മഞ്ഞപ്പൂച്ചക്കുഞ്ഞിൻ്റെ മരണം

എൻ്റെ പൂച്ചക്കുഞ്ഞിനെ
ഞാൻ  ഇന്ന് മറവു ചെയ്തു.
നുര വന്ന ചുണ്ടിലേക്ക്
ഒന്ന് രണ്ട് എന്ന്
കുടിനീരിറ്റിച്ചപ്പോൾ
എനിക്കറിയാത്ത ഭാഷയിൽ അത്
അമ്മേ എന്നു വിളിച്ചു.
അത് മൃഗമല്ലാതായി, അപ്പോൾ.

ഭൂമിയെന്ന വീട്ടിലെ,
വിലപിക്കുന്ന
ഒരു കൊച്ചു കുടുംബമായിരുന്നു
ഞങ്ങളപ്പോൾ..
ചികിത്സ കിട്ടാതെ മരിച്ച
കുഞ്ഞുങ്ങൾ
എൻ്റെ വീട്ടുപടിക്കൽ
വരിവരിയായി നിന്നു.

വടിവാൾത്തലക്കൽ പിടഞ്ഞു
ചോര ചീറ്റുന്ന
മക്കളുടൽ
ഞാനപ്പോൾ ഓർത്തു .

ഉള്ളിലെ
കടലുകളിൽ ഇരമ്പുന്ന
വേദനയുടെ വേലിയേറ്റങ്ങൾ
ആരു കാണാനാണ് ?

ഇന്നലെ വരെ ഓടിക്കളിച്ച
പൂച്ചക്കുഞ്ഞിന്
എൻ്റെ പൊന്നുമക്കളുടെ
മുഖമായിരുന്നു..

കലികാലദംശനമേറ്റു നീലിച്ച
കവിത പോലെ
എൻ്റെ പൂച്ചക്കുഞ്ഞ്
വിറങ്ങലിച്ചു കിടന്നു.
മഴയത്ത്
ചോര വാർന്ന് മരിച്ച
നിരവധി മക്കളെ ഓർത്ത്
ഞാനതിനെ മറവു ചെയ്തു.

അവനെ കൊത്തിയെന്ന്
ഞാൻ ഭയക്കുന്ന സർപ്പം
ഇരുളിലിപ്പൊഴും
ഒളിഞ്ഞിരിപ്പുണ്ട്.

ത്രിശുർ മാപ്രാണം സ്വദേശിനി. GHSS - നടവരമ്പിലെ അധ്യാപികയാണ്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകൾ എഴുതുന്നു. 'മായ്ച്ചും വരച്ചും', 'ഇരുട്ടിൽ ഒരു മഴപ്പക്ഷി' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.