കശേരുക്കൾ

തടിയുടെ കട്ടിലിൽ നീണ്ട് നിവർന്ന് മലർന്ന് കിടക്കണമെന്നാണ് വാസു വൈദ്യർ പറഞ്ഞത്. അരയിൽ ഒരു വടം ചുറ്റി പൊക്കിൾ കൊടിയിൽ തുടങ്ങി നാഭിയിലൂടെ, കാൽപാദങ്ങൾക്കിടയിലൂടെ നീണ്ട ഒരു കയർ കെട്ടി അതിന്റെ തലക്കൽ സാമാന്യം നല്ല കനത്തിൽ ഒരു മണൽ സഞ്ചി താഴോട്ട് തൂക്കിയിട്ടിട്ടുണ്ട്.
മണിക്കൂറുകളോളം അനങ്ങാതെ ഒരേ കിടപ്പ്.

എന്നെ “കിടത്തി ” ഭാര്യയും മകളും കടയിലേക്കോ മറ്റോ പോയതാണ്.

കാളിംഗ് ബെല്ലിലെ തുടരെയുള്ള കിളിനാദം അസഹ്യമായി തോന്നിയെങ്കിലും അനങ്ങാൻ വയ്യാത്ത ഞാനെന്തു ചെയ്യാനാണ്. അകത്തേക്ക് കുറ്റിയിടാത്ത കതക് തുറന്ന് ആരോ ഉള്ളിലേക്ക് കടക്കുന്നുണ്ട്.

അയലത്തെ മജീദാണ്. ഇടുപ്പ് വേദനയുടെ ചികിത്സയെക്കുറിച്ച് അറിയാവുന്ന വിവരങ്ങളൊക്കെ പറഞ്ഞു തരുന്ന പണിയാണ് അവനിപ്പോൾ. നടുവേദന എന്ന ലോകത്തിലെ ഏറ്റവും ദുരൂഹമായ രോഗത്തിനെക്കുറിച്ച് പഠിച്ച് പഠിച്ച് ഞാനൊരു ദിഷഗ്വരനായി മാറിയോ എന്ന് എന്റെ ഭാര്യ പോലും പറയാൻ തുടങ്ങിയ കാലം.

എന്തോ പുതിയ കണ്ട് പിടുത്തം പോലെ മജീദ് പറഞ്ഞു.

“മൈസൂരിൽ ഒരു ഞരമ്പ് വലിക്കൽ ചികിത്സണ്ടെയിനു. അങ്ങട്ട് പോയാലോ”?.

“മൈസൂരെങ്കിൽ മൈസൂര്. അടുത്ത ആഴ്ച നോക്കാം. “

ആയുർവേദവും ഹോമിയോപതിയും അലോപതിയും കടന്ന് യൂനാനിയിലും ഒരു കൈ നോക്കിയ ഞാൻ അപ്പോഴേക്കും നടുവേദനയുടെ കാണാക്കയങ്ങൾ തുഴഞ്ഞ് ബഹുദൂരം പോയിക്കഴിഞ്ഞിരുന്നു.

ഊരവേദനയിൽ മന്ത്രവാദ ചികിത്സ ഫലിച്ചവരുടെ ചില പേരുമായി ഒരു ബന്ധു എന്നെ സമീപിച്ചപ്പോഴാണ് ഈ ചികിത്സാ വിധി ആധുനിക ലോകത്ത് പോലും എത്ര “പ്രസക്തമാണെന്ന് ” തോന്നിത്തുടങ്ങിയത്.

ഇന്നാണ് മജീദ് പറഞ്ഞ ദിവസം.

ഭാര്യയറിയാതെ അയൽവാസിയുടെ കാറിൽ നാടുകാണിച്ചുരം വഴി മൈസൂരിലേക്ക്.വഴി മദ്ധ്യേ ഗൂഡല്ലൂരിൽ മജീദ് അവന്റെ കച്ചവടക്കാരനായ സുഹൃത്ത് വിജയനെ കണ്ടു കാര്യം പറഞ്ഞു.

“മൈസൂര്ന്ന് ഞ്ഞരമ്പ് വലിച്ച ഒരാൾ പിന്നെ കട്ടിലമെന്ന് എണീച്ചിട്ടില്ലത്രേ!!!. വിജയന്റെ മറുപടിക്കിടയിൽ അവന്റെ ചുവന്ന ഉണ്ടക്കണ്ണുകൾ കുറച്ചു കൂടെ വലുതാവുന്നത് എന്റെ സോഡക്കുപ്പി പോലുളള കണ്ണടയിൽക്കൂടി ഞാൻ കണ്ടു.

കണ്ണിൽ ഇരുട്ട് കയറി തല കറങ്ങിയ ഞാൻ “കയറിയ ചുരം” അതേപടി ഇറങ്ങുമ്പോൾ വളവുകളുടെ എണ്ണം ഇരട്ടിയായതു പോലെ. തൊണ്ടയിൽ വെളളം വറ്റുന്നതു പോലെ തോന്നിയത് മജീദിന് ശരിക്കും മനസ്സിലായി.

അടുത്തയാഴ്ച തൃശൂരിലെ നാരായണൻ വൈദ്യരുടെ ഉഴിച്ചിലിന് പോകാൻ തീരുമാനിച്ചത് അവനോട് പറഞ്ഞില്ല. അങ്ങനെ ഉഴിച്ചിലുകളുടെ പരമ്പര തുടർന്നു.ഉഴിച്ചിലും കിഴിയും പിഴിച്ചിലും കഴിഞ്ഞപ്പോൾ പിഴിഞ്ഞവർക്ക് ലാഭമുണ്ടായെങ്കിലും മെലിഞ്ഞത് എന്റെ ശരീരമായിരുന്നു.

ഒന്നേ ഇനി ബാക്കിയുള്ളൂ. നട്ടെല്ലിന്റെ സർജറി. സർജറികളിൽ വെച്ച് ഏറ്റവും “ഭീകരവും ഭയാനകവും”. തലച്ചോറിലേക്ക് സന്ദേശമയക്കുന്ന സുഷ്മന നാഡിയെത്തൊട്ടുള്ള “കളി” വേണ്ടെന്ന് കൂടെ കൂടെ പലരും പറഞ്ഞത് മസ്തിഷ്കത്തിന്റെ അടരുകളിൽ മായാതെ മങ്ങാതെ കിടപ്പുണ്ട്.

അപസർപ്പക കഥകൾ പോലെ രോഗികളും ഡോക്ടർമാരും തീർത്ത ആശയക്കുഴപ്പത്തിന്റെ പെരുമഴ തലക്ക് മീതെ തോരാതെ പെയ്ത് കൊണ്ടേയിരുന്നു. അതെന്നെ പേടിപ്പിച്ച് പേടിപ്പിച്ച് എന്റെ ഭാരം വല്ലാതെ കുറഞ്ഞിരുന്നു.

സ്പൈനൽ കോഡും വെർട്ടിബ്രയും ലംബാർ ഡിസ്കുകളും അതിന്റെ പ്രവർത്തനങ്ങളും മറ്റും ആഴത്തിൽ “പടിച്ച്” യൂട്യൂബിന്റെ സന്തത സഹചാരിയായ എന്റെ തീരുമാനങ്ങൾ പിന്നെയും നട്ടെല്ലിന്റെ കശേരുക്കൾ പോലെ കെട്ട് പിണഞ്ഞ് കിടന്നു.

അതിനിടക്കാണ് ഒരു പച്ചമരുന്ന് ഇടിച്ച് പിഴിഞ്ഞ് അതിൽ ചാരായവും ചേർത്ത് 7 ദിവസം നടുവേദനയുള്ള ഭാഗത്ത് തേച്ച് പിടിപ്പിച്ചാൽ കടച്ചിൽ പമ്പ കടക്കുമെന്ന് യൂട്യൂബ് മാമൻ പറഞ്ഞത് ശ്രദ്ധയിൽ പെട്ടത്.

ജനിച്ചിട്ടിന്നു വരെ ചാരായ ഷാപ്പിൽ കയറാത്ത ഞാനെങ്ങനെ അവിടെ പോവും.?? നാട്ടിലെ പള്ളിക്കമ്മറ്റി പ്രസിഡണ്ടായിരുന്ന കുഞ്ഞമ്മദാജിയുടെ മകനായ എനിക്ക് തലയിൽ മുണ്ടിട്ട് ബ്രാണ്ടി ഷോപ്പിന് മുമ്പിൽ ക്യൂ നിൽക്കാൻ മടിയില്ലാത്ത വിധം എന്റെ വേദന അസഹ്യമായിരുന്നു.

ബാപ്പയുടെ സുഹൃത്ത് കേളുവേട്ടൻ കൈയിൽ “കുപ്പി “യുമായി നടന്ന എന്നെ കൈയ്യോടെ പിടി കൂടിയപ്പോഴുണ്ടായ ജാള്യത മാത്രം ബാക്കിയായി.

ചെകുത്താനും കടലിനുമിടക്ക് പെട്ട ഞാൻ അവസാനം ഒന്നുറപ്പിച്ചു. സർജറിയാണ് എന്റെ മുന്നിലുള്ള ഏക പോം വഴി. അത് താക്കോൽ ദ്വാരം വഴി മതിയെന്നും അതല്ല തുറന്ന് തന്നെ വേണമെന്നും പറഞ്ഞ് അസ്ഥിരോഗവിദഗ്ദർ എന്റ്റെ സ്വസ്ഥത കളഞ്ഞു. കത്തി വെക്കേണ്ട ആവശ്യമേയില്ലെന്നും മൊഴിഞ്ഞ ചില വൈദ്യ വല്ലഭൻമാർ എന്നെ ആശയക്കുഴപ്പത്തിന്റെ കൊടുമുടിയിലേക്ക് കയറ്റിവിട്ടു.

പലേടത്തും സർജറി ഉറപ്പിച്ച് തലേ ദിവസം മുങ്ങിയ ഞാൻ തീരുമാനമെടുക്കാൻ കഴിയാത്ത ഒരു ഭീരുവാണെന്ന് എനിക്ക് തന്നെ തോന്നിത്തുടങ്ങി. കുഴിയാനയെപ്പോലെ ഒരടി മുന്നോട്ടും രണ്ടടി പിന്നോട്ടുമുള്ള ആരോഹണ അവരോഹണങ്ങൾ വീണ്ടും തുടർന്നു.

മിത്ര ഹോസ്പിറ്റലിലെ Spine Surgeon നട്ടെല്ല് വിദഗ്ധൻ വിനോദ് സാറിനെ രണ്ടാമതും കണ്ട് ഓപറേഷന്റെ ഏറ്റവും അടുത്തൊരു ദിവസം ആവശ്യപ്പെട്ട ഞാൻ എന്നെത്തന്നെ കുറ്റിയടിച്ച് നിർത്തി. കൂട്ടായി വൻ മതിൽ പോലെ പിറകിൽ നിന്നു തടുത്ത് നിർത്തി എന്റെ സഹധർമ്മിണിയും. ശസ്ത്രക്രിയയുടെ തലനാരിഴ കീറി തേരട്ട പോലെ കിടക്കുന്ന നട്ടെല്ലിന്റെ ഉള്ളിലേക്ക് കടക്കുന്ന നിത്യാഭ്യാസി ഡോ. വിനോദ്, കഠിനാദ്ധ്വാനിയായ ഡോ . നിഖിൽ കൂടാതെ എന്റെ സംശയങ്ങളുടെ അലമാലകളെയും വേദനകളെയും പിടിച്ചു കെട്ടിയ ഡോ. മിഥുൻ. കൂട്ടത്തിൽ പുഞ്ചിരി ഒരു വരമായി കിട്ടിയ മാലാഖക്കുട്ടികൾ ശ്രുതിയും റോഷ്നിയും.

ഡോക്ടർ മുഖത്ത് തട്ടി വിളിച്ചപ്പോഴാണ് മയക്കം മാറാതെ കനം തൂങ്ങിയ കൺപോളകൾ പാതി തുറന്നത്. ആ “ഭീകരകൃത്യം” കഴിഞ്ഞു എന്ന വിവരം അപ്പഴാണ് ഞാനറിഞ്ഞത്. മലമൂത്ര വിസർജ്ജനത്തിനുള്ള കുഴലുകളൊക്കെ വേർപെടുത്തി രണ്ട് ദിവസം കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വിടുതൽ തന്ന് അവർ ചികിത്സയുടെയും പേഴ്സിന്റെയും ഭാരം കുറച്ചു.

ഊര സൂക്ഷിക്കണമെന്ന കർശന നിർദ്ദേശം. കൂട്ടത്തിൽ ഒരു മാസത്തെ നല്ല നടപ്പും വേണമെത്രേ.
വീടിനെ ലക്ഷ്യമാക്കി ശകടം വേഗത്തിൽ പായാൻ ശ്രമിച്ചെങ്കിലും വഴിയിലെ കുഴികൾ സുഗമമായ യാത്രയെ തടസ്സപ്പെടുത്തിക്കൊണ്ടേയിരുന്നു.

പെട്ടെന്നാണത് സംഭവിച്ചത്. തൊട്ടു മുന്നിലെ ജീപ്പിനെ മറികടക്കുന്നതിനിടയിൽ എതിരെ വന്ന BMW കാറിന്റെ നിയോൺ വെളിച്ചത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രഭയിൽ കാർ വലിയ കുഴിയിലേക്ക് വീണതും പിറകിലെ സീറ്റിൽ നിന്ന് ഞാൻ ഒരലർച്ചയോടെ മറിഞ്ഞു വീണതും ഒന്നിച്ചായിരുന്നു. “പടച്ചോനെ” എന്നുറക്കെ വിളിച്ചപ്പോൾ തൊണ്ടയുടെ അലകും പിടിയും പൊട്ടിയോ എന്നു സംശയം. ലക്ഷങ്ങളുടെ വിലയുള്ള എന്റെ ഊര !!!

പെട്ടെന്നായിരുന്നു ദേഷ്യം പിടിച്ച് ഭാര്യയുടെ പ്രതികരണം. ” പിച്ചും പേയും പറയാതെ കിടന്നുറങ്ങ് മനുഷ്യാ . വീടെത്താറായി.”

മലപ്പുറം ജില്ലയിലെ പൂക്കാട്ടുമ്പാടം സ്വദേശി. ഗദ്യ സാഹിത്യവും ചെറുകഥകളും താല്പര്യം. ഗസ്റ്റ് ഡിപ്പാർട്മെന്റിൽ ജോലി