സുതാര്യമായ ചില്ലുജനാലയിലൂടെ പച്ചവിരിച്ച പുറംലോകത്തെ കൗതുകത്തോടെ നോക്കിക്കണ്ടുകൊണ്ട് പ്രോവാൻസിലെ വാലെൻസോളിലേക്കുള്ള ട്രെയിനിൽ ആകാംക്ഷയോടെ ആൽബിയിരുന്നു. അങ്ങോട്ട് പോകാതിരിക്കാനാവില്ലായിരുന്നു. കാരണം അവൾ അവിടെ കാത്തു നിൽക്കുന്നുണ്ടെന്ന തോന്നൽ ഓരോ നിമിഷവും ഏറിക്കൊണ്ടിരിയ്ക്കുകയായിരുന്നു. ഈ കാത്തിരിപ്പ് അവളുടേത് മാത്രമല്ല, തന്റേത് കൂടിയാണ്. അതാണ് അതത്ര അസഹ്യമാക്കുന്നതും . സ്ഥലമെത്തിയപ്പോൾ അയാൾ റെയിൽവേ സ്റ്റേഷനിലിറങ്ങി കുറച്ചു നേരം അവിടെയുള്ള ബെഞ്ചിലിരുന്നു. വല്ലാത്ത പിരിമുറുക്കം, ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കിലെന്ന് തോന്നി. ഇപ്പോൾ പഴയത് പോലെ സ്ഥിരമായി സിഗരറ്റോ ഡ്രിങ്ക്സോ ഇല്ല. അടിമപ്പെടുത്തുന്ന ഒന്നും തന്നെ ജീവിതത്തിലില്ലെന്ന് പറയാം. തന്നിലേക്ക് നീളുന്ന പാതകളിലൂടെയുള്ള യാത്രകളൊഴിച്ചാൽ ഇന്ന് മറ്റൊരു നിർബന്ധങ്ങളുമില്ല. ശീലങ്ങളോരോന്നായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റങ്ങളെങ്ങോട്ടാണ് നയിക്കുന്നതെന്നൊന്നും അറിയില്ല. തന്റെ ജീവിതത്തിലെ ആകസ്മികതകളുടെ തേരോട്ടം, അടുത്ത നിമിഷത്തേക്കുറിച്ച് ആഗ്രഹിക്കുകയോ പ്രതീക്ഷിക്കുകയോ ചെയ്യുന്നതിൽ നിന്ന് അയാളെ വിലക്കി. തിരഞ്ഞു വന്നതെന്താണെന്നറിയാമെങ്കിലും, ഇവിടെയെന്താണ് തന്നെ കാത്തിരിക്കുന്നതെന്നോ, തിരിച്ചു പോകുന്നതെങ്ങനെയായിരിക്കുമെന്നോ അറിയില്ല. ഏതായാലും ഏപ്രിൽ, അവൾ അവിടെ ഉണ്ടാവണം. സമയമാകുമ്പോൾ വീണ്ടും കാണുമെന്ന് പറഞ്ഞതാണ്. ഇതാണ് ആ സമയമെന്നുള്ള ശക്തമായ തോന്നലിലാണ് മറ്റൊന്നുമാലോചിക്കാതെ ഇങ്ങോട്ട് തിരിച്ചത്.
ആൽബി ഒരു റെന്റൽ കാർ വാടകയ്ക്കെടുത്ത് ലാവെൻഡർ പാടങ്ങൾ തേടിയിറങ്ങി. ആദ്യം നോക്കെത്താദൂരത്തേക്ക് പരന്നു കിടക്കുന്ന ഗോതമ്പ് പാടങ്ങൾ വന്നു. പിന്നെ സുവർണസമുദ്രം പോലെ സൂര്യകാന്തിപ്പൂക്കളുടെ മഞ്ഞപ്പാടങ്ങൾ. അതുകഴിഞ്ഞു വീണ്ടും കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ താൻ തേടി വന്ന ലാവെൻഡർ പാടങ്ങളെത്തി. അയാളുടെ ശ്വാസം ഒരു നിമിഷം ഉള്ളിലെവിടെയോ ഉടക്കി നിന്നു. വയലറ്റ് നിറത്തിൽ അനന്തമായി നീളുന്ന ഈ പ്രദേശം ഒരുപക്ഷേ, ഭൂമിയുടെ ഏറ്റവും മനോഹരമായ ഖണ്ഡമാവണം. കാർ പാർക്ക് ചെയ്ത് ഡോർ തുറന്നപ്പോൾ കാറ്റിലലിഞ്ഞ ലാവെൻഡർ പൂക്കളുടെ ഗന്ധം അയാളുടെ നാസാരന്ധ്രങ്ങളിലേക്കരിച്ചു കയറി. ഇതാദ്യമായല്ല താനിവിടെ വരുന്നതെന്ന് തോന്നി. ആൽബി ഹെഡ്റെസ്റ്റിലേക്ക് തലചായ്ച്ചു ഒരു നിമിഷം കണ്ണടച്ച് അവിടെത്തന്നെയിരുന്നു. നിമീലിതനേത്രങ്ങളുടെ അകത്തളത്തിൽ മറ്റൊരു കാഴ്ച തെളിഞ്ഞു. തന്റെ സ്വപ്നം, പക്ഷേ ചുറ്റിലും ഒഴുകികിടന്നിരുന്ന വെളുത്തമേഘങ്ങൾ നേർത്തിരിക്കുന്നു. അതിനിടയിലൂടെ ലാവെൻഡർ പാടങ്ങൾ കാണാം. പരസ്പരം മുറുകെ പുണർന്നു നിൽക്കുന്ന രണ്ടു പ്രണയികളെയും. ആ അനുഭവം തന്നിലുണർത്തിയ വികാരങ്ങളെ നിയന്ത്രിക്കാൻ അയാൾ പാടുപെട്ടു. അയാളുടെ കണ്ണുകൾ നിറഞ്ഞു. ദീർഘമായി ശ്വസിച്ചു കൊണ്ട് ആൽബി കണ്ണുതുറന്ന് തന്റെ മുൻപിലെ യാഥാർഥ്യത്തിലേക്ക് കാല്കുത്തി.
ആ പൂക്കളുടെ പാടത്തിന്റെ നടുവിലൂടെ കുറേ ദൂരം നടന്ന അയാൾ അവയ്ക്കിടയിൽ ചെന്നു നിന്ന് രണ്ടു കയ്യും വിരിച്ച് ശ്വാസം അകത്തേക്കെടുക്കാവുന്നത്രയും എടുത്തു. ‘ ആൽബീ….’ പരിചിതമായ ആ ശബ്ദംകേട്ട് ആൽബിയുടെ ഹൃദയത്തിൽ നിന്നും ഒരു ചിരി മുഖത്തേക്ക് പടർന്നു. ‘ഏപ്രിൽ…’ അയാളുടെ മുഖം ആഹ്ലാദം കൊണ്ട് ലാവെൻഡർ പാടം പോലെ പൂത്തുലഞ്ഞു. അവളെടുത്തുണ്ടായിരുന്നപ്പോൾ തന്റെ മുൻപിൽ കാഴ്ചയ്ക്ക് മങ്ങലേൽപ്പിക്കുന്ന വിഷാദത്തിന്റെ ധൂമപാളികളുണ്ടായിരുന്നു. ഇന്ന് അവളെ വ്യക്തമായി കാണാം. അത്ര നാളും കണ്ട വേഷത്തിലോ ഭാവത്തിലോ അല്ല അവളിപ്പോൾ മുൻപിൽ വന്നു നിൽക്കുന്നത്. അവളാ പ്രകൃതിയുടെ ഭാഗമാണെന്ന് തോന്നും, തന്റെയും. വെളുപ്പിൽ ചെറിയ വയലറ്റ് ലാവെൻഡർ പൂക്കളുള്ള പിനഫോർ ഡ്രസ്സ് അവളുടെ ശരീരത്തെ തഴുകി ഒഴുകിക്കിടക്കുന്നു. തെളിഞ്ഞ നീണ്ട മുഖം, ബ്രൗൺ കണ്ണുകൾ, നേർത്ത മൂക്ക്, മനോഹരമായ ചുണ്ടുകൾ, അഴിച്ചിട്ട പാറിപ്പറന്ന തലമുടിയിഴകളിൽ കലർന്നു കിടക്കുന്ന ചെമ്പൻ നൂലുകൾ. മനസ്സിലൊരു രേഖാചിത്രം വരച്ചിടാനെന്നപോലെ അവളുടെ മുഖം അയാൾ സസൂക്ഷ്മം വീക്ഷിച്ചു. ഒരുപക്ഷേ, ഈ ജന്മത്തിലെ അവസാന കൂടിക്കാഴ്ച. മനസ്സ് നിറഞ്ഞ സന്തോഷത്തിനിടയിലും ഹൃദയം പിടഞ്ഞു. അനുഭവങ്ങൾ പകർന്ന കൗതുകങ്ങൾ തേടി വരുമ്പോഴും താൻ ഏപ്രിലിനെ പ്രണയിച്ചു തുടങ്ങിയോ എന്ന് ആൽബിക്ക് അറിയില്ലായിരുന്നു, പക്ഷേ ഈ ലാവെൻഡർ പാടങ്ങൾ കണ്ണിൽ തെളിഞ്ഞത് മുതൽ മനസ്സിൽ തീക്ഷ്ണമായ, പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു വികാരം അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. അവളുടെ ചിരിക്കുന്ന കണ്ണുകളിലേക്ക് നോക്കിനിൽക്കുമ്പോൾ ആൽബി കണ്ടത് തന്നെ തന്നെയാണ്. ജീവിതപാതയിലെ നഷ്ടങ്ങൾക്കിടയിൽ കളഞ്ഞു പോയ ആൽബിയെ. ആ കണ്ണുകളിൽ അതേ തിരിച്ചറിവ്. അതേ ആർദ്രത. അതേ പ്രണയം. അവരാ സ്വപ്നഭൂമിയിൽ പരസ്പരം കണ്ണുകളിലേക്ക് നോക്കി സ്വയം മറന്ന് ഏറെ നേരം നിന്നു.
‘ ഏപ്രിലിന് അറിയുമായിരുന്നോ അത് ഞാനാണെന്ന്?’ ആൽബി അവളുടെ കണ്ണുകളിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു. ‘ഉം.’ അവൾ ഭാവഭേദമില്ലാതെ പറഞ്ഞു. ‘ ആൽബി കഥ പറഞ്ഞു തുടങ്ങി ആ സ്വപ്നത്തെക്കുറിച്ച് പറഞ്ഞ നിമിഷം ഞാനത് മനസ്സിലാക്കിയതാണ്. പക്ഷേ, അവനിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയപ്പോൾ വീണ്ടും സംശയമായി, കാരണം അതിലും ഭ്രാന്തമായി ഇനി ആൽബിക്ക് ആരെയെങ്കിലും സ്നേഹിക്കാനാവുമോ എന്ന ഒരു തോന്നൽ. പിന്നെ ആ കഥ അങ്ങനെ അവസാനിച്ചല്ലോ. അവനിയായിരുന്നു തന്റെ ജന്മനിയോഗമെങ്കിൽ, അങ്ങനെയൊരു വേദന സമ്മാനിച്ച് അവൾ മടങ്ങില്ലായിരുന്നല്ലോ. ‘ഏപ്രിൽ ഒന്ന് നിർത്തിയശേഷം തുടർന്നു. ‘ ഷീ വാസ് എ ബ്രിഡ്ജ് ടു മീ, എ ബ്രിഡ്ജ് ടു യുവർസെല്ഫ് ആൽബി.’
‘ രണ്ടു ലോകങ്ങളിൽ നിന്നുകൊണ്ട് സ്വന്തം ആത്മാവിന്റെ മറുപാതിയെ തനിക്ക് തിരിച്ചറിയാനാവുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല. അതുകൊണ്ടാണ് സമയമാവുമ്പോൾ കാണാമെന്ന് പറഞ്ഞത്. പക്ഷേ, അത് തന്റെ ഈ ജന്മത്തിലുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല ആൽബി. ഒരുപക്ഷെ നിയോഗമാവാം, അതുകൊണ്ടാവും ശരീരം നഷ്ടപ്പെട്ടിട്ടും ഞാനും ഇന്നിവിടെ വന്നു നിൽക്കുന്നത്.’ അവൾ പ്രസന്നമായി പറഞ്ഞു. ആൽബി ദീർഘനിശ്വാസമയച്ചുകൊണ്ട് കണ്ണടച്ചു. അയാൾ പതുക്കെ പാടങ്ങളുടെ ഇടയിലെ വരമ്പിലിരുന്നു. ഏപ്രിൽ അയാളുടെ അടുത്ത് ചെന്നിരുന്നു. ‘ താനെന്നിട്ടെന്താ എനിക്കൊരു സൂചന പോലും തരാതിരുന്നത്?’ അയാൾ അവളുടെ മുഖത്ത് നോക്കി. ‘അതെനിക്ക് തരാനാവില്ലായിരുന്നു ആൽബി. തനിക്ക് കിട്ടേണ്ട ഉത്തരങ്ങൾ തന്നെ തിരഞ്ഞു വരേണ്ടതായിരുന്നു. നമുക്ക് വേണ്ടി ഒരുത്തരവും കണ്ടെത്തിത്തരാൻ മറ്റാർക്കുമാവില്ല. ഇനി അങ്ങനെ സംഭവിച്ചാലും, ആ സമയത്ത് അത് സ്വീകരിക്കാൻ മനസ്സ് പാകപ്പെട്ടിട്ടുണ്ടാവില്ല. സമയം എന്നത് ഈ ഭൂമിയിലെ ജീവിതത്തിൽ വലിയൊരു ഘടകമാണ് ആൽബി. പക്ഷേ, സമയത്തിന്റെ ആ നിയമങ്ങളെ ലംഘിച്ചുകൊണ്ടാണ് ഞാൻ തന്റെയടുത്തെത്തിയതും, താൻ എന്നെത്തേടി വന്നതും.’ അവൾ വിശദീകരിക്കാൻ ശ്രമിച്ചു.
‘ താനെന്നെയെങ്ങനെ തേടി വന്നു? ആ അപാർട്മെന്റ് മാത്രമാണോ കാരണം? ‘ അയാൾക്ക് ആകാംക്ഷയായി. ‘അല്ല, ആൽബി കണ്ടിരുന്ന അതേ സ്വപ്നം… അത് ഞാനും കണ്ടിരുന്നു. ജീവിച്ചിരിക്കുമ്പോഴത്രയും ഞാൻ തിരഞ്ഞത് ഈ ലാവെൻഡർ പാടങ്ങൾക്കിടയിൽ ഞാൻ മുറുകെ പുണർന്നു നിന്നിരുന്ന എന്റെ മറുപാതിയെയാണ്.’ പ്രണയം തുളുമ്പുന്ന കണ്ണുകളോടെ അവൾ അയാളെ നോക്കി. ‘അതാണ് മരിക്കും മുൻപ് മനസ്സിൽ തെളിഞ്ഞ അവസാന ചിത്രവും. എവിടയോ എന്നെ കാത്തിരിക്കുന്ന ആളെ കാണാനുള്ള എന്റെ ആത്മാവിന്റെ തീവ്രമായ ആഗ്രഹമാവാം തന്റെയടുത്തേക്ക് നയിച്ചത്. ആ അപാർട്മെന്റ്, അതും ഒരു നിയോഗം മാത്രമാണ്. ഓരോ ബന്ധങ്ങളും അങ്ങനെത്തന്നെയാണ്, എവിടെയോ തുടങ്ങുന്നു, ഏതൊക്കെയോ കരാറുകളിൽ ഒപ്പിടുന്നു, പിരിയുന്നു, വീണ്ടും മറ്റേതോ ജന്മങ്ങളിൽ കണ്ടുമുട്ടുന്നു. നമ്മൾ ആത്മാവ് കൊണ്ട് എന്നോ ബന്ധിപ്പിക്കപ്പെട്ടവരാണ് ആൽബി, മറ്റെല്ലാ ബന്ധങ്ങളെക്കാൾ ദൃഢമായി. ആരോ കാത്തിരിക്കുന്നുണ്ട ആ ഒരൊറ്റ തോന്നലായിരിക്കണം ജന്മങ്ങളോളം നമ്മുടെ ഈ യാത്ര തുടരാൻ പ്രേരിപ്പിക്കുന്നത്.’
‘ ഒന്നിക്കാനല്ലെങ്കിൽ പിന്നെ, ഇതൊക്കെയറിയുന്നതിന് എന്താണ് പ്രസക്തി? വെറുതെ നിരാശപ്പെടാനോ?’ ആൽബിയ്ക്ക് ദുഃഖം തോന്നി. ‘ആൽബി, ഇപ്പോൾ ഇതൊക്കെ അറിയാനായി നമ്മൾ മനപ്പൂർവം ശ്രമിച്ചതല്ലല്ലോ. ഇത് താനറിഞ്ഞത് പോലെ, ഞാനറിഞ്ഞത് പോലെ, എല്ലാവരും അറിയുന്ന ഒന്നല്ല. ഈ കണ്ടുമുട്ടൽ ഒരു നിയോഗം മാത്രം. ഒന്നുകിൽ എന്നോ കഴിഞ്ഞു പോയ ഒരു കൂടിക്കാഴ്ചയുടെ ഒരോർമ്മ, അല്ലെങ്കിൽ വിദൂരമായ ഭാവിയിലെ ഏതോ ജന്മത്തിൽ, സംഭവിക്കേണ്ടതിനെക്കുറിച്ചുള്ളഉൾക്കാഴ്ച പോലെയൊരനുഭവം. അതൊന്നുമല്ലെങ്കിൽ മറ്റേതോ സമാന്തര ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന, ഈ നിമിഷം പോലെ, മറ്റൊരു യാഥാർഥ്യം. പക്ഷേ, ഈയൊരനുഭവം താണ്ടിയാലേ നമുക്ക് ഈ ജന്മം തുടരാനാവുമായിരിക്കൂ. ചിലപ്പോൾ ഒരുറപ്പ്. ഒരാൾ കാത്തിരിക്കുന്നുണ്ടെന്നതിനുള്ള ഉറപ്പ്. ആ കാത്തിരിപ്പ് നൽകുന്ന പ്രതീക്ഷ. ‘ അവൾ ആൽബിയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ‘ കാത്തിരിപ്പിന്റെ പ്രതീക്ഷ?’ ആൽബിയുടെ മുഖത്ത് പരിഹാസം നിറഞ്ഞു. ‘ പ്രണയമൊരു വികാരം മാത്രമല്ല ആൽബി, അതൊരു തിരിച്ചറിവാണ്. ആത്മാവിനെ പരിശുദ്ധമാക്കാൻ പ്രണയത്തിന് സാധിക്കും. ഓരോ ആത്മാവിനും ഓരോ നിയോഗമുണ്ട്, അപൂർവം ചിലർക്ക് ഒന്നിച്ചു തുഴയാനൊരു മറുപാതിയും അതിന്റെ ഭാഗമായിരിക്കും. ഏപ്രിലും ആൽബിയും പോലെ.’
‘നമ്മളൊന്നിക്കാനുള്ള സമയമായിട്ടില്ല ആൽബി. നമുക്കിടയിൽ നിലനിൽക്കുന്ന വിടവുകൾ നമ്മുടെയുള്ളിൽ തന്നെയാണ്. ശരീരത്തിന്റെ അതിർത്തികൾ കടന്ന്, മനസ്സിന്റെ അതിർത്തികൾ കടന്ന്, ആത്മാവിനെ ബന്ധിപ്പിക്കുന്ന ആ പ്രണയത്തിലേക്കുള്ള ദൂരമാണ് ആൽബിയിൽ നിന്നും എന്നിലേക്കുള്ള ദൂരം. പ്രണയം കൊണ്ട് മാത്രമേ ആ ദൂരം താണ്ടാനാകൂ. നമ്മൾ വീണ്ടും കണ്ടുമുട്ടും. അതുവരെ, ആൽബിയിലേക്കെത്തുന്ന ഓരോ അനുഭവവവും എന്നിലേയ്ക്കുള്ള ദൂരം കുറയ്ക്കട്ടെ.’ ഏപ്രിൽ തന്നിലേക്കുള്ള വഴിയാണ് തുറന്നു കൊടുത്തത്. ആൽബിയുടെ സാന്നിധ്യം അവളുടെ ആത്മാവിന് ശാന്തിയേകിയിരുന്നു. അവൾ അയാളുടെ അടുത്തേക്ക് ചേർന്നിരുന്നു. അവളുടെ മുഖത്ത് ചിരി പരന്നു.’ ഇന്നെന്താ സാധാരണയുള്ള സിഗരറ്റിന്റെ ഗന്ധമില്ലല്ലോ ആൽബിയ്ക്ക്!’ അയാൾ അവളെ നോക്കി ചിരിച്ചു. ‘ എനിക്കെന്തിനാ ഏപ്രിൽ ഇനി മറ്റൊരു ഗന്ധം? ഈ ലാവെൻഡർ പാടവും ഈ ഗന്ധവും നമ്മളൊന്നിച്ചുള്ള ഈ നിമിഷവും. ഇതിനപ്പുറത്തേക്ക് മറ്റെന്ത് അടയാളമാണ് നിനക്കായി ഞാൻ അവശേഷിപ്പിക്കേണ്ടത്?’ ആൽബി കൈ നീട്ടി ലാവെൻഡർ പൂക്കളുള്ള ഒരു തണ്ടൊടിച്ചു ഏപ്രിലിന് നേരെ നീട്ടി. ഏപ്രിൽ രണ്ടു കൈകളും ആ കൈകൾക്ക് മുകളിൽ കൊരുത്തു. ഒരു തണുത്തകാറ്റ് പോലെ അവളുടെ സ്പർശത്തിന്റെ കുളിര് അയാളിലേക്ക് പടർന്നു. ആൽബി അവളുടെ കണ്ണുകളുടെ ആഴങ്ങളിലേക്കിറങ്ങി. ഒരു മനുഷ്യായുസ്സിലനുഭവിക്കാവുന്ന ഏറ്റവും വലിയ ആനന്ദം അയാളാ നിമിഷമറിഞ്ഞു. അലൗകികമായ പ്രണയത്തിൽ കൊരുത്തിട്ട അഭേദ്യമായ ആത്മബന്ധം. ആത്മാവിന്റെ മറുപാതി.’ആം സോർ….’ ഏപ്രിൽ മന്ത്രിച്ചു.’ആം സോർ…’ ആൽബിയുടെ ഹൃദയത്തിൽ തട്ടി അതിന്റെ മറ്റൊലി ഉയർന്നു. പരസ്പരസാന്നിധ്യത്തിന്റെ നിർവൃതിയിൽ ലയിച്ച് അവരാ ലാവെൻഡറുകളുടെ ഭൂമിയിൽ ഏറെ നേരമിരുന്നു.
തിരിച്ചു നാട്ടിലെത്തിയ ശേഷം ആൽബി മായയെ വിളിച്ച് അവളുടെ വീടിനടുത്തുള്ള കോഫീഷോപ്പിൽ വെച്ച് കാണണമെന്ന് പറഞ്ഞു. അവർക്കിടയിലെ ഔപചാരികതകൾ അതിനിടയിൽ തന്നെ മായ്ഞ്ഞു തുടങ്ങിരിയിരുന്നു. അന്ന് മറൈൻ ഡ്രൈവിൽ വെച്ച് കണ്ടു സംസാരിച്ച ശേഷം ആ സൗഹൃദം വളർന്നു. അന്നവൾ ഏപ്രിലിനെക്കുറിച്ച് പറഞ്ഞ നിമിഷം തീരുമാനിച്ചതാണ് പ്രൊവാൻസിലേക്കുള്ള യാത്ര. മനസ്സിൽ ആഗ്രഹമുണ്ടായിരുന്നെങ്കിലും ദീർഘദൂരയാത്രകൾ അതുവരെ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നില്ല. സ്വയം തീർത്ത ജീവിതത്തിന്റെ അതിർത്തികൾ കാലം മായ്ച്ചെഴുതിക്കൊണ്ടേ ഇരിക്കുന്നു. ആൽബി ഏപ്രിലിനെക്കുറിച്ച് മായയോട് പറഞ്ഞില്ല. അത് തന്റെ ആത്മാവിന്റെ സ്വകാര്യതയായി നിലനിർത്താൻ അയാളാഗ്രഹിച്ചു. ഫ്രാൻസിൽ പോകുന്നതിനെക്കുറിച്ച് പറഞ്ഞപ്പോൾ ലാവെൻഡർ ഓയിൽ കൊണ്ടുവരണമെന്ന് അവൾ പറഞ്ഞിരുന്നു. മായയ്ക്കത് മായയുടെ ഗന്ധമല്ല. അവളുടെ പപ്പ സമ്മാനിച്ച ഓർമ്മകളുടെ ഗന്ധമാണ്. അവനിയും മായയും ഏപ്രിലും തന്നിലേക്ക് പല തലങ്ങളിൽ ബന്ധിപ്പിക്കപ്പെട്ട കണ്ണികളാണെന്ന് ആൽബി തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു.
‘ ഇതാ…നീ പറഞ്ഞ സാധനം. തുറന്നു നോക്ക്.’ അയാൾ തനിക്ക് മുൻപിലുള്ള ഗിഫ്റ്റ് ബോക്സ് മായയുടെ മുൻപിലേക്ക് നീക്കി വെച്ചു. ‘താങ്ക് യു.’ അവൾ ചിരിച്ചു കൊണ്ട് ആ ബോക്സ് തുറന്നു. വയലറ്റ് നിറത്തിലുള്ള മനോഹരമായ ഒരു ചില്ലുകുപ്പി. അവൾ അത് കയ്യിലെടുത്ത് മൂടി തുറന്നു. ലാവെൻഡറിന്റെ സുഗന്ധം ആ കോഫീ ഷോപ്പിലെ അന്തരീക്ഷത്തിൽ നിറഞ്ഞു. വ്യത്യസ്തമെങ്കിലും, ഓർമ്മകളുടെ സുഗന്ധത്തിൽ ഇരുവരും ഒരു നിമിഷം മൗനം പാലിച്ചു. ‘ ഈ ഗന്ധം സമ്മാനിക്കുന്ന ഓർമ്മകൾ എനിക്കെത്ര വിലപ്പെട്ടതാണെന്ന് പറഞ്ഞറിയിക്കാനാവില്ല. താങ്ക്സ് ആൽബി.’ അവൾ നിറകണ്ണുകളോടെ പുഞ്ചിരിച്ചു. ‘ കണ്ണു തുടയ്ക്ക്. ഈ ഗിഫ്റ്റിനു പകരം താങ്ക്സ് മതിയെന്ന് ഞാൻ പറഞ്ഞിട്ടില്ല.’ ആൽബിയുടെ മുഖത്ത് കുസൃതി നിറഞ്ഞു. ‘പിന്നെ? ‘ മായ സംശയത്തോടെ നോക്കി. ‘ എന്നെ കല്യാണം കഴിക്കണം.’ ആൽബി ഭാവഭേദമില്ലാതെ പറഞ്ഞു. ‘ ഫ്രാൻസിൽ നിന്ന് ഒരു കുപ്പി ലാവെൻഡർ ഓയിൽ കൊണ്ടു തന്നതിനോ?’ മായ ചിരിച്ചുകൊണ്ട് ചോദിച്ചു.
അയാൾ പുഞ്ചിരിച്ച ശേഷം ശക്തിയായി ശ്വാസമയച്ചു. ‘മായാ, ഒരേ അനുഭവങ്ങളുടെ വ്യത്യസ്തഭാവങ്ങളനുഭവിച്ചവരാണ് നമ്മൾ രണ്ടുപേരും. നിനക്ക് എന്നെയും, എനിക്ക് നിന്നെയും നന്നായി മനസ്സിലാക്കാനും സ്നേഹിക്കാനും കഴിയും. അതിനു വേണ്ടിയായിരിക്കണം ഇത്രയും വർഷങ്ങൾക്കും അനുഭവങ്ങൾക്കും ശേഷം നമ്മൾ കണ്ടുമുട്ടിയതെന്ന് നിനക്ക് ഒരിക്കലും തോന്നിയിട്ടില്ലേ?’ ആൽബി മായയുടെ മുഖത്തേക്ക് നോക്കി ഒരുത്തരത്തിനായി കാത്തു നിന്നു. ‘ അറിയില്ല, അങ്ങനെയൊന്നും ഞാൻ ചിന്തിച്ചിട്ടില്ല. പക്ഷേ, ആൽബിയെ എനിക്കിഷ്ടമാണ്.’ അവൾ തന്റെ കയ്യിലെ കുപ്പിയിലേക്ക് നോക്കി. ‘അന്ന് റോഡ് ക്രോസ്സ് ചെയ്യുമ്പോൾ ആൽബിയെന്റെ കയ്യിൽ പിടിച്ചില്ലേ, പപ്പ മരിച്ചതിനു ശേഷം അന്നാദ്യമായാണ് എനിക്ക് അത്രയും സുരക്ഷിതത്വം അനുഭവപ്പെടുന്നത്. ആൽബിയോട് സംസാരിക്കുമ്പോഴൊക്കെ നഷ്ടപ്പെട്ട എന്തൊക്കെയോ തിരിച്ച് കിട്ടിയത്പോലെ തോന്നും. ഒരു വല്ലാത്ത സെൻസ് ഓഫ് ബിലോങ്ങിൻഗ് ‘ അവൾ ഒന്ന് നിർത്തിയ ശേഷം ആൽബിയുടെ കണ്ണുകളിലേക്ക് നോക്കി. ‘ഈ ജീവിതം ആൽബിയ്ക്കൊപ്പം ചിലവഴിക്കാൻ ഞാൻ തയ്യാറാണ്.’ അയാൾ ചിരിച്ചുകൊണ്ട് അവളുടെ കൈവിരലുകൾക്കിടയിൽ വിരൽകോർത്ത് മുറുകെ പിടിച്ചു.
‘അടുത്ത ഏപ്രിൽ പതിനൊന്നിന് മതി മാര്യേജ്.’ കോഫിഷോപ്പിൽ നിന്ന് പുറത്തിറങ്ങുന്നതിനിടയിൽ മായ പറഞ്ഞു ആൽബി അമ്പരപ്പോടെ അവളെ നോക്കി. ‘ഏപ്രിൽ പതിനൊന്ന്. ലിസിയുടെ ബർത്ത്ഡേ. നമ്മൾ പരിചയപ്പെട്ടില്ലെന്നേ ഉള്ളൂ, ഞാൻ ആൽബിയെ ആദ്യമായി കാണുന്നത് അന്നാണ്. പപ്പ മരിച്ച വിഷമത്തിൽ അന്നൊക്കെ ആരോടെങ്കിലും സംസാരിക്കുന്നത് തന്നെ ബുദ്ധിമുട്ടായിരുന്നു. അതുകൊണ്ട് അങ്ങനെയൊരു സന്ദർഭം ഞാൻ അന്ന് ഒഴിവാക്കിയതാണ്. ‘ അവൾ പ്രസന്നമായി പുഞ്ചിരിച്ചു കൊണ്ടു പറഞ്ഞു. ആൽബിയ്ക്ക് തിരിച്ചെന്ത് പറയണമെന്ന് അറിയില്ലായിരുന്നു. ലിസിയും അവനിയും ഏപ്രിലും അയാളുടെ മനസ്സിൽ മിന്നിമറഞ്ഞു. അയാൾ ശരിയെന്ന അർത്ഥത്തിൽ തലയാട്ടുക മാത്രം ചെയ്തു. നിറഞ്ഞ കണ്ണുകൾക്ക് മറയായി പോക്കറ്റിൽ നിന്ന് കൂളിംഗ് ഗ്ലാസ് എടുത്തണിഞ്ഞു. തന്റെ ജീവിതത്തിലെ എല്ലാ കഥകളും തുടങ്ങുന്നതും അവസാനിക്കുന്നതും തന്നിൽ തന്നെയാണെന്ന തിരിച്ചറിവോടെ മായയുടെ കൈപിടിച്ച് ആൽബി കാറിനടുത്തേക്ക് നടന്നു.
( അവസാനിച്ചു )