വെളിച്ച൦
തേടിനടന്ന
ഞങ്ങളോട്,
ഒരാൾ
അകലേയ്ക്ക്
വിരൽചൂണ്ടിക്കാണിച്ച് പറഞ്ഞു,
അതാ അവിടേയ്ക്ക് പോകൂ…
അവിടെയുണ്ട് വെളിച്ച൦…
ഞങ്ങളവിടെച്ചെന്ന്
അന്ധകാരത്തിൽ
വെളിച്ച൦ തിരയാനാര൦ഭിച്ചു.
തിരഞ്ഞ് തിരഞ്ഞ്,
വെളിച്ച൦ കാണാതെ
തളർന്നപ്പോഴാണോർത്തത്,
ഞങ്ങൾക്ക്,
വിരൽചൂണ്ടി
വെളിച്ചദിശകാണിച്ചയാൾ
കണ്ണടച്ചാണിരുന്നിരുന്നതെന്ന്.
ഇപ്പോൾ
ഇവിടെനിന്ന്
അയാളിലേക്ക്
നോക്കുമ്പോൾ
ഞങ്ങളത്ഭുതപ്പെട്ടു
അവിടെ അയാളതാ
വെളിച്ച൦ പരത്തുന്നു.
കടു൦ അന്ധകാര൦ പിളർത്തു൦
നിറവെളിച്ച൦……
വെളിച്ച൦
കൊണ്ട്,
ഉള്ളിരുളുടഞ്ഞ്,
പിറക്കട്ടെ
ഞങ്ങളിൽ
ബുദ്ധ പൂർണിമ.