്തിപ്പകർത്തുന്ന ജാലവിദ്യയിലൂടെ ഊത്തപ്പനാവുകയും ചെയ്തയാളാണ് ഇപ്പോൾ നമുക്ക് മുമ്പിൽ നിൽക്കുന്ന സാക്ഷാൽ ഊത്തപ്പൻ.
‘സംഗതി ഞാനേറ്റ്, ഞാം പറഞ്ഞാ ഓൻ കേക്കും. പക്ഷേങ്കില് എനിക്കെന്നാ കിട്ടും? അതു പറ.. “
ഊത്തപ്പൻ തനി റേഷൻ കടക്കാരനായി.
“ഹതിപ്പ ചേതം ല്ലാത്ത ഒരു ഉപഹാരമല്ലേ ..നമ്മുടെ ഒക്കെ ആവശ്യോം.”
മിഴുങ്ങൻ മുതലാളി തലയൂരാൻ നോക്കി.
“മൊയ്ലാളി നിക്ക് … മമ്പറേ.. നിങ്ങള് പറ.”
ഇട്ടോടിക്കുരു ധർമ്മസങ്കടത്തിലായി. ഒരു സോപ്പിടലിൻ്റെ മട്ടിൽ തോളത്തു തട്ടി ഇട്ടോടി പിടിച്ചു നിന്നു.
“നീ തന്നെ പറ ..എന്തോ വേണം?’
ഊത്തപ്പൻ ചിരിച്ചു ;എന്നിട്ട് രഹസ്യമായി മൊഴിഞ്ഞു.
“ഞാം കടത്തും. മൂന്നു ചാക്ക് പച്ചരി, ഒരു ചാക്ക് പഞ്ചാര, ഇമ്മിണി കോതമ്പ്.ഇച്ചീരൻ്റെ
പലചരക്കു കടേട്ട്…. :
“ഹതു നീ കടത്തണതല്ലേ?’
ഇട്ടോടിയുടെ ചെരണ്ടലിനു മുമ്പിൽ ഊത്തപ്പൻ ചൂളിയില്ല.
“ഹതെ… പക്ഷേങ്കില് പിന്നെ എടങ്ങേറാക്കാനും, ചൊറിയാനും വന്നേക്കരുത്. ഇവിടെ സ്വർണം കടത്തണില്ലേ… പാമോയില് കുഭകോണോം ഇല്ലേ… ബിസ്ക്കറ്റ് കടത്തണല്ലേ…. ഈ അരീം പഞ്ചാരേം ഞാൻ വീട്ടീക്കൊണ്ടു പോണില്ല. ഒക്കെ തൊട്ടപ്പുറേ ഇച്ചീരൻ്റെ കടേലുണ്ടാവും. പറ്റുവോ?”
മിഴുങ്ങനും, ഇട്ടോടിക്കുരുവും ഇരുത്തിയാലോചിച്ചപ്പോൾ, ശരിയാണ്. ഉന്തക്കരയിലെ റേഷൻ സാധനങ്ങൾ ഉന്തക്കരയിൽ തന്നെ ഉണ്ടല്ലോ.
അങ്ങനെ ഊത്തപ്പന്തമായി മിഴുങ്ങനും, ഇട്ടോടിക്കുരുവും ജനനന്മയ്ക്കു വേണ്ടി ഒരു ധാരണയിലായി.
ഉന്തക്കരയിൽ നിന്നും കിഴക്കോട്ടു പോവുന്ന റോഡിലൂടെ മൂവരും ഉണ്ണായിയുടെ വീട് ലക്ഷ്യമാക്കി നടന്നു. എട്ടു വർഷത്തോളമായി മെറ്റലിളകി താറുമാറായ റോഡ്; റോഡിനിരുവശവും കോഴിക്കുടു പോലുള്ള ചെറിയ കുടിലുകൾ.
ചൂല പിടിച്ച് വയറുന്തി ഉടുതുണിയില്ലാതെ ഓടിക്കളിക്കുന്ന കുട്ടികൾ അവരെക്കണ്ട് ഓടി മറഞ്ഞു. ഉണങ്ങിയ ചുള്ളിവിറകിൻ്റെ മട്ടിൽ ദരിദ്ര ക്കോലമായ ആൺ \പെൺ രൂപങ്ങൾ, മിഴുങ്ങനെയും ഇട്ടോടിക്കുരുവിനെയും താണു വണങ്ങി. അന്നദാദാവായ ഊത്തപ്പനെ നോക്കി അവർ സ്നേഹത്തോടെ ചിരിച്ചു. ഒരു പ്രസിഡൻ്റ് എന്ന നിലയിൽ ഇട്ടോടിക്കുരുവിന് അഭിമാനവും, ആനന്ദവും തോന്നി.
അകലെ നിന്നേ കണ്ടു. പെട്ടിക്കട പോലെ പലകയടിച്ചു തീർത്ത ഉണ്ണായിയുടെ വീട്ടു മുറ്റത്ത് കോമാങ്ങത്തള്ള നിൽക്കുന്നു. ഒരു മുക്കാൽ മുണ്ടും ,ബ്ലൗസും ധരിച്ച വൃദ്ധരൂപം. ഒരു കൈ എളിയിൽ താങ്ങി, കൂനിക്കൂനി നടന്ന് ചീനച്ചട്ടിയിൽ കടുക് വറുക്കുന്നതു പോലെ എന്തൊക്കെയോ പുലമ്പുന്നുണ്ട്.
മിഴുങ്ങൻമുതലാളിയും, ഇട്ടോടിക്കുരുവും റോഡിനിപ്പുറം ഒതുങ്ങി നിന്നു. ഊത്തപ്പൻ തെല്ലു സ്വാതന്ത്ര്യത്തോടെ മുറ്റത്തേയ്ക്ക് കയറി.
‘കോമാങ്ങക്കാ… ഉണ്ണായി ഉണ്ടോ?”
കോമാങ്ങത്തള്ള തിരിഞ്ഞു നോക്കി. എന്നിട്ട് പല്ലില്ലാത്ത വായ പിളർന്ന് ഊത്തപ്പനെ കറതീർന്ന സ്നേഹത്തോടെ തെറി വിളിച്ചു.
“ഉണ്ണായിക്കുണ്ണാൻ കഴിഞ്ഞയാഴ്ച നീ അരി തന്നോടാ നാറീ… “
അതു മാത്രമേ മിഴുങ്ങനും ഇട്ടോടിക്കുരുവും കേട്ടുള്ളൂ. പുറകേയെത്തിയ സ്പാനിഷ് വാക്കുകളുടെ ആഘാതത്തിൽ അവരുടെ ചെവിയുടെ ഡയഫ്രം തെറിച്ചു പോയിരുന്നു.
“ഓൻ എയ്ദാൻ തൊടങ്ങീപ്പ ത്തൊട്ട് നാട്ടുകാര് നാറികൾ ടെ ശല്യല്ലാർന്നു. അയലോക്കം കാരും കുടി വിട്ട് പോയി. … സമാധാനാർന്നു…. “
കോമാങ്ങത്തള്ള കടുകു വറ തുടർന്നുകൊണ്ടിരുന്നു . ഇതിനിടയിൽ കുറെ വെള്ളക്കടലാസുകൾക്കു മുമ്പിൽ കഞ്ചാവടിച്ചു പുകവിട്ടു കൊണ്ടിരിക്കുന്ന ഉണ്ണായിയെ ഊത്തപ്പൻ പലകകൾക്കിടയിലൂടെ കണ്ടു.
“ടാ.. ഉണ്ണായി.. ഉണ്ണായി ….”
പ്രിയപ്പെട്ട ചങ്ങാതിയെ കുറെ ദിവസം കൂടി കണ്ട സന്തോഷത്തിൽ ഊത്തപ്പൻ അകത്തു കയറി ഉണ്ണായിയുടെ അടുത്ത് ചെന്നു.
ഊത്തപ്പൻ ചുറ്റും നോക്കി. അലക്കിയതും,അല്ലാത്തതുമായ കൂറത്തുണികൾ ഉണ്ണായിക്കു ചുറ്റിലും അവിടവിടെയായി കിടക്കുന്നു. തെറുത്തു വയ്ക്കാത്ത കിടക്കപ്പായ, മുറിയോട് ചേർന്ന ചാർത്തിൽ കുറെ ചട്ടിയും, കലവും ചിതറിക്കിടക്കുന്നു. ഒരു ചാവാലിപ്പട്ടി കൂട്ടാൻ ചട്ടി നക്കിത്തുടയ്ക്കുന്നുണ്ട്. ആകെപ്പാടെ റേഷൻ കടയുടെ ഗോഡൗണിലെത്തിയതു പോലെ ഊത്തപ്പന് തോന്നി.
മുമ്പിൽ കുന്നുകൂടിക്കിടക്കുന്ന ബീഡിക്കുറ്റികളിൽ കയറിയിറങ്ങി, ഒന്നുമെഴുതാതെ വെളുക്കെച്ചിരിക്കുന്ന കടലാസുകളിലൂടെ ഇഴഞ്ഞ് ഊത്തപ്പൻ്റെ കണ്ണുകൾ ഉണ്ണായിയിലെത്തി നിന്നു. ദിവസങ്ങളായി ക്ഷൗരം ചെയ്യാത്ത മുഖം. വളർന്നു ചുരുണ്ട മീശരോമങ്ങൾ മേൽച്ചുണ്ടുകൾക്കിടയിലൂടെ പന്തലിക്കാൻ ഇടമില്ലാതെ പല്ലുകളുടെ മുകൾ നിരയിലേക്ക് വലിഞ്ഞു കയറി നിൽക്കുന്നു. കഞ്ചാവിൻ്റെ നേരിയ ലഹരിയിൽ പാതിയടഞ്ഞ കണ്ണുകൾ. ആകെപ്പാടെ ഒരു വയലിത്തൂമ്പയുടെ മട്ടിലുള്ള ആ മുഖത്തേയ്ക്ക് നോക്കി ഊത്തപ്പൻ ചോദിച്ചു.
“തെ ന്തിരിപ്പാ ൻ്റെ ഉണ്ണായിയേ… അല്ലാ.. നെൻ്റെ കഥയെഴുത്ത് എന്തോരായി ?”
ഉണ്ണായി ഒരു ഒന്നൊന്നര ചിരി ചിരിച്ചു.
“ആര് കഥയെഴുതാൻ? നെനക്ക് പ് രാന്ത് ആണോടാ ഊത്താ ?”
ഊത്തപ്പനെ ഊത്താ എന്നു വിളിക്കാൻ ഒരേയൊരാൾക്കേ അധികാരമുള്ളൂ. അത് ഉണ്ണായിക്കാണ്. അതു കൊണ്ട് തന്നെ ഊത്തപ്പൻ തന്തയ്ക്കു വിളിച്ചില്ല .
“ഉന്തക്കര ടീ.വി ല് കണ്ട്, നീ എഴുതുവാന്ന്.’
“ടാ പൊട്ടാ… ൻ്റെ പേരിൻ്റെ പൊറകില് വാലുണ്ടോ? കഥയെഴുതാനും, രാജ്യം ഭരിക്കാനും വാല് വേണം വാല്… നെനക്കൊണ്ടോ വാല്?”
ഉണ്ണായി ഇത്തിരി സ്റ്റാൻഡേർഡ് ആയിട്ടുണ്ട്. ഊത്തപ്പൻ തൻ്റെ പൃഷ്ഠഭാഗം തപ്പി നോക്കി.
“അതല്ലടാ കോപ്പേ … വാല്…പണിക്കര്, പിള്ള, വാര്യര് ,മേനൻ ഇതു വല്ലതുമുണ്ടോ?”
“ഒണ്ടല്ലോ… ഉണ്ണായി വാര്യര്..”
ഉണ്ണായി ദേഷ്യത്തോടെ ഒരു തെറി പറഞ്ഞു.
‘ടാ .. അതെനിക്കൊണ്ടോ ?”
ശരിയാണ്. അത് ഉണ്ണായിക്കില്ല. ഇല്ലാതിരുന്നത് നന്നായിയെന്നു ഊത്തപ്പനു തോന്നി. കാരണം, കഥകളിയോട് ഊത്തപ്പനു പണ്ടേ വിരോധമാണ്. ബുദ്ധിജീവികൾ ഒന്നും മിണ്ടാതെ, ഒന്നും മനസ്സിലാവാതെ കണ്ട് ആസ്വദിക്കുന്ന ഒരു ഐറ്റമാണല്ലോ അത് !
ഉണ്ണായി അല്ലം ഗൗരവത്തിലായി.
ഊത്താ … നെനക്കറിയോ.. ഒരു എട്ടു പത്തു വർഷം മുമ്പ് ….”
ഉണ്ണായി പറഞ്ഞ കഥ കേട്ട് ഊത്തപ്പന് ഒരു മുട്ടൽ അനുഭവപ്പെടുകയും, ശരീരമാസകലം വിയർപ്പുതിരുകയും ചെയ്തു. എന്തിനും തർക്കുത്തരം കൈമുതലായുള്ള ഊത്തപ്പൻ ഇരുട്ടടി കൊണ്ടതു പോലെ തരിച്ചു നിന്നു.
ഉണ്ണായി എഴുതാൻ തുടങ്ങുന്നത് ഒരു കഥയായിരുന്നുവെങ്കിലും ഊത്തപ്പന് ഇതു പോലൊരു മാനസിക സംഘർഷം ഉണ്ടാവുമായിരുന്നില്ല. ഇവിടെ കാര്യങ്ങൾ കൈവിട്ടു പോവാതെ പിടിച്ചു നിർത്തേണ്ടത് ഇട്ടോടിക്കുരുവിനെക്കാളും, മിഴുങ്ങനേക്കാളും ഊത്തപ്പൻ്റെ ആവശ്യമായിത്തീർന്നിരിക്കുന്നു.
ആ സംഭവ കഥ ഇതാണ്.
എട്ടു പത്തു കൊല്ലം മുമ്പ് മിഴുങ്ങൻ മുതലാളിയുടെ വീട്ടിൽ നിന്നും ഉണ്ണായി അഞ്ചു പവനോളം വരുന്ന ഒരു സ്വർണ്ണമാല കട്ടു. മിഴുങ്ങൻ കന്നാലിപോത്തനെക്കൊണ്ട് മാമൂലുകൾക്കധിഷ്ഠിതമായി ഒരു പരാതി എഴുതി മേടിച്ച്, ഉന്തക്കരയിൽ നിന്നും മൂന്നു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന നീളപ്പാറ പോലീസ് സ്റ്റേഷനിൽ ഭയഭക്തിബഹുമാനത്തോടെ എസ്.ഐ. മുരിക്കുംകോലന് സമർപ്പിച്ചു. പരാതി കിട്ടിയ മുരിക്കും കോലൻ തൻ്റെ മുമ്പിലെത്തുമെന്ന ഉറച്ച വിശ്വാസമുള്ള ഉണ്ണായി അത് പ്ലാസ്റ്റിക്ക്കവറിലാക്കി സ്വന്തം പുരയിടത്തിൽ കുഴിച്ചിട്ടു. കള്ള മുതൽ കണ്ടു കിട്ടാതെ കേസ് അനിശ്ചിതത്വത്തിൽ നിന്നു പോയി. കാലങ്ങൾക്കുശേഷം പുരയിടമാകെ പരതിയിട്ടും, കഞ്ചാവിൻ്റെ ലഹരിയിൽ അന്നു കുഴിച്ചിട്ട മാളം ഉണ്ണായിക്ക് കണ്ടെത്താനായില്ല. ഇതിനിടയിൽ ഉണ്ണായിയുടെ ചേട്ടൻ ചെറുക്കായി പാതി സ്ഥലം വീതിച്ചെടുത്ത് അതിൽ വീടു വച്ചു. ഉണ്ണായിയിപ്പോൾ പുതിയ തീരുമാനത്തിലാണ്.
“അവന് കിട്ടീട്ടുണ്ടത് …. അകത്തു പോയാലും വേണ്ടില്ല … അവനെക്കൊണ്ട് തീറ്റിക്കൂല ഞാനത് “
ഉണ്ണായി പരാതിയെഴുതാൻ വാക്കുകളില്ലാതെ പരതുകയാണ്. അവനെ അതിൽ നിന്നും പിന്തിരിപ്പിച്ചേ മതിയാവൂ.
“ടാ ഉണ്ണായീ… നീ കേസു കൊടുത്താ ആ മുരിക്കും കോലൻ നെന്നെ ഇടിച്ചു തൂറ്റിക്കും. ഞാനിപ്പോ ഒര് കാര്യം ചെയ്യാം. നെനക്ക് മാലേടെ വെല കിട്ട്യാപ്പോരേ? ഞാം ശരാക്കി തരാം. കേസിനു പോയാ കാശ് കിട്ടുവോയില്ല.
ഇടി കിട്ടുവോം ചെയ്യും. എന്താ..?”
ഉണ്ണായി ആലോചിക്കാൻ ഒരു ബീഡി കൂടി കത്തിച്ചു. വലി തീർന്നതും ഉണ്ണായി പറഞ്ഞു.
“ഒരമ്പതു വേണം.”
അമ്പതിനായിരമല്ല, അതിൽ കൂടുതലായാലും കൊടുക്കാതെ തരമില്ല. ഊത്തപ്പൻ ഉണ്ണായിയുടെ കൈവെള്ളയിലടിച്ചു.
“ഏറ്റ്….”
“എപ്പക്കിട്ടും?”
ഊത്തപ്പൻ ഒന്നാലോചിച്ചു. എന്നിട്ട് പറഞ്ഞു.
“ഒരു രണ്ട് ദൊവസം”
ഉണ്ണായിയുടെ വീട്ടിൽ നിന്നും വേഗത്തിൽ പുറത്തിറങ്ങി, ഊത്തപ്പൻ അതിവേഗം നടന്നു. ഇട്ടോടിക്കുരുവും, മിഴുങ്ങനും പുറകേ നിന്നു വിളിച്ചിട്ടും ഊത്തപ്പൻ നിന്നില്ല; ഗൗരവം വിട്ടില്ല. അവസാനം ഇരുവരും ഊത്തപ്പനു മുമ്പിൽ വട്ടം നിന്നു.
“ൻ്റെ ഊത്തപ്പാ നീ പോവല്ലേ…ന്തെങ്കിലും ഒന്ന് പറ…”
ഊത്തപ്പൻ ഗൗരവത്തിലാണ്.
“മെമ്പറേ… മൊയ്ലാളീ… നമ്മളെ വിട്ടേര്… ഇത് വകുപ്പ് വേറെയാ.. ഇനി നിങ്ങളായീ നിങ്ങടെ പാടായി … “
സംഭവം ഗുരുതരമാണെന്നറിഞ്ഞ മിഴുങ്ങനും, ഇട്ടോടിക്കുരുവും ഊത്തപ്പനെ പിടിച്ച പിടിയാൽ നിർത്തി. ആ അവസരം ഊത്തപ്പൻ ഭംഗിയായി വിനിയോഗിച്ചു.
“മെമ്പറേ ഇതു നമ്മളെക്കൊണ്ട് കൂട്ടിയാ കൂടൂല്ല. അവൻ കഥയെഴുതുവല്ല . ബോംബാണ്… ബോംബ്…!”
മിഴുങ്ങൻ മുതലാളി കണ്ണും തള്ളി മിഴുങ്ങനെ നിന്നു. ” പൊട്ടുവോ…?”
“പൊട്ടുവോന്നാ … നിങ്ങടെ തലേടെ മോളില് പൊട്ടും. കൂവത്തൊട്ടീന്ന് നീളംപാറയ്ക്കുള്ള പാലം പണി അഴിമതി, സർക്കാരു തന്ന അമ്പതുലക്ഷം ഭവന നിർമ്മാണം തിരിമറി, ബ്ലോക്കീന്ന് റോഡിനു കിട്ടിയ ഫണ്ട്… പിന്നെ മൊയ്ലാളീടെ കുഴിക്കണ്ടത്തെ ബംഗ്ലാവിലെ അറേലെ കുഴൽപ്പണം… വേറേം ഏതാണ്ടൊക്കെയൊണ്ട്. മെമ്പറേ പരാതിയാ അവനെഴുതണെ… കഥയല്ല…”
ഇട്ടോടിക്കുരു നെഞ്ചത്ത് കൈയ്യടിച്ചു.
”ഇവനിതൊക്കെ എങ്ങനെ അറിഞ്ഞെൻ്റെ പുണ്യാളച്ചാ..’
മിഴുങ്ങനും, ഇട്ടോടിക്കുരുവും റോഡിൽ തളർന്നിരുന്നു. ആസനത്തിലേയ്ക്കു തുളഞ്ഞു കയറുന്ന മെറ്റൽച്ചീളുകളുടെ പ്രതികാരാവേശം ഇട്ടോടിക്കുരു അനുഭവിച്ചറിഞ്ഞു.
“ഞാം പോണു ‘
പക്ഷേ പോവാൻ ഊത്തപ്പനെ ഇരുവരും അനുവദിച്ചില്ല
“ഊത്തപ്പാ… നീ കൈവിടല്ലേ … എന്തേലുമൊരു കുരുട്ടു ബുദ്ധി പറയ്ടാ.”
ഒന്നു നിർത്തി ഇട്ടോടി ചോദിച്ചു.
‘ആട്ടെ.. എന്തു കിട്ടിയാ അവനൊതുങ്ങും?’
ഊത്തപ്പൻ തൊടുത്ത അമ്പ് ഉന്നം പിഴയ്ക്കാതെ കൊണ്ടു.
“അവൻ സ്രാവാ മെമ്പറേ… പിടിച്ചാക്കിട്ടൂല. മേടിക്കാൻ നിങ്ങക്ക് പറ്റൂല. ഒരു ലക്ഷാ അവൻ്റെ ഡിമേൻ്റ് .നിങ്ങള് ചെല്ല്. ഞാം പോണ്. എനിക്ക് റേഷൻകട തുറക്കണം.”
മിഴുങ്ങനും, ഇട്ടോടിയും ഊത്തപ്പൻ്റെ പുറകേ ഓടി. ഇളകിക്കിടന്ന മെറ്റലിൽത്തട്ടി മിഴുങ്ങൻ മുതലാളി പഴുത്ത ചക്കപ്പഴം വീഴും പോലെ റോട്ടിൽ വീണ് ചിതറിത്തെറിച്ചു. എഴുന്നേൽക്കാൻ ശ്രമിച്ച് വീണ്ടും വീണപ്പോൾ, മിഴുങ്ങൻ ഇട്ടോടിയെ ഒടുക്കത്തെ പ്രാക്കിലമർത്തി.
ഇട്ടോടിക്കുരു ഓടുകയാണ്.
“റേഷൻ കട തുറന്ന് നീ എന്ത് ഉണ്ട കൊടുക്കാനാടാ….ഒന്നോ, ഒന്നരയോ കൊടുക്കാടാ … നിക്കടാ …”
ഊത്തപ്പൻ സഡൻ ബ്രേക്കിലമർത്തി; നിന്നു. കരാർ പ്രാബല്യത്തിലായി. ഇടനിലക്കാരനെന്ന നിലയിൽ ഒരു പതിനായിരം കൂടി ഊത്തപ്പൻ കണക്കു പറഞ്ഞു വസൂലാക്കി.
ആത്മഹത്യാശ്രമമുപേക്ഷിച്ച് ഉന്തക്കരയിലേയ്ക്ക് മക്കളെ തേടി ചിരുതപ്പട്ടി തിരിച്ചു വന്നു. ഉദ്ദണ്ടൻ ബ്ലേഡ് കത്തിയുടെ മൂർച്ച കൂട്ടിക്കൊണ്ടേയിരുന്നു. ക്ലോക്കിൻ്റെ സൂചി കറങ്ങുന്നതു പോലെ കോന്നപ്പൻ ബീഡിതെറുക്കൽ തുടർന്നു . ഉന്തക്കര ന്യൂസ് ചാനലിൽ, റേഷൻകടയോടു ചേർന്ന് ഊത്തപ്പൻ്റെ മിനി പലചരക്കു കോംപ്ലക്സിൻ്റെ ഉത്ഘാടനം ഇട്ടോടിക്കരുവും , മിഴുങ്ങനും ചേർന്ന് നിർവ്വഹിക്കുന്ന തത്സമയ റിപ്പോർട്ട് നടക്കുന്നു.
അപ്പോഴും, റേഷൻ കടയിൽ അരിച്ചാക്കുകൾക്കിടയിലെ രഹസ്യ അറയിൽ പുറം വെളിച്ചത്തിലേയ്ക്കുള്ള ശാപമോക്ഷം കാത്ത് മിഴുങ്ങൻ മുതലാളിയുടെ അഞ്ചു പവൻ്റെ മാല ആരുമറിയാതെ കരയുന്നുണ്ടായിരുന്നു.