കാൽപ്പന്തുകളിയുടെ സാമൂഹിക രാഷ്ടീയ പ്രതിധ്വനികളും മനുഷ്യ പ്രതിരോധത്തിൻ്റെ അലകളും ഉൾച്ചേർന്ന ആത്മസംഘർഷങ്ങളുടെ ഒരു തുറന്നെഴുത്താണ് ശ്രീ രമേശൻ മുല്ലശ്ശേരി എഴുതിയ ഷൂട്ടൗട്ട് എന്ന നോവൽ. ഗാലറികളെ ത്രസിപ്പിക്കുന്ന ഫുട്ബോളിൻ്റെ തന്ത്രങ്ങളും, മറുതന്ത്രങ്ങളും മത്സരബുദ്ധിയും പ്രമേയമാകുന്ന സ്പോർട്സ് ത്രില്ലർ നോവലാണ് ഷൂട്ടൗട്ട്.
നോവലുകളിൽ പൊതുവേ കടന്നുവരാറുള്ള സാധാരണ വിഷയങ്ങളെ മറികടന്ന് ഫുട്ബോൾ തന്നെ കഥാപാത്രമാകുന്ന നോവൽ ആദ്യമായിട്ടാണ് ഞാൻ വായിക്കുന്നത്. കാൽപ്പന്തുകളി ക്ലാസിക്കായാലും നാടൻ കളി ആയാലും, പ്രദാനം ചെയ്യുന്നത് വലിയൊരു ജനതയുടെ ആരവവും ആനന്ദവുമാണ്. ഒരോ ദേശത്തിൻ്റെയും സാംസ്കാരിക സവിശേഷതയ്ക്കും മാനസീക ഉല്ലാസത്തിനും ആരോഗ്യത്തിനും ഉതകുന്ന കളികൾക്ക് അവരുടെ ജീവിതത്തിൽ നിർണ്ണായക സ്ഥാനമുണ്ട്.
തികച്ചും പ്രവചനാതീതവും അതേ സമയം തന്നെ യഥാതഥവുമായ ലോകമാണ് ഫുട്ബോളിൻ്റേത്. കളികൾ കമ്പോളവത്ക്കരിക്കപ്പെടുന്ന വർത്തമാന കാലത്ത് കോർപ്പറേറ്റുകൾ പ്രശസ്തരായ കളിക്കാരെ ലേലം വിളിച്ചെടുക്കുകയും കളി നടത്തുകയും നിയന്ത്രിക്കുകയും ചെയ്യുമ്പോൾ, കളിക്കാർ കച്ചവടക്കണ്ണുള്ളവരുടെ ചൊൽപ്പടിക്കൊത്ത് കളിക്കുന്ന പാവകളായി മാറുന്നു. കമ്പോളാധിഷ്ഠിതമായ ലോകത്ത് സ്വാർത്ഥതയാണ് കളിക്കാരനെ ഭരിക്കുക. പണം വാങ്ങി കളിയിൽ സ്വയം തോറ്റു കൊടുക്കുന്ന കളിക്കാരന് ദേശീയബോധം നഷ്ടമാകുന്നു. മുതലാളിത്തത്തിൻ്റെ ലാഭക്കണ്ണുകൾ കളിക്കളങ്ങളെ കീഴടക്കുന്നു.
അളന്നു മുറിച്ച പാസുകൾ കൊണ്ട് പ്രതിരോധക്കോട്ട തകർത്ത് അവസാന ഷോട്ടെടുക്കുമ്പോൾ മാത്രമെന്താണ് കളിക്കാർക്ക് ഉന്നം പിഴച്ചു പോകുന്നത്..? ഇങ്ങനെ വലിയൊരു സംശയവുമായിട്ടാണ് നോവലിസ്റ്റ് ആഖ്യാനം തുടങ്ങി വെയ്ക്കുന്നത്. ഫുട്ബോളിൻ്റെ വർത്തമാനകാലത്തിലൂടെ സഞ്ചരിക്കുന്ന കഥാകാരൻ. കളിയുടെ അകവും പുറവും തേടി പിടിച്ചുള്ള യാത്രയാണ് നടത്തുന്നത്. ഫുട്ബോൾ ഗ്രൗണ്ടുകളിലും തിരശ്ശീലയ്ക്ക് പിന്നിലും യഥാർത്ഥ കളിക്കാർ ആരെന്ന് കഥാകാരൻ അന്വേഷിക്കുന്നു. ചെറിയ മൈതാനങ്ങളിൽ കളിച്ചു വളർന്നവർ ഫുട് ബോളിൻ്റെ യഥാർത്ഥ ആത്മാവിനെ മറിക്കടന്ന് മാഫിയകളുടെ വലയിൽ വീഴുന്നതിൻ്റെ പ്രത്യക്ഷ സത്യമാണ് സൗരവ് ഘോഷ് എന്ന കഥാപാത്രം. മറ്റൊരു പ്രധാന കഥാപാത്രമായ അർജുൻ ദേവാകട്ടെ ഫുട്ബോളിൻ്റെ ആത്മാവിനെ തൊട്ടറിഞ്ഞ കളിക്കാരനും. കളിയിലെ നവോത്ഥാനവും, തുടർന്ന് സൃഷ്ടിക്കപ്പെട്ട സവിശേഷമായ സാംസ്കാരിക പരിസരവും വളരെ സൂക്ഷ്മമായി നോവലിസ്റ്റ് ആവിഷ്ക്കരിച്ചിട്ടുണ്ട്.
പല വിധമായ പരിമിതികളെ മറികടക്കുന്ന മീഡിയം ആണ് ഫുട്ബോളെന്ന് ഷൂട്ടൗട്ട് എന്ന നോവൽ നമുക്ക് കാണിച്ചുതരുന്നു. നോവലിനൊപ്പമുള്ള പഠനക്കുറിപ്പിൽ ശ്രീ എം.പി. സുരേന്ദ്രൻ പറഞ്ഞതുപോലെ കളിക്കാർ, പരിശീലകൻ, അസ്സോസിയേഷൻ ഭരണകർത്താക്കൾ, ക്ലബ് മേധാവികൾ, ഉടമസ്ഥർ, വാതുവെപ്പുകാർ, സ്റ്റേഡിയം നടത്തിപ്പുകാർ, പരസ്യക്കാർ, മാഫിയകൾ, മാധ്യമങ്ങൾ, എന്നിവർ ഉൾപ്പെട്ട വലിയൊരു അടക്കംക്കൊല്ലി വലയാണ് ഫുട്ബോളിനെ ഇത്രമേൽ സങ്കീർണ്ണമാക്കിയതെന്ന് ഷൂട്ടൗട്ടിലൂടെ കടന്നു പോകുമ്പോൾ നമുക്ക് മനസ്സിലാകും.
ഭാഷയിലെ ലാളിത്യം കൊണ്ടും ഭാഷയിലെ സൗന്ദര്യം കൊണ്ടും സമ്പന്നമായ ഷൂട്ടൗട്ട് നോവൽ വായിക്കുമ്പോൾ ആളും ആരവവും നിറഞ്ഞ സ്‌റ്റേഡിയത്തിലെ കമൻ്റേറ്റർ ബോക്സിലിരുന്ന് തൊണ്ണൂറ് മിനിട്ടിൽ അവസാനിക്കുന്നൊരു കളി കാണുകയായിരുന്നു ഞാൻ. കഥ പറഞ്ഞു പോകുമ്പോൾ ഇടയ്ക്ക് ചേർത്തിട്ടള്ള, ഫുട്ബോളിന്റെ ഗതകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന റിയൽ ടൈം ഫ്ളാഷ് ബാക്ക് പോലെയുള്ള കുറിപ്പുകൾ ഏറെ രസകരമാണ്. ഏറെ മനോഹരവും ഹൃദയ സ്പർശിയുമായ ഭാഷയാണ് ഷൂട്ടൗട്ട് നോവലിന്റെ എടുത്തു പറയേണ്ട പ്രത്യേകത.
ചില ചരിത്ര നിമിഷങ്ങളിൽ ഒരേ സമയം ഫാസിസത്തെ പ്രതിരോധിക്കുകയും ഫാസിസത്തിന്റെ ആയുധമാവുകയും ചെയ്യുന്നുണ്ട് കാൽപ്പന്തു കളി. അത്തരം നിമിഷങ്ങൾ ആവിഷ്ക്കരിക്കുന്നതിനൊപ്പം തന്നെ ഏതാണ്ട് മുഴുവനായും പുരുഷ കേന്ദ്രീകൃതമായ വിഷയത്തെ പെൺ വായനയ്ക്ക് കൂടി പാകമാക്കുന്ന ശൈലിയാണ് വായനക്കാരൻ ഉപയോഗിച്ചിട്ടുള്ളത്.
സലിം റഹ്മാൻ്റെ മനാഹരമായ കവറോടു കൂടിയ മലയാളത്തിലെ ആദ്യ സ്പോർട്സ് ത്രില്ലർ നോവൽ മലയാളത്തിലെ പതിവു ത്രില്ലർ രീതികളിൽ നിന്നും വ്യതിചലിക്കുന്നൊരു നോവലാണ്. ഒന്നാം അധ്യായം മുതൽ വെടിയും, അക്രമവും, ഭയം ജനിപ്പിക്കുന്ന ആഖ്യാനതന്ത്രവുമില്ലാതെ, അവസാന പേജ് വരെ സുഗമമായ വായന സാധ്യമാക്കുന്നുണ്ട്.
നോവലിൽ കാൽപന്തുകളിയെ പിന്തുടരാത്ത വായനക്കാർക്ക് കഥാപാത്രങ്ങളുടെ ആധിക്യമുണ്ടാക്കാവുന്ന അലസോരമാണ് പോരായ്മയായി ചൂണ്ടിക്കാട്ടാനുള്ളത്. ഫുട്ബോൾ കളിയുടെ ചരിത്രത്തിലൂടെ ഊളിയിട്ടു പോകുന്ന ഇത്തരമൊരു നോവലിൽ ഒഴിവാക്കാൻ നിവൃത്തിയില്ലാത്ത ഘടകമാവാം അത് .
വ്യത്യസ്തമായ വിഷയവും, വ്യത്യസ്തമായ ആഖ്യാന രീതിയും സ്വീകരിക്കുന്ന ഷൂട്ടൗട്ട് നോവൽ പതിവായി ഇറങ്ങുന്ന സ്റ്റീരിയോ ടൈപ്പ് ത്രില്ലർ നോവലുകളിൽ നിന്നും സ്വാഗതാർഹമായ ഒരു മോചനമാണ്.