ഇക്കാലത്ത് ആത്മകഥകള്‍ ഒക്കെയും ഊതിവീര്‍പ്പിക്കുന്ന ബലൂണുകള്‍ ആണ് . മുന്‍പ്, മറ്റാരെങ്കിലും എഴുതും ഒരിടത്തൊരിടത്ത് ഒരു മഹാനോ മഹതിയോ ഉണ്ടായിരുന്നു എന്ന തരത്തിൽ. അദ്ദേഹം ആകാശത്തും ഭൂമിയിലും സമാനതകള്‍ ഇല്ലാത്ത ഒരാള്‍ ആയിരുന്നു . ഒറ്റയ്ക്ക് സമൂഹഗാനം പാടാന്‍ കഴിവുള്ള ആളായിരുന്നു. പര്‍വ്വതങ്ങള്‍ , നദികള്‍ എന്തിന് സമുദ്രം വരെ അദ്ദേഹത്തെ കണ്ടു വഴിയൊഴിയുമായിരുന്നു…. കാലം ഒരുപാട് കഴിഞ്ഞുപോയി . ഇന്ന് കൂലിയെഴുത്തുകാരും , ആരാധകരും കുറവായി. അപ്പോള്‍ സ്വയം ആ ജോലി ഏറ്റെടുക്കേണ്ട അവസ്ഥ സംജാതമാകുന്നു. ഒരാള്‍ തന്റെ ഭാഗം പറയാന്‍ വേണ്ടി മാത്രം ഉപയോഗിയ്ക്കുന്ന ഒരു മീഡിയം ആണ് ഇന്ന് ആത്മകഥ . എന്തുകൊണ്ട് ഞാന്‍ ആക്രമിക്കപ്പെട്ടു . എന്തുകൊണ്ട് ഞാന്‍ ഒഴിവാക്കപ്പെട്ടു . എന്തുകൊണ്ട് എന്നെ ക്രൂശിച്ചു എന്നത് അവനവന് വന്നു വിളിച്ച് പറയുന്നതിലേക്ക് കാലം മാറി . ഒരുകണക്കിന് അതും നന്നായി . ജനത്തിന് ഇരുവശവും അറിയാനും വിലയിരുത്താനും കഴിയുമല്ലോ . നമ്പി നാരായണന് , പ്രൊഫസര്‍ ടി ജെ ജോസഫ് , സിസ്റ്റര്‍ ലൂസി കളപ്പുര , സ്വപ്ന , ശിവശങ്കര്‍ ഐ എ എസ് , ജേക്കബ് തോമസ് ഐ പി എസ് തുടങ്ങി ആ ലിസ്റ്റിങ്ങനെ നീണ്ടു കിടക്കുകയാണ്. തങ്ങളുടെ നിരപരാധിത്വം വെളിപ്പെടുത്താനും സിസ്റ്റത്തിലെ തകരാറുകള്‍ ചൂണ്ടിക്കാണിക്കുവാനും വേണ്ടിയാണ് ഈ എഴുത്തുകള്‍ രംഗത്ത് വന്നിട്ടുള്ളത്, വരുന്നതും എന്നു കാണാം. വലിയ ചര്‍ച്ചകളും ഒച്ചപ്പാടുകളും സിംഹാസനങ്ങളുടെ കട പുഴകലുകളും ഒക്കെ സംഭവിക്കാറുണ്ട് ചില ആത്മകഥകളുടെ വിസ്ഫോടനത്തില്‍ . ചരിത്രത്തെ വളച്ചൊടിക്കാനും ഇല്ലാത്ത പ്രാധാന്യങ്ങളും കളവുകളും സ്ഥാപിച്ചെടുക്കാനും ഇത്തരം ആത്മകഥകള്‍ പ്രേകരകമാകാറുണ്ട് . വിശുദ്ധ നരകം എന്ന പുസ്തകത്തിലൂടെ സുധാമണിയുടെ ആശ്രമത്തെക്കുറിച്ച് ജനങ്ങള്‍ക്ക് മനസ്സിലായി എങ്കിലും അതൊരുവിധ ചലനവും ഉണ്ടാക്കിയില്ല എന്നത് മതവും ആത്മീയതയും സമൂഹത്തില്‍ ഉണ്ടാക്കുന്ന പിടിപാടിന്റെ തെളിവുകള്‍ ആയി മുന്നിലുണ്ടല്ലോ . ചിലപ്പോഴൊക്കെ മതത്തിലെ കളകളെ മനുഷ്യത്വത്തിന്റെ വര്‍ണ്ണച്ചായമടിച്ചു മിനുക്കി ചിലര്‍ ജീവചരിത്രങ്ങള്‍ ഉണ്ടാക്കുന്നതും ആത്മകഥയോടൊപ്പം കാണേണ്ട ഒന്നായി കരുതുന്നു .
ഐ.പി.എസ്. എന്നത് ഒരു സ്വപ്നമേ ആയിരുന്നില്ലാത്ത ഒരു കര്ഷകന്, പില്ക്കാലത്ത് കൂട്ടുകാരന്റെ അഭിപ്രായം കേട്ട് ഐ പി എസ് എടുക്കുകയും പത്തു മുപ്പതു കൊല്ലം കേരള പോലീസിന്റെ നല്ല നല്ല പൊസിഷനിലോക്കെ ഇരുന്നും പ്രധാനപ്പെട്ട പലരുടേയും കണ്ണിലെ ഉണ്ണിയും കരടും ഒക്കെ ആകുകയും വിരമിക്കലിന് മുന്നേ പുറത്താക്കപ്പെടുകയും ഒക്കെ ചെയ്യപ്പെട്ട ഒരു മനുഷ്യന്റെ , ജേക്കബ് തോമസിന്റെ ആത്മകഥയാണ് ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്തകത്തിന്റെ ഇതിവൃത്തം . കടലിലെ ഏറ്റവും അപകടകാരികളായ മത്സ്യങ്ങള്‍ ആണല്ലോ സ്രാവുകള്‍ . അതിലും അപകടകാരികളായ രാഷ്ട്രീയക്കാരോടൊപ്പം സഞ്ചരിച്ച അനുഭവങ്ങളുടെ വിവരണമാണ് ഈ പുസ്തകത്തില്‍ അദ്ദേഹം പങ്ക് വയ്കുന്നത് .
കേരള രാഷ്ട്രീയത്തിൻ്റെ നിയമപാലക സിസ്റ്റത്തിനോടുള്ള മനോഭാവവും കൈകടത്തലുകളും , നിയമ വ്യവസ്ഥയിലെ കെടുകാര്യസ്ഥതകളും കുതികാൽ വെട്ടുകളും പോരായ്മകളും പാളിച്ചകളും ഒക്കെ മനസ്സിലാക്കുവാൻ പര്യാപ്തമാണ് ഈ പുസ്തകം. എല്ലാം വിളിച്ചു പറയുന്നു എന്ന ധാരണ പക്ഷേ വേണ്ട. തൻ്റെ പ്രശ്നങ്ങളും, താൻ നടപ്പിൽ വരുത്തിയതോ തുടങ്ങി വച്ചതോ ആയ പരിഷ്കാരങ്ങളും ഒക്കെ ഇതിൽ അദ്ദേഹം പറഞ്ഞു വയ്ക്കുന്നുണ്ട്. തനിക്കിഷ്ടമല്ലാത്ത ഒരു മേഖലയിൽ താൻ കുറച്ചു കാലം ചിലവഴിച്ചു എന്ന കുറ്റബോധമാണ് പൊതുവേ എഴുത്തിൽ നിഴലിക്കുന്നത്. അനധികൃതമായി സ്വത്തുസമ്പാദിച്ചതും പണം ക്രയവിക്രയം ചെയ്തതും സംബന്ധിച്ചുള്ള ആരോപണങ്ങളെ വിശദീകരിക്കാനും , കർഷക കുടുംബത്തിൽ നിന്നും വന്നതും കൃഷി ജീവശ്വാസമെന്ന കാര്യം പറയാനും ഉപയോഗിച്ച ഒരു ചാലകം എന്നതിനപ്പുറം എന്ത് ചലനമാണ് ഈ പുസ്തകം കേരള സമൂഹത്തിൽ സൃഷ്ടിച്ചത് എന്നത് ചിന്താവിഷയമാണ്. വലിയ പ്രാധാന്യമൊന്നും നല്കാൻ ഇല്ലാതെ വായിച്ചു മടക്കിയ ഒരു പുസ്തകം എന്നാണ് വിലയിരുത്താൻ കഴിയുന്നത്.
സ്രാവുകൾക്കൊപ്പം നീന്തുമ്പോള്‍ (ആത്മകഥ)
ജേക്കബ് തോമസ്
ഡി സി ബുക്സ്