പ്രകീർത്തനങ്ങൾ
ചുറ്റും മുഴങ്ങുന്നു
ഒരൊറ്റകൊട്ടിൽനിന്നും
ദിവ്യാക്ഷരങ്ങൾ
പിറന്ന് വീഴുന്നു
“കുൻ കുൻ”എന്നിങ്ങനെ
സൃഷ്ടിയുടെ ആദിതാളം
ബാംസുരിയിൽ നിന്നും
“റൂഹ്” ഒഴുകുന്നു
നിർജ്ജീവമായതിൽ
ജീവന്റെ വസന്ത ഋതു
ഭൗതികലോകത്ത് നിന്നും
സൂഫിയിതാ
തിരിഞ്ഞ് തിരിഞ്ഞ് മടങ്ങുന്നു
അഭൗതികമായത്
തിരയാൻ തുടങ്ങുന്നു
ശരീരമാം വസ്ത്രം
അഴിച്ചേ വെക്കുന്നു
ശവക്കച്ചകൾ മാത്രം
ചലിപ്പിക്കുന്നു
ചുവന്നതൊപ്പിയിൽ
“മീസാൻകല്ല്” കണ്ട്
വൃത്തനൃത്തത്തിന്റെ
ഉന്മാദലഹരിയിലാ
പാദങ്ങൾ തൂവെള്ള
തൂവലായ് പാറുന്നു
ഭൂമിയിലെ ഇരുട്ടിൽനിന്നും
ആനന്ദധാരകൾ
അണപൊട്ടിയൊഴുകുന്നു
“റൂമി” ചിരിക്കുന്നു
ആ പ്രകാശവീചിയുടെ
തുടക്കത്തിൽത്തന്നെ
സൂഫിയും ഒരുനീണ്ട
മൗനത്തിലേക്ക്
അപ്രത്യക്ഷനാകുന്നു.
1.സമാ _ സൂഫിസംഗീതം
2.കുൻ _ഉണ്ടാകട്ടെ
3.റൂഹ്_ജീവൻ
4.മീസാൻ കല്ല് _ ശവക്കല്ലറയിൽ പേര് കൊത്തിവെക്കുന്നത്
5.റൂമി _സൂഫി മിസ്റ്റിക്