വെയിൽ നനഞ്ഞവൾ

ശബ്ദങ്ങളുടെ ഘോഷയാത്രയിൽ
ഇഴയകന്ന
സ്വകാര്യതകൾ
പതിവുകൾ തെറ്റിച്ച്
ഇടയ്ക്ക് ഭ്രാന്തോളമെത്തിക്കും

ഒരുവാക്കും  തട്ടിവിളിക്കാത്ത  
നിശബ്ദതയിൽ
നെടുവീർപ്പുകളെ
ഇറക്കിവിടും

പൊട്ടിച്ചിരിയുടെ
പൊള്ളിയ പാടുകളെപോലെ
പിടിയിലൊതുങ്ങാതെ
ഒറ്റയായ് പതിക്കുന്ന
മഴതുള്ളികൾ
ഉപമയാകും

കാറ്റുകൾ
നാണമഴിച്ചുവെച്ച്‌
ഉമ്മവെച്ച്‌ പൊളളിക്കും

കോർത്തുപോയ
ചുണ്ടുകൾക്കിടയിൽ നിന്ന്
സിഗരറ്റ്‌ ഉന്മാദം ചുരത്തും

ഒന്നിച്ചിരുന്നും
വിയർത്തൊലിച്ചും
ജാഗ്രതയുടെ
നീണ്ടപകലുകൾ
വേനലിൽ പഴുത്തിട്ടില്ലാത്ത
നമ്മുടെ സ്മാരകങ്ങൾക്ക്‌‌
നിറം പകരും

നീറിവിരിഞ്ഞ പൂവുകൾ
ഇറുകിയ ചിത്രങ്ങളാകും

നോട്ടം കൊണ്ട്‌
ഉറുമ്പരിച്ച ചുണ്ടുകൾ
ഉഷ്ണപ്രവാഹം തീർക്കും

മുറിവേറ്റവരുടെ
ആകാശത്തേക്ക്‌
നമ്മുടെ വാക്കുകൾ മാത്രം
കേൾക്കാതെയാകും

കൊടുങ്ങല്ലൂർ മതിലകം സ്വദേശി. പ്രവാസി ആയിരുന്നു. ഇപ്പോൾ നാട്ടിൽ ചെറിയ ബിസിനസ് ..