ഒച്ചകളെല്ലാമസ്തമിച്ച പാതിരാത്രി
ടെറസിലെ ഇരുട്ടിലിരുന്ന്
അങ്ങോട്ടുമിങ്ങോട്ടും പറന്നുള്ള കളി നിർത്തിയ
വണ്ടിനൊപ്പം നിലാവു കാണുന്നു.
അതു കൂടെയുണ്ടല്ലോ എന്നതാണ്
എൻ്റെ ധൈര്യം.
നോക്കിയാൽ കാണാം പള്ളിശ്മശാനം
ആളൊഴിഞ്ഞ നീണ്ട റോഡ്, പരുങ്ങും വെളിച്ചം
ഞാൻ കൂടെയുണ്ടല്ലോ എന്നതാവാം
അതിൻ്റെ ധൈര്യം.
മലർന്നു കിടന്ന് കൈകാലുകൾ ഇളക്കിക്കൊണ്ട് ഞങ്ങൾ
ഒരേ നക്ഷത്രങ്ങളെ കാണുന്നു
ഒരേ ആകാശം
ഒരേ മേഘത്തുണ്ടുകൾ
ഒരേ നിലാവ് ഒരേ ചന്ദ്രൻ
ഭിന്നമായിടാം
ഉൾക്കിനാക്കൾ മാത്രം.
നിലാവു കുടിച്ചു കുടിച്ച്
അത് ഉറങ്ങി
എന്തെങ്കിലും ഒച്ച കേട്ടാൽ
വിളിച്ചുണർത്താലോ എന്ന ചിന്തയിൽ
അതിനെ നോക്കി നോക്കി ഞാനുമുറങ്ങി
കൊഴിഞ്ഞൂ രാത്രി
പിറന്നൂ പുലർവെട്ടം
വണ്ട് അതിൻ്റെ തിരക്കുകളിലേക്കും
ഞാനോ എൻ്റെ തിരക്കുകളിലേക്കും പറന്നു.
ഒരുമിച്ചു കണ്ട നിലാവിനെ
അതിപ്പോൾ
പൂക്കളിൽ കൊത്തിവെക്കുന്നത്
എൻ്റെ കണ്ണുകളിൽ തെളിയുന്നു