ചരിത്രത്തിൽ നിന്ന് ഒഴിവാക്കപ്പെടുമ്പോൾ
ജീവിച്ചിരുന്ന അടയാളങ്ങളൊക്കെയും
പല തവണമായ്ച്ചു കളയണം.
കാരണം മായ്ക്കും തോറും ഉയിർക്കുന്നവരാണവർ,
ശ്വസിക്കുന്നതും
പകരുന്നതും
സ്വാതന്ത്ര്യം.
നടുങ്ങനെ വിലങ്ങനെ
അളന്നാലും
ഉറച്ച ബോധ്യം.
മരണത്തിലും
മായാത്ത വിശ്വാസം.
സ്വന്തമായി
വിശാലമായൊരാകാശം
ഒരു കീറ് നിലാവെട്ടം.
ഇത്ര പോരും.
ശ്വസിക്കുന്നതും
കഴിക്കുന്നതും
സ്വാതന്ത്ര്യം.
അതിൻ്റെ അണയാത്ത വീര്യം,
എല്ലാം നഷ്ടപ്പെട്ടവർ,
ഒന്നും പകുത്തു കിട്ടാത്തവർ,
മറവിരോഗം കൊണ്ടു പോലും
മായ്ച്ച് കളയാനാകാത്തവർ.
കാലം -ദേശം – ഭാഷ അതിർത്തി,
ഭേദമില്ലാത്തവർ.
ഭയമില്ലാത്ത ചോദ്യങ്ങളും
ഒളിച്ചുവയ്ക്കാത്ത സംശയങ്ങൾ
ആശയങ്ങൾ
ആവിഷ്ക്കാരങ്ങൾ
തെളിഞ്ഞ ശബ്ദത്തിലുറക്കെ ചോദിക്കുന്നവർ.
അധികാര കോമാളിത്തരങ്ങൾക്കെതിരെ
നീട്ടിയ ചൂണ്ടു വിരലുകൾ,
ഇത്രയുമായാൽ
മതി.
മായ്ച്ചുകളയുക.
എന്നാൽ
എത്ര മായ്ച്ചുകളഞ്ഞാലു-
ഉയിയിർക്കുന്ന ചിലതുണ്ട്,
ചില ഇടങ്ങൾ
ഹൃദയത്തിൽ കോറിയിട്ട ചിലതൊക്കെ.
മറവിയ്ക്കെതിരെയുള്ള വലിയ കലാപമാണത്.
മറവിക്കു നേരെ ഓർമ്മകൾ നടത്തുന്ന സമരങ്ങളാണത്.