വെളിപാട്

സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
പുതിയ അറിയിപ്പുണ്ട്

കണ്ണീർ വറ്റിയ
ഹൃദയഭൂമികയിൽ
രക്തംവലിച്ചൂറ്റുന്ന
തണൽ മരങ്ങളാണ്
വഴികാട്ടികൾ

ഉറച്ചോടുന്ന
കുഞ്ഞനുറുമ്പുകൾ
തടിച്ചു കൊഴുക്കുന്ന
കുളയട്ടകളുടെ
പേടിപെടുത്തുന്ന
ഓർമ്മ കളാകുന്നുണ്ട്

ഹരിച്ചിട്ടും
ഗുണിച്ചിട്ടും
ഉത്തരങ്ങൾ
ഒന്ന് തന്നെയെന്ന
വിലാപങ്ങൾ
അനാഥശവം പോലെ
എങ്ങും ചിതറി കിടക്കുന്നുണ്ട്

ശരിയുത്തരങ്ങൾതേടിയുള്ള
അക്ഷരങ്ങളുടെ
വിലാപയാത്ര
നിരോധിച്ചതായി
വാറോല വന്നിരിക്കുന്നു

അക്ഷരങ്ങൾ
അൺപാർലിമെന്ററിയാണത്രേ

തൃശൂർ ജില്ലയിൽ കൊടകരയിൽ താമസിക്കുന്നു. KSRTC യിൽ കണ്ടക്ടർ ആയി ജോലിചെയ്യുന്നു.