തോല്ക്കുമ്പോൾ

കടിഞ്ഞാണിടാത്ത
കുതിരവണ്ടിയിൽ
കാഴ്ചകളെ
ഒട്ടിച്ചു വച്ചാണ്
അവൻ പരീക്ഷയ്ക്കിരുന്നത്.

ചിത്തഭ്രമം വന്ന
ഓർമകളിലൂടെ
കുറച്ചെങ്കിലും
സഞ്ചരിക്കാൻ
കഴിയാതെ
മറവി മുറ്റിയ
പേപ്പറിൽ നിന്ന്
ഇറങ്ങിയോടി.

അനാഥമായ
വിഴുപ്പലക്കുകളുടെ
അധിനിവേശങ്ങൾ
കേട്ടു മടുത്ത്
പലപ്പോഴും
ജീവിതത്തിൻ്റെ
ചില്ലക്ഷരങ്ങൾ കൊണ്ട്
തോൽവികൾ
തൂത്തുവാരി.

അവനിപ്പോൾ
അമാവാസിയെ
തല്ലി വെളുപ്പിച്ച്
പൂർണചന്ദ്രനാക്കി
കസവു തുന്നിയ
നിലാവു പുതച്ചുറങ്ങുന്നു.

അതു കണ്ടാണ്
ഞാൻ
പുസ്തകങ്ങളടച്ച്
ഇരുട്ടിൻ്റെ
പൂമ്പാറ്റയെ
പിടിക്കാൻ തുടങ്ങിയത്.

കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശി. കേരള സംസ്ഥാന വൈദ്യുതി ബോർഡിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറായി ജോലിചെയ്യുന്നു. കാക്കപ്പനകൾ (കവിത) കണ്ണാംതുമ്പി(കുട്ടിക്കവിതകൾ), മഞ്ചാടിമണികൾ (ബാലസാഹിത്യം), പ്ലാസ്മ (ശാസ്ത്രലേഖനങ്ങൾ), നിഴലുകളുടെ വർത്തമാനം (കവിത), കളിപ്പാട്ടക്കണ്ണ് (കവിത) സ്കൂളിൽ പോകുമ്പോൾ (ബാലസാഹിത്യം ),പുലി വരുന്നേ (കഥാ കവിതകൾ) അക്ഷരച്ചിന്ത് (കുട്ടിക്കവിതകൾ), കളിപ്പാട്ടക്കണ്ണ് ( കവിത ) കറൻ്റിൻ്റ കഥ ( ജനപ്രിയ ശാസ്ത്രം)എന്നിവയാണ് കൃതികൾ.