മരുഭൂമികള്‍ ഉണ്ടാകുന്നത് (നോവല്‍)

ഇരകൾക്ക് അറിയില്ലായിരിക്കും അവയ്ക്ക് വേട്ടനായ്ക്കൾ ആയി തീരാമെന്ന് പക്ഷേ ഈ സംഗതി വേട്ടനായ്ക്കൾക്ക് എന്നും അറിയാവുന്നതാണ് അതുകൊണ്ട് അവർ അവരുടെ ഇരകളെ എന്നും ഭയന്നിരുന്നു. (ആനന്ദ്. മരുഭൂമികൾ ഉണ്ടാകുന്നത് )

രാഷ്ട്രീയം എന്നാല്‍ ഏതെങ്കിലും ആശയത്തില്‍ കുരുങ്ങിക്കിടക്കുന്നതല്ല അത് ഒരു പൊതുസമൂഹത്തിന്റെ നേരെയുള്ള മനോഭാവമോ നടപടിക്രമമോ ആകണം. തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ടികളുടെ ആശയങ്ങള്‍ വളര്‍ത്തുന്ന ലോകമാണ് ചുറ്റിനും ഉള്ളത്. പൊതുവായ ഒരു സമവായമോ കാഴ്ചപ്പാടോ അതിനുണ്ടാകുന്നില്ല. ഋജുവായ കാഴ്ചപ്പാട്, ഞങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതിലാണ് പൂര്‍ണ്ണത എന്ന തോന്നല്‍ ഇവയെല്ലാം കൊണ്ട് തന്നെ ഓരോ രാഷ്ട്രീയവും കുറച്ചു മാത്രം ജനതയുടെ സുഖസൗകര്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്നതായി കാണാം. ജനിച്ചുപോയത് കൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യരാണ് ഭൂരിഭാഗവും. അവര്‍ക്ക് സ്വപ്നങ്ങള്‍ ഇല്ല, മോഹങ്ങള്‍ ഇല്ല. ജീവിക്കുക മരിക്കും വരെ. അതിനിടയില്‍ ആരൊക്കെ തങ്ങളുടെ ഭാഗധേയങ്ങള്‍ നിര്‍ണ്ണയിക്കുമോ, വഴിനടത്തുമോ എന്നുള്ളതൊന്നും ആര്‍ക്കും വിഷയമേയല്ല.

മരുഭൂമികൾ ഉണ്ടാകുന്നത് എന്ന ആനന്ദിൻ്റെ നോവൽ രാജസ്ഥാന്‍ പോലുള്ള ഒരു മരുഭൂമിയില്‍ സർക്കാർ നടത്തുന്ന ഒരു രഹസ്യ നിര്‍മ്മാണസ്ഥലത്ത്, ലേബര്‍ ഓഫീസര്‍ ആയി വര്‍ക്ക് ചെയ്യുന്ന കുന്ദൻ്റെ കഥയാണ്. പട്ടാളത്തിന്റെ കര്‍ശനമായ നിയമങ്ങളും നിഗൂഢതകളും നിറഞ്ഞ ഒരിടമാണ് ഇവിടം. ഈ നിര്‍മ്മാണത്തിന് ഉപയോഗിയ്ക്കുന്ന തൊഴിലാളികള്‍ ജയിലുകളില്‍ വധശിക്ഷയ്ക്ക് വിധേയമായിട്ടുള്ള തടവുകാരാണ് . ഇടക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ഈ തടവുകാരുടെ സേവനത്താലാണ് ഇവിടെ പണികള്‍ നടത്തുന്നത്. ഈ തടവുകാരുടെ തിരിച്ചറിയല്‍ പരേഡ് നടത്തി അവരെ അകത്തേക്ക് കയറ്റിവിടുന്നത് ലേബര്‍ ആഫീസര്‍ എന്ന നിലയ്ക്ക് കുന്ദന്റെ ഉത്തരവാദിത്വമാണ് . അങ്ങനെയിരിക്കെ അവിടെയ്ക്കു വരുന്ന രണ്ടു തടവുകാരില്‍ നിന്നാണ് കുന്ദന് തന്റെ കഷ്ടകാലം തുടങ്ങുന്നത്. ഒരാള്‍ രേഖകളില്‍ മരിച്ചുപോയ ആള്‍. മറ്റൊരാള്‍ ഇനിയൊരാൾക്ക് പകരമായി ജോലിക്കു വന്നയാള്‍ . ഇവര്‍ രണ്ടുപേരിലേക്ക് ആഴത്തിലേക്ക് ഇറങ്ങുമ്പോഴാണ് കുന്ദന്‍ പല സത്യങ്ങളിലേക്കും വിഷമതകളിലേക്കും ഇറങ്ങിപ്പോകേണ്ടി വരുന്നത്. അതോടെ അയാൾടെ മനസ്സമാധാനം നഷ്ടമാകുന്നു . അധികാരികളുടെ ദുര്‍മുഖം കാണേണ്ടി വരുന്നു . തന്റെ അധികാരത്തിൻ്റെ മേൽ തനിക്കൊരു നിയന്ത്രണം ഇല്ല എന്നയാള്‍ മനസ്സിലാക്കുന്നു . ഒരു നൂല്‍പ്പാവയെപ്പോലെ അയാള്‍ തന്റെ വേഷം ആടിത്തിമര്‍ക്കുന്നത് അയാള്‍ വേദനയോടെ മനസ്സിലാക്കുന്നു. ഇടയില്‍ അയാളുടെ പ്രണയിനി റൂത്ത് വരികയും അവള്‍ നല്‍കുന്ന സൂചനകളിലൂടെ താന്‍ തൊഴിലെടുക്കുന്ന ഇടത്തിന്റെ രഹസ്യങ്ങളിലേക്ക് അയാൾക്ക് കടന്നു ചെല്ലേണ്ടിയും വരുന്നു . ഇതിനേത്തുടര്‍ന്ന് അധികാരികള്‍ അയാളെ അപകടപ്പെടുത്തുവാൻ ശ്രമിക്കുന്നതറിയുമ്പോള്‍ രഹസ്യമായി അയാള്‍ അവിടെ നിന്നും രക്ഷപ്പെടുന്നു . പക്ഷേ അവിടെ നിന്നും രക്ഷപ്പെട്ട അയാള്‍, തങ്ങള്‍ക്ക് തടവുകാരെ നല്‍കുന്ന ജയിലില്‍ ഒന്നില്‍ എത്തുകയും അവിടെവച്ച് അയാള്‍ക്ക് മറ്റ് ചില നടുക്കുന്ന സത്യങ്ങള്‍ കൂടി ബോധ്യമാകുകയും ചെയ്യുന്നു . രാവിന്റെ യാമങ്ങളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി നഗരത്തിലെ ഗലികളില്‍ ദൈവങ്ങളുടെ പേരില്‍ മനുഷ്യരെ കൊന്നൊടുക്കുന്ന തടവുപുള്ളികളെ അയാള്‍ക്കു നേരിൽ കാണാന്‍ കഴിയുന്നു . സ്ത്രീകളെയും കുട്ടികളെയുമൊക്കെ നിഷ്കരുണം കൊല്ലുന്ന ആ കൊലയാളികള്‍ അധികാരികളുടെ ഒത്താശയോടെ ആണിതൊക്കെ ചെയ്യുന്നതെന്ന് അയാള്‍ക്ക് ബോധ്യമാകുന്നത് പത്രമോഫീസില്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ ശ്രമിക്കുമ്പോഴാണ് . അതോടെ അയാൾ നിയമത്തിന്റെ പിടിയില്‍ അകപ്പെടുകയും ജയിലില്‍ അടയ്ക്കപ്പെടുകയും ക്രൂരമായ ശിക്ഷകളില്‍ പീഢനങ്ങളില്‍ അകപ്പെടാന്‍ ദുര്യോഗമുണ്ടാകുകയും ചെയ്യുന്നു. ഒരു കൊല്ലത്തോളം കഴിഞ്ഞു അയാളെ അവര്‍ വെറുതെ വിടുകയും അയാള്‍ തിരികെ തന്റെ കാമുകിയെ, അവള്‍ ജീവനോടെയുണ്ടോ എന്നുപോലും അറിയാത്ത അവസ്ഥയില്‍ തിരഞ്ഞു പോകുകയും ചെയ്യുന്നിടത്ത് നോവല്‍ അവസാനിക്കുകയും ചെയ്യുന്നു .

രാമരാജ്യത്തിന്റെ വക്താക്കളായ രാഷ്ട്രീയവും അതിന്റെ ക്രൂരതകളും ആണ് ഈ നോവലിന്റെ ഇതിവൃത്തത്തില്‍ തെളിഞ്ഞു കാണുന്നത്. വരാന്‍ പോകുണെന്ന് ഭയപ്പെടുന്ന അടിയന്തിരാവസ്ഥയുടെ ഒരു നേര്‍ക്കാഴ്ച പോലെ ഈ നോവല്‍ വായിക്കാന്‍ കഴിയുന്നുണ്ട്. കാഴ്ചകളെ അതിന്റെ ശരിയായ തലത്തില്‍, രീതിയില്‍ കാണാന്‍ കഴിയുന്ന ഒരു രചനാ വൈഭവം ആനന്ദിന്റെ പ്രത്യേകതയായി കാണാന്‍ കഴിയുന്നു . ഒപ്പം കാലത്തിനു മുന്നേ സഞ്ചരിക്കുന്നവര്‍ എന്ന എഴുത്തുകാരുടെ പേരിനെ അന്വർത്ഥമാക്കും വിധം ഫാസിസവും മത രാഷ്ട്രീയവും എങ്ങനെയാണ് ജനാധിപത്യത്തിന് മേല്‍ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുന്നത് എന്നു ദീര്‍ഘവീക്ഷണത്തോടെ ആനന്ദ് ഈ നോവലില്‍ വരച്ചിടുന്നു. കുന്ദന് ഒപ്പം സഞ്ചരിക്കുമ്പോള്‍ കുന്ദന്റെ ചിന്തകളും വികാരങ്ങളും കാഴ്ചകളും വായനക്കാരനെ അതേപോലെ അനുഭവിപ്പിക്കാന്‍ എഴുത്തുകാരന് കഴിഞ്ഞിരിക്കുന്നു . തീര്‍ച്ചയായും വായനയില്‍ നല്ലൊരു അനുഭവം തന്നെയായിരുന്നു ഈ നോവല്‍ .

മരുഭൂമികള്‍ ഉണ്ടാകുന്നത് (നോവല്‍)
ആനന്ദ്
ഡി സി ബുക്സ്
വില : 295 രൂപ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.