നീണ്ടുനീണ്ട് കിടക്കുന്നു പാതകൾ
നീലഗിരി കുന്നിൻ നടുവിലൂടെ
നീളമുള്ള നിലയ്ക്കാത്ത യാത്രകൾ
നീയും ഞാനുമൊത്തുള്ള യാത്രകൾ
പേടി പൂവിട്ട കാടുകൾ നമുക്ക് ചുറ്റിലും
ചുരങ്ങളിൽ മഞ്ഞിന്റെ മണമുള്ളിരുട്ട്
മലമടക്കുകൾക്കുള്ളിലെ മാളങ്ങളിൽ
മറഞ്ഞിരുന്ന് കുറുകുന്നു കാറ്റ്
കടും പച്ച നിറമുള്ളിരുട്ട്
കുടിയിരിക്കുന്ന കാട്
നിലം തൊടാത്ത കാലൊച്ചകൾക്ക്
ചെവി കൂർപ്പിച്ചു നിൽക്കുന്ന കാട്
രക്തമൂറ്റിക്കുടിക്കും യക്ഷികൾ
മറഞ്ഞു മാഞ്ഞു പോകുന്ന മായാവികൾ
ജടപിടിച്ച മരങ്ങളിൽ
തൂങ്ങിനിൽക്കുന്ന മന്ത്രവാദിനികൾ
പേടി പൂവിട്ടു നിൽക്കുന്ന കാട്
കടും പച്ച നിറമുള്ള കാട്
നീല നിറമുള്ള കുന്നിൻ തലപ്പുകൾ
കോടമഞ്ഞിൻ പുകയൂതി നിൽപ്പൂ
കാടിറങ്ങി വരുന്ന കാറ്റുകൾ
കാട്ടുപൂവിന്റെ മണമുള്ള കാറ്റുകൾ
തണുപ്പ് പച്ചകുത്തുന്നു തൊലിപ്പുറങ്ങളിൽ
മരണ മണമുള്ള സൂചി മുനകളാൽ
പേടി പൂവിട്ടു നിൽക്കുന്ന കാട്
കടും പച്ച നിറമുള്ള കാട്