മഴപോയ വഴികളിൽ

മഴപോയ വഴികളിൽ മിഴിപാകി നില്ക്കേ
പുഴപോലെയൊഴുകുന്ന മിഴിനീരുകണ്ടേ.
മഴ നേർത്തനൂലായ് ചിരിതൂകി നില്ക്കേ
മിഴിനീരിൽ ജീവന്റെ ചെറുതോണി കണ്ടേ.

മഴമേഘമൊന്നായ് മലയുടെമീതെ
പുഴയായൊഴുകുന്ന ഭയമതുകണ്ടേ.
കടലാഴിപോലെ ഇരമ്പുന്ന മഴയിൽ
മരമായമരമെല്ലാം വീഴുന്ന കണ്ടേ.

മഴവന്ന വഴികളിൽ ചിതറിക്കിടക്കുന്ന
ഒരുനൂറു സ്വപനത്തിൻ നെടുവീർപ്പുകണ്ടേ.
രണഭൂമിപോലെ ചിതറിയ മണ്ണതിൽ
ഗതകാലസ്വപ്നത്തിൻ ചിതയതുകണ്ടേ.

ഒരു നേർത്ത തേങ്ങലിൻ വഴിതേടിപ്പോകെ
കരയുന്ന കുഞ്ഞിന്റെ മുഖമൊന്നു കണ്ടേ.
ചിതറിക്കിടക്കുന്ന ചുടുകട്ടമീതെ
അവനേകനാണെന്ന ലിഖിതങ്ങൾ കണ്ടേ.

ചരൽമൂടിപ്പോയൊരാ ഗയമതിന്നുള്ളിൽ
ചുടുചോരത്തുള്ളിപോലൊരു പെെതലുണ്ടേ.
ഗതിവേഗമറിയാത്തവനുടെ ചുണ്ടിൽ
മൃതിയായൊരമ്മതൻ മുലക്കണ്ണുമുണ്ടേ.

ചെളിവന്നുമൂടിയ വീടുകൾക്കുള്ളിൽ
ഉണരാതുറങ്ങുന്ന ബന്ധങ്ങളുണ്ടേ.
പറയാതെപോയൊരാ യാത്രയാണെങ്കിലും
ഒരുനോക്കുകാണാൻ കാത്തിരിപ്പുണ്ടേ.

ആരാരുമില്ലാതേകരായ് മാറിയോർ
ഗതിയേതുമില്ലാതലയുന്നത് കണ്ടേ.
യജമാനനെങ്ങുപോയന്നറിയാതെ
പശിയോടെ തിരയുന്ന ശ്വാനനെക്കണ്ടേ.

ഗതിമാറിയൊഴുകുന്ന പുഴയതിലെത്രയോ
പുഴുപോലെ ജീവികൾ ഒഴുകുന്ന കണ്ടേ.
എവിടേക്കെന്നറിയാതൊഴുകുന്ന തടിയൊന്നിൽ
ജീവനായ് കേഴുന്നൊരാടിനെക്കണ്ടേ.

പലജാതി പലമതമായുള്ള മനുജരി-
ന്നൊരുപോലെ കഴിയുന്ന ചേലതുകണ്ടേ.
മലവീണുടഞ്ഞൊരാ താഴ്വരയാകെ
പുഴപോലൊഴുകുന്ന കനിവതുകണ്ടേ.

മലപ്പുറം ജില്ലയിൽ തിരൂരിൽ ചേന്നര സ്വദേശി. ഓർമ്മകൾ മഞ്ഞുതുള്ളികൾ' എന്നപേരിൽ ഒരു 'ചെറുകഥാസമാഹാരം പുറത്തിറക്കിയിട്ടുണ്ട്.