മാക്രികൾ

മാക്രികളേ…,
പൊട്ടക്കിണറിനകത്തെ
അന്ധകാരത്തിലിരുന്ന്
പരസ്പരം നോക്കിക്കരയാതെ
ഒരിക്കലെങ്കിലും പുറത്തേക്ക്
കടന്നുവരിക

നോക്കൂ….. ,
ഇവിടെ സൂര്യനുദിക്കുന്ന
ലോകമുണ്ട് ,
ആ വെളിച്ചത്തിലൊന്നു
കണ്ണോടിക്കൂ .
ചിറകറ്റ ചിത്രശലഭങ്ങൾ,
കൂടുതകർന്ന കിളികൾ,
വെളിച്ചമാരോ തല്ലിക്കെടുത്തിയ
മിന്നാമിന്നികൾ ,
എന്തിനെന്നറിയാതെ
ബലിയറുക്കപ്പെട്ട മാടുകൾ..
പിച്ചിച്ചീന്തിയെറിഞ്ഞ പൂവുകൾ .

ഇനിയെങ്കിലുമൊന്നുറക്കെ
കരയുക
നമുക്കുവേണ്ടിമാത്രമല്ലാതെ,
സഹജീവികൾക്ക് വേണ്ടിയും.

ഒന്നു കണ്ണു തുറന്നുനോക്കൂ ,
കണ്ണുനീരിന്നുപ്പ് പുരണ്ട
കടൽത്തീരങ്ങൾ…
ചോര ചാലിച്ച സന്ധ്യകൾ…
മരുഭൂമി പോലെ വരണ്ട ഭൂമി.. ,
വറ്റിയ പുഴകൾ..
ഇരുൾ മൂടിയ ആകാശം..

ഇനിയെങ്കിലും
ഉറക്കെ ശബ്ദിക്കുക
നമുക്ക് വേണ്ടി മാത്രമല്ലാതെ,
നാം ജീവിക്കുന്ന
ഭൂമിക്കു വേണ്ടി.

എറണാകുളം ജില്ല. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. കവിതാസമാഹാരങ്ങളുടെ ഭാഗമായിട്ടുണ്ട്.