ഡാർലിംഗ്.. ഡാർലിംഗ്

നഗരത്തിരക്കിൽനിന്നു കുറച്ചു വിട്ടുമാറിയാണു വി ആകൃതിയിലുള്ള ഈ ബസ്സ് സ്റ്റോപ്പ്‌. തുരുമ്പിച്ച ഇരുമ്പുചങ്ങലകൾകൊണ്ടു പരസ്പരം ബന്ധിക്കപ്പെട്ട വിളക്കുകാലുകൾക്കു നടുവിൽ സെബസ്ത്യാനോസു പുണ്യാളന്റെയൊരു കപ്പേളയുണ്ട്. അതിനരികുപ്പറ്റി ഞാൻ നിൽക്കാൻ തുടങ്ങിയിട്ടു കുറച്ചു നേരമായി. പതിവു പി എസ് സി കോച്ചിംഗ് കഴിഞ്ഞിറങ്ങിയപ്പോൾ സമയം അഞ്ചുമണിയായി. എന്നത്തേയുംപോലെ അഞ്ചേകാലിന്റെ നിർമലബസ്സു പിടിക്കുവാനായി ധൃതിപ്പെട്ടു നടക്കുമ്പോഴാണു ഫോൺ ബെല്ലടിച്ചത്. വീട്ടിൽനിന്ന് അമ്മച്ചിയാണ്.

“മോനേ നീ വരുമ്പോൾ ചാച്ചനു പ്രെഷറിന്റെ ഗുളിക വാങ്ങിക്കൊണ്ടു വരണേ..” അടുക്കളയിൽ ഒരു പൂച്ച കരയുന്ന ശബ്ദം. അഞ്ചുമണി കഴിഞ്ഞതിനാൽ മെഡിക്കൽസ്റ്റോർസെല്ലാം അടച്ചിരുന്നു. കാരുണ്യ ഹോസ്പ്പിറ്റലിൽ പോയാൽ അവിടുത്തെ മെഡിക്കൽസ്റ്റോറിൽ നിന്നു മരുന്നുമേടിക്കാം. പക്ഷേ ബസ്സു മിസ്സാവും. സാരമില്ല. ആറരയുടെ നന്ദനത്തിനു പോകാം. അല്ലെങ്കിലും നേരത്തെ വീടുപിടിച്ചിട്ടെന്തിനാണ്..

സ്റ്റാൻഡിലേക്കു ബസ്സുകൾ വരികയും പോവുകയും ചെയ്തുകൊണ്ടിരുന്നു. മഴ നേർത്തു പെയ്തുതുടങ്ങി. മഴയിൽനനഞ്ഞു നീലനിറമുള്ളയൊരു ബസ്സ് ലൈറ്റിട്ടു പുറത്തേക്കു വരുന്നു. അതിപ്പോൾ പുണ്യാളനെ ചുറ്റി, എനിക്കരികിലൂടെ നഗരത്തിരക്കിലേക്കലിഞ്ഞില്ലാതാകും. ഒരു നീലിച്ച സ്വപ്നംപോലെ. കൗതുകത്തോടെ ബസ്സിലേക്കുനോക്കി. അതിന്റെ എല്ലാ ഷട്ടറുകളും താഴ്ത്തിയിരുന്നു. മഴ ശക്തി പ്രാപിക്കുകയാണ്. തുള്ളിക്കൊരു കുടം കണക്കേ മഴ പെയ്യുമ്പോഴും എനിക്കിവിടെ ഇങ്ങനെ നനഞ്ഞു നിൽക്കാനാണു തോന്നുന്നത്.

‘ഒരു മഴ ഒരിക്കൽ മാത്രമേ നനയാൻ കഴിയുകയുള്ളൂ..’ ഇതു ഞാൻ വായിച്ചതെവിടെയാണ്? ഓർമ്മയിൽ മഴയായി പെയ്യുന്ന ഒരായിരം കവിതകളിലെ വരികൾ. ബസ്സിപ്പോൾ ‘വി’ യുടെ ഒരറ്റത്ത് എനിക്കു സമാന്തരമായി നിർത്തിയിരിക്കുകയാണ്. അതിന്റെയൊരു ഷട്ടറല്പം പൊന്തുന്നു. വെളുത്ത രണ്ടു കുഞ്ഞിക്കൈകൾ വിൻഡോയുടെ പെയിന്റടർന്നു തുടങ്ങിയ ചുവന്നകമ്പിയിൽ മുറുകെ പിടിച്ചു. മഴയ്ക്കപ്പുറം, ഷട്ടറിന്റെ ഇത്തിരിതുണ്ടിലൊരു കുഞ്ഞിമുഖം പ്രത്യക്ഷപ്പെട്ടു. നക്ഷത്രക്കണ്ണുകളുള്ള ഒരാൺകുട്ടി. അവനെന്നെനോക്കി ചിരിച്ചു. ശേഷം അപ്പുറത്തിരുന്ന സ്ത്രീയുടെ കൈയിൽ തോണ്ടി എന്നെ കാണിക്കുവാൻ ശ്രമിച്ചു. അവരിതൊന്നും ശ്രദ്ധിക്കാതെ ഫോണിലാരോടോ കിന്നാരത്തിലാണ്.
ബസ്സ് സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം. ഫോൺ സംഭാഷണമവസാനിപ്പിച്ച സ്ത്രീ കുഞ്ഞിന്റെ കൈകൾ പിടിച്ചുമാറ്റി ഷട്ടർ താഴ്ത്തി. ഇരുമ്പുകമ്പികൾക്കപ്പുറം ഒരുനിമിഷം അവരുടെ മുഖം ഞാൻ കണ്ടു. റോസ്മേരി! റോസ്മേരി സെബാസ്റ്റ്യൻ. അവളല്ലേ ഇത്‌? മഴവെള്ളം കണ്ണിലേക്കടിച്ചു. ഒരിക്കൽകൂടി നോക്കുവാൻ ശ്രമിച്ചതും ഷട്ടർ താഴ്ന്നിരുന്നു.

ചെവിയിൽ നിർത്താതെ കൂട്ടബെല്ലടിക്കുന്നു. ചെമ്പകപ്പൂക്കളുടെ കടുത്തഗന്ധം. ഓടിട്ടയൊരു സ്കൂൾകെട്ടിടത്തിനു മുകളിലാണിപ്പോൾ മഴ പെയ്യുന്നത്. ഈ ക്ലാസ്സ് റൂം, മഞ്ഞനിറമുള്ള ഈ മുറി. ഇവിടമെനിക്കു വളരെ ഇഷ്ടമാണ്. ഇതിന്റെ മഞ്ഞഭിത്തിയിൽ കുറേ ചിത്രങ്ങൾ വരച്ചുചേർത്തിട്ടുണ്ട്. പുൽപ്പരപ്പിൽ വെളുത്ത പഞ്ഞിക്കെട്ടുകൾ പോലെയോടുന്ന മുയലച്ചന്മാരുടെ, നരച്ച ആകാശത്തിലൂടെ പറക്കുന്ന ചെമ്പരുന്തിന്റെ, വെള്ളം കുടിക്കുന്ന ഒരു കുട്ടിക്കൊമ്പന്റെ… അങ്ങനെ കുറേ ചിത്രങ്ങൾ.

‘നിനക്കു ഞങ്ങളിൽ ആരെയാ കൂടുതൽ ഇഷ്ടം?’ വെള്ളം കുടിക്കുന്നതുനിർത്തി കുട്ടിയാന എന്നോടു ചോദിച്ചു. അവന്റെ തുമ്പിയിൽനിന്നു വെള്ളം പൂക്കുറ്റിപോലെ ചിതറി.
‘എനിക്ക്.. എനിക്കാ മാൻകുട്ടിയെയാണിഷ്ടം’. ഞാൻ കുറച്ചാലോചിച്ച ശേഷം പറഞ്ഞു.
‘എന്നെയോ?’ ചുമരിന്റെ അങ്ങേത്തലയ്ക്കൽ പുല്ലു തിന്നുകൊണ്ടിരുന്ന കലമാൻകുഞ്ഞു തലയുയർത്തി നോക്കി.
‘എന്നെയോ?’ അതു വീണ്ടും ചോദിച്ചു. ‘ആം..’ ഞാൻ ഒരല്പം സങ്കോചത്തോടെ തലകുലുക്കി.
‘നീയൊന്നു ചിന്തിച്ചു നോക്കിക്കേ.. നിനക്കെന്നെ ഇഷ്ടമാണ്. ശരി തന്നെ. എന്നാലും നിനക്ക് എന്നെക്കാളും.. ഞങ്ങൾ എല്ലാരേക്കാളും ഇഷ്ടം അവളെയല്ലേ? ‘ മാൻകുഞ്ഞു കൈ ചൂണ്ടിയിടത്തേക്കു ഞാൻ നോക്കി. അവിടെ ഗേൾസിന്റെ സൈഡിൽ അവസാന ബെഞ്ചിൽ ഒരു പെൺകുട്ടിയിരിക്കുന്നു. അവളുടെ തോളൊപ്പം മുറിച്ചിട്ട സ്പ്രിംഗ് മുടിയിഴകൾ കാറ്റിലിളകി.
‘എനിക്കറിയാം.. നിനക്കേറ്റവുമിഷ്ടം അവളെ തന്നെ.’ മാൻകുഞ്ഞു പിന്നെയും പറയുന്നു. അവന്റെ മറുപടികേട്ട് ആഞ്ഞിലിമരത്തിലേക്കു ചാടിക്കയറുന്നതിനിടയിൽ കുരങ്ങച്ചനും ചിരിച്ചുകൊണ്ടു പറഞ്ഞു..
‘ഏറ്റവും ഇഷ്ടം അവളെത്തന്നെ.’ പിന്നാലെ ആകാശത്തെ ചെമ്പരന്തുകളും മുയലച്ചന്മാരും ആ ചിരി ഏറ്റുപിടിച്ചു. മഞ്ഞച്ചുമരിലെ കാടുമുഴുവൻ ആർത്തുചിരിച്ചു.
‘ഏറ്റവും ഇഷ്ടം.. ഏറ്റവും ഇഷ്ടം അവളെത്തന്നെ..’ അവരൊറ്റക്കെട്ടായി പറഞ്ഞു. ആ കളിയാക്കിച്ചിരി ഇഷ്ടപ്പെടാതെ ഞാൻ മൃഗങ്ങളോടു കൂട്ടുവെട്ടി തിരിഞ്ഞിരുന്നു.

പുറത്തു പെയ്യുന്ന മഴ. മഴയിൽ നനയുന്ന ബദാംമരം. ഇതുപോലെ മഴയുള്ള ഒരു ദിവസമാണവളെ ആദ്യമായി കാണുന്നത്. മൂന്നുവർഷങ്ങൾക്കുമുൻപ്, പപ്പയോടൊപ്പമാണവൾ ഒന്നാംക്ലാസ്സിൽ ചേരാൻ സ്കൂളിലേക്കു വന്നത്. പൂക്കളുടെ പടമുള്ള പോപ്പിക്കുട മടക്കി, ഫ്രില്ലുവെച്ച കുട്ടിഫ്രോക്കണിഞ്ഞവൾ ഉത്സാഹത്തോടെ ക്ലാസ്സിലേക്കു കയറിവന്നു. ഒരായിരം ചെമ്പകപ്പൂക്കൾ ഒരുമിച്ചു പൂത്തതുപോലെയുള്ള ഗന്ധം മൂക്കിലേക്കടിച്ചു കയറുന്നതറിഞ്ഞാണു തലയുയർത്തി നോക്കിയത്. തിരിച്ചുപോകുന്ന പപ്പയെനോക്കി കൈവീശി കാണിക്കുന്ന പെൺകുട്ടിയെ കണ്ടത്ഭുതം തോന്നി. ആദ്യദിവസം അമ്മയെന്നെ തനിച്ചാക്കിയിങ്ങനെ പോകാൻ തുടങ്ങിയപ്പോൾ ഞാൻ കാറിപ്പൊളിച്ചതാണ്. ആ ഓർമ്മയിൽ എന്റെ മൂക്കിലൂടെയൊരു മൂക്കട്ട പുറത്തേക്കു നീണ്ടുവന്നു.

റോസ്മേരി. അതായിരുന്നു അവളുടെ പേര്.
‘റോസ്മേരി സെബാസ്റ്റ്യൻ.’ മേഴ്സിടീച്ചർ ഹാജർ വിളിക്കുമ്പോൾ അവൾ എണീറ്റുനിന്നു പറയും,
‘പ്രെസന്റ് മിസ്.’ കിളികളുടേതു പോലെയുള്ള മൃദുവായ ശബ്ദം. അവളുടെ പേരുകഴിഞ്ഞാൽ അടുത്തത് എന്റെ പേരാണ്.
‘സോണി സെബാസ്റ്റ്യൻ.’ ടീച്ചർ പിന്നെയും വിളിക്കും.
‘ഹാജേർ.’ എന്റെ ഉച്ചത്തിലുള്ള മറുപടിക്കൊപ്പം ക്ലാസ്സ്മുറിയിൽ കൂട്ടച്ചിരി മുഴങ്ങും. അപ്പോൾ ഞാനവളെ നോക്കും. മഴത്തുള്ളിയുടെ ആകൃതിയിലുള്ള അവളുടെ ചുണ്ടിൽ ഒരു നാണിച്ച ചിരി വിരിയും.

‘എന്റേം നിന്റേം പപ്പേടെ പേരൊന്നാണ്.’
ഒരുദിവസം ഉച്ചഭക്ഷണം കഴിഞ്ഞു ചോറ്റുപാത്രം കഴുകാൻ നിൽക്കുമ്പോൾ ഞാനവളോടു പറഞ്ഞു.
‘ആം..’ അവൾ വീണ്ടും നാണിച്ചു ചിരിച്ചു.
ഹാ.. ആ ചിരി. എന്തു രസമാണതു കാണാൻ. കണ്മഷി പുരട്ടിയ അവളുടെ കണ്ണുകൾ താമരയിതളുകൾ പോലെ വെയിലിൽ തിളങ്ങി. നീണ്ട നാസികയുടെ തുഞ്ചത്തൂടെ ചാമ്പക്ക പോലെയൊരു വിയർപ്പുതുള്ളി കിനിഞ്ഞിറങ്ങി.

‘എന്റെ പപ്പയ്ക്കു വല്ല്യൊരു കടയുണ്ട്..’ ഞാൻ പിന്നേം പറഞ്ഞു.
‘വല്ല്യൊരു സൂപ്പർ മാർക്കറ്റ്.’ ഞാൻ കൈവിരിച്ചതിന്റെ വലിപ്പം കാണിച്ചു.
‘അതിലൊരു ചില്ലുപെട്ടി നിറയെ ഗൾഫ് മിട്ടായികളാണ്.’
‘നിറയെയോ?.’ റോസ്മേരിയുടെ കണ്ണുകൾ വിരിഞ്ഞു.
‘അതെ. പട്ടണത്തിലാണു കട. ഞാനെല്ലാ ശനിയാഴ്ചയും കടയിൽപ്പോകും.’ പിന്നെ വളരെ ശബ്ദം താഴ്ത്തി ആരെങ്കിലും ചുറ്റുമുണ്ടോയെന്നുനോക്കി ഒരു രഹസ്യം പോലെ പറഞ്ഞു:
‘അടുത്തതവണ പോയിട്ടു വരുമ്പൊ ഞാൻ റോസ്മേരിക്കു മിട്ടായി കൊണ്ടത്തരാ.’ മറുപടിക്കു കാക്കാതെ ക്ലാസ്സിലേക്കോടി. അടുത്ത തിങ്കളാഴ്ച സ്കൂളിന്റെ പുറകിലെ തെങ്ങിന്റെ ചുവട്ടിൽവെച്ചു ഞാനവൾക്കു ഗൾഫുമിട്ടായികൾ സമ്മാനിച്ചു. അവൾ തന്റെ കൈയിൽ കരുതിയിരുന്ന തട്ടുകളുള്ള ചോറ്റുപാത്രത്തിന്റെ ഏറ്റവുമടിയിലതു ഭദ്രമായൊളിപ്പിച്ചു. ഒരു രഹസ്യംപോലെ..

‘ടോണിയോ ഐസക്കോ എടുക്കാതെ സൂക്ഷിക്കണേ..’ ഞാൻ റോസ്മേരിക്കു മുന്നറിയിപ്പു കൊടുത്തു. ടോണിയും ഐസക്കും ക്ലാസ്സിലെ ഗുണ്ടകളാണ്. കഴിഞ്ഞയാഴ്ച അവന്മാരെന്റെ പുത്തൻ സ്കെയിൽ ഒടിച്ചുകളഞ്ഞു. ടോണിയെയും ഐസക്കിനെയും പേടിച്ചു ക്ലാസ്സ്മുറിക്കു പുറത്തുപോയി ഒരു പരന്ന പാറയുടെ മുകളിലിരുന്നാണു ഭക്ഷണം കഴിക്കുക. അല്ലെങ്കിൽ കറിമൊത്തം അവന്മാർ വാരിക്കൊണ്ടുപോകും. എങ്കിലും ഒരുദിവസം പാത്രം തുറന്നപ്പോൾ ചോറുമാത്രം എന്നെനോക്കി വെളുക്കെ ചിരിച്ചു. റോസ്മേരിയെന്നെ സമാധാനിപ്പിച്ചുകൊണ്ടു മുട്ട പൊരിച്ചതിന്റെ പാതി മുറിച്ചെന്റെ ചോറ്റുപാത്രത്തിലേക്കിട്ടു. ഹൃദയത്തിന്റെ കഷ്ണം പകുത്തതുപോലെയുള്ള ആ മുട്ടക്കഷ്ണം കണ്ടപ്പോൾ എനിക്കുവീണ്ടും ടോണിയെയും ഐസക്കിനെയും ഓർമ്മവന്നു. ഞാനും റോസ്മേരിയും തമ്മിൽ പ്രേമമാണെന്നാണവർ പറയുന്നത്.

‘ദേടാ നോക്കെടാ.. റോസ്മേരീം സോണീം ലൈനടിക്കുന്നാ..’ ക്ലാസ്സിൽവെച്ചു സംസാരിക്കുന്ന ഞങ്ങളെനോക്കി അവന്മാർ കളിയാക്കും. ശേഷമൊരു പാട്ടു പാടി ഞങ്ങൾക്കു ചുറ്റും കൈകൊട്ടി നടക്കും.
‘ഡാർലിംഗ്, ഡാർലിംഗ്.. നീയെനിക്കൊരു ലക്കിസ്റ്റാർ.. ഇണങ്ങാം പിണങ്ങാം കിലുക്കാംപെട്ടി..’ ഈ പാട്ടു വീട്ടിൽ ടിവി തുറക്കുമ്പോൾ ചിലപ്പോഴൊക്കെ ഞാനും കേട്ടിട്ടുള്ളതാണ്.

കണക്കു പഠിപ്പിക്കാൻ വക്കച്ചൻ മാഷെന്നൊരു മാഷു വരും. ഒരുദിവസം കണക്കു പിരിയഡ്. മുൻപിൽനിന്നു ബ്ലാക്ക്‌ബോർഡിൽ കണക്കു ചെയ്യുന്ന റോസ്മേരി. പുറത്തു പെയ്യുന്ന തണുത്തമഴ. എന്റെയുള്ളിൽ മാമ്പഴംപോലെ എന്തോ ഒന്നു മധുരിച്ചു. ആ പാട്ടു ചെവിയിൽ വീണ്ടും മുഴങ്ങുന്നു.
‘ഡാർലിംഗ്, ഡാർലിംഗ് നീയെനിക്കൊരു ലക്കിസ്റ്റാർ..’ ഇപ്പോൾ ക്ലാസ്സ്മുറിയിൽ വക്കച്ചൻമാഷില്ല. ടോണിയോ ഐസക്കോ മറ്റു കുട്ടികളോ ഇല്ല. ബ്ലാക്ക്‌ബോർഡിൽ കണക്കു ചെയ്യുന്ന റോസ്മേരി, ഉരുണ്ടു പിരണ്ടു പോകുന്ന അവളുടെ വെളുത്തയക്ഷരങ്ങൾ. ഞാൻ ഡെസ്ക്കിനുമുകളിലൂടെ ചാടിയിറങ്ങി റോസ്മേരിയെ കൈകളിൽ കോരിയെടുത്തു രണ്ടുറൗണ്ടു വട്ടം കറക്കി. ബ്ലാക്ബോർഡിൽനിന്നു ചിറകുവെച്ചിറങ്ങിവന്ന അക്കങ്ങൾ ഞങ്ങൾക്കുചുറ്റും വെളുത്ത വസ്ത്രങ്ങളണിഞ്ഞ മാലാഖക്കുഞ്ഞുങ്ങളെപ്പോലെ പറന്നു നൃത്തം ചെയ്തു.

നാലാം ക്ലാസ്സവസാനിക്കാൻ മാസങ്ങൾ ബാക്കി നിൽക്കവേ പെട്ടെന്നൊരുദിവസം മുതൽ റോസ്മേരി ക്ലാസ്സിൽ വരാതെയായി. പുറത്തു വിരസമായി പെയ്യുന്ന മഴ. മഴച്ചാറ്റലേറ്റു നിൽക്കുന്ന ബദാംമരം കാണാൻ ഒരു രസവുമില്ലെന്ന് എനിക്കുതോന്നി.
‘ആ കൊച്ചിനു സുഖമില്ലന്നേ.. ‘ മേഴ്സിടീച്ചർ വക്കച്ചൻ മാഷിനോടു പറയുന്നതു കേട്ടു.
‘പാവം..’ മാഷിന്റെ ആത്മഗതം.
ക്യാൻസർ.. അതെന്തസുഖമായിരിക്കും? പാറയുടെ മുകളിലിൽ ഏകനായിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ഞാൻ ചിന്തിച്ചു. എന്തോ ഭയങ്കര അസുഖമാണെന്നാണ് അമ്മയോടു ചോദിച്ചപ്പോൾ പറഞ്ഞത്. പക്ഷേ എത്ര ചിന്തിച്ചിട്ടും അതിന്റെ വലിപ്പം അനുമാനിക്കാൻ എനിക്കു കഴിഞ്ഞില്ല. ദൂരെ ഗിരിശിഖരങ്ങളിൽനിന്നു വീശിവന്നൊരു കാറ്റിൽ തെങ്ങോലകളിളകി.
‘ഡാർലിംഗ്, ഡാർലിംഗ്, നീയെനിക്കൊരു ലക്കിസ്റ്റാർ…’ മനസ്സിന്റെ വിജനമായ മരുഭൂമിയിൽ പുഞ്ചിരിയുമായിനിന്നു റോസ്മേരി പാടുന്നു.

അഞ്ചാം ക്ലാസ്സുമുതൽ ഞാൻ വേറെ സ്‌കൂളിലാണു പഠിച്ചത്. അവിടെ റോസ്മേരിയില്ലായിരുന്നു. പിന്നീടൊരിക്കലും ഞാൻ റോസ്മേരിയെ കണ്ടിട്ടില്ല. എങ്കിലും വർഷങ്ങളോളമെന്റെ രാത്രിസ്വപ്നങ്ങളിൽ വിരുന്നുകാരിയായി വന്നവൾ പാടിക്കൊണ്ടേയിരുന്നു.
‘ഡാർലിംഗ് ഡാർലിംഗ്..’

അതാ.. ബസ്സ് പുറത്തേക്കു നീങ്ങുകയാണ്. മഴയിൽ കുതിർന്ന് ഒരു നീലിച്ച സ്വപ്നം പോലെ. അതിൽ അവളുണ്ട്. റോസ്മേരി. അല്ല റോസ്മേരി സെബാസ്റ്റ്യൻ. ഒറ്റ നോക്കേ കണ്ടിട്ടുള്ളൂ. ഇനിയിതവൾ തന്നെയായിരിക്കുമോ? അറിയില്ല. ഇനി ഞങ്ങൾ കണ്ടുമുട്ടുമോ? അതുമറിയില്ല. കണ്ടാൽതന്നെ അവളെന്നെ തിരിച്ചറിയുമോ? ഒന്നും.. ഒന്നുമറിയില്ല. എങ്കിലും മഴയുള്ള ഈ വൈകുന്നേരം. ഈ ബസ്സ് സ്റ്റോപ്പ്‌. ഇവിടമെനിക്കൊരിക്കലും മറക്കാൻ കഴിയില്ല. ഈ വൈകുന്നേരം എല്ലാ വൈകുന്നേരങ്ങൾക്കും മേലെയാണ്. ക്ലാസ്സ്മുറിയിലെ ബാക്ബെഞ്ചിൽനിന്നു റോസ്മേരിയെന്നെ നോക്കുന്നു. അതു കണ്ടു മഞ്ഞച്ചുമരിലെ മുയലച്ചനും, മാൻകുട്ടിയും, കുട്ടിക്കൊമ്പനുമെല്ലാം നിർത്താതെ ചിരിക്കുന്നു. പുറത്തു മഴനനയുന്ന ബദാം മരം.

‘ഡാർലിംഗ് ഡാർലിംഗ് നീയെനിക്കൊരു ലക്കി സ്റ്റാർ.. ഇണങ്ങാം പിണങ്ങാം കിലുക്കാംപെട്ടി..’ ടോണിയും ഐസക്കും പാടുന്നുണ്ടോ? ഞാൻ ചെവിയോർത്തു.