പ്രളയം വന്ന് ആമിനപ്ലാവ് പോയ്

കണ്ടിടത്തെല്ലാം ഞാൻ ഓർമകൾ നട്ടുവച്ചു
ആമിനപ്ലാവിന്റെ കൊമ്പിൽ
മമ്മൂഞ്ഞിക്കയുടെ കടയിൽ
ചീരേട്ടന്റെ പരിപ്പുവടയിൽ
എട്ടേയാറിന്റെ വളവിൽ
അങ്ങനെ എല്ലായിടത്തും ….

കുഴിച്ചിട്ട വിത്തുകൾ,
കുഴിയിൽ കിടന്നില്ല
അവ മുളച്ചും വളർന്നും വന്നു .

തുടലുപൊട്ടിയപ്പോൾ
ഞാൻ എങ്ങോട്ടോ ഓടി.
അപ്പോഴും ഇവർ എന്നെയും കാത്തു
ആമിനപ്ലാവിന്റെ
തീരത്തു കുളിക്കുകയും
മമ്മൂഞ്ഞിക്കയുടെ കടയിൽ
ചായ കുടിക്കുകയും
ചീരേട്ടന്റെ കടയിൽ ചില്ലു കൂട്ടിലും
എട്ടേയാറിൽ ഷാവായ് തിന്നുകയും ചെയ്തു .

കാത്തിരിപ്പ് മടുപ്പല്ലേ ?
വേദന ഉളവാകുന്നതല്ലേ ?
മടുക്കുമ്പോൾ അവർ എന്തു ചെയ്യും ?
ആത്മഹത്യ ചെയ്യാൻ തോന്നാറുണ്ടോ ?
അവർ കാത്തിരുന്നു .

ഒറ്റപെട്ടവന്റെ വേദന പറയാൻ ആവും
അവർ എന്നെ കാത്തിരുന്നത് .
കുഴിച്ചിട്ടവ മുളച്ചു വന്നത് ഞാൻ കണ്ടില്ല .
അനാഥമാക്കപ്പെടുന്നവന്റെ വേദന
അവർ കാത്തിരുന്ന്
എന്നോട് പ്രതികാരം ചെയ്യുകയായിരുന്നു .

ഉപേക്ഷിക്കപ്പെടുന്ന എല്ലാ ഓർമകളും
അതിന്റെ ഉടമസ്ഥനെ തേടി കാത്തിരിക്കും
ഒരു പെഗ് വെള്ളം ചേർക്കാതെയടിച്ചപോലെ
അവരങ്ങനെയിരിക്കും .

കണ്ണൂർ ജില്ലയിലെ മലപ്പട്ടം എന്ന സ്ഥലത്തു ജനിച്ചു. സ്ക്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം അയർലണ്ടിൽ തുടർപഠനത്തിനായ് വന്നു. ഇപ്പോൾ അയർലണ്ടിൽ ജോലി ചെയുന്നു. ഇവിടെ ഓൺലൈൻ വേദികളിൽ നോവലുകളും കവിതയും കഥകളും എഴുതാറുണ്ട്.