പൊക്കാളിപ്പാടത്തെ എരണ്ടപ്പക്ഷി

അവള്‍ ക്ഷീണിതയായിരുന്നു, ദുഖിതയും. മൂന്നു ദിവസത്തെ യാത്രയായിരുന്നു. ഷില്ലോംഗില്‍ നിന്നും നാട്ടിലേക്ക്. മല കടന്ന്, പുഴ കടന്ന്, ബസ്സിലും പിന്നെ ട്രെയിനിലുമായി കിലോമീറ്ററുകള്‍ താണ്ടി.. 
ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് നീണ്ട ഫെയ്‌സ്ബുക്ക് കുറിപ്പ് എഴുതി പോസ്റ്റു ചെയ്തിട്ടാണ് ഷില്ലോംഗിലെ വീടുവിട്ട് ഇറങ്ങിയത്. 
ഫെയ്‌സ്ബുക്കില്‍ കുറിപ്പ് എഴുതുമ്പോള്‍ ഷില്ലോംഗില്‍ നല്ല മഴയായിരുന്നു. രാത്രിയില്‍ ജന്നലിന്നപ്പുറം തിരിമുറിയാതെ മഴപെയ്യുന്നുണ്ടായിരുന്നു. ഇരുട്ടിനെ കീറിമുറിച്ച് പാഞ്ഞ കാഴ്ചകളിലെവിടെയും ഒരു വഴിവിളക്കിന്റെ ചെറുവെട്ടം കാണാനുണ്ടായിരുന്നില്ല. 
ഭര്‍ത്താവ് പുരുഷോത്തം കുല്‍ക്കര്‍ണി ഏതോ ക്ലബ്ലില്‍ ഒക്കെ പോയി മൂക്കറ്റം മദ്യപിച്ച് സ്വീകരണ മുറിയിലെ സോഫയില്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. 
ജന്നലിലെ ചിത്രപ്പണിയുള്ള കര്‍ട്ടന്‍ ഇളകിയാടി. കാറ്റ് വീശിയപ്പോള്‍ മുറിയിലേക്ക് തണുപ്പ് ഇരച്ചുകയറി. ലാപ് ടോപിന്റെ പിന്നില്‍ കാറ്റിനൊപ്പം എത്തിയ മഴചാറ്റല്‍ നനവുപടര്‍ത്തി. ഒരു തുണിയെടുത്ത് അതെല്ലാം തുടച്ച ശേഷം വീണ്ടും ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് എഴുതി. 
മഴക്കാറിന്റെ തിരശ്ശീല പിടിച്ച മാനത്തിനു താഴെ ആ സന്ധ്യക്ക് ചൂടുള്ള കാപ്പി കുടിച്ചിരിക്കാന്‍ അവള്‍ ആഗ്രഹിച്ചിരുന്നു.  പുരുഷോത്തം, നീയാണ് മാറിയത് .  
സായാഹ്നങ്ങളില്‍ ഒരുമിച്ചിരിക്കാന്‍ നിനക്ക് തോന്നാത്തത് എന്താണ് ? ഒരു ബാര്‍ അറ്റന്‍ഡറോട് നിനക്ക് ഇത്ര ഇഷ്ടമോ?  വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ നീ എപ്പൊഴെങ്കിലും മറ്റൊരു സ്ത്രീയുമായി ബന്ധം സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നോ?  ഇനി അഥവാ മറ്റൊരു സ്ത്രീയുമായി ഇഷ്ടത്തിലായാല്‍ അത് ഭാര്യയില്‍ നിന്ന് മറച്ചുവെയ്ക്കുന്നത് എന്തിനാണ് ?. 
ഇഷ്ടമുള്ളവള്‍ , അവള്‍ ആരുമാകട്ടെ , നീ ഒരുമിച്ച് താമസിക്ക്. എന്തിനാണ് ഈ ഒളിച്ചുകളി. ചതി, അത് ഞാന്‍ ചെയ്താലും നിനക്ക് സഹിക്കാനാകുമോ ?.
ബന്ധങ്ങളുടെ ആഴത്തെക്കുറിച്ച് എഴുതുമ്പോള്‍ താത്വികമായ ചിന്തകൾ വാക്കുകളായി പരിണമിക്കുകയായിരുന്നു. എന്നാല്‍, മനസ്സില്‍ തത്വചിന്തയില്ലായിരുന്നു. വെറുപ്പുകലര്‍ന്ന പക മാത്രമായിരുന്നു. 
എനിക്ക് ഇവിടെ, ഇപ്പോള്‍ മരിക്കണം. ഈ പൈന്‍ മരങ്ങളുടെ നടുവില്‍. ഇവിടെ തന്നെ എന്റെ കുഴിമാടവും ഒരുക്കണം. എന്നെ കുഴിയില്‍ മൂടാന്‍ നീ ഉണ്ടാവണം. മണ്ണുവാരി ഈ മുഖത്തേക്ക് നീ ഇടണം.. കാരണം നീ എന്നെയാണ് വഞ്ചിച്ചത്. എന്റെ മുഖം നിന്റെ മനസ്സില്‍ ഒരിക്കലും ഒരോര്‍മ്മയായി പോലും അവശേഷിക്കാതിരിക്കാന്‍, മഴ നനഞ്ഞ ഈ പച്ചമണ്ണു വാരി എന്റെ മുഖമാകെ പരത്തണം. അങ്ങിനെ എന്റെ ഈ മുഖം നിന്റെ ഓര്‍മ്മകളിലെവിടെയും ഉണ്ടാകരുത്.  ഇമോഷണൽ ടച്ച് കുറിപ്പിൽ മുഴച്ചു നിന്നു.

മനസ്സില്‍,  പുരുഷോത്തം എന്ന അധമന്റെ വഞ്ചന തെളിയുന്ന മുഖം ഓര്‍മ വന്നു. ഷില്ലോംഗ് വിട്ടു നാട്ടില്‍ വന്നുകഴിഞ്ഞു. മഴ ഇവിടെയും ഉണ്ട്. പൈന്‍ മരങ്ങള്‍ക്കു പകരം തീപ്പെട്ടിക്കമ്പനിക്കാര്‍ വിലപേശി വാങ്ങുന്ന പെരുമരങ്ങളാണ് ഇപ്പോള്‍ ഈ വീടിനു മുന്നില്‍. ഇവിടെ എന്റെ കുഴിമാടമല്ല. ഒരു കൊച്ചുകൂരയാണുള്ളത്. മരിക്കാന്‍ എനിക്ക് മനസ്സില്ല. എന്റെ മുഖത്ത് പച്ചമണ്ണല്ല, പാക്കിസ്ഥാനിലെ മുല്‍ത്താനിലെ മുഖകാന്തി വര്‍ദ്ധിപ്പിക്കുന്ന മിട്ടി.. അഥവാ മണ്ണ് ആണ് വാരിപ്പുതയ്‌ക്കേണ്ടത്. 
വഞ്ചനയ്ക്ക് ഉത്തരം മരണമല്ല, ജീവിതമാണ്. ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. പുരുഷോത്തമിനെ അവന്റെ കാമുകി ചവറ്റുകുട്ടയിലേക്ക് കരിമ്പിന്‍ ചണ്ടി വലിച്ചെറിയുന്നപോലെ തള്ളും. അവന്റെ കേന്ദ്രസര്‍ക്കാര്‍ ജോലിയും ക്വാര്‍ട്ടേഴ്‌സും എത്രനാള്‍.. വിരമിക്കലോ, സ്വയം വിരമിക്കലോ ഉടനെ വരും. അവന്റെ ക്രഡിറ്റ്കാര്‍ഡുകള്‍ നിറഞ്ഞു കഴിഞ്ഞാല്‍, സ്‌നേഹമില്ലാതെ, കാമം തേടിയവള്‍ക്ക് മതിയാകും. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും അവന്‍ കൊണ്ടുപോകാതെയാകുമ്പോള്‍ അവള്‍ മറ്റൊരു ഇരയെ തേടി പോകും. 
ഡാന്‍സ് ബാറില്‍ കണ്ട യുവതിയെ അയാള്‍ കൂട്ടുകാരിയാക്കിയത് അറിയാന്‍ അവള്‍ വൈകി. പ്രകൃതി സംരക്ഷണവും മനുഷ്യാവകാശ പ്രവര്‍ത്തനവും -പ്ലാസ്റ്റിക്കിനെതിരെയുള്ള യുദ്ധവും എല്ലാമായി വലിയ തിരക്കായിരുന്നു. 
ആസാമിലും മേഘാലയിലുമായി ഖനനവും മറ്റുമായി യാത്രകളുടെ തിരക്കിലായിരുന്നു പുരുഷോത്തം.  ഷില്ലോംഗിലേക്ക് അയാള്‍ക്ക് സ്ഥലം മാറ്റം കിട്ടിയപ്പോള്‍ വലിയ ആഹ്‌ളാദത്തിലായിരുന്നു അവള്‍.

വളരെ പെട്ടെന്നാണ് കൂട്ടുകാരെ കിട്ടിയത്. എല്ലാവരും പ്രകൃതി സ്‌നേഹികള്‍. ക്യാംപ്, വനവല്‍ക്കരണം, യാത്രകള്‍.. വളരെ സന്തോഷകരമായ ദിനങ്ങള്‍. പുരുഷോത്തം മിക്കവാറും തിരക്കിലായിരുന്നു. എന്നാല്‍, അവധി ദിനങ്ങളില്‍ ഷില്ലോംഗിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് യാത്രകള്‍ പതിവായിരുന്നു. 
അവള്‍.. ഇപ്പോള്‍, എടത്വയിലെ വീട്ടില്‍ വയസ്സായ അമ്മയ്‌ക്കൊപ്പം മുന്നിലെ വിശാലമായ പൊക്കാളിപ്പാടത്തേക്ക് കണ്ണും നീട്ടി ഇരിക്കുകയാണ്. താറാവിന്‍ക്കൂട്ടങ്ങള്‍  കലപിലയുണ്ടാക്കി വീടിന്റെ മുന്നിലെ റോഡിലൂടെ തിങ്ങിനിരങ്ങിപ്പോവുന്നുണ്ടായിരുന്നു. താറാക്കൂട്ടത്തെ മേയ്ക്കുന്നയാളിന്റെ മുഖം ബീഡിപ്പുകയാല്‍ മറഞ്ഞനിലയിലാണ്. 
‘ വക്കച്ചാ..’  അമ്മ നീട്ടിവിളിച്ചു.’ ഒരെണ്ണത്തിനെ ഇങ്ങ് തന്നിട്ട് പോ. ഇവള്‍ വന്നിട്ടുണ്ട്. ‘
ചെമ്മീന്‍ കെട്ടിലെ കാരച്ചെമ്മീനും കപ്പപ്പുഴുക്കും ചേര്‍ത്ത് ഒരൂണ് തയ്യാറാക്കണം. അയല്‍ക്കാരി പെണ്ണമ്മയുടെ സഹായവുമുണ്ട്. വക്കച്ചന്‍ താറാവിനെ തരുമ്പോള്‍ ഏലക്കായും ഗ്രാമ്പൂവുമിട്ട് ഒരു നാടന്‍ സ്റ്റൈല്‍ താറാവുകറിയും.. 
മണിക്കൂറൊന്ന് കഴിഞ്ഞപ്പോള്‍ താറാവിനെ പപ്പും പൂടയുമൊക്കെ കളഞ്ഞ് ഒരുക്കിയാണ് വക്കച്ചന്‍ കൊണ്ടത്തന്നത്. മഞ്ഞളും ഉപ്പും ചേര്‍ത്ത് വെയ്‌ക്കേണ്ട പണിയെ പെണ്ണമ്മയ്ക്കുണ്ടായിരുന്നുള്ളു. 

മഴയുടെ വരവറിയിച്ച്  ഒരു തണുത്ത കാറ്റ് പാടത്തു നിന്നും വീശി.. മുന്നിലെ പെരുമരങ്ങളുടെ ഇലകള്‍ ആര്‍ത്തലച്ചു വീണുകൊണ്ടിരുന്നു. മഴ നേര്‍ത്തൊരു വിതുമ്പലായി വന്നു. മുറ്റത്തെ അയയില്‍ ഉണക്കാനിട്ടിരുന്ന അലക്കിയ വസ്ത്രങ്ങള്‍ എടുത്തു കൊണ്ട് മഴ നനഞ്ഞാണ് അവള്‍ നിന്നത്. ഇടയ്ക്ക് മഴയുടെ തുള്ളികള്‍ അവളുടെ കവിളുകളിലെവിടെയോ പറ്റിപ്പിടിച്ചു അവിടെ അത് ഉറഞ്ഞ്കൂടിയതുപോലെ.

ഓര്‍മ്മകളില്‍ കാറ്റ് വീശിയത് അങ്ങ് ഷില്ലോംഗിലാണ്. വാര്‍ഡ്‌സ് ലേക്കിലെ തടാകക്കരയിലെ ചെറി മരങ്ങള്‍ പൂവിട്ടിരുന്നില്ല. പക്ഷേ, പര്‍പ്പിള്‍ നിറത്തില്‍ അതിന്റെ ഇലകള്‍ കാറ്റിലാടി നിന്നിരുന്നു. പൂക്കാലമല്ലെങ്കിലും ഇലകളുടെ നിറച്ചാര്‍ത്ത് മാത്രം മതി.. ചെറിമരങ്ങളുടെ സൗന്ദര്യം വര്‍ണ്ണനാതീതമാണ്. 
തടാകക്കരയില്‍ പുരുഷോത്തമും അവളും കൈകോര്‍ത്ത് നടന്നു. ഫോട്ടോഷൂട്ടുകള്‍ നടക്കുന്നു. വധൂവരന്‍മാരെ ചേര്‍ത്തു നിര്‍ത്തി ഫോട്ടോഗ്രാഫര്‍മാർ ക്ലിക്ക് ചെയ്യുന്നു. ചെറിമരങ്ങളുടെ ഇലകള്‍ തീര്‍ത്ത വര്‍ണ്ണക്കുടയാണ് മുകളില്‍. ഇലകള്‍ കൊഴിഞ്ഞു നിലത്തുവീണ പരവതാനി താഴേയും.  പ്രണയാതുരലോകമാണ് അവിടം. പ്രണയ ജോടികള്‍ മരങ്ങളുടെ നിഴലില്‍ സല്ലാപത്തിലാണ്. ചെറി മരങ്ങളുടെ പിങ്ക് നിറമുള്ള പൂക്കള്‍ കൂടിയുണ്ടായിരുന്നുവെങ്കില്‍ എന്ന് അവള്‍ ആഗ്രഹിച്ചു. നടന്നുനടന്ന് ഫിഷ്‌ഡെയില്‍ കുളത്തിന്നരികിലെത്തി. പുരുഷോത്തമിന്റെ ഡിഎസ്എല്‍ ആറിന്റെ വ്യൂഫൈന്‍ഡറില്‍ ചെറിപ്പൂക്കള്‍. ചിലമരങ്ങളില്‍ പിങ്ക് പൂവുകള്‍ കാണുന്നുണ്ട്. അതിന്നിടെ, ക്യാമറയിലൂടെ അവളെ സൂം ചെയ്യാനും അയാള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ചില യുവതികള്‍ പുരുഷോത്തമിനെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു. അയാള്‍ അവരേയും നോക്കി പുഞ്ചിരിച്ചു.  
ഫോട്ടോ എടുത്ത് കഴിഞ്ഞ് അരികിലെത്തിയപ്പോള്‍ അവള്‍ ചോദിച്ചു. ‘ അരാണ് അവരൊക്കെ. ? ‘
‘അറിയില്ല. ഷില്ലോംഗില്‍ എല്ലാവരും എല്ലാവരേയും അറിയുന്നു. അവര്‍ പരിചയക്കാരായ അപരിചിതര്‍.. അകലെയുള്ള അടുപ്പക്കാര്‍. ‘
പുരുഷോത്തം പറയുന്നതിന്റെ പൊരുള്‍ അവള്‍ക്ക് മനസ്സിലായില്ല. മുകളിലെ പര്‍പ്പിള്‍ കൂടാരത്തിനും മേലെ വാനനീലിമയുടെ വിടര്‍ന്ന പെരുങ്കുട. 
പിങ്ക് നിറത്തില്‍ വിടര്‍ന്ന ചെറിപ്പൂക്കളുള്ള വസന്തകാലത്തിന് അധികനാള്‍ ഇല്ല. നവംബറിലാണ് പൂക്കാലം. അന്ന് ഇവിടെ വരണം. വീണ്ടും ഫോട്ടോകള്‍ എടുക്കണം. സോഷ്യല്‍മീഡിയയില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യണം. അവള്‍ മനസ്സില്‍ കുറിച്ചിട്ടു. 
പൂക്കാലം ഭാവിയെ സൂചിപ്പിക്കുന്നതാണ്. ഇത്രയും നാള്‍ പ്രകൃതി കാത്തു സൂക്ഷിച്ചുവെച്ച കരുതലിന്റെ പ്രതിഫലനമാണ് ചെറിപ്പൂക്കള്‍ വിരിയുന്ന ആ പൂക്കാലം. 
പൂക്കാലം വരുമ്പോള്‍ ഈ തടാകക്കരയില്‍ വീണ്ടും വരാമെന്ന്  പുരുഷോത്തം അവളോട് വാക്കുപറഞ്ഞു. 
‘പൂക്കാലം ..നമ്മോളോട് ചോദിക്കുന്നു. നീ എന്താണ് നട്ടത്. മാസങ്ങള്‍ കഴിഞ്ഞ് പുഷ്പ്പിക്കാന്‍. പൂക്കളുടെ നിറവും മണവും കാഴ്ചയുടെ സൗന്ദര്യവും ആസ്വദിക്കുമ്പോള്‍.. ഈ ചെറി ചെടികളെ നട്ടുപിടിച്ചവരെ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകുമോ.?  ഇനിയും വൈകിയിട്ടില്ല. ഒരു ചെറിച്ചെടി നടാന്‍. ‘
അവളുടെ പുലമ്പലുകള്‍ക്ക് പുരുഷോത്തം ചെവികൊടുത്തില്ല. മൊബൈല്‍ ഫോണിലെ സ്‌ക്രീനിലൂടെ വിരല്‍തോണ്ടിയിരുന്നു. 
വാര്‍ഡ്‌സ് ലേക്കിന്റെ കരയില്‍ സ്വയം നട്ടുപിടിപ്പിച്ച ചെറിമരത്തിന്റെ പൂമരത്തണലില്‍ ആ ഡാന്‍സ് ബാറിലെ ജീവനക്കാരിയുമായി ഇപ്പോള്‍ അവന്‍ സല്ലാപത്തിലാകും. അവള്‍ നെടുവീര്‍പ്പിട്ടു. വിരുന്നുവരുന്ന പൂക്കാലം ആസ്വദിക്കാന്‍ താന്‍ ഒന്നും ഭൂതകാലത്ത് നട്ടുപിടിപ്പിച്ചില്ല. പ്രകൃതിയെ സംരക്ഷിക്കാന്‍ ഇറങ്ങിയവള്‍ക്ക് സ്വയം സംരക്ഷണം ഒരുക്കേണ്ടി വന്നിരിക്കുന്നു. 
ആയിരം കൊല്ലങ്ങള്‍ കഴിഞ്ഞാലും മണ്ണുമായി ചേരാത്ത, ഒടുങ്ങാത്ത പ്ലാസിറ്റിക് മാലിന്യം പോലെ അവന്റെ ചെയ്തികളോരോന്നും അവളുടെ ഓര്‍മ്മകളെ മലീമസമാക്കി. 

ഷില്ലോംഗിലെ വരവര്‍ണസുന്ദരമായ ചെറിമരങ്ങളുടെ ഇലച്ചാര്‍ത്തുകളെ തഴുകി വീണ്ടും കാറ്റ് വീശി.  അതിന്റെ മര്‍മ്മരങ്ങള്‍ ഇവിടെ എടത്വയില്‍ ഇരിക്കുമ്പോഴും അവളുടെ കാതുകളില്‍ നിറയുന്നുണ്ടായിരുന്നു. വികാരങ്ങളൊന്നുമില്ലാത്ത അവളുടെ മുഖം മുറിയിലെ അലമാരയുടെ കണ്ണാടിയില്‍ തെളിഞ്ഞു. ചത്തമീനിന്റെ കണ്ണുപോലെ അവളുടെ കണ്ണുകള്‍ ചോരവാര്‍ന്ന് വെളുത്ത് മലച്ചപോലെ. 
തോര്‍ത്തുമുണ്ടുകൊണ്ട് തലമറച്ച് മഴച്ചാറ്റലില്‍ നിന്ന് രക്ഷനേടി പെണ്ണമ്മ ജന്നലരികില്‍ വന്നു നിന്നു. 
‘ കൊച്ച് ഒറ്റായ്ക്കാണോ ഇത്രേടം വന്നേ..? ‘ കെട്ടിയോനെന്ത്യേ ? ‘
‘ ഓ ജോലിത്തിരക്കായിരിക്കും. ! കെട്ടുകഴിഞ്ഞു പോയപ്പോള്‍ കണ്ടതാ..! ആ ഗോസായിയെ ..!  ക്യാ പെണ്ണമ്മ കൈസാഹെ എന്നൊക്കെ വച്ച് കാച്ചി.. ആള് എവിടാ..?  കൊച്ചിന് കൊച്ചങ്ങളൊന്നും വേണ്ടായോ. ? നാലാണ്ടായല്ലോ..? സികിത്സിക്കണ്ടായോ.. ?
നാലു മുഴം നാക്കിന്റെ നീളത്തില്‍ ഒരോരോ കിന്നാരങ്ങളും കുത്തിത്തിരിപ്പു ചോദ്യങ്ങളുമായി പെണ്ണമ്മ ജന്നല്‍ക്കമ്പികളില്‍ പിടിച്ച് ചിരിച്ചുകൊണ്ട് നില്‍പ്പാണ്. . വലത്തേക്കൈയിലെ ചൂണ്ടാണിവിരലും നടുവിരലും ചുണ്ടത്ത് കുത്തനെ ചേര്‍ത്ത്പിടിച്ച് മുറുക്കാന്‍ ചവച്ചതിന്റെ ബാക്കി നീട്ടിത്തുപ്പി..പിന്നേയും ചിരി. 
ഒരു ചെറിയ ചിരി അവളും സമ്മാനിച്ചു. 
‘ താറാക്കറിയായോ ? ’
‘ഫഷ്ട്. തിന്നുനോക്കിയാട്ടെ.. ? ‘
എന്തെക്കെയോ മനസ്സിലായമട്ടില്‍ നീട്ടിമൂളി, തലയാട്ടി പെണ്ണമ്മ നടന്നു. പോകുമ്പോള്‍ കൈകള്‍ മാനത്തേക്ക് ഉയര്‍ത്തി ‘ ന്റെ ഒടയതമ്പുരാനെ ..’ എന്നു വിളിക്കുന്നുണ്ടായിരുന്നു. 
അതിന്നിടയിലൊന്നു തിരിഞ്ഞു നോക്കി..’ പള്ളീലേക്ക് പോവുമ്പം പെണ്ണമ്മേടെ കൂരേലൊന്ന്  കേറണം. കട്ടന്‍ചായയും അവലോസ്‌പൊടിയും തരാം. ‘
അവള്‍, തലയാട്ടി. പള്ളിലേക്ക് പോയതു തന്നെ, മതംമാറി കെട്ടിയതിന്റെ പുകിലായിരുന്നു ചിലര്‍ക്ക്. കുഞ്ഞുങ്ങള്‍ ഉണ്ടാകാതിരുന്നതും നന്നായി.. അല്ലെങ്കില്‍ മാമോദീസയുടെ പേരിലാകും അടുത്ത പഴി കേള്‍ക്കേണ്ടി വരിക. 
ഷില്ലോംഗിലെ ഓള്‍സെയിന്‍സ് പള്ളിയില്‍ ഒരു ക്രിസ്തുമസ് തലേന്ന് പുരുഷോത്തമിനേയും കൂട്ടി അവള്‍ പോയിരുന്നു. ബ്രിട്ടീഷ്‌കാര്‍ പണിത പള്ളി. സ്‌കോട്‌ലാന്‍ഡിനെ അനുസ്മരിക്കുന്ന പ്രദേശം. മലയും വെള്ളച്ചാട്ടവും, പച്ചപ്പും എല്ലാം ചേര്‍ന്നയിടം. തടിയില്‍ തീര്‍ത്ത കെട്ടിടം. സെന്‍ട്രല്‍ ലൈബ്രറിയും കടന്ന് പോവണം പള്ളിയിലേക്ക്. 

ക്രിസ്തുമസ്സ് രാത്രിയിലെ കുര്‍ബാനകൂടി തിരികെ വീട്ടിലേക്ക് പോകുമ്പോളാണ് ഷില്ലോംഗില്‍ വെച്ചു പരിചയപ്പെട്ട ചങ്ങനാശേരിക്കാരന്‍ വില്യമിനെ കാണുന്നത്. ഹാപ്പി വാലിയില്‍ ഒരു റിസോര്‍ട്ടിലേക്കാണ് താനും ഭാര്യ ലീനയുമെന്ന് അയാള്‍ പറഞ്ഞു. 
തണുപ്പുപുതച്ച ആ രാത്രിയുടെ മനോഹാരിതയില്‍ മനം മയങ്ങിയ നേരം അവള്‍ പുരുഷോത്തമിനോട് ആവശ്യപ്പെട്ടു. വില്യമിനു പിന്നാലെ പോകാമെന്ന് ഏതായാലും പിറ്റേന്ന് അവധിയാണ്. ബുക്കിംഗ് ഇല്ലാതെ ചെന്നാല്‍ മുറികള്‍ കിട്ടില്ലെന്ന തൊടുന്യായം പറഞ്ഞ് അയാള്‍ അത് മുടക്കാന്‍ നോക്കി. 
വില്യമാണ് പറഞ്ഞത്, മുറി കിട്ടുമെന്ന്. മനസ്സില്ലാ മനസ്സോടെ അയാള്‍ ഒരു രാത്രി അവിടെ കഴിയാന്‍ തീരുമാനിച്ചു. വസ്ത്രങ്ങള്‍ മാറാനില്ലെന്ന ന്യായവും അയാള്‍ നിരത്തി.  
‘ ഈ മഞ്ഞുകാലത്ത് റിസോര്‍ട്ടിലെ മുറിയില്‍ കട്ടിയുള്ള ബ്ലാങ്കറ്റ് ഉള്ളപ്പോള്‍ എന്തിന് വേറെ വസ്ത്രം. ? ‘ അവള്‍ ചോദിച്ചു. 
പോകും വഴി വില്യമിന്റെ കാര്‍ ഹാപ്പി വാലിയിലേക്ക് ഗൂഗിള്‍ മാപ്  പറയാത്ത റൂട്ടിലേക്ക്  തിരിഞ്ഞു. 
സ്വീറ്റ് ഫാള്‍സിലേക്ക് പോകാം. അഞ്ചു കിലോമീറ്ററേയുള്ളു.  കുറച്ചു നേരം വെള്ളച്ചാട്ടത്തിലെ കാറ്റേല്‍ക്കാം. അയാള്‍ മൊബൈലില്‍ വിളിച്ച് പറഞ്ഞു. റൂട്ട് മാറിയത് പുരുഷോത്തമന് പിടിച്ചില്ല. 
വളവുകള്‍ പലകുറി തിരിഞ്ഞ് കുത്തനെ കയറ്റവും കഴിഞ്ഞ് മുന്നിലെ കാര്‍ നിന്നു. ഇരുവരും കാറുകള്‍ ഒരിടത്ത് പാര്‍ക്കു ചെയ്തു. 
‘ ഇനി നടക്കണം. സൂക്ഷിക്കണം. കല്ലുകള്‍ ഉണ്ട്.  താഴെ വീണാല്‍. നൂറുമീറ്റര്‍ താഴ്ചയാണ് . വശങ്ങളില്‍ കൈവരികളില്ല. കൈകള്‍ പരസ്പരം ചേർത്ത് കോര്‍ത്തുപിടിക്കണം. വീണാല്‍ ഒരുമിച്ച്.  ‘
പുരുഷോത്തമിന് നേരിയ ഭയം ഉണ്ടായി. 
‘ബെറ്റര്‍ വീ കം നെക്സ്റ്റ് ടൈം. ഇറ്റ്‌സ് ഓള്‍മോസ്റ്റ് 2 എഎം. ട്രെക്കിംഗ് ഈസ് നോട്ട് അഡൈ് വൈസബിള്‍ അറ്റ് ദിസ് ടൈം ‘
‘ ന്താ കക്ഷിക്ക് പേടിയാണോ. ? ‘  വില്യം ചോദിച്ചു. 
‘ ബീ കെയര്‍ഫുള്‍. ദേര്‍ ഈസ് കംപ്ലീറ്റ് ഡാര്‍ക്‌നെസ്.. കുഡ് നോട്ട് എബിള്‍ ടു സി ദി ട്രെക്കിംഗ് പാത്ത്. ‘ എതിരെ നടന്നു വന്ന ഒരാണുപെണ്ണും. മുന്നറിയിപ്പ് പോലെ പറഞ്ഞു.
പുരുഷോത്തമിന്റെ കൈകളില്‍ അവള്‍ മുറുകെ പിടിച്ചു. 
‘ ജസ്റ്റ് ഗോ. ഇറ്റ്‌സ് എ നൈസ് വ്യൂ പോയിന്റ്. ‘
വീണ്ടും നാലഞ്ചു പേര്‍  അടുത്തെത്തി. അവരും സമാനമായ വിവരങ്ങളാണ് പറഞ്ഞത്. പുരുഷോത്തം ഇവരിലൊരാളുമായി സംസാരിക്കുന്നതു കണ്ടു. 
ഇതൊരു ഹോണ്ടഡ് പ്ലേസ് ആണെന്ന് അയാള്‍ പറയുന്നതു കേട്ടു. നിങ്ങള്‍ നാലാളായി പോവണ്ടെന്നാണ് അയാള്‍ ഉപദേശിച്ചത്. ഇനിയും ആളുകള്‍ വരും അവരോടൊപ്പം ഒരു ഗ്രൂപ്പായി പോയാല്‍ മതി. നിരവധി അപകടമരണങ്ങളും ആത്മഹത്യകളും നടന്ന സ്ഥലമാണിത്. അയാള്‍ പറയുന്നത് പുരുഷോത്തം അല്പം ഭയത്തോടെ കേട്ടുനിന്നു. 
‘ വിയേര്‍ഡ് നെയിംസ് ..സ്വീറ്റ് ഫാള്‍സ്.. ഹാപ്പി വാലി. ! ‘ അയാള്‍ വില്യമിനോട് പറഞ്ഞു. 
പുരുഷോത്തമിന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന് വെള്ളച്ചാട്ടം ഒഴിവാക്കി അന്ന് റിസോര്‍ട്ടിലേക്ക് പോയി. റൂമിലെത്തിയ അയാള്‍ വില്യവുമായി മദ്യസേവ നടത്തി. ഏറെ വൈകിയാണ് റൂമിലെത്തിയത്.
നശിച്ച ക്രിസ്തുമസ് രാത്രിയെ ശപിച്ചാണ് പിറ്റേന്ന് രാവിലെ അവള്‍ അവിടെ നിന്നും മടങ്ങിയത്. വില്യവും ലീനയും അവിടെ രണ്ട് ദിവസം കൂടി തങ്ങുമെന്നും പറഞ്ഞു. ഹൊറിബിള്‍ മെമ്മറി. അവള്‍ അന്നത്തെ ക്രിസ്തുമസ് ആഘോഷത്തെക്കുറിച്ചോര്‍ത്തു. വീട്ടിലെത്തിയപ്പോഴും ഹാംങ്ഓവറും പിന്നേയും മദ്യസേവയും. ഇതായിരുന്നു പുതുവത്സര ദിനം വരെ പുരുഷോത്തമിന്റെ ആഘോഷം. 
അതിന്നിടയിൽ, ഫോണിലൂടെ സദാസമയവും സംസാരം. ആരുമായാണ് എന്നു ചോദിച്ചാല്‍ ഒഫീഷ്യല്‍ കോള്‍ എന്നുത്തരമായിരുന്നു. ഒടുവിലൊരുദിവസമാണ് മറുതലയ്ക്കലെ ‘ ഒഫീഷ്യലി’ നെ അവള്‍ കണ്ടെത്തിയത്. തൊണ്ടി സഹിതം പിടികൂടിയപ്പോഴും ജാള്യതയില്ലായിരുന്നു. 
ബാറിലെ ജീവനക്കാരിയാണത്രെ. ഇഷ്ടമാണ്. ഒരു മഹാരാഷ്ട്രക്കാരി. 
‘ എന്തിനായിരുന്നു ഈ ഒളിച്ചുകളി. ഇഷ്ടമുള്ളവളൊടൊപ്പം ജീവിച്ചൂകൂടെ. ഈ ചതി വേണോ.? ‘ അവള്‍ അന്ന് ചോദിച്ചു. 
മറുപടി പറയാതെ ഏതോ മുന്തിയ വിസ്‌കിയുടെ കുപ്പിയിലെ നൂറ്റാണ്ട് പഴക്കം ചെന്ന മാള്‍ട്ടിന്റെ രുചി വായിലാക്കി അയാള്‍ മിണ്ടാതിരുന്നു. 
ഹാപ്പിവാലിയും സ്വീറ്റ് ഫാള്‍സും അവള്‍ ഗുഗിള്‍ മാപ്പില്‍ അന്ന് തിരഞ്ഞു. ഒരു ടാക്‌സി വിളിച്ച് പോവാനും പദ്ധതിയിട്ടു. അന്നു രാത്രിയാണ് ബന്ധങ്ങളുടെ ആഴത്തെ കുറിച്ച് വലിയ കുറിപ്പെഴുതി ഫെയ്‌സ്ബുക്കില്‍ അവള്‍ പോസ്റ്റ് ചെയ്തത്. 
പൈന്‍മരങ്ങള്‍ക്കു നടുവിലെ കുഴിമാടത്തില്‍ സ്വന്തം ശരീരം കിടക്കുന്നതും അവളുടെ മുഖത്ത് പുരുഷോത്തം പച്ചമണ്ണ് വാരിയിടുന്നതും മിന്നിമറഞ്ഞു. 
എടത്വയിലെ കാറ്റിന് ഇപ്പൊഴും മഴയുടെ നനുത്ത മണമുണ്ട്. മുന്നിലെ പൊക്കാളി പാടത്തെ ചെളിയില്‍ അവളുടെ കാലുകള്‍ പൂണ്ടനിലയിലാണ്. കാലുകള്‍ വലിച്ചൂരാന്‍ അവള്‍ പാടുപെട്ടു. കാല്‍മുട്ടുകള്‍ കുത്തി ചെളിയിലേക്ക് അവള്‍ ഇരുന്നു.  രണ്ട് കൈകളിലുമായി ചെളി വാരിയെടുത്തു. മുഖത്തും തലയിലും മേലാകയും  പുരട്ടി. 
മാനത്തേക്കു നോക്കി അവള്‍ കരഞ്ഞു. മഴക്കാറു നിറഞ്ഞ മാനത്തു കൂടി കൂട്ടം തെറ്റിയ ഒരു എരണ്ടപ്പക്ഷി പറന്നു. വിത്തിട്ടാല്‍ നഷ്ടം മാത്രം ബാക്കിയുള്ള ആ പൊക്കാളിപ്പാടത്തെ ചേറിലേക്ക് അത്  പറന്നിറങ്ങി.