രക്തം നിറയെ കുയിലുകൾ

കാമമെന്ന വാക്ക് പലർക്കും
ഹോമമെന്ന വാക്കിനോളം
പൊള്ളലാർന്നതും
ജുഗുപ്സാവഹവുമത്രേ !

കാമം
ഒരവയവത്തിന്റെ മാത്രം
‘കുരുത്തക്കേടാ’ണെന്ന്
ആരാണ് പറഞ്ഞു വച്ചത് ?
‘സദാ ചാരാ’ർഹമായ
വ്യർഥ നിഗമനം !

നാവിനും നാസികയ്ക്കും
ഭോഗേച്ഛയില്ലേ…?
സങ്കല്പത്തിലാട്ടെ ജാഗരത്തിലാട്ടെ
നവം നവങ്ങളായ
രുചിവൈവിധ്യങ്ങളെയും
ഗന്ധവൈചിത്ര്യങ്ങളെയും
തേടിയുള്ള നിരന്തര
സഞ്ചാരവഴികളിലല്ലേ അവ…?

ഘനമധുര ശബ്ദങ്ങളാൽ
സർവദാ രതിക്രീഡയിച്ഛിക്കുന്ന
കാതിനും…
മഴവില്ലുകളുമായി പരസ്യ
സംഭോഗത്തിലേർപ്പെടുന്ന
കണ്ണിനും
കാമമില്ലെന്നാണോ…?

നഖമുനയാലൊരുഗ്രൻ
തിരുമ്പിക്കറക്കലല്ലേ
കവിളിൽ പ്രായം
തികഞ്ഞു പഴുത്തു
കരുകരുക്കുന്ന
മുഖക്കുരു മോഹിക്കുന്ന രതി…?

കടലാസിനെ പ്രാപിച്ച്
കാമം തീർത്ത്
രേതസ്സിറ്റുന്ന തൂലികയും…
കാൻവാസിൽ ദാഹം തീർക്കെ
രമിച്ചു വിയർക്കുന്ന ചായക്കോലും…
പുതു സൃഷ്ടികൾക്ക്
പിതാക്കളാവുകയല്ലേ…?

ഓരോ നെന്മണിയും
പിറവിയെടുത്ത്
ഉടഞ്ഞുമിയുരിഞ്ഞ്
ഉടൽ യൗവനപ്പെട്ട്
ചോറാകുന്നതും
മറ്റൊന്നിനല്ല….
ദഹനേന്ദ്രിയത്തിന്റെ
തരംഗസംഭോഗസൗഖ്യം
അനുഭവിക്കലാണ്
അതിന്റെ പരമകാഷ്ഠ…!

കാമം ഒരവയവത്തിന്റെ
കുത്തകയാണെന്ന
അബദ്ധം
കാമം പാപമാണെന്ന
വിരുദ്ധം
ആരായിരിക്കും ആദ്യം
പടച്ചുണ്ടാക്കിയത്…?
ഏതു നേരിന്റെ മുഖം
മറയ്ക്കാനായിരിക്കും
ഈ കളവിന്റെ സ്വർണപ്പിഞ്ഞാണം
അവരുപയോഗിച്ചത്…?

കാമശൂന്യമാവണം
പ്രേമമെന്ന വാദം
എത്രയസാധുവാണ്…!
പരമ്പരാസാധ്യതകളുടെ പാഠം
സൗകര്യപൂർവം
മറന്നുകളഞ്ഞ ഒരു
പനിനീർപ്പൂവു പോലെ
ഒരേസമയം
മനോഹരവും
നിഷ്ഫലവുമാണത്…!

കാമത്തിൽ നിന്നും
അടർത്തിയെടുത്ത പ്രണയം
പാരാഫിൻ ഓയിലിൽ നിന്ന്
പുറത്തെടുത്ത
സോഡിയം പോലെയാണ്…!
പുരാണവും തിരുത്ത്
ആവശ്യപ്പെടുന്നു…!
കാമൻ രതിയുടെ കാന്തനല്ല
ജ്യേഷ്ഠനാണ്…!

തുടർച്ചയുടെ
തൂലികാനാമമാണ് കാമം…!
കാമമല്ലാത്തതൊന്നും
ഉർവരമല്ല എന്നാൽ….
ഉർവരമല്ലാത്തയിടത്തും
കാമം കുടി പാർക്കുന്നു…!

ജീവിതമെന്ന
മഹാരോഗത്തിന്റെ
പിടിവാശികളെയെല്ലാം
ചേർത്ത് ഒറ്റവാക്കിൽ
വിളിക്കാവുന്നത്…!
ആ രോഗമവസാനിക്കുന്ന കറുത്ത
ഇടനാഴിയിൽ വച്ചു മാത്രം
യാത്രചോദിക്കുന്നത്…!
ഡിസംബറിലെ
കുയിലുകളെപ്പോലെ
ഓരോ നാഡിമിടിപ്പിലൂടെയും
സംഗീതം സ്രവിപ്പിക്കുന്നത്…!
താളപ്പെരുക്കങ്ങളിലെ
അനന്തസാധ്യതകൾ കൊണ്ട്
മാത്രാനിയമങ്ങളെ
അമ്പരപ്പിക്കുന്നത്….!

കാമത്തോളം കലർപ്പറ്റതായി
ഭൂമിയിൽ കാലം
ഒന്നും കരുതിവച്ചിട്ടില്ലെന്നതും
കാമമില്ലാത്ത കാലം
കാലനില്ലാത്ത കാലത്തിന്റെ
മറുപുറം തന്നെയെന്നതും
കൽപാന്ത സത്യം…!

കാമത്തിന്റെ
സമുദ്രയാനത്തിൽ
ദിശതെറ്റിപ്പോകുന്ന
യാമസന്ധികളിൽ മാത്രം
വിളക്കുമാടമായി
പ്രകാശിക്കാൻ ചുമതലയുള്ള
പ്രണയത്തിന്റെ
കള്ളക്കൽക്കണ്ടം കൂട്ടി
വെള്ളം തൊടാതെ
ആ നേരിനെ
നുണഞ്ഞിറക്കുക…

കമനീയമായതെന്തും
കാമ്യമായതെന്തും
കാമത്തിന്റെ കൊട്ടാരമാകുന്നു…!
മുനി മൗനത്തിലൂടൂർന്നിറങ്ങി
മുക്കുവപ്പെണ്ണിലൂടുയിർത്ത്
മഹാകാവ്യമായുണർന്നതുമതേ !
അതിന്റേതല്ലാത്തതായി
ചൈതന്യമുള്ള
ഈടുവയ്പുകളൊന്നും
മൂന്നുലോകത്തിലും ഇനിയും
കണ്ടെത്തുകയുണ്ടായിട്ടില്ലെന്ന്
ചരിത്രസാക്ഷ്യം…!

എന്നിട്ടുമിപ്പോഴും…
ക്രോധലോഭമോഹസമേതനായി
കാമത്തെ ആ ചതുർദോഷ
പെട്ടകത്തിനുള്ളിൽ
തടവിലിട്ടിരിക്കുന്നു എന്ന
മിഥ്യാബോധത്തിൽ
അഭിരമിക്കുകയാണ് നമ്മൾ…!!

ആനുകാലികങ്ങളിലും ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലും കഥകളും കവിതകളും വരാറുണ്ട്. തിരു.ദൂരർശൻ ഉൾപ്പെടെയുള്ള ചാനലുകൾ, വിവിധ ആൽബങ്ങൾ എന്നിവയ്ക്കും ഷോർട്ട് ഫിലിമുകൾക്കും സ്ക്രിപ്റ്റുകളും ഗാനങ്ങളും രചിച്ചിട്ടുണ്ട് രണ്ടു കവിതാ സമാഹാരങ്ങളി റക്കി. ഇപ്പോൾ ഒരു ചെറുകഥാ സമാഹാ രം അച്ചടിയിൽ. ആദ്യ പുസ്തകമായ 'നനവ്' ഡോ. അയ്യപ്പപ്പണിക്കർ കാവ്യോപഹാരവും [2009] രണ്ടാമത്തെ പുസ്തകമായ ഭൂകമ്പമാപിനി പ്രഥമ സുഗതകുമാരി കവിതാപുരസ്കാരവും [2021] നേടുകയുണ്ടായി. കൂടാതെ കഥയ്ക്കും കവിതയ്ക്കുമായി സമന്വയം കാവ്യ പ്രതിഭാപുരസ്കാരം, മാർത്തോമാ യുവദീപം സാഹിത്യ അവാർഡ്, വുമൺ ഓഫ് ലെറ്റേഴ്സ് അവാർഡ്, കനൽ കവിതാപുരസ്കാരം തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ വേറെയും. അധ്യാപികയും സാമൂഹ്യ-സാംസ്കാരിക പ്രസ്ഥാനങ്ങളിൽ സജീവ സാന്നിധ്യവും ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിലിന്റെ മീഡിയ സെൽ ചെയർപേഴ്സണുമാണ്.പത്തനംതിട്ടയിലെ പള്ളിക്കൽ സ്വദേശി. കോട്ടയം നിവാസി.