തങ്കം

1.

ഉമ്മറത്തപ്പോഴും കാത്തിരിക്കുന്നുണ്ടാകും കെടാൻ പോകുന്ന അന്തിത്തിരി നാളം പോലെ നിർജ്ജീവമായി ചേച്ചി. സന്ധ്യ തുടുത്ത് രാത്രിയുടെ മൂർച്ചയിലേക്ക് കയറിയാലും ഉമ്മറം ശൂന്യതയുടെ പകർപ്പിലൊടുങ്ങാറില്ല. ചേച്ചിയും ഒരോട്ടുവിളക്കും ശേഷിക്കുന്നുണ്ട്. ആരെയാണിങ്ങനെ കാത്തിരിക്കുന്നത്. അകാരണമായ വസ്തുതയുടെ കാരണം തേടി ഒരു ദിവസമിറങ്ങിപ്പോയ ഏട്ടനെയോ? എന്താണത്?.

ഏട്ടത്തിക്ക് ഞാനറിയാത്തൊരു ലോകമുണ്ട്. അതൊരുപക്ഷെ പൂർണതയെത്താത്ത ചിത്രം പോലെയാണ് ഒന്നും മനസ്സിലാക്കാൻ കഴിയില്ല.!

‘തങ്കം ഒരു കാര്യം കൂടി ഓർമ്മിപ്പിക്കാനാണ് വിളിച്ചത്’. ഞായറാഴ്ചകളിലെ വൈകുന്നേരത്തെ ഫോൺ വിളി അങ്ങനെയായിരുന്നു ചേച്ചി തുടങ്ങിയത്. എണ്ണി തിട്ടപ്പെടുത്തിയ കുറെ വാക്കുകൾ. കൂടുതൽ പണമയക്കണ്ട. നിനക്ക് സുഖാണോ? തിരക്കുകൾക്കിടയിൽ നിന്ന് ഓടി പിടഞ്ഞ് വരണ്ട. എന്നാലും നിന്നെയും നിന്റെ ഏട്ടനെയും പെറ്റുപോറ്റിയവർ ഉറങ്ങുന്ന മണ്ണ് എന്ന വിചാരം വിക്കുന്നുണ്ട്.

‘ഉം, ഉവ്വ് അതെ ‘ ആ മറുപടികളാണ് ചേച്ചിക്കാവശ്യം. വിചിത്ര ജീവികളാണ് തന്റെ കൂടെയുള്ളവരൊക്കെ. പടിയിറങ്ങിപോയ കുറെ നാളുകൾക്ക് ശേഷം വീട്ടിൽ നിന്നൊരു കുറിപ്പ് കിട്ടി.

‘തങ്കം ഒരു നീണ്ടയാത്രയിലേക്ക് വഴുതിപോകുകയാണ് ഞാൻ. എനിക്ക് വേണ്ടി കാത്തിരിക്കരുത് നിനക്ക് വേണ്ടി ജീവിക്കാൻ നിന്റെ ഏടത്തിയോട് പറയുക.’

പിന്നീട് ഏട്ടന്റെ കുറ്റം ഏറ്റെടുത്ത മടിയായിരുന്നു. ആ പാവം സ്ത്രീയെ അഭിമുഖീകരിക്കാൻ കഴിയാത്ത മടി. ക്രൂരതയുടെ പടവുകൾ ഒപ്പമുള്ളവർ ലാഘവത്തോടെ കെട്ടിപ്പടുക്കുമ്പോൾ കുറ്റം പറയാൻ പോലുമാകാത്ത മരവിച്ച ജീവിതം പിന്നീടങ്ങനെ ജീവിച്ചു തീർക്കുകയാണ്. കളിയാക്കലുകൾ, സഹതാപം ചൂഴ്ന്നെടുത്തുകൊണ്ടുള്ള കുശലന്വേഷണങ്ങൾ അതിനെല്ലാം വിരാമമിട്ടാണ് കോർപറേറ്റുകൾക്കിടയിലുള്ള ഈ പാർപ്പ്.! മെട്രോയിലെ ഏറ്റവും ഉയരം കൂടിയ സൗധങ്ങൾ കെട്ടിപ്പടുക്കുന്ന കമ്പനിയിലെ ജോലി കഴിഞ്ഞ് ഏറുമാടങ്ങളിലൊളിക്കുമ്പോൾ, ആകാശത്തിന്റെ തൊട്ടു താഴെയുള്ള കൂട്ടിൽ അനിത ചേച്ചിയോടൊപ്പം ഡൈനിങ് ടേബിളിന്റെ ഇരുവശവും ഇരുന്ന് ചായ പങ്കിടുമ്പോൾ ആയിരിക്കും മിക്കവാറും വ്യക്തിജീവിതത്തിലേക്ക് ഇറങ്ങിപ്പോകുന്നത്. ‘എവിടെ നിന്നാണ് തങ്കം എന്ന പേര് കിട്ടിയത്..?

‘അച്ഛമ്മയുടെ പേരായിരുന്നു, അതെനിക്കാണ് പിന്നീട് വീണത്. ശ്രുതി എന്ന പേര് ഞാൻ പോലും ശരിക്ക് ഓർക്കുന്നത് ഈ ഓഫീസിൽ എത്തിയ ശേഷമാണ്. അവിടെ മറ്റൊരാളായി തങ്കത്തിന്റെ ഫോൺ, തങ്കത്തിന്റെ ലീവ്, തങ്കത്തിന്റെ മണിയോർഡർ – അങ്ങനെ തന്നെ പറ്റിയുള്ളതെല്ലാം തങ്കമായിമാറുന്ന വിശേഷണം. ദുരന്തപാഠം പേറിയ ജീവിതമാണ് . അവിടെ അതുകൊണ്ടുതന്നെയാണ് അങ്ങോട്ടുള്ള യാത്രയ്ക്ക് വലിയ ഗ്യാപ്പ് ഇടുന്നത്. ഇവിടെയെത്തിയതോടെ സ്ഥിരമല്ലാത്ത ബന്ധങ്ങൾ, ചോര വാർന്നൊലിച്ചാലും തിരിഞ്ഞുനോക്കാത്ത മനുഷ്യപ്പറ്റ്, മായം ചേർത്ത ഭക്ഷണം, അങ്ങനെ എല്ലാ കള്ളത്തരത്തോടും പൊരുത്തപ്പെടുന്നു.

വന്ദന ഇല്ലാത്തതുകൊണ്ട് ആകെ ഒരു വീർപ്പുമുട്ട്. അനിത ചേച്ചിയുടെ മകളാണ് യു.കെ.ജിയിൽ പഠിക്കുന്നു. തൊട്ടപ്പുറത്തെ മറിയാന്റിയോടൊപ്പം ചുറ്റാൻ പോയതാണ്. ഇനി എന്തായാലും പാർക്കിലൊക്കെ പോയി ഐസ്ക്രീം ഒക്കെ കഴിച്ച് സാവധാനമേ എത്തു. കുഞ്ഞല്ലേ, എത്രകണ്ട് ഈ മാളത്തിൽ ഇങ്ങനെ അടയിരിക്കും. ഈ മാളത്തിൽ ഒതുങ്ങുന്ന കളികൾ കുറെയധികം താൻ പഠിപ്പിച്ചതാണ്. പക്ഷേ അതും അവൾക്ക് ഇഷ്ടമല്ലാതായി. മറിയാന്റി വന്നു വിളിച്ചപ്പോഴേക്കും അവൾ ചാടിപ്പുറപ്പെട്ടു. അനിത ചേച്ചി എതിർത്തൊന്നും പറഞ്ഞില്ല. അവർക്കോ അവളെ സന്തോഷിപ്പിക്കാൻ ആകില്ല ഇങ്ങനെയെങ്കിലും അവൾക്ക് ഒരു വിനോദം കിട്ടട്ടെ.!

2.

മറിയായുടെ യു.എസിൽ ഉള്ള ഏക മകൻ വാങ്ങിക്കൊടുത്തതാണീ ഫ്ലാറ്റ്. പാലായിലെ തറവാട് വീട് പൊളിച്ച് ഭൂമി വിൽപ്പനക്കാർക്ക് നല്ല വിലയ്ക്ക് വിറ്റ്. ആ പണം അമ്മച്ചിയുടെ പേരിൽ ബാങ്കിലിട്ടു. മകൻ കല്യാണം കഴിച്ചിട്ടില്ല. വർഷാവർഷം എണ്ണിത്തിട്ടപ്പെടുത്തിയ ലീവിന് നാട്ടിലെത്തും. കഴിഞ്ഞതവണ വന്നപ്പോൾ ചോദിച്ചതാണ്  ‘റോയിച്ചോ ഒന്നല്ലെങ്കിൽ അമ്മച്ചീനെ തനിക്ക് അങ്ങോട്ട് കൊണ്ടുപോയ്ക്കൂടെ? അല്ലേൽ ഇവിടെ വല്ല കമ്പനിയിലും ജോലി നോക്ക് അവരെ ഇങ്ങനെ ഒറ്റക്കിടുന്നത് പാപമല്ലേ.!

‘ഹോ എന്നതാ ശ്രുതി… എനിക്ക് അറിയാൻ മേലാഞ്ഞിട്ടാണോ അവിടെ അമ്മച്ചിക്ക് ജീവിക്കാൻ പാടാ, എന്റെ രണ്ടു കൊല്ലത്തെ കോൺട്രാക്ട് കഴിഞ്ഞാ ഞാൻ  ഇവിടെ നിൽക്കുവാ അപ്പൻ ഉണ്ടാക്കിയ കടം തീർക്കാൻ പറന്നതാ ഇപ്പോൾ രണ്ടു തലമുറയ്ക്ക് ഇരുന്നും കിടന്നും തിന്നാൻ ഉണ്ട്. ആര്  തിന്നാനാ ഞാനും അമ്മച്ചീ മാത്രം. തിന്നാൽ എത്രകണ്ട് തിന്നും.

‘ഒരു പെണ്ണ് കിട്ടി കൂടായിരുന്നോ?

‘ഓ സമയം തെറ്റി ഇനി എന്തായാലും അമ്മച്ചിയുടെ കൂടെ ഇങ്ങനെയങ്ങ് പോയാൽ മതി.’

പെണ്ണ് കെട്ടാൻ പറഞ്ഞാൽ ചെറുക്കൻ കേൾക്കത്തില്ല ഇനിയുള്ള വരവിന് പിടിച്ചങ്ങ് കെട്ടിക്കണം. കാത്തോലിക്കാ സഭയിലുള്ള നല്ല കൊച്ചുങ്ങള് കോട്ടയത്ത് ഉണ്ട് എനിക്കും കൊതിയില്ലേ അവന്റെ പെണ്ണിനോട് പോരടിക്കാനും അവന്റെ കൊച്ചുങ്ങളെ ലാളിക്കാനുമൊക്കെ.. ഹാ ഒക്കെ കർത്താവ് നേരെയാക്കും.!

മറിയാന്റിയുടെ ഇപ്പോഴത്തെ അവസ്ഥയിതാണ്. പാലായിലെ പേര് കേട്ട നസ്രാണി തറവാടിന്റെ പ്രമാണിത്തം വിളമ്പിയ അവർ ഇപ്പോൾ അത്തരം കഥകൾക്ക് മുതിരാറില്ല. അധികസമയം രൂപക്കൂടിനു മുന്നിൽ മുട്ടുകുത്തി പ്രാർത്ഥന തന്നെ ഓരോ അവസ്ഥാന്തര വിയോഗങ്ങൾ.!!

ഞായറാഴ്ചകളിൽ അനിത ചേച്ചിക്ക് ഫ്ലാറ്റിൽ ഇരുന്ന് ചെയ്യാൻ പിടിപ്പത് പണിയുണ്ടായിരുന്നു. ഓഫീസിലെ ഫയലുകളിൽ ചിലത് കറക്ഷൻ ചെയ്യാൻ. ചില ഡ്രോയിങ്ങുകൾ മാറ്റിവരയ്ക്കാൻ. ചിലതിന് നൂതനമായ പരിഷ്കാരങ്ങൾ വരുത്താൻ. വന്ദന മാറിയാന്റിയുടെ കൂടെ പള്ളിയിലേക്ക് മറ്റോ പോകും. ആ ജോലികളിൽ അവരെ ഒറ്റപ്പെടുത്താതെ കൈ സഹായിയായിരിക്കും. വർത്തമാനങ്ങളിൽ കൂട്ടുപിടിച്ച്, അതിനിടയിലും ചില ഡ്രോയിങ്ങുകളിലേക്ക് നോക്കി അനിത ചേച്ചി അയാളെപറ്റി പറയും.

അയാൾക്കൊപ്പം ഇറങ്ങി വരുമ്പോൾ സന്തുഷ്ടമായ ജീവിതം തുടർന്ന് അങ്ങോട്ട് നയിക്കാനാകുമെന്ന് മോഹിച്ചു. വേണ്ടപ്പെട്ടവരെ വേദനിപ്പിച്ച് അവരുടെ ജീവിതവും നശിപ്പിച്ചു വന്നപ്പോഴും തോന്നാത്ത കുറ്റബോധം നിഴലിച്ചത് അയാൾ പകുത്തു നൽകിയ സ്നേഹം ഒരു വലിയ നുണയാണെന്ന് പിന്നീട് അങ്ങോട്ട് ബോധ്യപ്പെട്ടപ്പോഴാണ്. അയാളുടെ സ്നേഹത്തിന്റെ അടിത്തട്ടിലേക്ക് മുങ്ങാംകുഴിയിട്ട് പോയപ്പോൾ തന്റെ പ്രിയപ്പെട്ടവരെ വെറുക്കാൻ അയാൾ ഒരുക്കിയ കാരണങ്ങളിൽ അലിഞ്ഞ് ഒഴുകിക്കൊണ്ടിരുന്നു. വന്ദനയുടെ ജനനശേഷം അയാളുടെ അകൽച്ച പ്രണയത്തിന്റെയും സ്നേഹത്തിന്റെയും ശേഷിപ്പ് നൽകാൻ കാണിക്കുന്ന പിശുക്ക് അതെന്തിനാണെന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചില്ല. അത് അയാൾ തന്നെ വിവരിച്ചത് മറ്റൊരുവളുടെ ശരീരത്തോടും സാമ്പത്തിക മൂല്യത്തോടുമുള്ള ആർത്തിപൂണ്ട വർണ്ണനയിലാണ്. തനിക്ക് ആരോടും കമ്മിറ്റ്മെന്റ് ചെയ്യാനില്ല വലിയൊരു ഭാരമാണ് താനും മകളും. ഒന്നിച്ചു ചേർന്നവർ തുടങ്ങിയ യാത്രയിൽ വിയോജിപ്പ് വന്നാൽ ഒരു വഴിയെല്ലാ അവരുടെതെന്ന് തിരിച്ചറിഞ്ഞാൽ പിരിയുകയാണ് രണ്ടിടത്തെന്ന ഉത്തമ ബോധം ശരിവച്ചു.

അയാളെ കുറിച്ചൊന്നും പിന്നീട് അന്വേഷിച്ചില്ല, കണ്ടെത്താനുമായില്ല. എന്റെ മകളെ 10 മാസം വയറ്റിലും ഇപ്പോൾ ജീവിതത്തിലും ഒറ്റയ്ക്ക് സന്തുഷ്ടതയോടെ ചുമക്കുന്നു. അപ്പോഴും വന്ദനയെ കുറിച്ച് ആലോചിച്ച് ഹൃദയം ലോലമാകുമ്പോൾ അവർ പറയും.

‘തങ്കം എനിക്കെന്തെങ്കിലും സംഭവിച്ചാൽ നീ അവളെ വളർത്തണം.എന്റെ ബന്ധങ്ങളിലും അവളുടെ പിതൃതാവകാശത്തിലും അവൾക്ക് വളരാൻ കഴിയുമായിരിക്കും. എന്നാൽ അതിൽനിന്ന് വീണ്ടുമൊരു അനിത മാത്രമേ ജനിക്കൂ. അങ്ങനെയാകരുത് തങ്കത്തിന് മാത്രമേ അവളെ സ്നേഹിക്കാനാകു..!

സ്നേഹം എന്നത് ഈ ഒരു തങ്കമാണോ എന്ന് അവൾക്ക് തോന്നി. അതോ ആരുടെയോ ജന്മപുണ്യം തന്നിലേക്ക് വന്നു കയറുകയാണ് എന്നതും.!

3.

കമ്പനി പുതിയ പ്രോജക്ട് ചെയ്യാൻ തീരുമാനിച്ചു.  മുംബൈയിലുള്ള വിജയ് ചന്ദ്ര മുഖർജിയുടെ കമ്പനിയുമായി ചേർന്ന് കൊണ്ട്.

ഇതിനുമുൻപും അയാളുടെ കമ്പനിയുമായി ഒത്തുചേർന്ന് സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. വെളുത്ത് ആറടി പൊക്കമുള്ള ചുവന്നു തുടുത്ത ദേഹവും ചെമ്പൻ മുടിയും പൂച്ചക്കണ്ണുകളും ഉള്ള വിജയ് ചന്ദ്രമുഖർജി. അയാൾ ഓഫീസിൽ വരുമ്പോൾ അനിതയാണ് കമ്പനിയെ പ്രതിനിധീകരിക്കുക. എന്നിട്ടും മുംബൈയിലേക്കുള്ള പോക്ക് പലതവണ ഞൊണ്ടിന്യായങ്ങളുടെ പേരിൽ ഉപേക്ഷിച്ചു. അതിനും കാരണങ്ങൾ ഉണ്ടായിരുന്നു. അയാളുടെ പൂച്ചക്കണ്ണിന്റെ വലയം ഇനിയും ഉടയാത്ത അനിതയുടെ അംഗചലനങ്ങളിൽ ആറാടിക്കൊണ്ടിരുന്നിരുന്നു എപ്പോഴും. അടുത്തു കൂടെ അയാൾ കടന്നു പോകുമ്പോൾ പുരുഷഭാഗം അവളുടെ നിതംബത്തിലുരസി ചില തീപ്പൊരികൾ അവിടെ അന്യദേശ ഭാഷക്കാരൻ ഉതിർത്തുകൊണ്ട് ആനന്ദമാടി. ലാഭവിഹിതത്തിനു വേണ്ടി സ്വയം വിൽപ്പനച്ചരക്കാവണമെങ്കിലും തന്റെ മകളുടെ വാത്സല്യത്തിന്റെ മുഖം ഇരുട്ടിന്റെ ഭീകരതയിൽ കൂടുതൽ ഭയാനകം ചെലുത്തി. മകൾ ഒറ്റയ്ക്കാണെന്ന് അദൃശ്യതയുടെ ശബ്ദം വഞ്ചിക്കപ്പെട്ട സ്ത്രീയുടെ കാതിൽ സൈറൺ പോലെ മുഴങ്ങി കൊണ്ടിരുന്നു. ഫൈനൽ ഡിസിഷൻ ഹെഡ് ഓഫീസിൽ നിന്ന് തന്റെ ടേബിളിലേക്ക് മെയിൽ വന്നു. അയഞ്ഞ മനസ്സോടെ ബാഗ് പാക്ക് ചെയ്തുകൊണ്ടിരിക്കുമ്പോൾ തങ്കത്തിനോട് പറഞ്ഞു  ‘ തങ്കം വന്ദനയെ ശ്രദ്ധിക്കണം.ഒരു അമ്മയെപ്പോലെ അവൾക്ക് വേണ്ടത് എന്താണെങ്കിലും ചെയ്തുകൊടുക്കണം. മറിയാന്റിയുടെ കൂടെ കറങ്ങാൻ പുറത്തു വിടരുത് ഒരു വെളിവില്ലാത്ത സ്ത്രീയാണ്.’

‘ഇല്ല അനിത ചേച്ചി ധൈര്യമായി പോയി വരൂ!

അവരെ രാത്രി വണ്ടിക്ക് മുംബൈയിലേക്ക് യാത്രയാക്കുമ്പോൾ വലിയ ഭീതിയോടെ കൈവീശി കാണിച്ച് എ.സി ചെയർക്കാറിലേക്ക് മടങ്ങുമ്പോൾ തങ്കത്തിനെന്തോ സംശയം തോന്നി. തിരികെ വരുമ്പോൾ വലത്തെ കണ്ണ് തുള്ളി കൊണ്ടിരുന്നു. അതൊരു അശുഭ  ലക്ഷണമാണെന്ന പഴയ  വിശ്വാസം മനസ്സിന് വല്ലാതെ അസ്വസ്ഥമാക്കുകയും.

രണ്ടാഴ്ചത്തെ പ്രോജക്ട് ആണെന്നും പറഞ്ഞ് അനിത ചേച്ചി പോയിട്ട് മൂന്നു മാസം പിന്നിട്ടു. ആദ്യത്തെ ഒരു മാസം ആകാറായപ്പോൾ ജി എമ്മിനോട് കാര്യങ്ങൾ അന്വേഷിച്ചു. പ്രോജക്ട് തീർന്നിട്ടില്ല എന്ന മറുപടി. അത് രണ്ടുമാസത്തിന്റെ പകുതിയായപ്പോൾ ഉത്കണ്ഠ ഒരല്പം പേടി കൂടി വരുത്തിവച്ചു അതിന്റെ ഉത്തരം ഇതായിരുന്നു ‘ അനിത മിസ്സിംഗ് ആണ് മുംബൈയിൽ നടന്ന ഒരു ബോംബ് ഇൻസിടെന്റിൽ. കുറെ പേർ മരിച്ചു കുറെ ആളുകളെ കാണാതാവുകയും. കാണാത്തവരുടെ കൂട്ടത്തിൽ നമ്മുടെ അനിത പെട്ടിട്ടുണ്ടോ എന്നൊരു സംശയം. മുംബൈ പോലീസിൽ വിജയ് ചന്ദ്ര മുഖർജി പരാതിപ്പെട്ടിട്ടുണ്ട്.’

‘സർ നമുക്ക് ഇവിടുത്തെ പോലീസിൽ ഒരു പരാതി കൊടുത്താലോ?

‘എന്ത്‌  വിഡ്ഢിത്തമാണ് പറയുന്നത് അനിത മിസ്സിംഗ് ആയത് മുംബൈയിൽ വച്ചാണ് അല്ലാതെ കേരളത്തിലല്ല… നമ്മുടെ ഒരു ആശ്വാസത്തിന് ഇവിടെ ഒരു കമ്പ്ലൈന്റ് രേഖപ്പെടുത്താം പക്ഷേ പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാവില്ല.’

തുടർന്നങ്ങോട്ട് ഒന്നും പറയാൻ കഴിഞ്ഞില്ല.ഓരോ ദിവസവും അനിത ചേച്ചി ഇന്ന് വരും നാളെ വരും എന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. വന്ദന ഒന്ന് രണ്ട് പ്രാവശ്യം മാത്രം അമ്മയെ ചോദിച്ചു പിന്നെ അതും ഇല്ലാതായി അവളും മറന്നിരിക്കുമോ? അല്ല, അവളുടെ അമ്മയും ശുശ്രൂഷയും എന്നും താനായിരുന്നല്ലോ. അനിത ചേച്ചി അവളോട് കാര്യങ്ങൾ പറയുന്നതും അപൂർവ്വമാണ്. പലപ്പോഴും അവരിചിതരെ പോലെ. അന്നത്തെ കുറ്റബോധം മകളിലും വച്ച് പുലർത്തിയിരുന്നു. താനും മാറിയാന്റിയും ഒക്കെ അവളുടെ ലോകങ്ങളിൽ നിറഞ്ഞു നിന്നതാണ് മറവിയുടെ യാഥാർത്ഥ്യം.!

4.

അന്ന് വൈകുന്നേരം ഓഫീസ് കഴിഞ്ഞ് ഫ്ലാറ്റിന്റെ താഴെ വന്ന് നിൽക്കുമ്പോൾ ലിഫ്റ്റിൽ നിന്നും മാറിയാന്റി ഇറങ്ങുന്നത് കണ്ടു.

“കൊച്ചേ നിങ്ങളുടെ ഫ്ലാറ്റിൽ ചേട്ടത്തിയാണെന്ന് പറഞ്ഞ് ഒരു പെങ്കൊച്ച് വന്നിട്ടുണ്ട്. ഞാൻ കീയെടത്തു കൊടുത്തു. മോളുണ്ടവിടെ കാപ്പി വല്ലതും വേണോ എന്ന് ചോദിച്ചപ്പോൾ നീ വരട്ടെ എന്ന് പറഞ്ഞു. ഞാൻ പള്ളിയിലേക്കാ നീ അങ്ങ് ചെല്ല്.”

ഒരു വല്ലാത്ത നടുക്കം മനസ്സിലൂടെ ശരീരത്തിലേക്ക് പാഞ്ഞു “ചേച്ചിയോ..!!

തന്റെ ഓഫീസിനെ കുറിച്ചോ താമസിക്കുന്ന ഫ്ലാറ്റിനെ പറ്റിയോ ഒന്നും അവരോട് പറഞ്ഞിട്ടില്ല. അഡ്രസ്സ് പോലും. ഇതൊക്കെ അന്വേഷിച്ചു പിടിച്ച് ചേച്ചിയോ.?? വീടിന്റെ പുറത്തിറങ്ങാത്ത അവർ ഇത്രയും ദൂരം..

അവിശ്വസനീയമായി ചുറ്റുപാടിനെ നോക്കി. പരിചയമുള്ളതും ഇല്ലാത്തതുമായ പല മുഖങ്ങളും തന്നെ ഒരേസമയം നിരീക്ഷിക്കുന്നത് എന്തിന്റെ ദർശനമാണെന്ന് അപ്പോൾ മനസ്സിലായില്ല.

വാതിൽ തുറന്നപ്പോൾ സെറ്റിയിൽ ചേച്ചിയിരിക്കുന്നു. അടുത്ത് യൂണിഫോം മാറ്റാതെ വന്ദനയും. അവൾ ഉണ്ണിയപ്പവും അടയും തിന്നുകയാണ്. സെറ്റിയിൽ ചാരിയിരുന്ന് വലത്തെക്കാൽ ചേച്ചിയുടെ മടിയിലേക്കിട്ട് യാതൊരു പരിചയകേടും കൂടാതെ. നിശ്ചലമായി നിൽക്കുന്ന തന്നെ കണ്ട ചേച്ചി സെറ്റിയിൽ നിന്ന് എഴുന്നേൽക്കാതെ പറഞ്ഞു.

“തങ്കം നിന്റെ നാളില് നമ്മുടെ അയ്യപ്പൻകാവിൽ വഴിപാട് കഴിച്ച പ്രസാദാ മോൾടെ കാര്യം നീ പറഞ്ഞില്ലല്ലോ…

“ചേച്ചി എങ്ങനെ… എപ്പോഴാ വന്നേ..

“കുറച്ചു നേരായി. വന്നപ്പോൾ പൂട്ടിക്കിടക്കായിരുന്നു അപ്പുറത്തെ സ്ത്രീയാണ് താക്കോലെടുത്ത് തന്നത് എന്തോ അയമ്മയുടെ വർത്താനം നിക്ക് ലവലേശം മനസ്സിലായില്ല. തുറന്നപ്പോഴേക്കും മോള് വന്നു.!

ഒന്നും മിണ്ടാതെ സെറ്റിയിൽ അവരുടെ അടുത്ത് വന്നിരുന്നു. ചേച്ചിയുടെ മുടികൾ നരച്ചിരിക്കുന്നു . കെട്ടിപ്പിടിച്ച് ഒന്ന് കരയാൻ ഹൃദയം വിതുമ്പി. അവരെ കെട്ടിപ്പിടിച്ച് കവിളിൽ ഉമ്മ വച്ച് ചാരി കിടന്നു.

“ഇന്നലെ ഉത്രാടം നാളായിരുന്നു, തങ്കത്തിന്റെത്.  ഇത്രകണ്ട് പരിഷ്കരിച്ച നാടും നഗരവും ഉണ്ടായിട്ടും നീ ഇപ്പോഴും ആ പഴയ ചെറ്യേ കുട്ടി തന്നെയാണല്ലോ.. “

അങ്ങനെയൊക്കെതന്നെയാണ് എന്റെ ചേച്ചി. എന്തിനു വന്നു ഇത്രയും ദൂരം താണ്ടി. അത്യാവശ്യമാണെങ്കിൽ ഞായറാഴ്ചകളിലെ ഫോൺ വിളിക്ക് തങ്കം ഒന്ന് വരണമെന്ന് പറയാമായിരുന്നില്ലേ. ഇല്ല അവർ അങ്ങനെ പറയില്ല ഏട്ടന്റെ ചില കർക്കശങ്ങളൊക്കെ വച്ച് പുലർത്തിയ ജീവിതമായിരുന്നു. തിരിച്ചുപോകാൻ ആഗ്രഹിക്കാഞ്ഞിട്ടല്ല ആ വീടും അന്തരീക്ഷവും പഴയ കുറ്റങ്ങൾ ചുമലിൽ ഏച്ചു കെട്ടി തരും.

കിച്ചണിൽ നിന്ന് ചായ ഇട്ട് ചേച്ചിയെ നോക്കുമ്പോൾ അവർ ബാൽക്കണിയിൽ നിന്നും താഴെ നഗരപ്പരപ്പുകളിലേക്ക് കണ്ണോടിച്ചിരിക്കുകയായിരുന്നു. വന്ദന സെറ്റിയിൽ നിന്ന് അനങ്ങാതെ ചേച്ചിയുടെ പഴയ സഞ്ചിതപ്പി നോക്കിയിരുന്നു.

“കുട്ടി എത്ര മുകളിലാ താമസിക്കണെ.. ഈ ആൾക്കാരുടേം തിരക്കിന്റെയൊക്കെ മുകളില്. പേടി തോന്നും ഇവടന്ന് നോക്കുമ്പോ ദൈവങ്ങളല്ലേ കുട്ടി ആകാശത്ത് താമസിക്ക്യാ.. നമ്മള് മനുഷ്യര് മണ്ണിലല്ലേ കഴിയണ്ടേ.!

ചായ നീട്ടുന്നതിനിടയിൽ ആ ഭൂഷണങ്ങൾക്കൊരു പൊള്ളച്ചിരി നൽകി.

“തിരക്കിട്ട് ഇത്രടം വരെ ചേച്ചി വരാൻ കാരണം എന്താന്ന് തങ്കം ആലോചിക്ക്ണ്ടോ? കുറേയായി തങ്കത്തിനോട് പറയണം പറയണംന്ന് വിചാരിക്കാണ്‌…  അടുത്തെത്തുമ്പോ ആ ധൈര്യമൊക്കെ പോകും.!

“ചേച്ചി പറഞ്ഞോളു എന്താണെങ്കിലും എന്റടുത്ത് പറയാലോ.!

“ഓർമ്മല്യേ എഴുത്തെഴുതിവച്ച് ഏട്ടൻ ഇറങ്ങിപ്പോയത്.

മിണ്ടിയില്ല തലതാഴ്ത്തി നിന്നു. വാക്കുകൾ പോലും ഒറ്റപെടുത്തുന്നു പാപികളായ തലമുറകളെ വേട്ടയാടും പോലെ.

“നമ്മുടെ വീട്ടിലൊരു ഉണ്ണിണ്ടാവാൻ വേണ്ടി, ഏട്ടൻ അമ്പലങ്ങളിലേക്കും വിശ്വാസങ്ങളിലേക്കും നടത്തിയ വഴിപാടുകൾ. പ്ലാവിൽ ചക്ക കായ്ച്ചാൽ പതിനെട്ടാം പട്ടയിൽ ആദ്യത്തെ കതിരുകുലച്ചാൽ ഒക്കെ ഒരുണ്ണിക്ക് വേണ്ടി കാണിക്കയായ് നേരും. അതിൽ ഞാൻ ഗർഭിണിയായ് അന്ന് തങ്കം ഒൻപതാം ക്ലാസ്സിലാ അന്ന് എനിക്ക് അസ്ഥിയുരുക്കത്തിന്റെ കേടായിരുന്നു. കുറെ നാൾ വീട്ടിൽ പോയി നിന്നു. ഡോക്ടറാ പറഞ്ഞത് ഈ ഗർഭം നിങ്ങടെ ശരീരികവസ്ഥക്ക് പറ്റില്ലാന്ന്. അങ്ങനെ മരുന്നുകളുടെ പ്രയോഗത്തിൽ അതലസി, ഏട്ടനറിഞ്ഞില്ല പക്ഷേ കുറെ നാൾ കഴിഞ്ഞ് അതറിഞ്ഞപ്പോൾ ചാപ്പിളയെ പെറ്റ അമ്മയെപ്പോലെ ഏട്ടൻ മുഖം ഇരുട്ടിലാക്കി. എന്നോട് ഒന്നുമുരിയാടാതെ ഒരിക്കൽ ഒരു ദിവസം ആ യാത്ര കുറിപ്പെഴുതി തീരാ വേദനയിലും ശാപങ്ങളിലും എന്നെ മുക്കി പടിയിറങ്ങിയത്.!

 എന്നിട്ട് സ്വന്തം അടിവയറ്റിൽ കൈവെച്ചു.

“എന്റെ കുട്ടി ഇപ്പോൾ ഈ വയറ്റിൽ ഇല്ല മച്ചിയാണ് ഞാൻ. തങ്കം എനിക്ക് നീ മാപ്പ് തരില്ലേ എന്റെ മകൾ നീയല്ലേ.. നിന്നെയല്ലേ ഞാൻ സ്നേഹിച്ചതും വാത്സല്യച്ചതും..!

കയ്യിലെ സ്ഫടികപാത്രം വഴുതി തറയിൽ കഷ്ണങ്ങളായുടഞ്ഞു. കരഞ്ഞുകൊണ്ട് ചേച്ചിയെ കെട്ടിപ്പിടിച്ചു. ” പോണോരൊക്കെ പോട്ടെ ഞാൻ ഇല്ലേ ന്റെ ചേച്ചിക്ക്. “

അവർ രണ്ടുപേരും കെട്ടിപ്പിടിച്ച് കരയുന്നത് കണ്ട് കഥയറിയാതെ സെറ്റിയിൽ നിന്ന് ആ കൊച്ചു പെൺകുട്ടി അവർക്കൊപ്പം ചേർന്നു. കാരണം അറിയാത്ത കാരണങ്ങൾക്ക് വിലപിക്കുന്ന മൂന്നു സ്ത്രീജന്മങ്ങൾ.!

5.

രാത്രി വന്ദനയെയും മടിയിൽ ഇട്ട് കിടക്കുമ്പോൾ ഒരു കുഞ്ഞിന്റെ ഇളം ശരീരത്തിന്റെ ചൂട് അടിപകർപ്പുകളായി സ്വന്തം ഗർഭപാത്രത്തിലേക്ക് ആ വാഹനം ചെയ്യുന്നതറിഞ്ഞു. പേറ്റു നോവറിഞ്ഞ പെണ്ണുങ്ങളുടെയും പെറാത്ത മച്ചികളുടെയും പ്രാണവേദന ഉദരങ്ങളിൽ നിന്ന് നാഡീവ്യൂഹത്തിലേക്ക് പാഞ്ഞു കയറി മസ്തിഷ്കത്തിൽ സ്വപ്നങ്ങളാകുന്നു.

“മോളുറങ്ങിയോ?

“ഊ ഉം ” ഇല്ല എന്ന മൂളൽ

“ഇന്നിവിടെ വന്നത് ആരാണെന്ന് അറിയാമോ?

“ഉം ” അറിയാം എന്ന മൂളൽ ഇരുട്ടിൽ കാഴ്ച പരതി.

“ആരാ…?

“അമ്മ…!!

ഉറങ്ങുന്നതിനു മുമ്പ് ഒന്ന് മോഹലസ്യപ്പെടുവാൻ വേണ്ടി ശരീരം വിയർത്ത് തണുത്തു. ഉൾക്കിടിലം ഭയോചിതമായി.

എങ്ങനെ നിനക്കവർ അമ്മയായി എന്ന് ചോദിച്ചില്ല. താൻ വരുന്നതിനുമുമ്പ് നിങ്ങൾ എന്ത് സംസാരിച്ചു എന്നും ചോദിച്ചില്ല. മുജ്ജന്മ ബന്ധങ്ങളുടെ പാരമ്പര്യം ഒഴുകിയെടുക്കുന്നു. നിന്നെ പ്രസവിച്ച നിന്റെ അമ്മയുടെ തിരോധാനം പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ ഒരു ബോധം തിരിച്ചു നൽകുന്നു. അവരുടെ ശരീരത്തിലേക്ക് ശാപക്കറപൂണ്ട പീഡഭാരങ്ങൾ തുറന്നുവച്ച ദ്വാരങ്ങളിലേക്ക് ഇറങ്ങി വേട്ടയാടി ഒടുക്കം ചോരവാർന്ന് നിലച്ചിട്ടുണ്ടാകണം. മറ്റന്നാൾ മുളയങ്കാവിലെ ഇടപ്പൂരമാണ്. തറവാട്ടിലെ കർമ്മ ദൈവങ്ങൾക്ക് കലശം നൽകണം. പലതും ഓർമ്മപ്പെടുത്താൻ വന്ന ചേച്ചി. പോകണം ഒറ്റയ്ക്കല്ല ഇവളെയും ചേർത്ത് തിരോധാന രഹസ്യം ഒളിഞ്ഞു കിടക്കുന്നൊരു മണ്ണിലേക്ക്.!

വലന്തല കൊട്ടി കലശം അവസാനിച്ചു. ചെണ്ടക്കാർക്കും വെളിച്ചപ്പാടിനും പറയെടുപ്പുകാർക്കും പൂജാരിക്കും കോടി മുണ്ടും ദക്ഷിണയും നൽകി. അവർ കാവിലേക്ക് വെച്ചു പിടിച്ചു. കാവിൽ നിന്ന് പഞ്ചവാദ്യത്തിന്റെയും ആർപ്പുവിളികളുടെയും താലപ്പൊലി ഉയരുന്നു. വന്ദന ആഹ്ലാദത്തിന്റെയും അമ്പരപ്പിന്റെയും നടുമുറ്റത്താണിപ്പോൾ. ജനിച്ചതിൽ പിന്നെ ആദ്യമായിട്ടായിരിക്കും അവൾ ഇത്തരം അനുഭവങ്ങൾക്ക് വിധേയമാകുന്നത്. അവളുടെ കുഞ്ഞു മനസ്സിൽ അമ്മയും ഫ്ലാറ്റും ആ നഗരവും മാറിയാന്റിയും ഒന്നുമുണ്ടായിരിക്കില്ല. ചേച്ചിക്കൊപ്പം ചേച്ചിയോടൊത്ത് ഓടിപ്പാഞ്ഞ് നടക്കുകയാണ്. വർഷങ്ങൾക്കുശേഷം എന്റെ ചേച്ചിയെ ആദ്യമായി സന്തോഷത്തോടെ കാണാൻ സാധിച്ചു.! കുശലം അന്വേഷിക്കാൻ വന്നവരോടും കാവിലേക്ക് പോകുന്നവരോടും പടിക്കൽ നിന്ന് അവളെ ഒക്കത്തിരുത്തി വർത്താനം പറയുന്നു. ‘ ഇതേതാ കുട്ടി ‘ എന്ന് ചോദിച്ചവരോട് ‘ അതെന്റെ തന്ന്യാന്ന് കൂട്ടിക്കോളൂ ‘ എന്ന ചിരിച്ച മറുപടി ഹൃദയംഗമമായി ആസ്വദിക്കുകയാണ്. ഹൃദയത്തിലെ മുറിവിന് ഒരാശ്വാസം കിട്ടിയ പോലെ.

“തങ്കം ഒന്ന് കുളിച്ചോളൂ നമുക്ക് കാവിലേക്ക് പോകാം. നടപ്പന്തലിൽ കുറച്ചു കഴിഞ്ഞാൽ തിരക്കു വരും.”

വന്ദന ഒരിളം നാണചിരി വിടർത്തി അവരുടെ ഒക്കത്തിരുന്ന് തന്നെ നോക്കിയപ്പോൾ. വർഷങ്ങൾക്കപ്പുറത്ത് ഒരുണ്ണിയെ മോഹിച്ച വീടിനെ സമൃദ്ധിയിൽ അർപ്പിക്കാൻ വന്ന കാണിക്കയായി തോന്നി.

കുളിമുറിയിലേക്ക് പോകുന്നതിനു മുൻപ് സമയസൂചിക അറിയാൻ മൊബൈൽ എടുത്തുനോക്കി. 14 മിസ്ഡ് കോൾ. ഓഫീസിൽ നിന്ന്. കുറച്ചു നേരം മുൻപ് ഇറങ്ങിപ്പോയ വ്യാധി വാതിൽക്കൽനിന്നെത്തി നോക്കുന്നു. തിരികെ വിളിച്ചു ജി. എം കോൾ അറ്റൻഡ് ചെയ്തു.

“സർ ഞാൻ ശ്രുതി..

“ഹാ..എത്ര നേരമായി ട്രൈ ചെയ്യുന്നു ഒരു പ്രധാനപ്പെട്ട കാര്യം അറിയിക്കാൻ ഉണ്ട്. “

 തടവറയിൽ നിന്നും മോചിപ്പിക്കപ്പെടുന്നതിനു മുമ്പ് വീണ്ടും വേട്ടയാടപ്പെടുന്നു.

“എന്താ സർ പറയു.. “

“അനിതയുടെ മിസ്സിംഗിനെ കുറിച്ച് മുംബൈ പോലീസിന്റെ റിപ്പോർട്ട് വന്നു. മിസ്സിംഗ് അല്ല ആ ഇൻസിഡന്റിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിൽ അനിതയുണ്ട്. ബോഡിക്ക് വേണ്ടി ട്രൈ ചെയ്തിട്ട് കാര്യമില്ല. കുറച്ച് ഫോർമാലിറ്റീസ് ഉണ്ട് അവർക്ക് ബന്ധുക്കളോ മറ്റോ ഇല്ലാത്ത കാരണം ശ്രുതി ഉടനെ ഇവിടെ എത്തണം. പറ്റുമെങ്കിൽ ഇന്ന് രാത്രി വണ്ടിക്ക്. പിന്നെ മറ്റൊരു കാര്യം വിജയ് ചന്ദ്ര മുഖർജിയുടെ കമ്പനിയുമായുള്ള പ്രോജക്ട് അത്ര പെട്ടെന്ന് നമുക്ക് ഉപേക്ഷിക്കാൻ ആകില്ല. അതിനി ശ്രുതി ഏറ്റെടുക്കേണ്ടി വരും. മുംബൈയിലേക്കുള്ള യാത്രയ്ക്ക് ഏർപ്പാടൊക്കെ ചെയ്തിട്ടുണ്ട്,  ഉടനെ ഇവിടെ എത്തണം.”

“വരാം സാർ.!”

പൂർവ്വധനുസ്സുകളുടെ കൂടിളക്കി തെക്കൻ കാറ്റ് വീശി. സമാധിയിൽ നിന്നുയരുന്ന ഒറ്റയാൻ വിളിയും. വസ്ത്രം മാറി കയ്യിൽ ഹാൻഡ് ബാഗുമായി ഇറങ്ങിയപ്പോൾ ഉമ്മറത്തിരുന്ന ചേച്ചി അന്ധാളിച്ചു.

“തങ്കം എങ്ങോട്ടാ??

“ഓഫീസിൽ നിന്ന് അത്യാവശ്യമായി ഫോൺ വന്നു. പെട്ടെന്ന് തീർക്കേണ്ട കുറച്ചു ജോലിയുണ്ട്, ഉടനെ പോകണം. “

ഒന്ന് സംശയിച്ചു നിർത്തിക്കൊണ്ട്.

“അത്രയ്ക്ക് അത്യാവശ്യമാണെങ്കിൽ കുട്ടി പോയിട്ട് വേഗം വരൂ, “

വന്ദനയെ നോക്കിയപ്പോൾ തന്നെ മോഷ്ടിക്കാൻ വന്നയാളിൽ നിന്നും അഭയം പ്രാപിക്കുന്ന ആകുലത നിറഞ്ഞമുഖം ചേച്ചിയുടെ പുറകിലെ സാരി താലപ്പുകളിലേക്ക് പൂഴ്ത്തി.

“തങ്കം മോളിവിടെ നിന്നോട്ടെ.”

“ഉം “

എടുത്തെറിഞ്ഞ മറുപടി ചേച്ചിക്ക് ഒരു അത്ഭുതവും കൊടുത്തില്ല. വന്ദനയുടെ മുഖം അല്പം പ്രസന്നമായി അവളുടെ അടുത്ത് മുട്ടുകുത്തി കവിളിൽ ഉമ്മ വച്ചപ്പോൾ കാതിൽ പറഞ്ഞു.

“തങ്കം ഞാൻ പോട്ടെ അമ്മയെ നന്നായി നോക്കണം.!!

വിടർന്ന മിഴികളുടെ ആശ്ചര്യത്തിൽ വിശ്വസനീയമാകാതെ അവൾ തുറിച്ചുനോക്കി. തങ്കം എന്ന പേരും ജന്മവും അവൾക്ക് നൽകി പടിയിറങ്ങിയപ്പോൾ. ഉമ്മറത്ത് ശേഷിച്ചത് അന്തിത്തിരി കത്തിയമരുന്ന ഒരു ഓട്ടു വിളക്കും കർമ്മബന്ധങ്ങൾ കൂട്ടിയിണക്കിയ ഒരു അമ്മയും മകളും മാത്രം.

പിതൃക്കൾ പടിയിറങ്ങിയ തിരോധാനത്തിന്റെ പടവുകളിറങ്ങി ചക്രവാളങ്ങളിലേക്ക് കുതിക്കുമ്പോൾ. ഉഷ്ണരാവുകളിൽ തളിർത്ത വകപ്പൂമരങ്ങളുടെ ചുവപ്പ് ബോധമനസ്സിൽ അഗ്നികുണ്ഡമായി ജ്വലിച്ചു. മഹാപ്രയാണങ്ങൾക്കുമീതെ ആരോ മന്ത്രിക്കുന്നത് കേട്ടു തങ്കം ഇവളെ കൂടി……  ഇവളെ കൂടി…!!

പാലക്കാട്‌ ജില്ലയിലെ നെല്ലായ സ്വദേശി, പരസ്യചിത്ര സംവിധായകൻ, കൂടാതെ മലയാള ചലച്ചിത്ര മേഖലയിൽ സഹസംവിധായകൻ ആയും ജോലി ചെയ്യുന്നു. 2013 മുതൽ ആനുകാലികങ്ങളിൽ കഥ, കവിത, ലേഖനം എന്നിവ എഴുതിവരുന്നു