ഫോണടിക്കുന്ന ശബ്ദം കേട്ട് അവനി കണ്ണു തുറക്കാതെ സ്ക്രീനിൽ വിരൽ തൊട്ട് മുകളിലേക്ക് പായിച്ച് ചെവിയിൽ വെച്ചു. ‘അവനി, എഴുന്നേൽക്ക്. വാ, നമുക്കൊരു റൈഡിന് പോകാം.’ ആൽബിയുടെ ശബ്ദം കേട്ട് അവനി കണ്ണു തുറന്നു ജനാലയിൽ നിന്ന് കർട്ടൻ നീങ്ങിക്കിടക്കുന്ന വിടവിലൂടെ പുറത്തേക്ക് നോക്കി. ഇരുട്ട്. ‘ആൽബീ, ഇപ്പോഴോ? സമയമെത്രയായി?’ അവൾ ഉറക്കച്ചടവോടെ ചോദിച്ചു. ‘നാലര. നേരം വെളുത്ത് തുടങ്ങുന്നേ ഉള്ളൂ. നിന്റെ കൂടെയുള്ളവരൊക്കെ എഴുന്നേൽക്കും മുൻപ് തിരിച്ചെത്തിച്ചേക്കാം. വേഗം വാ. ഞാൻ നിങ്ങളുടെ അപാർട്മെന്റിന്റെ താഴെയുണ്ട്.’ അവൾക്ക് തിരിച്ചെന്തെങ്കിലും പറയാനാകും മുൻപ് അയാൾ ഫോൺ കട്ട് ചെയ്തു. ആൽബിയുടെ ശബ്ദം കേട്ടിട്ട് ഒരുപാട് നേരമായി ഉണർന്നിട്ടെന്ന് തോന്നി.
അവനി വേഗം പല്ലുതേച്ച് ജാക്കറ്റും സ്കൂട്ടറിന്റെ താക്കോലുമെടുത്ത് ശബ്ദമുണ്ടാക്കാതെ പുറത്തിറങ്ങി. താഴെയെത്തി ആൽബിയെക്കണ്ട അവൾ സന്തോഷത്തോടെ ഓടിച്ചെന്ന് കെട്ടിപ്പിടിച്ചു. ഇത്തവണ അയാൾക്കും ഒന്നും സംശയിക്കാനുണ്ടായിരുന്നില്ല. അയാൾ അവളെ മുറുകെപ്പുണർന്ന് എടുത്തുയർത്തി താഴെ നിർത്തി. ഒരു നിമിഷം അവർ പരസ്പരം നോക്കി നിന്നു. അവനിയെ നോക്കി നിൽക്കുമ്പോൾ ആൽബിക്ക് മനസ്സിൽ അതിയായ സന്തോഷത്തോടൊപ്പം അതുവരെയനുഭവിക്കാത്ത ശാന്തിയും സമാധാനവും തോന്നി. അയാൾ അവളുടെ മുഖത്ത് നോക്കി ആർദ്രമായി പുഞ്ചിരിച്ചു.
‘ഒരൊറ്റ രാത്രി കൊണ്ട് എന്റെ ജീവിതം തലതിരിച്ചു വെക്കാനുള്ള ധൈര്യം കാണിച്ചവളേ, വാ നമുക്ക് നമുക്ക് പനമ്പൂർ കടൽത്തീരത്ത് സർഫിങ് കാണാൻ പോകാം.’ അയാളുടെ നാടകീയമായ പ്രകടനം കണ്ട് അവനി പൊട്ടിച്ചിരിച്ചു. ‘ഒരൊറ്റ രാത്രി മതി ഒരാൾക്ക് ഭ്രാന്താവാനും എന്ന് മനസ്സിലായി. ‘ അവനിയുടെ മുഖം പ്രഭാതം പോലെ വിടർന്നു. ‘വാ. പോകാം.’ അവൾ ആൽബിയുടെ കയ്യിൽ പിടിച്ചു വലിച്ച് തന്റെ സ്കൂട്ടറിന്റെ മുൻപിൽ കൊണ്ടു നിർത്തിയ ശേഷം താക്കോലെടുത്ത് ആൽബിക്ക് നേരെ നീട്ടി. ആൽബി അമ്പരപ്പോടെ അവനിയെയും സ്കൂട്ടറിനെയും മാറി മാറി നോക്കി.
‘എങ്ങോട്ട്? ഈ പിങ്ക് കളർ പാട്ട സ്കൂട്ടറിലോ? ‘ അയാൾ അവനിയെ തുറിച്ചു നോക്കി. ‘എൻഫീൽഡ് 650 യും കൊണ്ട് ഹിമാലയൻ റൈഡ് പോകുന്ന എന്നോട്, ഇത് പറയാൻ നിനക്കെങ്ങനെ തോന്നിയെടീ? ഐ മീൻ ഹൗ? അവനി ഹൗ ഡെയർ യു?’ അവിശ്വസനീയത കലർന്ന ചോദ്യത്തിലും അയാളുടെ മുഖത്ത് പുഞ്ചിരി നിറഞ്ഞു നിന്നു. ‘ഇപ്പൊ ഇതല്ലാതെ ആൽബിക്ക് വേറെ വല്ല ഓപ്ഷനും പറയാനുണ്ടോ?’ അവനി കൈകെട്ടി ഗൗരവത്തോടെ ചോദിച്ചു. ‘ഇത് ലിസിയെങ്ങാനും അറിഞ്ഞാൽ പിന്നെ ഞാൻ ആത്മഹത്യ ചെയ്യുന്നതായിരിക്കും ഭേദം. നീ തന്നെ ഓടിച്ചാ മതി നിന്റെ ഈ ശകടം.’ അയാൾ ചിരിച്ചു കൊണ്ട് കൈകെട്ടിനിന്നു.
‘അതൊന്നും പറഞ്ഞാൽ പറ്റില്ല. ഓൾ ഈസ് ഫെയർ ഇൻ ലവ് ആൻഡ് വാർ എന്നല്ലേ. അപ്പൊ ഇതത്ര വല്ല്യ ത്യാഗമോ സാഹസമോ ഒന്നും അല്ല.’ അയാളുടെ പ്രതികരണങ്ങൾ അവനി നന്നായി ആസ്വദിക്കുന്നുണ്ടായിരുന്നു. അവൾ ബലമായി അയാളുടെ കൈ തുറന്ന് താക്കോൽ പിടിപ്പിച്ചു. അയാൾ അവനിയെയും സ്കൂട്ടറിനെയും മാറി മാറി നോക്കിയിട്ട് മേല്പോട്ട് നോക്കി. ‘കർത്താവേ നീയെനിക്ക് പണി തന്നു തുടങ്ങിയല്ലേ?’ ആൽബി താടി ചൊറിഞ്ഞു. ‘എന്നാലും….?’. അയാൾ ഒരു അവസാനശ്രമം നടത്തി. ‘എന്നാൽ പോയി ആൽബിയുടെ ഹിമാലയൻ 650യും കൊണ്ട് വാ ഇപ്പൊ!’ അവൾ കൈകെട്ടി ഗൗരവത്തിൽ നിന്നു. അയാൾ നേർത്ത പുഞ്ചിരിയോടെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. ഒരു നിമിഷം. അവനിയുടെ മുഖം ചുവന്നു. അവൾക്ക് ആൽബിയുടെ ശ്രദ്ധ തിരിക്കണം എന്ന് തോന്നി. അവൾ അയാളുടെ കണ്ണുകളിൽ നിന്ന് കണ്ണെടുത്ത് തന്റെ പ്രിയപ്പെട്ട വാഹനത്തെ നോക്കി.
‘എങ്കിൽ രണ്ട് ഓപ്ഷൻ തരാം. ഞാൻ വണ്ടി ഓടിക്കും, ആൽബിയ്ക്ക് പിറകിലിരിക്കാം, പക്ഷേ എന്റെ തോളിൽ കൈ വെച്ചിരിക്കാനേ പറ്റൂ.’ രണ്ടാമത്തെ ഓപ്ഷൻ എന്താണെന്ന മട്ടിൽ അയാൾ ഒരു പിരികമുയർത്തി അവനിയെ നോക്കി. ‘ആൽബി വണ്ടി ഓടിക്കും, ഞാൻ പിറകിൽ ആൽബിയെ കെട്ടിപ്പിടിച്ചിരിക്കും.’ അവൾ ചോദ്യഭാവത്തോടെ അയാളെ നോക്കി. ആൽബിയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അയാൾ പിന്നീടൊന്നും പറയാതെ കയറിയിരുന്നു സ്കൂട്ടർ സ്റ്റാർട്ടാക്കി.
‘ഇതായിരിക്കും നിന്റെ ആൾ ഈസ് ഫെയർ ഇൻ ലവ് ആൻഡ് വാർ. അന്യായം തന്നെ.’ അയാൾ നറുപുഞ്ചിരിയോടെ അവളെ നോക്കി. ‘ഇങ്ങനെയൊരു സാധനം ഞാൻ അവസാനം ഓടിച്ചത് എൽ പി സ്കൂളിൽ പഠിക്കുമ്പോഴാ. കൊച്ചിയിലെ നെഹ്റു പാർക്കിൽ വെച്ച്.’ അവനി പൊട്ടിച്ചിരിച്ചു. ‘സന്തോഷമായല്ലോ? ഇനി കയറ്.’ അവനി പിറകിൽ കയറി ആൽബിയെ കെട്ടിപ്പിടിച്ച് തോളിൽ താടിയമർത്തിയിരുന്നു. അയാൾ മിററിൽ നോക്കി തന്നോട് തന്നെ പുഞ്ചിരിച്ചു.
ആ തണുത്ത വെളുപ്പാൻ കാലത്ത് അവർ പനമ്പൂർ ബീച്ചിൽ പോയി. ഒരു ചെറിയ സർഫിങ് ബോർഡിൽ ഒഴുക്കിനെതിരെ നീന്തി, ഒരു വൻ തിരമാല വരുമ്പോൾ ധൈര്യത്തോടെ നെഞ്ചുവിരിച്ച് അതിനെ കീഴടക്കുന്ന സർഫിങ്ങുകാർ ആൽബിക്ക് എന്നും കൗതുകമായിരുന്നു. ഒരു തിരമാലയ്ക്കുള്ളിലൂടെ സഞ്ചരിക്കുമ്പോൾ അവർക്കെന്തായിരിക്കും തോന്നുന്നത്? നിശ്ചിതസമയം കൊണ്ട് സഞ്ചരിക്കാവുന്ന കടലിലെ തുരങ്കത്തിനുള്ളിൽ അവർ മറ്റേതെങ്കിലും ലോകം കാണുന്നുണ്ടാവണം. അവർക്ക് മനസ്സിലെപ്പോഴെങ്കിലും ഭയം തോന്നുന്നുണ്ടാവുമോ? അതോ ഒരിക്കലും തടുക്കാനാവത്ത സമയത്തിന്റെ വൻ തിരമാലകളെ കീഴടക്കുന്നതിന്റെ ആവേശം മാത്രമായിരിക്കുമോ? ഓരോ തിരമാലയും ഓരോ അവസരമാണ്, മനസ്സിലുയിരുന്ന വിവിധവികാരങ്ങളുടെ കടൽക്ഷോഭങ്ങൾ പോലെ. ശ്രദ്ധാപൂർവം മനസ്സ് ഏകാഗ്രമാക്കിയാലേ ആ തിരമാലകളെ കീഴടക്കാനാവൂ. എല്ലാവരും എപ്പോഴും വിജയിക്കുന്നില്ല. പക്ഷേ, പരാജയങ്ങൾ അവരെ പിന്തിരിപ്പിക്കുകയല്ല, മറിച്ച് കൂടുതൽ ആവേശത്തോടെ വീണ്ടും ശ്രമിക്കാൻ പ്രചോദനമാവുകയാണ്. ആർത്ത് വിളിച്ച് കരയിൽ അവരെ പ്രോത്സാഹിപ്പിക്കാൻ ആ നേരത്തും ഒരുപാടു പേരുണ്ടായിരുന്നു. ലോകം എപ്പോഴും ഉണർന്നിരിക്കുകയാണ്. അവനിയെ കണ്ടശേഷമുള്ള തന്റെ മനസ്സ് പോലെ.
കടന്നു പോകുന്ന സമയത്തെക്കുറിച്ച് അയാൾ ബോധവാനായി. ‘വാ നമുക്ക് നടക്കാം കുറച്ച്.’ ആൽബി അവനിയുടെ കൈവിരലുകൾക്കിടയിൽ തന്റെ വിരൽ കോർത്ത് മുറകെ പിടിച്ചു. അവനി ആൽബിയുടെ കയ്യിൽത്തൂങ്ങി മുഖത്തേക്ക് നോക്കി. അയാൾ അവളെ നോക്കി മനസ്സ് തുറന്ന് പുഞ്ചിരിച്ചു. കുറച്ചു ദൂരം ഒന്നും മിണ്ടാതെ പരസ്പരസാന്നിധ്യം ആസ്വദിച്ചു കൊണ്ട് അവർ നടന്നു. ‘അവനി, ഞാനിന്നെത്ര ഹാപ്പിയാണെന്നറിയാമോ?’ ആൽബി ചോദിച്ചു. ‘കാരണം?’ അവനിയുടെ മുഖത്ത് കുസൃതീ നിറഞ്ഞു. ‘അടികൂടാനും, വെല്ലുവിളികൾ ഉയർത്താനും, ദാ ഇതുപോലെ വിളിക്കുമ്പോൾ എന്റെ കൂടെ ചാടിയിറങ്ങി റൈഡ് പോകാനും സർഫിങ് കാണാനും ഒക്കെ പറ്റിയ ഒരു കൂട്ട് കിട്ടിയതിന്. നീ അടുത്ത് നിൽക്കുന്ന സമയത്തിന് എന്തൊക്കെയോ പ്രത്യേകത. ഐ ആം ജസ്റ്റ് ഹാപ്പി ബിയോണ്ട് മെഷർ ‘ ആൽബിയുടെ വാക്കുകളിൽ ഉണ്ടായിരുന്ന സന്തോഷം അവളുടെ മനസ്സിലും നിറഞ്ഞു നിൽക്കുകയായിരുന്നു.
‘ആൽബിയുടെ ഭാഗ്യം. അല്ലേ?’ അവൾ പൊട്ടിച്ചിരിച്ചു. അയാൾ ചിരിച്ചു കൊണ്ട് അവളുടെ കണ്ണുകളിലേക്ക് നോക്കി. അവളുടെ ചിരിയിലെ കുസൃതി മായ്ഞ്ഞു. അയാളുടെ കണ്ണുകളെ നേരിടാനുള്ള ധൈര്യം എവിടെയോ ചോർന്നു പോയത് പോലെ. മനസ്സ് അയാളുടെ മുൻപിൽ അടിയറവ് പറഞ്ഞിരിക്കുന്നു. ‘ ഈ നോട്ടം തന്നെയാ എന്നെ ഇവിടെ കൊണ്ടെത്തിച്ചത്. ഇതുവരെ മറ്റൊരാളുടെ കണ്ണുകളും എന്നെ പിടിച്ചു വെച്ചിട്ടില്ല. അറിഞ്ഞു കൊണ്ടാണോ അല്ലാതെയോ എന്നറിയില്ല ആൽബി ഒന്നും ചെയ്യാതെ തന്നെ എന്തൊക്കെയോ ചെയ്യുന്നുണ്ട്. എനിക്കും ആൽബിയുടെ അടുത്ത് നിൽക്കുമ്പോൾ ഇതുവരെ ഞാനറിയാത്ത ഒരു സന്തോഷം. ഇതാണ് പ്രണയം അല്ലേ.?’ അവളുടെ മുഖത്തെ ചിരിയിൽ നാണത്തിന്റെ ചുവപ്പ് കലർന്നു.
‘ഉം… ഒരു നിമിഷം കൊണ്ട് ഒരാളുടെ മനസ്സിനെ അയാളുടെതല്ലാതാക്കിത്തീർക്കുന്ന പ്രണയം.’ കുറച്ചു നേരം മൗനം പാലിച്ച ശേഷം ആൽബി തുടർന്നു. ‘അവനി, എനിക്ക് മുൻപും ഗേൾഫ്രണ്ട്സ് ഉണ്ടായിട്ടുണ്ട്. രണ്ടുപേർ. ചിലപ്പോ ലിസി പറഞ്ഞു നിനക്ക് അറിവുണ്ടാവും.’ അവൾ അറിയാമെന്ന മട്ടിൽ തലയാട്ടി. ‘അതൊക്കെ ആത്മാർത്ഥമായി മനസ്സിൽ കൊണ്ടു നടന്നവ തന്നെയാണ്. പക്ഷേ, ആ ബന്ധങ്ങളൊക്കെ ഉണ്ടാവാൻ ഓരോ കാരണങ്ങളുണ്ടായിരുന്നു. പിരിയാനും.’ അവനി ആൽബിയുടെ മുഖത്തേക്ക് തുറിച്ച് നോക്കി.
‘ കാരണങ്ങളില്ലാതെ ആർക്കെങ്കിലും ആരെയെങ്കിലും സ്നേഹിക്കാനാവുമെന്ന് ഞാൻ വിശ്വസിച്ചിരുന്നില്ല.’ മനസ്സിലുള്ളതൊക്കെ അവളെ അറിയിക്കാനായി അയാൾ വാക്കുകൾക്ക് വേണ്ടി പരതി. ‘ അതുകൊണ്ട്? ആൽബി എന്താ പറഞ്ഞു വരുന്നത്?.’ അവൾ തന്റെ സ്വതസിദ്ധമായ ക്ഷമകേടോടു കൂടി ചോദിച്ചു. ‘ആ… അതുകൊണ്ട് എന്താണെന്ന് എനിക്കും അറിയില്ല. ആകെ ഒരു അന്ധാളിപ്പ്. സത്യം പറഞ്ഞാൽ മുൻപത്തെ ബന്ധങ്ങളൊക്കെ ഫ്ലോപ്പ് ആയിരുന്നത് കൊണ്ടുള്ള ചെറിയ ഒരു ഭയവും ഇല്ലാതില്ല.’ സ്വന്തം വികാരങ്ങളെ കൃത്യമായി വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയാത്തതിൽ അയാൾക്ക് അത്ഭുതം തോന്നി. സാധാരണയായി അങ്ങനെയൊരു ബുദ്ധിമുട്ട് ഉണ്ടാവാറുള്ളതല്ല. ‘ആൽബിയ്ക്ക് ഇപ്പോഴും എന്നോട് തോന്നുന്ന ഈ ഇഷ്ടം മുഴുവനായും മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിഞ്ഞിട്ടല്ലേ ?’ അവനിയുടെ സംശയം നിറഞ്ഞ മുഖം കണ്ടപ്പോൾ അയാൾ ചിരിച്ചു.
‘അതൊന്നും അല്ലെടി. നീ വെറുതെ ഞാൻ പറയുന്നത് വളച്ചൊടിച്ചു എന്നോട് അടിയുണ്ടാക്കാൻ വരണ്ട. ഐ അം ജസ്റ്റ് നോട്ട് ഏബിൾ ടു ഫൈൻഡ് എ റീസൺ.’ അയാൾ ചിരിച്ചുകൊണ്ട് കടലിലേക്ക് നോക്കി. ‘ഉം. ഇതാ നിങ്ങൾ എൻജിനിയർമാരുടെ കുഴപ്പം. ആൽബി ഈ പറയുന്ന അന്ധാളിപ്പും ഭയവും ഒന്നും എനിക്കില്ലെന്ന് തോന്നുന്നുണ്ടോ? ബട്ട് ഇറ്റ്സ് എ ലീപ് ഓഫ് ഫെയ്ത്ത്. കണ്ട നിമിഷം തന്നെ ആൽബി എന്റെ മനസ്സിനെ കീഴടക്കിയതാണ്. പിന്നെ കൂടെയിരുന്ന ഓരോ നിമിഷവും അതിന്റെ തീവ്രത കൂടിയതല്ലാതെ കുറയുന്നുമില്ല. നമ്മൾ ദിവസവും എത്രയോ പേരെ കാണുന്നു. പക്ഷേ, ഒരാൾക്ക് നമ്മളിൽ അത്ര പെട്ടന്ന് ഇത്ര വലിയ മാറ്റങ്ങളുണ്ടാക്കാൻ വെറുതെ സാധിക്കുമോ? പിന്നെ എനിക്ക് തോന്നുന്നത് ഒരു ഇൻഫാച്ചുവേഷൻ മാത്രമാണെന്നാണ് ആൽബിയുടെ സംശയമെങ്കിൽ, അതിൽ എനിക്കൊന്നും ചെയ്യാനില്ല’. അവളുടെ മുഖത്തെ പ്രസന്നത മായ്ഞ്ഞത് കണ്ടപ്പോൾ അയാൾക്ക് അവളോട് കൂടുതൽ ചേർന്നിരിക്കണമെന്ന് തോന്നി.
‘ പറ, ലിസി എന്താ പറഞ്ഞിട്ടുള്ളത് എന്റെ ഗേൾഫ്രണ്ട്സിനെക്കുറിച്ച്?’ അയാൾ അവളുടെ കൈപിടിച്ച് പതിയെ മണലിലിരുന്നു. ‘ആ കുട്ടികൾ രണ്ടുപേരും നല്ലതായിരുന്നു, ആൽബിയുടെ സ്വഭാവം കൊണ്ടാ അവരൊക്കെ പിണങ്ങിപ്പോയതെന്ന്.’ അവളുടെ മുഖത്ത് പെട്ടന്ന് നിറഞ്ഞ ചിരി ആ സംഭാഷണത്തിൽ കലർന്ന സംശയങ്ങളെ അലിയിച്ചു കളഞ്ഞു. ‘ അപ്പൊ നിനക്ക് എന്നെക്കുറിച്ച് നല്ല ധാരണയുണ്ട് അല്ലേ? ‘ അയാൾ പുഞ്ചിരിച്ചു. ‘എന്റേതത്ര മോശം സ്വഭാവമൊന്നും അല്ല. പക്ഷേ, പെട്ടന്ന് ദേഷ്യം വരും. ദേഷ്യം വന്നാൽ ഞാനെങ്ങനെ പെരുമാറും എന്ന് എനിക്ക് തന്നെ അറിയില്ല. നീ അറിഞ്ഞുകൊണ്ട് അതിനുള്ള കാരണങ്ങൾ ഉണ്ടാക്കാതിരിക്കാതിരുന്നാൽ മതി’. അയാൾ ചിരിച്ചുകൊണ്ട് താക്കീത് നൽകി. ‘അതിപ്പോ ആൽബിയ്ക്ക് മാത്രം അല്ലല്ലോ, എനിക്കും പെട്ടന്ന് ദേഷ്യം വരുമല്ലോ.’ അവൾ ചിരിച്ചു.
‘നീ കാണിക്കുന്നത് നിന്റെ കുറുമ്പല്ലേ. അത് നീ ഒരുപാട് ലാളനയ്ക്കിടയിൽ വളർന്നതിന്റെ മാത്രം പ്രശ്നമാണ്? നീ നിയന്ത്രണമില്ലാതെയാണ് വളർന്നത്, എനിക്ക് ചുറ്റിലുമുള്ള എല്ലാം നിയന്ത്രിച്ചാണ് ശീലം. അത് തന്നെയാണ് നമ്മൾ തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം. നിനക്ക് അത് സഹിക്കാൻ പറ്റില്ലെന്ന് തോന്നിയാൽ നിർത്തിക്കോളണം. അതിനുള്ള പൂർണ സ്വാതന്ത്ര്യം ഉണ്ട്.’ ആൽബി പറഞ്ഞത് ചിരിച്ചുകൊണ്ടാണെങ്കിലും സത്യസന്ധമായിട്ട് തന്നെയാണ്. ‘എന്താ സംശയം? അതപ്പൊ തന്നെ നിർത്തും. എനിക്ക് ചീത്ത കേട്ട് ശീലമൊന്നുമില്ല. എനിക്കത് സഹിക്കാനും കഴിയില്ല.’ അവളും സത്യസന്ധമായി മറുപടി പറഞ്ഞു. ‘പക്ഷേ, ദേഷ്യമൊക്കെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ നിയന്ത്രിക്കാവുന്നതേ ഉള്ളൂ. തമ്മിലുള്ള സ്നേഹമാണ് വലുതെങ്കിൽ അങ്ങനെ നിർത്തീട്ട് പോവാനൊന്നും പറ്റില്ല ആൽബി. പിന്നെ ഇങ്ങോട്ട് ദേഷ്യപ്പെട്ടാൽ ഞാൻ തിരിച്ചും ദേഷ്യപ്പെടും അതിൽ യാതൊരു സംശയവും വേണ്ട.’ അവനിയുടെ ഗൗരവം നിറഞ്ഞ മുഖം കണ്ട് അയാൾ ചിരിച്ചു.
ആൽബി പെട്ടന്ന് കണ്ണടച്ചു ദീർഘശ്വാസമെടുത്ത് സ്വതന്ത്രമായ കൈ കൊണ്ട് തന്റെ മുടിയിഴകളെ തഴുകിയ ശേഷം അവനിയെ നോക്കി പുഞ്ചിരിച്ചു. ‘ എന്റെ ജീവിതത്തിൽ ആദ്യമായി എന്റെ ദേഷ്യം നിയന്ത്രിക്കണമെന്ന് തോന്നിയത് ഇന്നലെയാണ്. നീ ഇന്നലെ എന്നെ കെട്ടിപ്പിടിച്ച് ഒന്നും പറയാതെ ആ ടെറസിൽ നിന്നും ഇറങ്ങിപ്പോയില്ലേ. അപ്പൊ. നല്ല കുറച്ചു സമയം ഞാനായിട്ട് കളഞ്ഞു എന്ന് തോന്നി.’ അവനി അയാളുടെ കണ്ണുകളിലേക്ക് നോക്കി. അതിൽ പ്രണയം തുളുമ്പി നിൽക്കുകയാണ്. അവൾക്ക് അതിയായ സന്തോഷം തോന്നി. അതവളുടെ കണ്ണുകളിലും തെളിഞ്ഞു. ‘എന്തോ നീ എന്റെ കൂടെ തന്നെയുണ്ടാവണമെന്ന ഒരു തോന്നൽ. ആദ്യമായി പ്രണയിക്കുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്.’ ആൽബി തന്റെ മനസ്സിൽ തോന്നിയത് പറയാൻ മടിച്ചില്ല.
‘ഓ. പിന്നെ… മൂന്നാമത്തെ തവണയല്ലേ ആദ്യത്തെ പ്രണയം.? എനിക്കിത് ശരിക്കും ആദ്യത്തേതാ. ഇപ്പോഴും അതിന്റെ അമ്പരപ്പ് മാറിയിട്ടില്ല എനിക്ക്.’ അവനിയുടെ കണ്ണുകളിൽ കുസൃതിയും നിഷ്കളങ്കതയും ഒന്നിച്ചു. ‘പിന്നെ ആൽബിക്ക് ഇപ്പോഴും എന്റെ സ്വഭാവം ശരിക്കറിയില്ല. ഞാൻ വയലന്റ് ആവും എന്നോട് ആ സ്വഭാവം എടുത്താൽ. എനിക്ക് ലിസിയെപ്പോലെ പേടിച്ചു മിണ്ടാതെ നിൽക്കാനൊന്നും കഴിയില്ല.’ അവളുടെ അപ്രതീക്ഷിതമായ മറുപടികൾ അയാളുടെ കൗതുകത്തെ ഓരോ നിമിഷവും ഉണർത്തികൊണ്ടിരിക്കുയാണ്. ‘അത് ഇന്നലെയേ കണ്ടതാണല്ലോ.’ അയാൾ ഓർമിപ്പിച്ചു. ‘ഈ പറയുന്ന എക്സ് ഗേൾഫ്രണ്ട്സുമായിട്ടൊക്കെ ഇപ്പോഴും കൂട്ടുണ്ടോ? ‘ അവൾ ഗൗരവം ഭാവിച്ച് ഒരു പുരികമുയർത്തി. ആൽബി ചിരിച്ചു കൊണ്ട് നിഷേധാർത്ഥത്തിൽ തലയാട്ടി.
ബീച്ചിലെ കാറ്റേറ്റ് സംസാരിച്ച് നഗരവും ചുറ്റി മടങ്ങിയെത്തുമ്പോഴേക്കും പ്രണയത്തിന്റെ നീറിക്കൊണ്ടിരിക്കുന്ന കനൽ ഇരുഹൃദയങ്ങളെയും ശക്തമായി വിളക്കിച്ചേർത്തിരുന്നു. യാത്ര പറഞ്ഞു പിരിയുമ്പോൾ അവൾ ആൽബിയെ മുറുകെ പുണർന്ന ശേഷം കവിളിൽ ചുംബിച്ചു. അവളെ വിട്ടുപിരിയുന്നതിൽ വിഷമമുണ്ടായിരുന്നെങ്കിലും അവളുടെ ചിരിയിൽ കലർന്ന നേർത്ത വിഷാദമാണ് അയാളുടെ ഹൃദയത്തിൽ തറച്ച് നിന്നത്. പ്രണയത്തിൽ ഏറ്റവും ദുർഘടമായത് പിരിയുന്ന നിമിഷമാണ്. ‘ഇനി എന്നാ ആൽബീ നമ്മൾ കാണുന്നത് ?’. അവനി പിടിവിടാതെ അയാളുടെ മുഖത്തു നോക്കി ചോദിച്ചു. ‘കാണാതിരിക്കാൻ പറ്റില്ലെന്ന് തോന്നുമ്പോൾ.’ ആൽബി പുഞ്ചിരിച്ചു കൊണ്ട് അവളുടെ നെറുകയിൽ ചുംബിച്ചപ്പോൾ ആ കണ്ണുകൾ ഈറനണിഞ്ഞിരുന്നു.