നോയമ്പുകാലമാണ്.
അല്ലാഹുവിനെ മനസ്സിൽ
താലോലിച്ച്,
ഒരു തുള്ളി വെള്ളവും
തോരാതെ, ചോരാതെ
സകലമാന വെട്ടവും
ആവാഹിച്ചു
വെള്ളിയുദിക്കാനായ്
കാത്തിരുന്നു
ജഹാംഗീർപുരിയിലെ
ഉമ്മമാർ…
ലങ്കാദഹനമുഹൂർത്തമായി
വാലിൽ തീ കൊളുത്തി
നഗരവാതിൽ പൊളിച്ചെത്തി
ഹനുമാൻ.
ഹനുമാൻ ജയന്തിയായി.
എവിടെ, സീത?
അശോകമരച്ചോട്ടിൽ
ഇല്ലല്ലോ!
തലയിൽ ദുപ്പട്ടയിട്ട്
മുഖം താഴ്ത്തി
ഒരുന്തുവണ്ടിയിൽ
സബ്ജി വിൽക്കാൻ
അവൾ
തയ്യാറെടുക്കുന്നുണ്ടാവുമോ?
പിന്നാലെ, മൂക്കളയൊലിപ്പിച്ചും
ചേലത്തുമ്പിൽ പിടിച്ചും
ഉത്സാഹത്തോടെ
അശ്വമേധത്തിന്നൊരുങ്ങിയല്ലോ
ലവകുശന്മാർ.
വഴിവക്കിൽ കണ്ട
സ്ഥിരം പറ്റുപടിക്കാരിയായ
നൂറിനോട് കുശലം പറഞ്ഞും
മുംതാജ്ദീദിക്ക് ഉച്ചഭക്ഷണം
ഒരുക്കുവാൻ
ആലുവും കരേലയും ഓക്രയും
വിലപറഞ്ഞും
നിർബന്ധിച്ചും
വിറ്റഴിച്ചും
നാണ്യങ്ങൾ എണ്ണിനോക്കി
പുറമേ വെൺചിരി തൂകി
അകമേ കത്തിയെരിഞ്ഞു
ചുറ്റിലും കണ്ണോടിക്കുന്നു
സീത…
ഇന്നെന്തേ ആർക്കും
സബ്ജി വേണ്ടേയെന്നു
ചിന്താവിഷ്ടയാകുന്നു സീത,
മന്ദം മറയുന്നു സീത.
കാറ്റിൽ, അവളുടെ
ദുപ്പട്ട ഇളകുമ്പോൾ
കവിതയായ് പടരുന്നു,
ലവകുശന്മാർ.
വഴിയരികിൽ
കവിത മൂളി
ആലസ്യത്തിൽ
മുഴുകുന്നു,
ജഹാംഗീർഭായ്.
പുരിയുടെ ജീവിതം
പതിവുപോലെ
ശാന്തം സുന്ദരം
സമാധാനപൂർണ്ണം.
അകലെ,
വാങ്ക് മുഴങ്ങുമ്പോൾ
സൂര്യൻ
മേഘവരികൾക്കിടയിൽ
മുട്ടുകുത്തി പ്രാർത്ഥിച്ചു…
അല്ലാഹു അക്ബർ,
അല്ലാഹു അക്ബർ.
എത്ര പെട്ടെന്നാണ്
സമയം
പിറക്കുന്നതും
മരിക്കുന്നതും!
എല്ലാം പതിവുകാഴ്ചകൾ.
ഒരു ദിവസം
ഉൾവിളിയോടെ
ഒരു വെടി പൊട്ടി,
സൂര്യന്റെ നെഞ്ചിലേക്ക്.
ചന്ദ്രന്റെ ഉള്ള്
ചതഞ്ഞരഞ്ഞു.
ബുൾഡോസറുകൾ
ചീറിപ്പാഞ്ഞു
ഉന്തുവണ്ടികൾ
കാറ്റിൽ
മണ്ണിൽ
വിണ്ണിൽ…
ദേവലിഖിതങ്ങൾ
കീറിപ്പറിഞ്ഞൊഴുകി.
ഹുംകാര ശബ്ദമാണ്
ചുറ്റിലും…
പഞ്ചാഗ്നി നടുവിൽ
പുരി പൊള്ളിയടർന്നു
ഉന്തുവണ്ടിയിൽ
പച്ചക്കറികൾ വെന്തുനീറി.
കാത്തുൽക്കാൻ
മുംതാസ്ബീബിക്ക്
പാർശ്വവീഥി ഇല്ലാതായി,
ഉന്തുവണ്ടിയും സീതയും
ചിതറി.
നൂറിന്റെ വ്യഥകൾക്ക് അറുതിയായി.
തീയാണ് ചുറ്റിലും
തീയാണ് ഉള്ളിലും.
ഉറച്ച കാൽവെപ്പോടെ,
ചൂണ്ടിയ വിരലുകളോടെ,
കണ്ണിൽ പന്തം കൊളുത്തി
ആ തീയിലേക്ക്
നടന്നുവരുന്നു
പെണ്ണൊരുത്തി!
ചുറ്റിലുമുള്ള
പെൺജന്മങ്ങൾ
നിരന്നുനിന്നുവോ
കണ്ണീരൊഴുക്കിയോ
വാവിട്ടു കരഞ്ഞുവോ…
വൃന്ദയാണവൾ
വൃന്ദാവനിയിലെ
വിപ്ലവസന്ദേശമാണവൾ
വരുംകാലത്തിന്
ശക്തിയാണവൾ
വൃന്ദയാണവൾ,
പ്രതീക്ഷയാണവൾ.
ജഹാംഗീർപുരിയിലെ ലവകുശന്മാർക്ക്
പുതിയ കാഴ്ചകൾ
മനപ്പാഠമാകുവാൻ
അക്ഷരമാണവൾ!