രഥചക്രങ്ങളിലേറി…. യദുകൃഷ്ണൻ

കട്ടിക്കണ്ണട വച്ച സാറാ ടീച്ചറുടെ മുഖത്തേയ്ക്ക് യദുകൃഷ്ണൻ സൂക്ഷിച്ചു നോക്കി. കുറച്ചധികം നേരമായി അവനഭിമുഖമായി താഴേയ്ക്ക് ദൃഷ്ടികളൂന്നി അവർ ഇരിക്കുന്നു.

വെളുത്ത മുത്തുകൾ പിടിപ്പിച്ച സ്കൈ ബ്ലൂ സാരിയുടെ തുമ്പാൽ ഇടയ്ക്കിടെ സാറ ടീച്ചർ മുഖം തുടയ്ക്കുന്നുണ്ട്. വീണ്ടും, ചോദ്യങ്ങൾക്കായുള്ള വാക്കുകൾക്കു വേണ്ടി അവർ പരതി. യദുകൃഷ്ണനാവട്ടെ, നിസംഗനാണ്. സാറാ ടീച്ചറിൽ നിന്നും ഉയർന്നേക്കാവുന്ന വാക്കുകൾ എന്തായിരിക്കുമെന്നും, അതിനുള്ള ഉത്തരം ഈ നിസംഗത മാത്രമായിരിക്കണമെന്നും അവൻ മുൻപേ തന്നെ ഉറപ്പിച്ചതു പോലെ തോന്നി.

ആളുകളൊഴിഞ്ഞ സ്റ്റാഫ് റൂമിൽ അവർ തനിച്ചാണ്. സ്ക്കൂൾ ബാഗ് മടിയിൽ വച്ച്, അതിനു മുകളിൽ ചേർത്ത കൈവിരലുകൾ പരസ്പരം കോർത്തുകൊണ്ട് അലക്ഷ്യമായി യദുകൃഷ്ണൻ ഇരുന്നു.

ഇടയ്ക്കെപ്പോഴോ അവൻ സാറാ ടീച്ചറുടെ കട്ടിക്കണ്ണട ഊരിമാറ്റി. വട്ട മുഖത്തേയ്ക്ക് ഒഴുകി വീണ സ്ട്രെയിറ്റ് ചെയ്ത തലമുടി, നീട്ടി വരച്ച പുരികങ്ങൾ, നെറ്റിയിൽ കടുകുമണി പോലെയുള്ള കറുത്ത വട്ടപ്പൊട്ട്, ചെറിയവെള്ളാരം കല്ലുകൾ പോലെയുള്ള കമ്മലുകളും, മൂക്കൂത്തിയും മുറിയിലെ എൽ.ഇ.ഡി. ബൾബിൻ്റെ വെളുത്ത പ്രകാശത്തിൽ തിളങ്ങുന്നു.

ഇപ്പോൾ സാറാടീച്ചർക്ക് തൻ്റെ മമ്മിയുടെ മുഖമാണെന്നു യദുകൃഷ്ണനു തോന്നി.

“അതെ.. സത്യമാണ്. നീയെനിക്ക് മോനെപ്പോലെ തന്നെയാണ്. എൻ്റെ ക്ലോസ് ഫ്രണ്ട് നിർമ്മലടീച്ചറുടെ മകൻ. അതു കൊണ്ടു തന്നെ എനിക്കറിയണം. ആരാണു നിനക്കിതു തരുന്നത്? “

യദുവിൻ്റെ കണ്ണുകൾ സ്കൂൾ ബാഗിൽ ചേർത്തു വച്ച കൈവിരലുകളിലാണ്. അവനെ സംബന്ധിച്ചടുത്തോളം ഇതൊന്നും വലിയ കാര്യമേ അല്ല. അല്ലെങ്കിൽത്തന്നെ പല കാരണങ്ങളിലായി ഇതെത്രാമത്തെ തവണയാണ് !
സ്കൂൾ കോമ്പൗണ്ടിനു പുറത്ത് ഡാഡി കാത്തു നിൽക്കുന്നുണ്ടാവും. അര മണിക്കൂർ ഡാഡിയോടൊപ്പം കാറിൽ ഒരു കറക്കം. ഫുഡ് കോർട്ടിലെ പിസ, ഐസ്ക്രിം. ശേഷം, വീടിന് ഒരു ഫർലോംഗ് ഇപ്പുറം ഡാഡി ഡ്രോപ്പു ചെയ്യും.

“യദൂ ….” സാറാ ടീച്ചറാണ്.

“എന്തു പറയുന്നു? അമ്മയോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് എനിക്കറിയാം. നിനക്കാരെയും പേടിയില്ലല്ലോ. ടെൽ മി… നീ അമ്മയോട് സംസാരിച്ചിട്ട് എത്ര നാളായി.? യദു.. പ്ലീസ്… ഒന്നു മനസിലാക്കൂ… നീ വെറുമൊരു പ്ലസ് ടു വിദ്യാർത്ഥിയാണ്. പാരൻസിൻ്റെ കെയറിൽ കഴിയേണ്ട കുട്ടി. അവരുടെ സപ്പോർട്ടില്ലാതെ നിനക്കൊന്നും ചെയ്യാനാവില്ല. നിന്നെയോർത്ത് അമ്മ എത്ര വേദനിക്കുന്നുവെന്ന് നിനക്കറിയാമോ? ടെൽ ദ ട്രൂത്ത്… ആരാണ് നിനക്ക് ഡ്രഗ്ഗ് സപ്ലൈ ചെയ്യുന്നത്? ഞാനിതു പ്രിൻസിപ്പാളിനു മുൻപിൽ കംപ്ലയിൻ്റ് ചെയ്താൽ എന്താണുണ്ടാവുക എന്നു നിനക്കറിയാമോ? പറയൂ… നിനക്കൊരു പ്രശ്നവുമുണ്ടാവാതെ ഞാൻ നോക്കിക്കൊള്ളാം.”

മലയാളം കവിതാ ക്ലാസ് കേൾക്കുന്ന ലാഘവത്തോടെ യദുകൃഷ്ണൻ ഇരിക്കുകയാണ്. അന്തർമുഖനും, അസ്ഥിശേഷനുമായി കാട്ടിലൂടെ അലയുന്ന മദനൻ. ഭൂതകാലങ്ങളിലേയ്ക്കുള്ള തിരിച്ചു പോക്കും, ഭാവിയിലേയ്ക്കുള്ള അനന്ത യാത്രയും അവനു ദുഷ്ക്കരമാണ്. കാത്തിരിക്കുന്നവർ സ്വപ്നാടരാണ്. കാറ്റും, മുളന്തണ്ടും ചേർത്തവർ വിലാപഗീതത്തിനു പശ്ചാത്തലമൊരുക്കുന്നു. തളിർനിര മൃദുതാളമിടുന്ന ഗീതകം ഇമ്പമാർന്നു പാടുവാൻ മാത്രമാണവർ ആഗ്രഹിക്കുന്നത്.

‘യദൂ … “

യദുകൃഷ്ണൻ ഞെട്ടിയുണർന്നു. സാറാ ടീച്ചറുടെ കവിതാ ക്ലാസ് കഴിഞ്ഞോ..?

“യു കാൻ ഗോ…”
യദു എഴുന്നേറ്റ് മടിയിലിരിക്കുന്ന സ്കൂൾ ബാഗു തോളിലേറ്റി പതുക്കെ സ്റ്റാഫ് റൂമിനു പുറത്തേയ്ക്ക് നടന്നു.
ഡാഡിയോടൊപ്പമുള്ള കറക്കവും, പിസയും, ഐസ് ക്രീമും ഇപ്പോൾ യദുവിൻ്റെ മനസ്സിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. ഒപ്പം ഒരു ഭയം അവനെ വേട്ടയാടാനാരംഭിച്ചിരിക്കുന്നു. സാറാടീച്ചർ കുറച്ചു കൂടി ശാസിച്ചിരുന്നുവെങ്കിലെന്ന് അവൻ ആഗ്രഹിച്ചു. സാറാ ടീച്ചർ എന്തോ നിശ്ചയിച്ചുറപ്പിച്ചിരിക്കുന്നു. തീർച്ചയാണ്.

യദുവിൻ്റെ മനസ് അപ്രാപ്യമായ ഏതോ തലത്തിലേയ്ക്കൊഴുകാൻ ആരംഭിച്ചു. ഒരു ഭയാനകതയുടെ ഇരുൾ അവനെ ഇറുകെ പുണരുന്നു. നാലു ദിക്കിൽ നിന്നും യുദ്ധഭേരി മുഴക്കി ആരൊക്കെയോ പാഞ്ഞടുക്കുന്നതു പോലെ. ശരീരമാസകലം വിയർക്കുന്നു. കണ്ണുകളിൽ ദാഹം തിളയ്ക്കുന്നു. ശ്വാസഗതി ദ്രുതമാവുന്നു. ബാഗിനുള്ളിലെ രഹസ്യ അറയിലേയ്ക്കെത്താൻ കൈകൾ വെമ്പുന്നു.

പക്ഷേ അവനു കാണാനാവുന്നു, പാതയോരത്ത് സാൻഡ്രോ കാറിൽ ചാരി നിന്ന് നിറഞ്ഞ സ്നേഹത്തോടെ പുഞ്ചിരിക്കുന്ന അവൻ്റെ ഡാഡി, അരുൺ ശേഖർ.

ഉറ്റ സുഹൃത്തിനെപ്പോലെ തോളിൽത്തട്ടി, കൊഞ്ചിച്ചു ലാളിച്ചു വിശേഷങ്ങൾ ആരായുന്ന ഡാഡിയെ താൻ ചതിക്കുകയല്ലേ?

‘നിർത്തൂ… എന്തിനാണിങ്ങനെയൊക്കെ എഴുതി നിറം ചേർക്കുന്നത്? ഇനി ഞാൻ പറയാം’……..

കാലത്തിൻ്റെ കഥാകാരൻ യദുവിൻ്റെ കഥ കേൾക്കാൻ രഥചക്രങ്ങൾ പിന്നോട്ടു ചലിപ്പിച്ചു. സായാഹ്നത്തോട് ക്ഷമ പറഞ്ഞ്, ഉച്ചവെയിലണിഞ്ഞ സൂര്യൻ വൈകരുതെന്ന് അവനോടു കേണു. നാട്ടുമാവിലെ ഏറുമാടത്തിലേയ്ക്ക് ചേക്കേറാനൊരുങ്ങിയ ചകോരങ്ങൾ സൂര്യനെ പുലഭ്യം പറഞ്ഞു. ഇളവേൽക്കാനടയിരുന്ന ചെറുകാറ്റ് ഉച്ചച്ചൂടിലേയ്ക്ക് തിരിച്ചു നടന്നു. പക്ഷികളും, വണ്ടിൻ കൂട്ടങ്ങളും നടനത്തിൻ്റെ ഉന്മാദത്തിലേയ്ക്കിറങ്ങി. സൂര്യനൊപ്പം, സാറാടീച്ചറിനൊപ്പം ചരാചരങ്ങൾ കാടകം കൊണ്ടു. പുഷ്പ വിരിയിട്ട ശിലാതല്പവും തയ്യാറായിരിക്കുന്നു.

അനിർവ്വചനീയമായ രസാതന്തുക്കൾ വിതറി അറുപതു ഹൃദയങ്ങളെ സാറാ ടീച്ചർ കൈവെള്ളയിലാക്കി.
അതെ… ഹൃദയം ത്രസിപ്പിക്കുന്ന വിലാപഗീതം തന്നെ …!
ബാക്ക് സീറ്റിൽ നിന്നും ആയുഷ് യദുവിൻ്റെ കൈത്തണ്ടയിൽ തട്ടി.
യദു തിരിഞ്ഞു നോക്കി.
“ഉസ്താദ് വന്നിരുന്നു.’ ആയുഷ് മന്ത്രിച്ചു.
യദു രഹസ്യമായി കൈ പുറകിലേയ്ക്ക് നീട്ടി. ഇപ്പോൾ ഒരു പൊളിത്തീൻ കവർ അവൻ്റെ കയ്യിൽ സുഭദ്രം.
സാറാടീച്ചറുടെ വിലാപഗീതത്തിന് ഒന്നുകൂടി സൗന്ദര്യമേറിയതു പോലെ യദുകൃഷ്ണനു തോന്നി. ജിജ്ഞാസ അടക്കാനാവുന്നില്ല. ഏതാണെന്നും, എത്രയുണ്ടെന്നും നോക്കണം.

“വരിക ഹൃദയ നാഥാ… വൈകിക്കാണ്മാൻ…” കാടകം പൊള്ളുന്ന ലീലാഗീതത്തിനൊപ്പം യദുവും പോളിത്തീൻ കവറിൻ്റെ അകത്തളങ്ങളിലേയ്ക്കിറങ്ങി. “യദു സ്റ്റാൻഡ് അപ്പ് പ്ലീസ്… ” തികച്ചും അപ്രതീക്ഷിതമായിരുന്നു അത്. എഴുന്നേൽക്കാതിരിക്കാനായില്ല.

സാറാ ടീച്ചർ അടുത്തെത്തിക്കഴിഞ്ഞു.
“എന്താണിത്?’
ഉത്തരം പറയാതെ യദു കുനിഞ്ഞ ശിരസ്സുമായി നിന്നു.
പോളിത്തീൻ കവർ സാറാ ടീച്ചർ കയ്യിലിരിക്കുന്ന പുസ്തകത്തോടൊപ്പം ചേർത്തു. എന്നിട്ട് പതുക്കെ പറഞ്ഞു.
“ക്ലാസ് കഴിയുമ്പോൾ എന്നെ വന്ന് കാണണം.”
ഉച്ചയ്ക്ക് യദു ലഞ്ച് ബോക്സ് തുറന്നില്ല. എങ്കിലും, നിഗൂഡമായ ഒരാനന്ദം അവൻ അനുഭവിക്കുന്നുണ്ടായിരുന്നു.
“പ്രശ്നമാവില്ലേ ?.”
ആയുഷ് ചെവിയിൽ ചോദിച്ചു.
“ആവും. ആവണം. ഇതെൻ്റെ ഒരു വാശിയാ.”
“ആരും അറിഞ്ഞിട്ടില്ല. സാറാ ടീച്ചർ നിൻ്റെ മമ്മായുടെ ഫ്രണ്ട് അല്ലേ. സോ ഷി മേ കീപ്പ് ഇറ്റ് സീക്രട്ട് “.
ഒന്നു നിർത്തി ആയുഷ് വീണ്ടും പറഞ്ഞു.
“ഉസ്താതും നീയും തമ്മിൽ നേരിട്ടായിക്കോ. എന്നെ മീഡിയേറ്റർ ആക്കണ്ട. വീട്ടിലറിഞ്ഞാൽ കുഴപ്പമാവും.’
യദു പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു.
“ഓ.കെ.നീ മീഡിയേറ്റർ ആവണ്ട. എൻ്റെ ബെസ്റ്റ് ഫ്രണ്ടായാൽ മതി.”
യദുവിന് ആയുഷിനെ പിരിയാനിഷ്ടമില്ല. കാരണം, അവൻ പറയുന്ന ഇമ്പമാർന്ന കഥകളുടെ സന്തോഷം യദുവിന് നഷ്ടപ്പെടുത്താനാവില്ല. അമ്മയും, അച്ഛനും, അനുജത്തിയും ചേർന്നുള്ള രസകരമായ ആയുഷിൻ്റെ കഥകൾ യദു ജിജ്ഞാസയോടെ കേട്ടിരിക്കും. ഇപ്പോഴും ആയുഷിൻ്റെ അമ്മ രാത്രി അവന് ഉമ്മ നൽകി, ഗുഡ് നൈറ്റ് പറയുമത്രേ! അവനും അനുജത്തിയും ചേർന്നുള്ള കുറുമ്പുകൾ അച്ഛനുമമ്മയും കണ്ടു രസിക്കുമത്രേ.!
യദു ചിന്തിക്കുന്നു.
ആയുഷ് എത്ര ഭാഗ്യവാനാണ് !
യദു ആയുഷിനു മുൻപിൽ തൻ്റെ കഥകളുടെ കെട്ടഴിക്കാറില്ല. പക്ഷേ, ഇന്നവൻ മനസു തുറന്നു.
ബിസിനസ്സിലൂടെ ഡാഡി നേടിയെടുത്ത സമ്പത്തിനെക്കുറിച്ച്…., പ്രൗഡിയെക്കുറിച്ച്, മമ്മിയും, ഡാഡിയും, താനും മാത്രം ചേർന്ന സ്വർഗീയ ജീവിതത്തെക്കുറിച്ച്….

പക്ഷേ, എപ്പോഴോ ദിശമാറിയൊഴുകിയ ജീവിതപ്പുഴയ്ക്കു ചാരെ നിന്ന് യദു ചിന്തിച്ചു. ഒരിക്കലും ചേർച്ചയില്ലാത്ത തൻ്റെ മാതാപിതാക്കൾ എങ്ങനെ വിവാഹം കഴിച്ചുവെന്ന്. ഒരു പ്രൈമറി സ്കൂൾ ടീച്ചറുടെ എല്ലാ പരിമിതികളും, കുശുമ്പുകളും, ദുർവാശികളുമുള്ള മമ്മി, നിർമ്മലടീച്ചർ. എല്ലാം വെട്ടിപ്പിടിക്കുന്ന ശാന്ത സ്വഭാവമുള്ള സ്നേഹിക്കാൻ മാത്രമറിയുന്ന ഡാഡി, അരുൺ ശേഖർ.

മുഖം മൂടിയില്ലാത്ത കരുതലിൻ്റെ സ്നേഹം നൽകി അരുൺ ശേഖർ അവനെ ചേർത്തു നിർത്തുന്നു. വാടിയ മുഖത്ത് തലോടലിൻ്റെ സ്നേഹ മഴ ചൊരിഞ്ഞ്, ഓരോ ബിസിനസ് യാത്രയ്ക്കും മുൻപ് ഏറെ നേരം അവനോടൊപ്പം കളി പറഞ്ഞ് അവനിലേയ്ക്കലിഞ്ഞു ചേരുന്ന അവൻ്റെ ഡാഡി …!

ഡാഡിയുടെ യാത്രകളെ സംശയത്തിൻ്റെ അകക്കണ്ണാൽ നോക്കി കഥകൾ ചമയ്ക്കുന്ന മമ്മി …!
കനത്ത കോപങ്ങളും, പുലഭ്യങ്ങളും കൊണ്ട് കൽഭിത്തികൾക്കുള്ളിൽ നിർമ്മല ടീച്ചർ നരകം സൃഷ്ടിക്കുമ്പോൾ, നിശബ്ദനായി പലപ്പോഴും മന്ദഹാസത്തോടെ മാത്രം അരുൺ ശേഖർ നിലകൊള്ളുന്നു.
നിരന്തരമായ ശാസനകൾ കൊണ്ട് വീർപ്പുമുട്ടിച്ച മമ്മിക്കു മുന്നിൽ ക്രമേണ യദുവും നിശബ്ദനായി. ചോദ്യങ്ങളോ, ഉത്തരങ്ങളോ, ചിരിയോ, കരച്ചിലോ ഇല്ലാതെ അവൻ ഏകാന്തതയിലേയ്ക്കൊതുങ്ങി.
അവസാനം അതു തന്നെ സംഭവിച്ചു.

ഇനി ഒരുമിച്ചില്ലെന്നു മമ്മി തീർത്തു പറഞ്ഞ ദിവസം.
ഡ്രസ്സുകൾ ബാഗിലാക്കി, കാറിൻ്റെ ഡിക്കിയിൽ വച്ച ശേഷം, താൻ സൃഷ്ടിച്ച സ്വർഗീയതകളുടെ പടിയിറങ്ങിയപ്പോൾ, സ്നേഹിക്കാൻ മാത്രമറിയുന്ന അരുൺ ശേഖറിൻ്റെ കണ്ണുകൾ ആദ്യമായി നിറയുന്നത് യദുകൃഷ്ണൻ കണ്ടു. ഡാഡിയുടെ സ്നേഹവും, പരിഗണയും നഷ്ടപ്പെട്ട് മുറിയിൽ ഒറ്റയ്ക്കായ യദുവിൻ്റെ മനസ്സ് ഏകാന്തതയുടെ വീർപ്പുമുട്ടലിൽ പിടഞ്ഞു. ഒരു കൈത്താങ്ങിനു വേണ്ടി അവൻ പലരെയും നോക്കി.
മലയാള ഭാഷ അരച്ചുകലക്കിക്കുടിച്ച സാറാ ടീച്ചർ, ടെസ്റ്ററു കൊണ്ട് തലയ്ക്കെറിയുന്ന ചന്ദ്രമോഹൻസർ, മായാവതി ടീച്ചർ….

പക്ഷേ, എല്ലാവർക്കും അവൻ്റെ മമ്മിയുടെ മുഖമായിരുന്നു. ഡാഡിക്കു പകരമാവാൻ ഡാഡി മാത്രമേയുള്ളൂവെന്ന തിരിച്ചറിവിനിടയിലാണ് അവൻ ഉസ്താദിനെ പരിചയപ്പെടുന്നത്. മുടി പുറകിലേയ്ക്ക് കെട്ടി വച്ച്, താടിരോമങ്ങൾ നീട്ടി, ഇടതു കാതിൽ കമ്മലിട്ട്, ജീൻസും ടീ ഷർട്ടുമിട്ട ബലിഷ്ഠനായ ഉസ്താദ്. ഹിന്ദിയും, മലയാളവും ചേർന്ന സങ്കരഭാഷണത്തിൽ സ്നേഹത്തിൻ്റെ സാമീപ്യം അവനറിഞ്ഞു. ആദ്യം നൽകിയ പോളിത്തീൻ പായ്ക്കറ്റ് ഉസ്താദിൻ്റെ ഗിഫ്റ്റായിരുന്നു. ഇനി വേണമെങ്കിൽ പണം നൽകണമെന്ന് ഉസ്താദ് പറഞ്ഞതും രഹസ്യമായിട്ടായിരുന്നു.

ആഴ്ചാവസാനം ഐസ് ക്രീമിനും, പിസക്കുമൊപ്പം സ്കൂൾ ബാഗിൻ്റെ ചെറിയ കള്ളിയിൽ ഡാഡി നിക്ഷേപിക്കന്ന പോക്കറ്റു മണിക്ക് യദുവിൻ്റെ മനസിലിപ്പോൾ വലിയ വിലയുണ്ട്. സ്കൂൾ കോമ്പൗണ്ടിനു പുറത്ത് കാറിൽ ചാരി ഡാഡി നിൽക്കുന്നുണ്ട്. അവനെ കണ്ടതും, വാൽസല്യത്തിൻ്റെ നിറഞ്ഞ പുഞ്ചിരി അയാളുടെ മുഖത്ത്.

അരികിലെത്തി അവനെ ചേർത്തു നിർത്തി, മുടികളിൽ തലോടി പതുക്കെ …
“വാട്ട് ഹാപ്പ് ൻഡ് … വൈ ആർ യു ഗ്ലൂമീ… “
യദു നിശബ്ദനായി നിന്നു.
അവനെ കവർന്നെടുക്കാൻ അസ്തമനം കാത്തു നിൽക്കുന്നു. അന്തിയോടിണ ചേരാൻ പോന്ന കാറ്റ് അവനെ തഴുകാതെ കടന്നു പോവുന്നു. ലീലാഹൃദയത്തോടു വിരക്തി പൂണ്ട കാലവാഹകൻ ഭൂമിയും ആകാശവുമില്ലാത്ത ശൂന്യതയിലേയ്ക്ക് അവനെ കൂട്ടിനു വിളിക്കുന്നു. രാഗവൈഖരികളേക്കാൾ മധുരമാണവിടമെന്ന് അവനോട് മന്ത്രിക്കുന്നു.
“മദനൻ്റെ ഉന്മാദങ്ങളിലേയ്ക്കാണോ നിങ്ങളെന്നെ വിളിക്കുന്നത് ?”
അവൻ കാലവാഹകനോട് ചോദിച്ചു.
കാലവാഹകൻ പുഞ്ചിരിച്ചു.
“അതിനേക്കാൾ ഹരിതമാണെൻ്റെ ലോകം. തളിരും, പൂക്കളും, കിളികളും നിന്നോടവിടെ സ്നേഹം മൊഴിയും. രാവിൻ്റെ തൊട്ടിലിൽ നിലാവും, നക്ഷത്രങ്ങളും നിനക്കുവേണ്ടി താരാട്ട് പൊഴിക്കും. മഞ്ഞുതിരുന്ന ഏദൻതോട്ടങ്ങളിൽ മധുരക്കനികൾ നിനക്കാവോളമെത്തും…പോരുന്നോ…?”
“പോവുവാണ്. ” – യദു പറഞ്ഞു .

“സോ വൈ..? പിസ… ഐസ്ക്രീം.. നിനക്കെന്തു പറ്റീ…?”
ഡാഡി അവനെ വിടുന്ന മട്ടില്ല.
“ഒന്നുംവേണ്ട ഡാഡ്… എന്നെ വീട്ടിനടുത്ത് ഒന്നു ഡ്രോപ്പു ചെയ്താൽ മതി.”
“ഓ.കെ.”
വീട്ടിലേയ്ക്കുള്ള യാത്രക്കിടയിലും യദു നിശബ്ദനായിരുന്നു. അരുൺ ശേഖർ അവനെ ഇടയ്ക്കിടെ നോക്കുന്നുണ്ട്.
“നോക്കൂ യദൂ… നിന്നെ രണ്ടു ദിവസം കൂടെ കൂട്ടണമെന്നുണ്ട്. അമ്മ സമ്മതിക്കില്ലല്ലോ. ക്ലയിമാണ് അമ്മയ്ക്ക് വലുതെങ്കിൽ അമ്മ ചോദിക്കുന്നതിലും നാലിരട്ടി കൊടുത്ത് നിന്നെ ഞാൻ എൻ്റേത് മാത്രമാക്കും. കാരണം, നീ അത്രയേറെ എനിക്കു ജീവനാണ്. ബട്ട് … മോനേ…നീ അമ്മയെ വേദനിപ്പിക്കരുത്. ഈ എടുത്തുചാട്ടമേയുള്ളൂ. അമ്മ പാവമാണ്.”
യദു ആശ്ചര്യത്തോടെ ഡാഡിയെ നോക്കി.
വീടിനിപ്പുറം കാർ നിർത്തി, ഡ്രൈവിംഗ് സീറ്റിലിരുന്നു കൊണ്ട് അരുൺ ശേഖർ യദുവിനെ തന്നോടു ചേർത്തു, നെറുകയിൽ ഉമ്മ വച്ചു.

കാറിൽ നിന്നിറങ്ങി യദു ഡാഡിയെ കൈ വീശി, പതുക്കെ നടന്നു.
അവനിൽ പുതിയ ഭീതികൾ ഉടലെടുക്കുകയാണ്. മമ്മി ചോദിക്കുന്നതിലും കൂടുതൽ നൽകി ഡാഡി തന്നെ വാങ്ങിയാൽ ഏകാന്തതകളിൽ താനനുഭവിക്കുന്ന ഈ അനുഭൂതികൾ വിലക്കപ്പെട്ടേക്കാം. ഇതിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ലാത്ത യദുവിൻ്റെ മനസ് നിഷ്ക്രിയാവസ്ഥയിലേയ്ക്ക് പതുക്കെ തളർന്നു വീഴുന്നു. ഭൂതകാലങ്ങൾ പോലെ ഭാവിയും അപ്രാപ്യമായ ഏതോ ഇരുളിൽ എത്തിപ്പിടിക്കാനാവാതെ നിഗൂഡം കൊള്ളുകയാണ്. എങ്കിലും, പ്രതീക്ഷകളുടെ പുതിയ തീരങ്ങളിലേയ്ക്ക് ഈ രാവും ഇതിൻ്റെ ലഹരിയും തന്നെയെത്തിക്കുമെന്ന് യദു വിശ്വസിക്കുന്നു.

തുറന്നിട്ട വാതിലിലൂടെ ഹാളിലേയ്ക്ക് കടന്നപ്പോൾത്തന്നെ കണ്ടു.
മമ്മി ഫോണിലാണ്. ക്ലെയിമിൻ്റെ വിലപേശലിലൂടെ നീളുന്ന മമ്മിയുടെ വാക്കുകളിൽത്തന്നെ മറുതലയ്ക്കൽ അഡ്വക്കേറ്റാണെന്ന് യദു ഉറപ്പിച്ചു.
പതിവുപോലെ അവൻ തൻ്റെ റൂമിലേയ്ക്ക് കയറി ഡോർ ലോക്ക് ചെയ്തു. ബാഗ് കിടക്കയിലേയ്ക്കെറിഞ്ഞു. സ്റ്റഡി ടേബിളിനു മുൻപിലെ കസേരയിൽ അലസമായിരുന്ന യദു കാലവാഹകൻ്റെ കൈത്തണ്ടയിലേയ്ക്ക് പതുക്കെപ്പതുക്കെ അമർന്നു.
“പോകാം നമുക്ക്….?”
കാലവാഹകൻ ചോദിച്ചു.
“പോകാം…. പക്ഷേ… “
“എന്താണു, ചോദിച്ചോളൂ… “
“ഡാഡ് മമ്മി ചോദിക്കുന്നതിലും കൂടുതൽ നൽകി എന്നെ കൊണ്ടുപോവാനൊരുങ്ങുന്നു.”
കാലവാഹകൻ ചിരിച്ചു. അതവനെ അലോസരപ്പെടുത്തി.
“ഇതിലാണോ നിൻ്റെ ആകുലത? അറിയില്ലേ നിനക്ക്… എൻ്റേത് ദുഖങ്ങളലട്ടാത്ത ലോകമാണ്. സദാസമയവും ആനന്ദത്തിൻ്റെ മധുരം നിറയ്ക്കാനുതകുന്ന അവാച്യ ലോകം. ഡാഡി എന്തു വില കൊടുത്താലും ഈ മുറിയിൽ നിറയുന്ന ഏദൻതോട്ടത്തിൽ നിന്നും നിനക്ക് വരില്ലെന്നു ശഠിക്കാം. ലക്ഷ്യങ്ങളുടെ മായികലോകത്തേയ്ക്ക് യാത്ര പോവാനൊരുക്കമെങ്കിൽ…”

അനന്തതയിലിരുന്ന് മന്ത്രിക്കുന്ന കാലവാഹകൻ്റെ വാക്കുകളിൽ യദുവിൻ്റെ കണ്ണുകൾ വിടർന്നു. ഒരു വെസ്റ്റേൺ നൃത്തച്ചുവടുകളിലേയ്ക്ക് അവൻ്റെ മനവും തനുവുമൊരുമിച്ചു. രാവിൻ്റെ തൊട്ടിലിൽ കിടന്നവൻ നക്ഷത്രങ്ങളുടെയും, നിലാവിൻ്റെയും താരാട്ടു കേട്ടു. ആകാശവും ഭൂമിയുമില്ലാത്ത ശൂന്യതയിൽ പാറിപ്പറന്നു. മോഹിക്കുന്നതെന്തും അനുനിമിഷം അവനെ അനുനയിക്കുന്നു. ഇപ്പോൾ ഒരു പുഴയായി, നദിയായി, ഒരു വഞ്ചിയായി അവൻ ഒഴുകുകയാണ്.

വാതിലിൽ ശക്തമായ ഇടിയും, ആർത്തനാദവും കേൾക്കുന്നു. യദു ഒരു നിമിഷം വർത്തമാനത്തിൻ്റെ സ്ഥലകാലങ്ങളിലേയ്ക്കെത്തി.

“യദൂ… മോനേ.. വാതിൽ തുറക്കെടാ…” മമ്മിയുടെ കരച്ചിലാണ്. സാറാടീച്ചറുടെ കോൾ വന്നിരിക്കുന്നു.

കുറെ കാലങ്ങൾക്കു ശേഷം മമ്മി അവനെ മോനേ എന്നു വിളിക്കുന്നു. പക്ഷേ യദുവിന് ഈ മായാലോകമാണിഷ്ടം. ഈ സ്വാതന്ത്ര്യത്തിൻ്റെ പൂരിതവെളിച്ചവും, മോഹങ്ങളെ വെട്ടിപ്പിടിക്കാൻ കെല്പുള്ള ഉറപ്പാർന്ന ചിറകുകളും അവന് നഷ്ടപ്പെടുത്താനാവില്ല. അതുകൊണ്ടുതന്നെ തൻ്റെ വാതിലുകൾ ഭേദിച്ച് ആരേയും അകത്തു കടക്കാൻ അവൻ അനുവദിക്കുകയില്ല.

നിർമ്മല ടീച്ചർ വാതിലിനു മുമ്പിൽ തളർന്നു വീണിരിക്കുന്നു. ഒരു കൈത്താങ്ങിനു പോലും തനിക്കാരുമില്ലെന്ന തിരിച്ചറിവിൽ അവർ വിതുമ്പി. അവരുടെ കൈവിരലുകൾ മൊബൈൽ ഫോണിൻ്റെ കീപാഡിലേയ്ക്ക് നീണ്ടു.

അവസാനിക്കാത്ത ഈ കഥയുടെ അവസാന വാക്ക് നിർമ്മലടീച്ചറുടെ ഗദ്ഗദത്തിലമർന്ന ഫോൺ കോളായിരിക്കും.

“അരുൺ… എനിക്ക് നിന്നെ വേണം. എത്രയും വേഗം നീ വരണം…. നമ്മുടെ മോൻ ….!”

അസ്ഥിശേഷനും, നിർവികാരനുമായി ഉന്മാദാവസ്ഥയിൽ നിലകൊള്ളുന്ന മദനൻ ലീലയുടെ ഗാഢമായ ആശ്ലേഷം അറിയുന്നുണ്ടായിരുന്നില്ല……….!

എറണാകുളം ജില്ലയിലെ വെളിയനാട് സ്വദേശി. സ്വന്തമായി ബിസിനസ് ചെയ്യുന്നു. നവ മാധ്യമങ്ങളിൽ സജീവം.